ഈ മൂന്ന് ആപ്പുകള്‍ നിങ്ങളുടെ ഫോണിലുണ്ടെങ്കില്‍ ഉടന്‍ നീക്കുക; മുന്നറിയിപ്പുമായി ഗൂഗിള്‍
ന്യൂയോര്‍ക്ക്: വന്‍ സുരക്ഷാപ്രശ്‌നങ്ങള്‍ കണ്ടെത്തുന്ന പശ്ചാത്തലത്തില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആപ്പുകള്‍ നീക്കം ചെയ്യാറുണ്ട്. അടുത്ത കാലത്താണ് ജനപ്രിയമെന്ന് കരുതിയ നൂറുകണക്കിന് ആപ്പുകളാണ് ഗൂഗിള്‍ നീക്കം ചെയ്തത്. ഇവ ഉപയോഗിക്കുന്നതില്‍ നിന്ന് ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ മുന്നറിയിപ്പും നല്‍കിയിരുന്നു. ഇപ്പോളിതാ ഉപയോക്താക്കളെ ദോഷകരമായി ബാധിക്കുന്ന മൂന്ന് ആപ്പുകള്‍കൂടി ഗൂഗിള്‍ നിരോധിച്ചിരിക്കുകയാണ്.
സ്‌റ്റൈല്‍ മെസേജ്, ബ്ലഡ് പ്രഷര്‍ ആപ്പ്, കാമറ പിഡിഎഫ് സ്‌കാനര്‍ എന്നീ ആപ്പുകളെയാണ് സേര്‍ച്ച് എന്‍ജിനില്‍നിന്ന് ഗൂഗിള്‍ ഒഴിവാക്കിയത്. അനധികൃതമായി ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കുകയും പണം അപഹരിക്കുകയും ചെയ്തതിനെത്തുടര്‍ന്നാണ് ഗൂഗിളിന്റെ നടപടി. ആരെങ്കിലും ഈ മൂന്ന് ആപ്പുകള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ ഉടന്‍ തന്നെ ഫോണില്‍നിന്ന് നീക്കണമെന്ന് ഗൂഗിള്‍ അറിയിച്ചു.
പ്ലേ സ്റ്റോറില്‍ നിന്ന് നീക്കിയാലും സമാന സ്വഭാവമുള്ള വ്യാജ ആപ്പുകള്‍ ഇനിയും വന്നേക്കാമെന്ന് ആശങ്കയുണ്ടെന്നും ഗൂഗിള്‍ പറഞ്ഞു. യഥാര്‍ഥ സ്വഭാവമുള്ള ആപ്പുകളെ അനുകരിച്ചാണ് വ്യാജ ആപ്പുകള്‍ ഫോണിലെത്തുക. അതിനാല്‍, ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്പുകളെക്കുറിച്ച് ഉപയോക്താക്കള്‍ ബോധവാന്‍മാരായിരിക്കണമെന്നാണ് മുന്നറിയിപ്പ്.