സിംഗപ്പൂരിലേക്ക് സര്‍വീസുമായി ഗോ എയര്‍
ആഴ്ചയില്‍ നാലു ദിവസം സര്‍വീസുള്ള ബംഗലുരു-സിംഗപ്പൂര്‍-ബെംഗലുരു ഫ്‌ളൈറ്റ് ഒക്ടോബര്‍ 18 നും ആഴ്ചയില്‍ മൂന്നു ദിവസമുള്ള കല്‍ക്കത്ത-സിംഗപ്പൂര്‍-കല്‍ക്കത്ത സര്‍വീസ് ഒക്ടോബര്‍ 19നും ആരംഭിക്കും.പുതിയ രാജ്യാന്തര സര്‍വീസിനു പുറമെ മിസോറമിലെ ഐസ്വാളിലേക്കും ഗോ എയര്‍ സര്‍വീസ് ആരംഭിക്കുന്നുണ്ട്
കൊച്ചി: ബംഗലുരുവില്‍ നിന്നും കല്‍ക്കത്തയില്‍ നിന്നും സിംഗപ്പൂരിലേക്ക് സര്‍വീസുകള്‍ ആരംഭിക്കുന്നതായി ഇന്ത്യന്‍ എയര്‍ലൈനായ ഗോ എയര്‍ അധികൃതര്‍ അറിയിച്ചു. ആഴ്ചയില്‍ നാലു ദിവസം സര്‍വീസുള്ള ബംഗലുരു-സിംഗപ്പൂര്‍-ബെംഗലുരു ഫ്‌ളൈറ്റ് ഒക്ടോബര്‍ 18 നും ആഴ്ചയില്‍ മൂന്നു ദിവസമുള്ള കല്‍ക്കത്ത-സിംഗപ്പൂര്‍-കല്‍ക്കത്ത സര്‍വീസ് ഒക്ടോബര്‍ 19നും ആരംഭിക്കും.പുതിയ രാജ്യാന്തര സര്‍വീസിനു പുറമെ മിസോറമിലെ ഐസ്വാളിലേക്കും ഗോ എയര്‍ സര്‍വീസ് ആരംഭിക്കുന്നുണ്ട്.സിംഗപ്പൂരിലേക്കുള്ള പുതിയ സര്‍വീസുകള്‍ ഗോ എയറിന്റെ ചരിത്രത്തിലെ വഴിത്തിരിവാണെന്ന് ഗോ എയര്‍ മാനേജിങ് ഡയറക്ടര്‍ ജേ വാഡിയ പറഞ്ഞു.വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കു വേണ്ടിയുള്ള ഗവണ്‍മെന്റിന്റെ 'ഗതാഗതത്തിലൂടെ മാറ്റം' എന്ന വികസന ലക്ഷ്യത്തോടു ചേര്‍ന്നുനില്‍ക്കുന്നതാണ് തങ്ങളുടെ ഐസോളിലേക്കുള്ള ഫ്‌ളൈറ്റ് സര്‍വീസെന്നും അദ്ദേഹം പറഞ്ഞു.
ഗോ എയറിനെ സിംഗപ്പൂരിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ തങ്ങള്‍ക്ക് സന്തോഷവും ആഹ്ലാദവുമുണ്ടെന്ന് സിംഗപ്പൂര്‍ ടൂറിസം ബോര്‍ഡ് റീജിയണല്‍ ഡയറക്ടര്‍ ജി ബി. ശ്രീധര്‍ പറഞ്ഞു. കല്‍ക്കത്തയെയും ബംഗലുരുവിനെയും സിംഗപ്പൂരുമായി ബന്ധിപ്പിച്ച് ഫ്‌ളൈറ്റ് ശ്യംഖല വ്യാപിപ്പിക്കുമ്പോള്‍ ഇവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഫ്‌ളൈറ്റുകളും യാത്രാ സമയവും തിരഞ്ഞെടുക്കാന്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കും.സിംഗപ്പൂരിന്റെ ഏറ്റവും വലിയ മൂന്നാമത്തെ സന്ദര്‍ശക ഉറവിടം ഇന്ത്യയാണ്. ഇന്ത്യയിലെ 15 കേന്ദ്രങ്ങളില്‍ നിന്ന് സിംഗപ്പൂരിലേക്ക് ഫ്‌ളൈറ്റ് കണക്ടിവിറ്റിയുള്ളത് യാത്രക്കാരുടെ എണ്ണം വര്‍ധിപ്പിക്കുന്നു. കപ്പല്‍ ഗതാഗതത്തിനും ഇന്ത്യ വലിയ വിപണിയാണെന്ന് അദ്ദേഹം പറഞ്ഞു.
ഗോ എയറിന്റെ ബംഗലുരു- സിംഗപ്പൂര്‍ ഉദ്ഘാടന വിമാനം ജി8 27 ഒക്ടോബര്‍ 18 ന് കെമ്പെഗൗഡ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും സര്‍വീസ് ആരംഭിക്കും. മടക്ക ഫ്‌ളൈറ്റ് ജി8 28 ഒക്ടോബര്‍ 19ന് പുലര്‍ച്ചെ 4.50 ന് സിംഗപ്പൂരിലെ ചങ്കി വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട് 7.35 ന് ബെംഗലുരുവില്‍ എത്തിച്ചേരും. കല്‍ക്കത്ത-സിംഗപ്പൂര്‍ ഉദ്ഘാടന സര്‍വീസ് 19ന് നേതാജി സുഭാഷ് ചന്ദ്ര ബോസ് വിമാനത്താവളത്തില്‍ നിന്നും രാത്രി 8.25 ന് പുറപ്പെട്ട് സിംഗപ്പൂര്‍ ചങ്കി വിമാനത്താവളത്തില്‍ എത്തും.മടക്ക വിമാനം ജി8 36 ഒക്ടോബര്‍ 20 ന് പുലര്‍ച്ചെ 4.40 നു സിംഗപ്പൂരില്‍ നിന്ന് പുറപ്പെട്ട് 6.25 നു കല്‍ക്കത്തയില്‍ എത്തിച്ചേരും.ദിവസേനയുള്ള പുതിയ ഐസ്വാള്‍ ഫ്‌ളൈറ്റ് ഐസോളില്‍ നിന്ന് 32 കിലോമീറ്റര്‍ അകലെയുള്ള ലെങ്പുയി വിമാനത്താവളത്തില്‍ നിന്നാണ് സര്‍വീസുകള്‍ നല്‍കുന്നത്.