ലോസ് ആഞ്ചലസ്: ലോകത്തെ ഏറ്റവും വലിയ വീഡിയോ ഷെയറിങ് പ്ലാറ്റ്‌ഫോമായ യൂ ട്യൂബ് സ്ട്രീമീങ് രംഗത്തേക്ക് ചുവടുവയ്ക്കുന്നു. വീഡിയോ പങ്കുവയ്ക്കുന്ന ഇടം എന്നതിലുപരി ലോകമെമ്പാടും നിന്നുമുള്ള വ്യത്യസ്ത വീഡിയോ വിഭവങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്ന ഒടിടി പ്ലാറ്റ്‌ഫോം ആരംഭിക്കാനാണ് യൂ ട്യൂബിന്റെ പുതിയ നീക്കം. 'ചാനല്‍ സ്‌റ്റോര്‍' എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന പ്ലാറ്റ്‌ഫോമില്‍ ഒറിജിനല്‍ സീരിസുകളും സിനിമകളും സ്ട്രീം ചെയ്യും. സബ്‌സ്‌ക്രിപ്ഷന്‍ അടക്കമുള്ള കാര്യങ്ങളെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
ആമസോണ്‍ പ്രൈമും ആപ്പിള്‍ ടിവിയും അടക്കമുള്ള വീഡീയോ സ്ട്രീമിങ് വമ്പന്‍മാര്‍ക്ക് ശക്തമായ മല്‍സരം നല്‍കുന്ന രീതിയില്‍ വിപണിയിലേക്കിറങ്ങാനാണ് യൂ ട്യൂബിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റിന്റെ നീക്കം. ഇതിനായി 18 മാസത്തോളമായി കമ്പനി തയ്യാറെടുപ്പുകള്‍ നടത്തുകയാണെന്നും ഡിസംബറിന് മുമ്പ് സ്ട്രീമിങ് പ്ലാറ്റ്‌ഫോം അവതരിപ്പിക്കുമെന്നും റിപോര്‍ട്ടുകളുണ്ട്.
സ്ട്രീമിങ് വീഡിയോ സേവനങ്ങള്‍ക്കായി ഒരു ഓണ്‍ലൈന്‍ സ്‌റ്റോര്‍ സമാരംഭിക്കാന്‍ യൂ ട്യൂബ് പദ്ധതിയിടുന്നതായും ഒപ്പം പ്ലാറ്റ്‌ഫോമില്‍ പങ്കെടുക്കുന്നതിനെക്കുറിച്ച് വിനോദ കമ്പനികളുമായി ചര്‍ച്ചകള്‍ നടത്തിയതായും അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. നിലവില്‍ പ്രതിമാസം 64.99 രൂപയ്ക്ക് വരിക്കാര്‍ക്ക് യൂ ട്യൂബ് ടിവി കേബിള്‍ വഴി ലഭ്യമാക്കുന്നുണ്ട്. അതുപോലെ YouTube ആപ്പ് വഴി സ്ട്രീമിങ് സേവനങ്ങള്‍ തിരഞ്ഞെടുക്കാന്‍ പുതിയ മാര്‍ക്കറ്റ്‌പ്ലേസ് ഉപഭോക്താക്കള്‍ക്ക് സൗകര്യമൊരുക്കുന്നു.