ന്യുഡല്‍ഹി:ഐഎസ്എല്ലില്‍ ഇന്നലെ നടന്ന ഡല്‍ഹി ഡൈനാമോസ് ചെന്നൈയിന്‍ മല്‍സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. കളിയിലുടനീളം ചെന്നൈക്കായിരുന്നു മുന്‍തൂക്കം.ഗോള്‍ശ്രമത്തിലും ഷോട്ടുകളിലും ചെന്നൈയിന്‍ മുന്നില്‍ നിന്നപ്പോള്‍ ഡല്‍ഹിയുടെ പ്രതിരോധം അവയെല്ലാം നിഷ്ഫലമാക്കി. ആദ്യപകുതിയില്‍ ഡല്‍ഹി പന്ത് കൈവശം വക്കുന്നതില്‍ ശ്രദ്ധിച്ചപ്പോള്‍ രണ്ടാം പകുതിയില്‍ ചെന്നൈയിനായിരുന്നു പന്ത് കൈവശം വച്ചത്. കളി തുടങ്ങി 17ാം മിനിറ്റില്‍ ചെന്നൈയിന് വേണ്ടി എലി സാബിയ ഗോള്‍മുഖത്തിനടുത്ത് ഐസക് വന്‍മല്‍സമയുടെ ക്രോസില്‍ നിന്ന് ഒരു ഹെഡര്‍ ശ്രമം നടത്തിയെങ്കിലും ലക്ഷ്യം പിഴച്ചു.
22ാം മിനിറ്റിലും എലിയുടെ ശ്രമം പാഴായി. പലവട്ടം ചെന്നൈയിന് അവസരങ്ങള്‍ ലഭിച്ചെങ്കിലും അതൊന്നും ഫലം കണ്ടില്ല. ഗോളവസരങ്ങളും അന്യമായിരുന്ന ഡല്‍ഹി ആക്രമണം കൂട്ടാനായി അന്‍ഡ്രിയ കളുജെറോവികിനെ തിരികെ വിളിച്ച് അഡ്രിയ കര്‍മോനയെ കളത്തിലിറക്കി. പക്ഷേ ഡല്‍ഹിക്ക് പുതിയ നീക്കങ്ങളൊന്നും പുറത്തെടുക്കാനായില്ല. അതേസമയം ചെന്നൈയിന്റെ ശ്രമങ്ങള്‍ മറുവശത്തും നടന്നുകൊണ്ടിരുന്നു. ചെന്നൈയിന് വേണ്ടി ഗ്രിഗറി വില്‍സണിനെയും 76ാം മിനിറ്റില്‍ കളത്തിലിറക്കി. തൊട്ടടുത്ത നിമിഷത്തില്‍ വില്‍സണ്‍ ഗോള്‍മുഖത്തിലേക്ക് ഷോട്ടുതിര്‍ത്തെങ്കിലും ഡല്‍ഹി പ്രതിരോധം തടഞ്ഞു. 87ാം മിനിറ്റില്‍ ചെന്നൈ ജെജെയെയും ഇറക്കി. ഇരു ടീമുകളും പല കളിക്കാരെയും കളത്തിലിറക്കിയെങ്കിലും മല്‍സരം ഗോളുകളൊന്നും കണ്ടെത്താനാവാതെ സമനിലയില്‍ പിരിയുകയായിരുന്നു.