വിമാനത്താവളങ്ങളില്‍ സുരക്ഷയ്ക്ക് റോബോട്ട് നായകള്‍

ഇത്തരം യന്ത്ര നായകള്‍ക്ക് സ്‌ഫോടക വസ്തുക്കള്‍ മണത്തറിയാനും വിമാനത്താവളങ്ങളിലെ യാത്രക്കാരുടെ ബാഗേജുകളും മറ്റും എക്‌സ് റേ സ്‌കാന്‍ ചെയ്യാനും സാധിക്കുമെന്ന് സിഐഎസ്എഫ് വൃത്തങ്ങള്‍ പറയുന്നു.

Update: 2018-12-04 18:21 GMT

യഥാര്‍ത്ഥ നായകള്‍ക്ക് പകരം റോബോട്ടുകളെ സുരക്ഷയ്ക്കായി ഉപയോഗിക്കാനുള്ള ആലോചനയിലാണ് സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്).ഇത്തരം യന്ത്ര നായകള്‍ക്ക് സ്‌ഫോടക വസ്തുക്കള്‍ മണത്തറിയാനും വിമാനത്താവളങ്ങളിലെ യാത്രക്കാരുടെ ബാഗേജുകളും മറ്റും എക്‌സ് റേ സ്‌കാന്‍ ചെയ്യാനും സാധിക്കുമെന്ന് സിഐഎസ്എഫ് വൃത്തങ്ങള്‍ പറയുന്നു.

കാനഡയില്‍ നടന്ന ഗ്ലോബല്‍ ഏവിയേഷന്‍ സെക്യൂരിറ്റി സിമ്പോസിയത്തിലാണ് റോബോട്ട് നായകളുടെ ഉപയോഗം സംബന്ധിച്ച് ചര്‍ച്ച ചെയ്യപ്പെട്ടത്. സിഐഎസ്എഫ് ഡിജി രാജേഷന്‍ രഞ്ജനും ഇന്ത്യയിലെ വിമാനത്താവളങ്ങളുടെയെല്ലാം സുരക്ഷാചുമതലയുള്ള അഡീഷണല്‍ ഡിജി എംഎ ഗണപതിയും സിമ്പോസിയത്തില്‍ പങ്കെടുത്തു.

നിലവില്‍ അമേരിക്ക, ബ്രിട്ടന്‍, കാനഡ, ജപ്പാന്‍, കൊറിയ പോലുള്ള രാജ്യങ്ങളിലെ വിമാനത്താവളങ്ങളില്‍ സുരക്ഷാ പരിശോധനയ്ക്കുള്‍പ്പടെ വിവിധ ആവശ്യങ്ങള്‍ക്കായി റോബോട്ടുകളെ കാണാം. അമേരിക്കയുമായും യൂറോപ്പുമായും സഹകരിച്ച് പുതിയ സാങ്കേതിക സാധ്യതകള്‍ പ്രയോജനപ്പെടുത്താനാണ് സിഐഎസ്എഫ് ആലോചിക്കുന്നത്.

റോബോട്ട് നായകളെ കൂടാതെ, നിര്‍മിത ബുദ്ധി, സിടി സ്‌കാന്‍ അടിസ്ഥാനമാക്കിയുള്ള ഹാന്റ് ബാഗേജ് പരിശോധന, പുതിയ എക്‌സ്‌പ്ലോസീവ് ഡിറ്റക്ടറുകള്‍, ബയോമെട്രിക് കണ്‍ട്രോള്‍ ആക്‌സസ് എന്നിവയും സിമ്പോസിയത്തില്‍ ചര്‍ച്ച ചെയ്തു.

ഇന്ത്യയിലെ സുരക്ഷാ പരിശോധനകള്‍ക്കായി കൂടുതലും മനുഷ്യശേഷിയാണ് സിഐഎസ്എഫ് പ്രയോജനപ്പെടുത്തുന്നത്. ഇതില്‍ നിന്നും മാറി പുതിയ സാങ്കേതിക വിദ്യകള്‍ കൊണ്ടുവരാനാണ് സിഐഎസ്എഫ് ആഗ്രഹിക്കുന്നത്. രാജ്യത്തെ 61 എയര്‍പോര്‍ട്ടുകളില്‍ ഇതിനോടകം ബയോമെട്രിക് സംവിധാനങ്ങള്‍ ഉപയോഗിച്ചുവരുന്നുണ്ട്. ഫുള്‍ ബോഡി സ്‌കാന്‍ പോലുള്ള സംവിധാനങ്ങള്‍ ചിലയിടങ്ങളില്‍ പരീക്ഷിക്കുന്നുമുണ്ട്.


Tags:    

Similar News