അയച്ച സന്ദേശങ്ങളില്‍ പിശക് പറ്റിയോ ? നിങ്ങളെ സഹായിക്കാന്‍ വാട്‌സ് ആപ്പ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നു. നിലവില്‍ അയച്ച സന്ദേശങ്ങളില്‍ എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ തിരുത്താന്‍ കഴിയാത്തത് ഉപയോക്താക്കള്‍ നേരിടുന്ന വലിയൊരു പ്രശ്‌നമാണ്. അതിനും പരിഹാരം കണ്ടിരിക്കുകയാണ് വാട്‌സ് ആപ്പ്. പുതിയ ഫീച്ചര്‍ വരുന്നതോടെ അയച്ച സന്ദേശങ്ങള്‍ എഡിറ്റ് ചെയ്യാനാവും. ഇപ്പോള്‍ അയച്ച സന്ദേശത്തില്‍ തെറ്റുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ മെസേജ് ഡിലീറ്റ് ചെയ്ത് പുതിയത് അയക്കാനാണ് സംവിധാനമുള്ളത്.
ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ പുതിയ വാട്‌സ് ആപ്പ് അപ്‌ഡേഷനില്‍ ഈ ഫീച്ചര്‍ ലഭ്യമാവുമെന്നാണ് മെറ്റ അറിയിക്കുന്നത്. ഫീച്ചര്‍ അവതരിപ്പിക്കുന്നതിന് മുമ്പ് പരീക്ഷണാടിസ്ഥാനത്തില്‍ ബീറ്റാ വേര്‍ഷനില്‍ ഇത് ലഭ്യമാക്കും. നിലവില്‍ ഇത് എങ്ങനെയാണ് അവതരിപ്പിക്കാന്‍ പോവുന്നതെന്ന കാര്യത്തില്‍ വ്യക്തതയില്ല. എഡിറ്റഡ് എന്ന ഓപ്ഷന്‍ നല്‍കി ഫീച്ചര്‍ അവതരിപ്പിക്കാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്.
തുടക്കത്തില്‍ സന്ദേശം അയച്ചുകഴിഞ്ഞാല്‍ കുറച്ചുസമയത്തേയ്ക്ക് മാത്രമായിരിക്കാം ഉപയോക്താവിന് എഡിറ്റ് ചെയ്യാനുള്ള ഓപ്ഷനുണ്ടാവാന്‍ സാധ്യതയെന്നും റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഉപഭോക്താക്കളുടെ അഭിരുചിക്കനുസരിച്ച് വാട്‌സ് ആപ്പ് ഓരോ കാലഘട്ടത്തിലും പുതിയ ഫീച്ചറുകള്‍ വികസിപ്പിക്കാറുണ്ട്. അതിന്റെ ഭാഗമായി വാട്‌സ് ആപ്പ് ഓണ്‍ലൈന്‍ ആക്ടീവ് സ്റ്റാറ്റസ് ആര്‍ക്കൊക്കെ കാണാന്‍ കഴിയുമെന്ന് തിരഞ്ഞെടുക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന ഹൈഡ് ഓണ്‍ലൈന്‍ സ്റ്റാറ്റസ് ഫീച്ചറും വാട്‌സ് ആപ്പ് പുറത്തിറക്കുന്നുണ്ട്.