രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റ് 'വിക്രം എസ്' വിക്ഷേപണം ഇന്ന്

Update: 2022-11-18 03:04 GMT

ചെന്നൈ: സ്വകാര്യമേഖലയില്‍ വികസിപ്പിച്ച രാജ്യത്തെ ആദ്യ റോക്കറ്റ് വിക്ഷേപണം ഇന്ന്. ഹൈദരാബാദ് ആസ്ഥാനമായുള്ള സ്‌കൈ റൂട്ട് എന്ന സ്റ്റാര്‍ട്ടപ്പ് വികസിപ്പിച്ചെടുത്ത 'വിക്രം എസ്' മൂന്ന് കുഞ്ഞന്‍ ഉപഗ്രഹങ്ങളുമായി രാവിലെ 11.30ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്ന് വിക്ഷേപിക്കും. ഇതോടെ ബഹിരാകാശത്തേക്ക് റോക്കറ്റ് വക്ഷേപിക്കുന്ന രാജ്യത്തെ ആദ്യ സ്വകാര്യകമ്പനിയായി സ്‌കൈ റൂട്ട് മാറും. 'പ്രാരംഭ്' എന്ന് പേരിട്ടിരിക്കുന്ന സ്‌കൈ റൂട്ട് എയ്‌റോസ്‌പേസിന്റെ കന്നി ദൗത്യം കൂടിയാണിത്.

ചെലവ് കുറഞ്ഞ ഉപഗ്രഹ വിക്ഷേപണവും ബഹിരാകാശ ദൗത്യവുമാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇന്ത്യന്‍ ബഹിരാകാശ പദ്ധതിയുടെ സ്ഥാപകനും ശാസ്ത്രജ്ഞനുമായ വിക്രം സാരാഭായിയോടുള്ള ആദര സൂചകമായാണ് വിക്ഷേപണ വാഹനത്തിന് 'വിക്രം' എന്ന് പേരിട്ടിരിക്കുന്നത്. 2020ല്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയുടെ സ്‌പേസ് ഇന്‍ഡസ്ട്രി സ്വകാര്യ മേഖലക്കായി തുറന്നുകൊടുത്തിരുന്നു. ആറ് മീറ്റര്‍ ഉയരവും 545 കിലോ ഭാരവുമുള്ള കുഞ്ഞന്‍ റോക്കറ്റാണ് വിക്രം എസ്. ഖര ഇന്ധനം ഉപയോഗിക്കുന്ന കലാം 80 എന്‍ജിന്‍ ഘടിപ്പിച്ച റോക്കറ്റ് ഭൂമിയില്‍ നിന്ന് 120 കിലോമീറ്റര്‍ ഉയരത്തിലെത്തിയാവും ഉപഗ്രഹങ്ങളെ വിക്ഷേപിക്കുക.

വിക്ഷേപിച്ച് അഞ്ചുമിനിറ്റിനുള്ളില്‍ കടലില്‍ പതിക്കും. പരമാവധി 81.5 മീറ്റയര്‍ ഉയരത്തിലേ റോക്കറ്റ് പറക്കൂ. 300 സെക്കന്‍ഡ് ദൗത്യം സ്വന്തമായി വിക്ഷേപണ വാഹനങ്ങള്‍ നിര്‍മിക്കാന്‍ ലക്ഷ്യമിടുന്ന കമ്പനിയുടെ പരീക്ഷണ ദൗത്യമാണിത്. കമ്പനി വികസിപ്പിച്ച റോക്കറ്റ് സാങ്കേതിക വിദ്യകളുടെ പ്രാപ്തി അളക്കുന്ന പരീക്ഷണം കൂടിയാണിത്. ദൗത്യം വിജയിച്ചാല്‍ അടുത്ത വര്‍ഷം കൂടുതല്‍ കരുത്തനായ വിക്ഷേപണവാഹനം വിക്രം ഒന്ന് എത്തും. ഐഎസ്ആര്‍ഒയുടെ മേല്‍നോട്ടത്തിലാണ് വിക്ഷേപണം. ചെന്നൈയിലെ സ്‌പെയ്‌സ് കിഡ്‌സിന്റെ നേതൃത്വത്തില്‍ അമേരിക്ക, സിംഗപ്പൂര്‍, ഇന്ത്യ എന്നിവിടങ്ങിളിലെ വിദ്യാര്‍ഥികള്‍ നിര്‍മിച്ച രണ്ടര കിലോ ഭാരമുള്ള ഫണ്‍ സാറ്റും രണ്ട് നാനോ ഉപഗ്രഹങ്ങളുമാണ് റോക്കറ്റ് വഹിക്കുന്നത്.

ചരിത്ര വിക്ഷേപണത്തിന് സാക്ഷിയാവാന്‍ കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ജിതേന്ദ്രസിങ് ശ്രീഹരിക്കോട്ടയിലെത്തും. 15ന് നടത്താനിരുന്ന വിക്ഷേപണം കാലാവസ്ഥ പ്രതികൂലമായതിനാല്‍ ഇന്നത്തേക്ക് മാറ്റിയതാണ്. ദൗത്യം വിജയിച്ചാല്‍ വിക്രം 1, വിക്രം 2, വിക്രം 3 റോക്കറ്റുകള്‍ അടുത്ത വര്‍ഷം വിക്ഷേപിക്കും. നാല് സ്‌റ്റേജ് റോക്കറ്റുകളാണിവ. ആദ്യ മൂന്ന് സ്‌റ്റേജുകളിലും ഖര ഇന്ധനമുള്ള കലാം എന്‍ജിനുകളും, നാലാം സ്‌റ്റേജില്‍ ദ്രവ ഇന്ധനമുള്ള രാമന്‍ എന്‍ജിനുമാണ്. ഈ റോക്കറ്റുകള്‍ ന്യൂസിലാന്‍ഡിന്റെ ഇലക്ട്രോണ്‍, ചൈനയുടെ കയ്ത്വാഷി എന്നീ റോക്കറ്റുകളുമായി കിടപിടിക്കുന്നവയാണ്. ചെലവും നിര്‍മാണ സമയവും കുറച്ച് മതി.

ചെറിയ ഉപഗ്രഹങ്ങളെ ഭൂമിയോടടുത്ത ഭ്രമണപഥത്തിലെത്തിക്കാന്‍ ശേഷിയുള്ളതാണ് ഈ റോക്കറ്റുകള്‍. വിക്രം- 1 290 കിലോ ഭാരമുള്ള ഉപഗ്രഹങ്ങളെ 500 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തില്‍ എത്തിക്കും. അതിന്റെ ആദ്യരൂപമാണ് ഇന്ന് വിക്ഷേപിക്കുന്ന വിക്രം- എസ്. നാല് വര്‍ഷം മുമ്പാണ് സ്‌കൈ റൂട്ട് എയ്‌റോ സ്‌പെയ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്റ്റാര്‍ട്ടപ്പിന് ഹൈദരാബാദില്‍ തുടക്കമാവുന്നത്. പവന്‍കുമാര്‍ ചന്ദനയാണ് കമ്പനി ഉടമ. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണത്തിന്റെ പിതാവായ വിക്രം സാരാഭായിയുടെ പേരാണ് വിക്രം- എസ് റോക്കറ്റിന്. ഐഎസ്ആര്‍ഒയുമായുള്ള കരാറിലാണ് ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറ ഉപയോഗിക്കുന്നത്. ഇതിന് ചെറിയ ഫീസാണ് ഈടാക്കുന്നത്.

വിക്ഷേപണ രംഗത്തേക്കുള്ള സ്വകാര്യമേഖലയുടെ രംഗപ്രവേശത്തെ ഐഎസ്ആര്‍ഒയും ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. ചെറു ഉപഗ്രഹങ്ങളുടെ വിക്ഷേപണം സ്വകാര്യമേഖലയിലേക്ക് മാറ്റി, ഗവേഷണത്തില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുകയാണ് ഐഎസ്ആര്‍ഒയുടെ ലക്ഷ്യം. 2020 ലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി റോക്കറ്റ് വിക്ഷേപണം സ്വകാര്യസംരംഭകര്‍ക്ക് തുറന്നുകൊടുത്തത്. ഇപ്പോള്‍ രാജ്യത്ത് 102 സ്റ്റാര്‍ട്ടപ്പുകളാണ് ബഹിരാകാശ മേഖലയിലുള്ളത്. നാനോ ഉപഗ്രഹ നിര്‍മാണം. ബഹിരാകാശ മാലിന്യ നിയന്ത്രണം, വിക്ഷേപണം, തുടങ്ങിയവയാണ് പ്രവര്‍ത്തനങ്ങള്‍. ഒരുലക്ഷം കോടി രൂപയുടേതാണ് ഇപ്പോള്‍ ബഹിരാകാശ വ്യവസായ വിപണി.

Tags:    

Similar News