ബാഴ്‌സലോണ: സ്പാനിഷ് ലാലിഗയില്‍ ബാഴ്‌സലോണയക്ക് സമനില ഭാഗ്യം. ഇന്നലെ അത്‌ലറ്റികോ ബില്‍ബാവോയുമായുള്ള മല്‍സരത്തില്‍ 1-0ന് പിന്നിലായിരുന്ന അവര്‍ 84ാം മിനിറ്റിലാണ് സമനില ആശ്വാസം കണ്ടെത്തിയത്. സൂപ്പര്‍ താരം ലയണല്‍ മെസ്സിയെ ആദ്യ ഇലവനില്‍ ഇറക്കാതെ കളം മെനഞ്ഞ ബാഴ്‌സ കോച്ച് പിന്നീട് താരത്തെ ഇറക്കി. തുടര്‍ന്ന് മെസ്സിയും മറ്റൊരു പകരക്കാരന്‍ എല്‍ ഹദ്ദാദിയും ചേര്‍ന്ന് നടത്തിയ പോരാട്ടമാണ് ബാഴ്‌സയ്ക്ക് സമനില സമ്മാനിച്ചത്.
ആദ്യ പകുതിയിലെ 41ാം മിനിറ്റില്‍ സ്പാനിഷ് ഡിഫന്‍ഡര്‍ ഒസ്‌കാര്‍ ഡി മാര്‍ക്കോസിന്റെ ഗോളിലൂടെയാണ് അത്‌ലറ്റികോ മല്‍സരത്തില്‍ മുന്നിട്ടു നിന്നത്. തു ടര്‍ന്ന് റോബര്‍ട്ടോയെയും വിദാലിനെയും ഉസ്മാനെ ഡെംബലെയെയും കയറ്റി കോച്ച് മെസ്സിയെയും സെര്‍ജിയോ ബുസ്‌കെറ്റ്‌സിനെയും എല്‍ ഹദ്ദാദിയെയും ഇറക്കി പരീക്ഷിച്ചു. 84ാം മിനിറ്റില്‍ ഇതിന് ഫലം കണ്ടു. മെസ്സിയുടെ അസിസ്റ്റില്‍ ഗോള്‍ കണ്ടത്തി എല്‍ ഹദ്ദാദ്ദി ബാഴ്‌സയ്ക്ക് ആശിച്ച സമനില നല്‍കുകയായിരുന്നു. സമനില വഴങ്ങിയെങ്കിലും 14 പോയിന്റുമായി ബാഴ്‌സ തന്നെയാണ് ഒന്നാമത്.