ചിപ്പികളുടെ തീരത്തേക്ക്

Update: 2019-08-31 12:41 GMT

യാസിര്‍ അമീന്‍

മല്‍സ്യം കയറ്റിപ്പോവുന്ന ലോറി പുറകില്‍ നിന്ന് ഹോണ്‍ മുഴക്കുന്നുണ്ട്. ഞങ്ങള്‍ ഓടുകയാണ്. ശ്രദ്ധമുഴുവന്‍ ഞങ്ങള്‍ കയറാതെ പുറപ്പെട്ടുപോയേക്കാവുന്ന ബോട്ടിലായിരുന്നു. രണ്ടാം തവണയും ഹോണ്‍ മുഴക്കിയപ്പോഴാണ് റോഡിന്റെ നടുവിലൂടെയുള്ള ഓട്ടം മാറ്റിയത്. നേരെ ബോട്ടുജെട്ടിയിലേക്ക്. ഇവിടെ ബോട്ടു കിടപ്പുണ്ട്. ഞങ്ങളെ കൂടാതെ ഒരു ഫാമിലിയുമുണ്ട്. ഞങ്ങളെന്ന് പറഞ്ഞാല്‍ ഞാന്‍, അന്‍സര്‍, റാഷിദ്ക്ക. കൗണ്ടറില്‍ അന്വേഷിച്ചു. 15 പേര്‍ ഉണ്ടെങ്കിലെ ബോട്ട് എടുക്കു. ഫാമിലിയടക്കം ഞങ്ങള്‍ 9 പേര്‍ മാത്രമെ അപ്പോള്‍ ബോട്ട് ജെട്ടിയിലുള്ളു. അടുത്തു കിടക്കുന്ന കൂറ്റന്‍ കപ്പലിലേക്കും അതിന്റെ മുകളില്‍ നിന്ന് കടലിലേക്ക് വീഴുന്ന വെള്ളത്തിലേക്കും നോക്കി നേരം കൊന്നുകൊണ്ടിരുന്നു. ജെട്ടിക്കപ്പുറം നിര്‍ത്തിയിട്ടിരിക്കുന്ന ബോട്ടുകളില്‍ കയറിയും മറ്റും ഒരുപാടു നേരം പിന്നെയും പേരുപോലും അറിയാത്ത ആര്‍ക്കോ വേണ്ടി കാത്തിരുന്നു. അപ്പോഴും ഒരു ദമ്പതികളല്ലാതെ ആരും വന്നില്ല. അവസാനം ഫാമിലി തിരിച്ചു പോവാനൊരുങ്ങി.



അപ്പോഴേക്കും ദേവദൂതരെ പോലെ കുറച്ച് സ്‌കൂള്‍ കുട്ടികള്‍ വന്നു. ആകെ 17 പേരായി. ടിക്കറ്റ് കൗണ്ടര്‍ തുറന്നു. ക്യൂ നിരന്നു. ഉടന്‍ ടിക്കറ്റെടുത്ത് ബോട്ടില്‍ കയറി. ഞങ്ങള്‍ ബോട്ടിന്റെ സൈഡിലാണ് ഇരുന്നത്. ചിത്രങ്ങള്‍ കണ്ടു കൊതിച്ച സെന്റ് മേരിസ് ദ്വീപിലേക്കാണ് യാത്ര. കര്‍ണാടകയിലെ ഉഡുപ്പിയിലുള്ള മാല്‍പെ തീരത്തു നിന്നകലെ അറബിക്കടലിലാണ് ഈ ദ്വീപ്. മനസ്സ് വല്ലാതെ പരവേശംകൊണ്ടു. വാസ്‌കോ ഡ ഗാമയാണ് 1498ല്‍ ഈ ദ്വീപിന് മറിയം മാതാവിന്റെ പേര് നല്‍കിയത് എന്നാണ് ചരിത്രം. കൃഷ്ണശില എന്നറിയപ്പെടുന്ന ലാവയുറച്ച പാറകൂട്ടങ്ങളാണ് കേട്ടറിഞ്ഞ സെന്റ് മേരീസ് ദ്വീപിന്റെ ചാരുത. എന്ത്തന്നെയായാലും യാത്ര തുടങ്ങി. തിരകളെപോലെ ഇരുവശങ്ങളിലേക്ക് വെള്ളം വകഞ്ഞുമാറ്റി ബോട്ട് മുന്നോട്ട് കുതിച്ചു.



റോഡ് മാര്‍ഗവും റെയില്‍ മാര്‍ഗവും ആവോളം യാത്ര ആസ്വദിച്ചിട്ടുണ്ടെങ്കിലും. ജലയാത്ര വളരെ കുറവാണ്. 10ല്‍ പഠിക്കുമ്പോള്‍ ഭാരതപ്പുഴ മെലിഞ്ഞൊട്ടുന്ന കാലത്ത് രണ്ടു രൂപ കൊടുത്ത് കുറ്റിപ്പുറം കടവ് കടക്കാറുണ്ടായിരുന്ന ഓര്‍മമാത്രമാണ് ജലയാത്ര. കപ്പല്‍ച്ചാല് പിന്നിട്ട് ബോട്ട് കടലിലേക്ക് പ്രവേശിച്ചു. കുട്ടികള്‍ ഫോട്ടോ എടുക്കുന്ന തിരക്കിലാണ്. ഒരാള്‍ കടലിലേക്ക് നോക്കിയിരിക്കുന്നു. ദമ്പതികള്‍ കടലിലൂടെ ഒഴുകുകയാണ്. തെറിക്കുന്ന വെള്ളം കാലുകൊണ്ട് തൊടാനുള്ള ശ്രമത്തിലാണ് ഞങ്ങള്‍. പിന്നീട് എപ്പോഴൊ കടലിലേക്ക് നോക്കിയിരുന്നുപോയി.




 


അകലെ ദ്വീപ് പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. ദ്വീപിന്റെ അറ്റത്തുള്ള വെള്ള കുരിശ് വലുതാകാന്‍ തുടങ്ങി. ബോട്ടിന്റെ പിറകില്‍ കെട്ടിവലിച്ചുകൊണ്ട് വന്ന ചെറിയ ബോട്ടിലാണ് ഇനി യാത്ര. തിരിച്ചെത്തേണ്ട സമയവും നിര്‍ദേശങ്ങളും തന്നു സ്രാങ്കും കൂട്ടരും ഞങ്ങളെ ചെറിയ ബോട്ടിലേക്ക് ഇറങ്ങാന്‍ സഹായിച്ചു. ഇനി ഈ ബോട്ടില്‍ വേണം ദ്വീപിന്റെ കര പിടിക്കാന്‍. ദ്വീപിലെത്തി. നീല വെള്ളം തട്ടിത്തെറിപ്പിച്ച് ഞങ്ങള്‍ ദ്വീപിലേക്ക് നടന്നു. ചുറ്റും നീല നിറം മാത്രം. ആകാശവും കടലും കണ്ണെത്താത്ത ദൂരത്തെവിടെയൊ ലയിക്കുന്നത് പോലെ. ദൂരെ ഏതാണ് കടല്‍ ഏതാണ് ആകാശം എന്ന് തിരിച്ചറിയാന്‍ വയ്യ. കടല്‍ അനങ്ങുന്നില്ല, നിശ്ചലം.. ശാന്തം.. ഒന്നു തിരിഞ്ഞു നോക്കി ഞങ്ങള്‍ മുന്നോട്ടു നടന്നു. നിറയെ തെങ്ങുകളാണ്. പിന്നെ പേരറിയാത്ത ഒരുപാട് ചെടികള്‍. മറുതീരത്തേക്കാണ് ഞങ്ങള്‍ നടന്നത്. മണ്ണില്‍ നിന്ന് മണലിലേക്ക് കാലു വച്ചു.



മണലിനേക്കാള്‍ മിനുസമുള്ള പ്രതലത്തില്‍ ചവിട്ടുന്നത് പോലെ തോന്നി. മണലില്‍ കൈവച്ചു. അല്ല.. ഇത് മണലല്ല.. പൊടിഞ്ഞതും പൊടിയാത്തതുമായ ചിപ്പികള്‍! കുറച്ച് കരക്കടിഞ്ഞതാണെന്ന് വിചാരിച്ച് പിന്നെയും നടന്നു. അല്ല! ഈ തീരം മുഴുവുനും ചിപ്പികളാണ്! തീരം കൂഴിച്ചു നോക്കി. എത്താവുന്ന അത്ര ആഴത്തിലും ചിപ്പികള്‍ തന്നെ.. ചിപ്പികള്‍ കൊണ്ടൊരു തീരം. കടലിന്റെ അടിത്തട്ടിനാലാണ് പ്രകൃതി ഈ തീരം പടച്ചത്. നീല വെള്ളത്തില്‍ ഇളം നിറത്തില്‍ ചിപ്പികള്‍ കിടക്കുന്നത്, തിരയെത്തുമ്പോള്‍ ഇളകുന്നത്... കണ്ണറിയാതെ മനസ്സു കരഞ്ഞുപോയി. ഇഷ്ടപെട്ട ആക്യതിയിലുള്ള ഒരുപാട് ചിപ്പികള്‍ പെറുക്കിയെടുത്തു. ചിപ്പിയിലൂടെ ആവോളം കാല്‍ മുത്തിച്ചു നടന്നു. ദൂരെ മെഴുക് പാറപോലെ ലാവയുറച്ച് രൂപപ്പെട്ട കൃഷണശിലകള്‍.

ചിപ്പിത്തീരത്തിലൂടെ നടന്ന് ബോട്ടിറങ്ങിയ സ്ഥലത്ത് എത്തി. ദ്വീപിനെ അര്‍ധപ്രദക്ഷിണം ചെയ്തപ്പോഴേക്കും തിരിച്ചു പോകാന്‍ സമയമായിരുന്നു. തിരിച്ചു ബോട്ടില്‍ കയറി. എല്ലാവരും വാ തോരാതെ സംസാരിക്കുകയാണ്. ചിപ്പിത്തീരത്തെ കുറിച്ചാണ് സംസാരം. ദൂരേക്ക് നോക്കിയപ്പോള്‍ വെള്ള കുരിശ് ചെറുതായി ചെറുതായി കടലില്‍, തീരത്തെ ചിപ്പികളില്‍ ലയിക്കുന്നതു പോലെ.

 

Tags:    

Similar News