ഷൂലേസ്; പുതിയ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ആപ്പുമായി ഗൂഗിള്‍
തങ്ങളുടെ ചുറ്റപാടും നടക്കുന്ന വിവിധ പരിപാടികളെക്കുറിച്ച് അറിയുന്നതിനും പരിപാടികള്‍ മറ്റുള്ളവരെ അറിയിക്കുന്നതിനുമുള്ള ആപ്പാണ് ഷൂലേസ്.
ന്യൂയോര്‍ക്ക്: ഗൂഗിള്‍ പ്ലസ് ഉള്‍പ്പെടെ പല തവണ പരാജയം രുചിച്ചെങ്കിലും സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് രംഗത്ത് വീണ്ടും ഒരു കൈനോക്കാന്‍ ഗൂഗിള്‍. ഷൂലേസ് എന്ന ആപ്പുമായാണ് ഇത്തവണ ഗൂഗിളിന്റെ വരവ്. തങ്ങളുടെ ചുറ്റപാടും നടക്കുന്ന വിവിധ പരിപാടികളെക്കുറിച്ച് അറിയുന്നതിനും പരിപാടികള്‍ മറ്റുള്ളവരെ അറിയിക്കുന്നതിനുമുള്ള ആപ്പാണ് ഷൂലേസ്. ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ പോലെ വെബില്‍ മറ്റുള്ളവരുമായി പരസ്പരം ബന്ധിപ്പിക്കുന്നതിന് പകരം യാര്‍ത്ഥ ജീവിതത്തില്‍ ബന്ധങ്ങള്‍ സൃഷ്ടിക്കുന്നതിനും കൂട്ടായ്മയില്‍ പലതും ചെയ്യുന്നതിനും സഹായിക്കുന്നതാണ് ഈ ആപ്പെന്ന് ഗൂഗിള്‍ പരിചയപ്പെടുത്തുന്നു.
നിലവില്‍ ന്യൂയോര്‍ക്ക് നഗരത്തില്‍ മാത്രമാണ് ഷൂലേസ് ലഭ്യമായിട്ടുള്ളത്. ആപ്പ് ഉപയോഗിക്കുന്നവരുടെ താല്‍പര്യങ്ങള്‍ രേഖപ്പെടുത്തുകയും ചുറ്റുപാടും നടക്കുന്ന നിങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് ഇണങ്ങുന്ന പരിപാടികള്‍(ആക്ടിവിറ്റീസ്) ശുപാര്‍ശ ചെയ്യുകയും ചെയ്യുന്നു. ലൂപ്‌സ് എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. യൂസര്‍മാര്‍ക്ക് സ്വന്തം ആക്ടിവിറ്റികള്‍ ക്രിയേറ്റ് ചെയ്യുകയും മറ്റുള്ളവരെ ക്ഷണിക്കുകയും ചെയ്യാം.
പുതുതായി നഗരത്തിലേക്ക് എത്തുകയും ചുറ്റുമുള്ള ജനങ്ങളെക്കുറിച്ച് കാര്യമായ ധാരണയില്ലാതിരിക്കുകയും ചെയ്യുന്നവര്‍ക്ക് വലിയ സഹായമായിരിക്കും ഈ ആപ്പെന്ന് ഷൂലേസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പറയുന്നു. നിലവില്‍ ന്യൂയോര്‍ക്ക് നഗരത്തില്‍ മാത്രമാണെങ്കിലും അമേരിക്കയിലെ മറ്റ് നഗരങ്ങളിലേക്കും അധികം വൈകാതെ വ്യാപിപ്പിക്കും.