അറിയാത്ത സ്ഥലങ്ങളിലൂടെയുള്ള യാത്രയ്ക്ക് ഏറ്റവും മികച്ച ഒരു ഉപാധിയാണ് ഗൂഗിള്‍ മാപ്‌സ്. ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി കാലാകാലങ്ങളില്‍ ഗൂഗിള്‍ മാപ്‌സ് പുതിയ പരിഷ്‌കാരങ്ങളും കൊണ്ടുവരാറുണ്ട്. എന്നാലിപ്പോള്‍ ഉപഭോക്താക്കളുടെ വിലയേറിയ സമയം ലാഭിക്കുന്നതിനായി നാല് പുതിയ ഫീച്ചറുകളാണ് ഗൂഗിള്‍ മാപ്‌സ് അവതരിപ്പിക്കുന്നത്. ഉപഭോക്താക്കളെ ഷോപ്പിങ്ങിന് സഹായിക്കുന്നതിനും തിരക്കേറിയ സ്ഥലങ്ങള്‍ ഏതെന്ന് മനസ്സിലാക്കിക്കൊടുക്കുന്നതിനും സഹായിക്കുന്നതാണ് പുതിയ ഫീച്ചറുകള്‍. ഔദ്യോഗിക ബ്ലോഗ് പോസ്റ്റ് വഴിയാണ് ഗൂഗിള്‍ മാപ്‌സിനായി പുതിയ ഫീച്ചറുകള്‍ കമ്പനി പ്രഖ്യാപിച്ചത്.
ഏരിയാ ബിസീനസ് (തിരക്കേറിയ മേഖല)
ഈ അവധിക്കാലത്ത് ഗൂഗിള്‍ മാപ്‌സില്‍ വരുന്ന പുതിയ ഫീച്ചറാണ് ഏരിയാ ബിസീനസ്. സമീപ പ്രദേശത്തെയും നഗരത്തിന്റെ ഒരു പ്രത്യേക ഭാഗത്തെയും ഏറ്റവും തിരക്കേറിയ സമയം ഏതാണെന്ന് കണ്ടെത്താന്‍ ആളുകളെ സഹായിക്കുന്നതിനാണ് പുതിയ ഫീച്ചര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ഓരോ ദിവസത്തെയും വിവിധ സമയങ്ങളില്‍ ഒരു പ്രത്യേക പ്രദേശമോ ലൊക്കേഷനോ എത്ര തിരക്കിലാണെന്ന് പരിശോധിക്കാനും പുതിയ ഫീച്ചര്‍ ഉപയോക്താക്കളെ സഹായിക്കുന്നു. ഇതില്‍ റെസ്‌റ്റോറന്റുകള്‍, ഷോപ്പുകള്‍, മ്യൂസിയങ്ങള്‍ തുടങ്ങിയ മറ്റ് സ്ഥലങ്ങളും ഉള്‍പ്പെടുന്നു. ആന്‍ഡ്രോയ്ഡ്, ഐഒഎസ് സ്മാര്‍ട്ട് ഫോണുകളിലാണ് ഏരിയാ ബിസീനസ് ആഗോളതലത്തില്‍ പുറത്തിറങ്ങാന്‍ ഗൂഗിള്‍ മാപ്‌സ് തുടങ്ങുന്നത്.
ഡയറക്ടറി ടാബ്
മാര്‍ക്കറ്റ്, ഷോപ്പിങ് മാളുകള്‍, എയര്‍പോര്‍ട്ടുകള്‍, ട്രാന്‍സിറ്റ് സ്റ്റേഷനുകള്‍ തുടങ്ങിയ വലിയ കെട്ടിടങ്ങള്‍ക്ക് ചുറ്റും നാവിഗേറ്റ് ചെയ്ത് കൂടുതല്‍ വിശദമായ വിവരങ്ങള്‍ നല്‍കുന്നതാണ് ഗൂഗിള്‍ ഡയറക്ടറി ടാബ്. ആന്‍ഡ്രോയ്ഡ്, ഐഒഎസ് പതിപ്പുകളിലാണ് പുതിയ ഫീച്ചര്‍ ലഭ്യമാവുന്നത്.
ഡയറക്ടറി ടാബ് വഴി ഉപയോക്താക്കള്‍ക്ക് മാളില്‍ ഏത് തരത്തിലുള്ള സ്റ്റോറുകളാണുള്ളത്, പ്രത്യേക ഷോപ്പ് ഏത് നിലയിലാണ്, റേറ്റിങ് തുടങ്ങിയവ സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ നല്‍കുന്നതാണ് ഈ ഫീച്ചര്‍.
ഭക്ഷണശാലയെക്കുറിച്ചുള്ള വിവരങ്ങള്‍
അനുയോജ്യമായ ഭക്ഷണശാലകള്‍ തിരഞ്ഞെടുക്കുന്നതിന് ഉപഭോക്താക്കളെ സഹായിക്കുന്നതാണ് ഡീറ്റെയ്ല്‍ഡ് റെസ്‌റ്റോറന്റ് റിവ്യൂസ് ഫീച്ചര്‍. യാത്രകള്‍ക്കിടയില്‍ ഭക്ഷണശാലകള്‍ അന്വേഷിച്ചുനടക്കുന്നവര്‍ക്കാണ് ഇത് ഏറെ പ്രയോജനം ചെയ്യുക. ഫ്‌ളാറ്റുകളിലും മറ്റും താമസിക്കുന്നവര്‍ക്കും ഭക്ഷണമെത്തിക്കുന്നതിനും ഈ ഫീച്ചര്‍ സഹായകരമാണ്. ഏത് റെസ്‌റ്റോറന്റിലാണ്, കഫേയിലാണ് ഔട്ട്‌ഡോര്‍ സീറ്റിങ് ഉള്ളത്, ഡെലിവറി സേവനം, കര്‍ബ്‌സൈഡ് പിക്കപ്പ് തുടങ്ങിയ വിശദാംശങ്ങള്‍ വിരല്‍ത്തുമ്പിലെത്തിക്കുന്നതാണ് ഈ ഫീച്ചര്‍. മറ്റ് ഗൂഗിള്‍ മാപ്‌സ് ഉപയോക്താക്കളില്‍നിന്നുള്ള വിവരങ്ങളെ അടിസ്ഥാനമാക്കി ഡൈനിങ് സ്‌പോര്‍ട്‌സിനായി ഗൂഗിള്‍ ഒരു വിലപരിധിയും ചേര്‍ക്കുന്നു. ഇത് ഉപയോക്താക്കളെ അവരുടെ ബജറ്റില്‍ ഭക്ഷണശാലകള്‍ ഏതെന്ന് കണ്ടെത്താന്‍ സഹായിക്കുന്നു. നിലവില്‍ അമേരിക്കയിലാണ് ഈ ഫീച്ചര്‍ പുറത്തിറങ്ങിയിട്ടുള്ളത്.
ഗ്രോസറി പിക്കപ്പ്
ഉപഭോക്താക്കള്‍ക്ക് ഓര്‍ഡര്‍ ചെയ്ത സാധനങ്ങളുടെ സ്റ്റാറ്റസ് പരിശോധിക്കാനുള്ളതാണ് ഗ്രോസറി പിക്കപ്പ് ഫീച്ചര്‍. ഈ ഫീച്ചര്‍ ഉപയോക്താക്കളെ അവരുടെ ഓര്‍ഡര്‍ സ്റ്റാറ്റസ് ട്രാക്ക് ചെയ്യാനും എപ്പോള്‍ സാധനമെത്തുമെന്ന് അവര്‍ക്ക് അറിയാനും സ്‌റ്റോറുമായി ബന്ധപ്പെടാനും ഇതിലൂടെ സാധിക്കും.