അതിജയിക്കുന്ന രക്തസാക്ഷ്യം
കുഴഞ്ഞു വീഴുന്നതിനു മുമ്പു നടത്തിയ 20 മിനിറ്റ് നീണ്ട സംസാരത്തില്‍ മുര്‍സി രണ്ടുവരി അറബിക്കവിത ഉദ്ധരിച്ചതായി വിശ്വസനീയരായ വൃത്തങ്ങളെ ഉദ്ധരിച്ചു 'മിഡില്‍ ഈസ്റ്റ് ഐ' റിപോര്‍ട്ട് ചെയ്യുന്നു. അദ്ദേഹത്തിന്റെ സ്മാരകശിലയില്‍ കൊത്തിവയ്ക്കാവുന്ന വാക്കുകള്‍: ''എന്റെ നാട് അതെത്രയെന്നെ പീഡിപ്പിച്ചാലും എനിക്കു വളരെ പ്രിയം തന്നെ; എന്റെ ജനത അവരെന്നോട് എത്ര ഹീനമായി പെരുമാറിയാലും എനിക്ക് ബഹുമാന്യര്‍ തന്നെ.''
കലീം
ജൂണ്‍ 17 തിങ്കളാഴ്ച വൈകുന്നേരം കെയ്‌റോവില്‍ രഹസ്യ വിചാരണ നടക്കുന്ന വേളയില്‍ 'ജഡ്ജിയോടു മാത്രമായി തനിക്കു ചിലത് പറയാനുണ്ട്' എന്ന ആമുഖത്തോടെ ചിലതു പറയാന്‍ ശ്രമിക്കവേ, ഈജിപ്ഷ്യന്‍ പ്രസിഡന്റ് ഡോ. മുഹമ്മദ് മുര്‍സി കുഴഞ്ഞുവീണു മരിച്ചത് മുസ്‌ലിം ലോകത്തെങ്ങും സങ്കടത്തിന്റെ പുതിയൊരധ്യായം കൂടി തുറക്കുന്നു. മുര്‍സി തന്നെയായിരുന്നു ഈജിപ്തിലെ പ്രസിഡന്റ്. യന്ത്രത്തോക്കിന്റെയും കവചിത വാഹനങ്ങളുടെയും സൗദി അറേബ്യയും യു.എ.ഇയും നല്‍കിയ പണച്ചാക്കിന്റെയും ബലത്തില്‍ ആ കസേരയില്‍ കയറി അതു മലിനമാക്കിക്കൊണ്ടിരിക്കുന്ന അബ്ദുല്‍ ഫത്താഹ് സഈദ് ഹുസയ്ന്‍ ഖലീല്‍ അല്‍സീസിയല്ല ജനങ്ങള്‍ തിരഞ്ഞെടുത്ത പ്രസിഡന്റ്. അതയാള്‍ക്കറിയാമായിരുന്നു. കനത്ത ചില്ലുകൂട്ടിലായിരുന്നു അല്‍സീസിയുടെ 'പ്രതികള്‍' കോടതിയില്‍ മൊഴി നല്‍കിയിരുന്നത്. മുര്‍സിയോടൊപ്പം കോടതിയില്‍ ഹാജരാവുന്ന ഇഖ്‌വാനുല്‍ മുസ്‌ലിമീന്റെ വന്ദ്യവയോധികരായ നേതാക്കള്‍ ദീര്‍ഘമായി തറയിലിരുന്നാണ് പ്രോസിക്യൂഷന്റെ വ്യാജ ഗീര്‍വാണം ശ്രവിച്ചിരുന്നത്. ഇംഗ്ലീഷില്‍ കാംഗരൂ കോടതികള്‍ എന്നുപറയുന്ന ഈ നിഴല്‍ നാടകത്തിന്റെ തിരശീല എങ്ങനെ വീഴുന്നു എന്ന കാര്യത്തില്‍ ഈജിപ്ഷ്യന്‍ ജനതയ്ക്ക് ഒരു സംശയവുമുണ്ടായിരുന്നില്ല. ജഡ്ജിയും പ്രോസിക്യൂഷനും സാക്ഷികളുമൊക്കെ അല്‍സീസിയും അയാളോടൊപ്പം നില്‍ക്കുന്ന ഡീപ് സ്റ്റേറ്റിന്റെയും ഗുണഭോക്താക്കളായിരുന്നു. തൂക്കുമരമോ ആജീവനാന്ത തടങ്കലോ എന്നതില്‍ മാത്രമായിരുന്നു സംശയം.
ഡോ. മുര്‍സിയുടെ മരണം വളരെ ദുരൂഹമായിരുന്നെങ്കിലും അതിന്റെ രാഷ്ട്രീയ ദുഷ്ടലാക്ക് കൃത്യവും സ്ഫുടവുമായിരുന്നു. പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ രോഗങ്ങള്‍ ശല്യപ്പെടുത്തിയിരുന്ന മുര്‍സിയോട് അല്‍സീസിക്ക് അസൂയയില്‍ നിന്നുയിരെടുക്കുന്ന പകയാണുണ്ടായിരുന്നതെന്നു കരുതാം. ഇഖ്‌വാന്റെ തന്ത്രപരമായ പരാജയത്തിന്റെ നേട്ടമടിച്ചെടുത്തവനാണ് അല്‍സീസി. അയാളെ പ്രതിരോധ വകുപ്പ് മന്ത്രിയാക്കിയപ്പോള്‍ ഇഖ്‌വാന്‍ നേതൃത്വം ഡീപ് സ്റ്റേറ്റുമായി രാജിയാവാന്‍ ശ്രമിക്കുകയായിരുന്നു എന്ന പരാതി അത്ര നിസ്സാരമല്ല. സൈന്യത്തിന്റെ ആശീര്‍വാദത്തോടെ ഭരണം നിലനിര്‍ത്താന്‍ കഴിയുമെന്ന പ്രതീക്ഷ ഉപശാലാ രാഷ്ട്രീയത്തിന്റെ കുതികാല്‍വെട്ടും ചതിയുമൊന്നുമറിയാത്ത 'അപരിചിതരെ' തെറ്റായ തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചുകാണും. മുസ്‌ലിം രാജ്യങ്ങളില്‍ കങ്കാണി ഭരണം നടത്തുന്നവര്‍, പാശ്ചാത്യവല്‍കൃത സൈനികരാണ്. തുര്‍ക്കിയില്‍ ദശാബ്ദങ്ങളോളം അവരായിരുന്നു ആര് ഭരണാധികാരികളാവണമെന്നു നിശ്ചയിച്ചിരുന്നത്. ഉര്‍ദുഗാന്‍ അവരെയാണ് ആദ്യം ഒതുക്കിയത്. അതിനു തുര്‍ക്കി ജനത അദ്ദേഹത്തിനു വലിയ പിന്തുണ കൊടുക്കുകയും ചെയ്തു. അത്തരമൊരു ശക്തി സംഭരണത്തിന് ഇഖ്‌വാനു കഴിഞ്ഞില്ല എന്നുവേണം കരുതാന്‍.
മയക്കുമരുന്നോ മറ്റോ കുത്തിവച്ച ശേഷമാണ് ഡോ. മുര്‍സിയെ കോടതിയിലെത്തിച്ചത് എന്നൊരു സംശയം ചില നിരീക്ഷകര്‍ പ്രകടിപ്പിച്ചിട്ടുണ്ട്. ജൂണ്‍ 16ന് അബൂദബിയിലെ കിരീടാവകാശിയും രഹസ്യനീക്കങ്ങള്‍ക്കു കുപ്രസിദ്ധനുമായ മുഹമ്മദ് ബിന്‍ സാഇദ് അല്‍ നഹ്‌യാന്റെ സഹോദരന്‍ തഹ്‌നൂന്‍ കെയ്‌റോവിലെത്തിയതിനെ ചൂണ്ടിക്കാട്ടി ഫ്രഞ്ച് ചാരസംഘടനയുടെ മുന്‍ തലവന്‍ ബെര്‍നാദ് ബാജുലെ, അയാളാണ് മുര്‍സിയുടെ വധത്തിന്റെ മുഖ്യ സൂത്രധാരന്‍ എന്നാരോപിക്കുന്നു. വളരെ സ്വാഭാവികമായ മരണമാക്കാവുന്ന സാങ്കേതികവിദ്യ ഇന്നു ലഭ്യമാണ്. ജമാല്‍ ഖഷഗ്ജിയുടെ വധത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചുവെന്നു യു.എന്‍ തന്നെ ഇപ്പോള്‍ ആരോപിക്കുന്ന, അബൂദബിയിലെ മുഹമ്മദിന്റെ അടുത്ത സുഹൃത്ത് മുഹമ്മദ് ബിന്‍ സല്‍മാനും തഹ്‌നൂന്റെ യാത്ര നിരീക്ഷിച്ചു കാണും. രണ്ടുപേരും ഇപ്പോള്‍ മധ്യയുഗങ്ങളിലെ ഹഷീഷികളെപ്പോലെ കൊലകളിലൂടെ അധികാരം നിലനിര്‍ത്താന്‍ കഴിയുമെന്നു കരുതുന്ന മൂഢന്മാരാണ്.
പ്രിയം തന്നെ നാട്
കുഴഞ്ഞു വീഴുന്നതിനു മുമ്പു നടത്തിയ 20 മിനിറ്റ് നീണ്ട സംസാരത്തില്‍ മുര്‍സി രണ്ടുവരി അറബിക്കവിത ഉദ്ധരിച്ചതായി വിശ്വസനീയരായ വൃത്തങ്ങളെ ഉദ്ധരിച്ചു 'മിഡില്‍ ഈസ്റ്റ് ഐ' റിപോര്‍ട്ട് ചെയ്യുന്നു. അദ്ദേഹത്തിന്റെ സ്മാരകശിലയില്‍ കൊത്തിവയ്ക്കാവുന്ന വാക്കുകള്‍: ''എന്റെ നാട് അതെത്രയെന്നെ പീഡിപ്പിച്ചാലും എനിക്കു വളരെ പ്രിയം തന്നെ; എന്റെ ജനത അവരെന്നോട് എത്ര ഹീനമായി പെരുമാറിയാലും എനിക്ക് ബഹുമാന്യര്‍ തന്നെ.''
അമേരിക്കയില്‍ എന്‍ജിനീയറിങില്‍ ഉപരിപഠനം നടത്തിയ, ഡോ. മുഹമ്മദ് മുര്‍സി എന്ന സര്‍വകലാശാലാധ്യാപകന്‍ യാദൃച്ഛികമായാണ് ചരിത്രത്തില്‍ ഉപവിഷ്ടനാവുന്നത്. ഹുസ്‌നി മുബാറക്കിന്റെ അമാത്യരില്‍പ്പെട്ട അഹ്മദ് ശഫീഖിനെതിരായി മല്‍സരിക്കാന്‍ ഇഖ്‌വാന്‍ അധ്യക്ഷന്‍ മുഹമ്മദ് ബദീഅ് ആണ് മുര്‍സിയെ നിയോഗിച്ചത്. (പല പ്രാവശ്യം വധശിക്ഷയും ജീവപര്യന്ത തടവും വിധിച്ച ബദീഅ് ലമന്‍ തുറയില്‍ തടവിലാണ്) ഇൗജിപ്ഷ്യന്‍ ജനതയുടെ ജനാധിപത്യാഭിലാഷങ്ങള്‍ 2011ല്‍ വലിയ പ്രക്ഷോഭമായി വളര്‍ന്നപ്പോള്‍ അതിന്റെ രാഷ്ട്രീയ നേട്ടത്തിന് ഏറ്റവും അര്‍ഹര്‍ ഇഖ്‌വാന്‍ തന്നെയായിരുന്നു. ഗമാല്‍ അബ്ദുന്നാസറിന്റെയും തുടര്‍ന്നുവന്ന ഏകാധിപതികളുടെയും കാലത്ത് നിഴലില്‍ പ്രവര്‍ത്തിക്കുകയായിരുന്നു ഇഖ്‌വാന്‍. അതോടൊപ്പം ഇസ്‌ലാമിന്റെ ക്ഷേമരാഷ്ട്ര സങ്കല്‍പ്പങ്ങളില്‍ ആകൃഷ്ടരായ യുവതീ യുവാക്കള്‍ എല്ലാം നിരീക്ഷിക്കുന്ന പോലിസ് സ്‌റ്റേറ്റില്‍ നിന്നൊഴിഞ്ഞുമാറി സര്‍വകലാശാലകളില്‍ സജീവമായിരുന്നു. അതുകൊണ്ടുതന്നെ പൊതുതിരഞ്ഞെടുപ്പില്‍ 50 ശതമാനത്തിലധികം വോട്ട് നേടി ഒരു പുതിയ ഭരണക്രമത്തിനു രൂപംനല്‍കാന്‍ ഡോ. മുര്‍സി നിയോഗിക്കപ്പെട്ടത് ആരെയും അദ്ഭുതപ്പെടുത്തിയില്ല. അയല്‍പക്കത്തെ ഏമാന്‍മാര്‍ക്കാണ് വയറിളക്കം തോന്നിത്തുടങ്ങിയത്.
2013ല്‍ സൈനിക അട്ടിമറിയിലൂടെ അധികാരം തിരിച്ചുപിടിച്ച അല്‍സീസിയുടെ അധോരാഷ്ട്രം നാസറിസ്റ്റ് ഏകകക്ഷി ഭരണത്തില്‍ നിന്നു വ്യത്യസ്തമായ ഭീകര പീഡനമുറകളാണ് സ്വീകരിച്ചത്. വടക്കന്‍ കൊറിയയോട് ഭരണത്തിന്റെ കാര്യത്തില്‍ ഇൗജിപ്തിനെ താരതമ്യം ചെയ്യാവുന്നതാണ്. ഹുസ്‌നി മുബാറക്കിന്റെ ദുര്‍ഭരണം മൂന്നു ദശാബ്ദം നിലനില്‍ക്കാനുള്ള എല്ലാ സാങ്കേതിക സഹായവും ചെയ്തുകൊടുത്തത് ഫ്രഞ്ച്-അമേരിക്കന്‍ ഇന്റലിജന്‍സായിരുന്നു. ഏകാധിപത്യ സമൂഹങ്ങളിലും ചില ജനാധിപത്യ സമൂഹങ്ങളിലും ഡീപ് സ്റ്റേറ്റ് എന്ന സംവിധാനമാണ് ഭരണം നിയന്ത്രിക്കുക. സൈന്യം, ഇന്റലിജന്‍സ്, പോലിസ്, മാധ്യമങ്ങള്‍, ബ്യൂറോക്രസി, ന്യായാധിപര്‍ എന്നിവര്‍ ചേര്‍ന്ന ഒരു രഹസ്യ സഖ്യമാണത്. പേരിനൊരു ജനപ്രതിനിധി സഭയുണ്ടാവും. മ്യാന്‍മറിലും മധ്യേഷ്യന്‍ രാജ്യങ്ങളിലും കാണുന്നപോലെ യൂനിഫോമിട്ടവരാവും സഭാംഗങ്ങള്‍ അധികവും. ഉടമകള്‍ കല്‍പ്പിക്കുന്നതിനനുസരിച്ച് അടിമകള്‍ കൈപൊക്കുകയും കൈയടിക്കുകയും ചെയ്യും. ഈ റോബോട്ടിക് ഡെമോക്രസിയായിരുന്നു അല്‍സീസിയുടെ ആയുധം.
ജനങ്ങളല്ല കുറ്റക്കാര്‍
ഡോ. മുര്‍സി അത്തരമൊരു വ്യവസ്ഥയോടാണ് പടപൊരുതിയത്. അദ്ദേഹം എല്ലാം ഉള്‍ക്കൊള്ളുന്ന ഒരു വ്യവസ്ഥയ്ക്കായി പ്രതിപക്ഷത്തുള്ളവരുമായും ചര്‍ച്ചകള്‍ നടത്തി. ഇടത്-ഉദാരവാദികളുടെ സ്ഥാനാര്‍ഥികളായ അയ്മന്‍ നൂറിനെയും പ്രമുഖ വിമത പത്രപ്രവര്‍ത്തകനായ ഹംദാന്‍ സബീഹിയെയും ഭരണകൂടത്തില്‍ പ്രധാന പദവിയിലേക്കു ക്ഷണിച്ചു. അടച്ചുകെട്ടിയ മാധ്യമ പ്രവര്‍ത്തനത്തിന്റെ ചങ്ങലകള്‍ മുറിച്ചുമാറ്റി. അറബ് ലോകത്തെ ജനാധിപത്യത്തിന്റെ പ്രധാന ശത്രുക്കള്‍ വിധേയത്വം ജനിതക സ്വഭാവമാണെന്ന് ആക്ഷേപം പേറുന്ന അറബ് ജനതയായിരുന്നില്ല. അവര്‍ ഏതൊരു മനുഷ്യരെയും പോലെ സ്വാതന്ത്ര്യവും പൗരാവകാശവും ആഗ്രഹിക്കുന്നവര്‍ തന്നെയാണ്. അറബ് മനസ്സ് എന്നത് ഒരു പാശ്ചാത്യ ഓറിയന്റലിസ്റ്റ് നിര്‍മിതിയാണ്. അറബ് ലോകത്ത് ജനാധിപത്യമാഗ്രഹിക്കാത്തവര്‍ പാശ്ചാത്യ നവ കൊളോണിയല്‍ രാഷ്ട്രങ്ങളും യൂനിഫോമോ തൗബോ ധരിക്കുന്ന അവരുടെ കങ്കാണികളോ ആണ്. അവര്‍ വലതുപക്ഷമോ ഇടതുപക്ഷമോ ആയി അപ്പപ്പോള്‍ നിലപാടുകള്‍ മാറ്റിക്കൊണ്ടിരിക്കും.
2013 ജൂലൈ 13ന് അല്‍സീസി അധികാരം പിടിച്ചടക്കിയപ്പോള്‍ ആശ്വാസത്തിന്റെ നെടുവീര്‍പ്പുയര്‍ന്നത് അബൂദബിയിലും റിയാദിലുമാണ്. അറബ് വസന്തത്തിന്റെ സുഗന്ധമാരുതന്‍, കോട്ടകൊത്തളങ്ങളിലെ ദുര്‍ഗന്ധം നശിപ്പിക്കുമെന്നു കണ്ട രണ്ടു രാജ്യങ്ങള്‍- യു.എ.ഇയും സൗദി അറേബ്യയും അല്‍സീസിക്ക് നാട് കവര്‍ന്നെടുക്കാന്‍ ധനസഹായം നല്‍കിയത് പഴയ ഒരു കുതന്ത്രം പ്രയോഗിക്കാനാണ്. ഡീപ് സ്റ്റേറ്റിന്റെ സഹായത്തോടെ ഈ രണ്ടു രാജ്യങ്ങളാണ് തമര്‍റുദ് എന്ന വ്യാജ ജനകീയ പ്രസ്ഥാനത്തിനു വേണ്ട ആളും അര്‍ഥവും നല്‍കിയത്. ഇഖ്‌വാന്‍ ഭരണത്തിന് ഒരു വര്‍ഷം പൂര്‍ത്തിയായപ്പോള്‍ അതിനെതിരേ തമര്‍റുദിന്റെ സംഘാടകര്‍ 2.2 കോടി ഒപ്പുകള്‍ ശേഖരിച്ചുവെന്നാണു പ്രചരിപ്പിച്ചത്. ഒരേ ആള്‍ തന്നെ നിവേദനത്തിന്റെ അനേകശതം കോപ്പികള്‍ വരെ ഒപ്പിട്ട കാര്യം പിന്നീട് പുറത്തുവന്നു. പോലിസും സൈന്യവുമായിരുന്നു പ്രക്ഷോഭകര്‍ക്കു വാഹനവും ഭക്ഷണവും എത്തിച്ചുകൊണ്ടിരുന്നത്. ഈ പ്രക്ഷോഭത്തിന്റെ സംഘാടകരില്‍ പ്രമുഖര്‍ യു.എ.ഇയില്‍ നിന്നു തിരിച്ചുവന്ന മുഖാബറയുടെ തന്ത്രജ്ഞരായിരുന്നു. മറ്റൊരു നേതാവായ മഹ്മൂദ് ബദ്ര്‍ എന്ന മാധ്യമപ്രവര്‍ത്തകനു ശമ്പളം നല്‍കിയിരുന്നതും പ്രതിരോധ വകുപ്പായിരുന്നു. പിന്നീട് ഇതുസംബന്ധിച്ച രഹസ്യ രേഖകളൊക്കെ പുറത്തുവന്നു. പട്ടാള വിപ്ലവത്തിന്റെ സംഘാടകര്‍ മുര്‍സി ഭരണത്തിനെതിരായി കെട്ടിച്ചമച്ച വ്യാജ വാര്‍ത്തകള്‍ ജനാഭിപ്രായത്തെ സ്വാധീനിക്കുന്നതിനെക്കുറിച്ചു വീമ്പടിക്കുന്നതിന്റെ ശബ്ദരേഖയും പുറത്തായി. പ്രതിരോധ വകുപ്പിന്റെ ഉപ മന്ത്രി മഹ്മൂദ് ശാഹീന്‍, ജന. അബ്ബാസ് കാമില്‍ തുടങ്ങിയവരായിരുന്നു തിരക്കഥ നിര്‍മിച്ചത്.
അല്‍സീസി അധികാരമേറ്റെടുത്തതോടെ തമര്‍റുദിന്റെ ചില നേതാക്കള്‍ ഭരണകൂടത്തില്‍ പങ്കാളികളായി. ബാക്കിയുള്ളവര്‍ ചിലപ്പോള്‍ അഴിയെണ്ണുന്നുണ്ടാവും. ഡോ. മുര്‍സിയെയും മറ്റു ഇഖ്‌വാന്‍ നേതാക്കളെയും ജയിലിലടച്ച പട്ടാള ഭരണകൂടത്തെ പിന്തുണയ്ക്കാന്‍ കൃത്യമായി മുന്നോട്ടുവന്നത് മാധ്യമപ്രവര്‍ത്തകരും ബെല്ലി ഡാന്‍സ് ബാറുകളുടെ ഉടമകളും അറബിയെക്കാള്‍ ഫ്രഞ്ച് ഭാഷ സംസാരിക്കാന്‍ ഇഷ്ടപ്പെട്ടവരും റിയല്‍ എസ്റ്റേറ്റ് മുതലാളിമാരുമായിരുന്നു.
മുര്‍സിയടക്കം 60,000ലധികം പേരാണ് ലമന്‍ തുറയിലും രാജ്യത്തിന്റെ മറ്റു തടങ്കല്‍പ്പാളയങ്ങളിലും ബന്ധനസ്ഥരായത്.
ഇഖ്‌വാന്‍ നേതാക്കളെ ആരും കാണാത്ത ഇരുട്ടുമുറികളില്‍ അടച്ചിടുക എന്നതായിരുന്നു അല്‍സീസിയുടെ നയം. ഏതു ജയില്‍പ്പുള്ളിക്കും ടി.വി അനുവദിക്കുന്ന രാജ്യത്ത് ഇസ്‌ലാമികര്‍ക്ക് ബാഹ്യലോകവുമായി ബന്ധപ്പെടാനുള്ള ഒരു സൗകര്യവും ഭരണകൂടം നല്‍കിയില്ല. മനുഷ്യാവകാശ ലംഘനത്തെപ്പറ്റി അന്വേഷിക്കുന്ന ബ്രിട്ടിഷ് പാര്‍ലമെന്റിന്റെ ഒരു ഉപസമിതി കെയ്‌റോ സന്ദര്‍ശിച്ചപ്പോള്‍ അവര്‍ക്കു ലമന്‍ തുറയില്‍ പ്രവേശനം നല്‍കിയില്ല. ദിവസം 23 മണിക്കൂറും അഴിക്കുള്ളിലായിരുന്നു പ്രമുഖ ഇസ്‌ലാമിക നേതാക്കള്‍.
അല്‍സീസിക്ക് പിന്തുണയുമായി പാശ്ചാത്യ രാജ്യങ്ങള്‍ കുതിച്ചെത്തി, നെപ്പോളിയന്‍ കീഴടക്കിയ ഈജിപ്ത് കൈവിട്ടുപോവാതെ സൂക്ഷിക്കാനുള്ള എല്ലാ സഹായവും നല്‍കി. അല്‍സീസി 2034 വരെയോ അല്ലെങ്കില്‍ തീപ്പെടുന്നതു വരെയോ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ കഴിയാനുള്ള ഭരണഘടനാ ഭേദഗതി വരുത്തിയ വാര്‍ത്തയറിഞ്ഞപ്പോള്‍ വൈറ്റ് ഹൗസിലെ റിയല്‍ എസ്‌റ്റേറ്റ് മുതലാളി പറഞ്ഞത് 'അയാള്‍ തന്റെ ജോലി ഭംഗിയായി ചെയ്യുന്നു'വെന്നാണ്. റാബിയ ചത്ത്വരത്തില്‍ സൈന്യം നൂറുകണക്കിനാളുകളെ കൊന്നൊടുക്കിയ വിവരം ബറാക് ഒബാമയുടെ ചെവിയില്‍ ആരോ പറഞ്ഞപ്പോള്‍ ഈ കെനിയക്കാരന്റെ പുത്രന്‍ തലകുലുക്കി ഗോള്‍ഫ് കളിക്കാന്‍ പോവുകയായിരുന്നു.
ഈജിപ്തിന്റെ മാനവികത
മുര്‍സിയെ പുറത്താക്കിയ ജനറലിനെ യൂറോപ്പും അമേരിക്കയും പൂമാലയിട്ടു സ്വീകരിച്ചു. അറബ് ലീഗ്-യൂറോപ്യന്‍ യൂനിയന്‍ നേതാക്കള്‍ അല്‍സീസിയുടെ ക്ഷണം സ്വീകരിച്ചു ശറമുല്‍ ശെയ്ഖിലെ സുഖവാസ കേന്ദ്രത്തില്‍ കവിയറും സിംഗ്ള്‍ മാള്‍ട്ട് വിസ്‌ക്കിയും നുണയാന്‍ സമ്മേളിച്ചിരുന്നു. ഈജിപ്തില്‍ തൂക്കുമരത്തിനു വിശ്രമമില്ലെന്നും അതു മാനവികതയ്‌ക്കെതിരാണെന്നും ഏതോ ഒരു നിഷ്‌കളങ്കന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ യൂറോപ്യന്‍ മാനവികതയല്ല ഈജിപ്ഷ്യന്‍ മാനവികത എന്നാണ് ധിക്കാരത്തോടെ അല്‍സീസി തട്ടിവിട്ടത്. പ്രതിനിധികള്‍ തലകുലുക്കാന്‍ മറന്നുകാണില്ല.
ഇപ്പോള്‍ അറബ് ഏകാധിപത്യവും അമേരിക്കയും മുസ്‌ലിം ബ്രദര്‍ഹുഡിനെ ഭീകര പ്രസ്ഥാനമായി ചാപ്പകുത്തുന്ന പണിയിലാണ്. മുമ്പ് ഇസ്‌ലാമികരുടെ തോളില്‍ കയറി ഇടതുപക്ഷ സൈനിക ഭരണത്തെ തെറിവിളിച്ചവര്‍ തന്നെയാണിപ്പോള്‍ അവരെ ജയിലിലേക്കും കൊലമരത്തിലേക്കുമയക്കുന്നത്.
പ്രസിഡന്റ് എന്ന നിലയില്‍ മുഹമ്മദ് മുര്‍സി നടത്തിയ അവസാന പ്രസംഗത്തിലെ ചില വാക്യങ്ങള്‍ വേദനിപ്പിക്കുംവിധം അന്വര്‍ഥമാവുകയാണ്.
മുര്‍സി പറഞ്ഞു: ''വിപ്ലവത്തെ കാത്തുസൂക്ഷിക്കുക; അത് ആരെങ്കിലും മോഷ്ടിക്കുന്നത് കരുതിയിരിക്കുക. വിപ്ലവം മോഷ്ടിച്ച കവര്‍ച്ചക്കാരാണ് ഇന്ന് ഈജിപ്ത് ഭരിക്കുന്നത്. ഈ കച്ചവടക്കാരെ പറ്റിയാണ് ഹസനുല്‍ ബന്നയും അബ്ദുല്‍ ഖാദര്‍ ഔദയും സയ്യിദ് ഖുത്തുബും മുന്നറിയിപ്പ് നല്‍കിക്കൊണ്ടിരുന്നത്. അവരും രക്തസാക്ഷികളായി.''
(തേജസ് വാരിക, ജൂലൈ 5)