ജോലിഭാരം മനുഷ്യര്‍ക്ക് മാത്രമല്ല, റോബോട്ടുകള്‍ക്കുമുണ്ട്. റോബോട്ടുകളോടും കാണിക്കണ്ടേ അല്‍പ്പം മനുഷ്യത്വം. നിരന്തരം ജോലി ചെയ്യിപ്പിച്ചതിനെ തുടര്‍ന്ന് ഒരു റോബോട്ട് ആത്മഹത്യ ചെയ്തുവെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ നിങ്ങള്‍? എന്നാല്‍ അങ്ങനെ ഒന്ന് സംഭവിച്ചു. മനുഷ്യരുടെ ദൈനം ദിന ജീവിതത്തില്‍ ഇതിനകം പലതരം റോബോട്ടുകള്‍ പരീക്ഷിക്കപ്പെട്ടിട്ടുള്ള ദക്ഷിണകൊറിയയില്‍ ഇക്കഴിഞ്ഞ ജൂണ്‍ 26നാണ് സംഭവം. ഗുമി സിറ്റി കൗണ്‍സിലിലെ അഡ്മിനിസ്‌ട്രേറ്റീവ് ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്ന റോബോട്ടിന്റെ പ്രവര്‍ത്തനം അപ്രതീക്ഷിതമായി തകരാറിലാവുകയും ആറര അടി ഉയരമുള്ള പടികളില്‍ നിന്ന് വീഴുകയും പ്രവര്‍ത്തന രഹിതമാവുകയുമായിരുന്നു. എന്നാല്‍ റോബോട്ടിന്റെ വീഴ്ച ചിലപ്പോള്‍ 'ആത്മഹത്യ' ആകാം എന്നാണ് സിറ്റി കൗണ്‍സില്‍ അധികൃതരുടെ നിഗമനം. വീഴ്ചയ്ക്ക് മുമ്പ് റോബോട്ട് നിന്ന ഇടത്ത് കറങ്ങുന്നത് ഒരുദ്യോഗസ്ഥന്‍ കണ്ടിരുന്നുവത്രേ. സംഭവം പ്രാദേശിക മാധ്യമങ്ങളിലും റോബോട്ടിന്റെ 'ആത്മഹത്യ' എന്ന രീതിയിലാണ് പ്രചരിക്കപ്പെടുന്നത്.
കാലഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബെയര്‍ റോബോട്ടിക്‌സ് ആണ് ഈ റോബോട്ട് നിര്‍മിച്ചത്. റസ്‌റ്റോറന്റുകള്‍ക്ക് വേണ്ടിയുള്ള റോബോട്ടുകള്‍ നിര്‍മിച്ച് ശ്രദ്ധേയമായ കമ്പനിയാണ് ബെയര്‍ റോബോട്ടിക്‌സ്. 2023 ലാണ് ഈ റോബോട്ടിനെ ഒരു സിറ്റി കൗണ്‍സില്‍ ഓഫിസറായി തിരഞ്ഞെടുത്തത്. ഓഫിസിലെ വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാവുന്ന ഈ റോബോട്ടിന് കെട്ടിടത്തില്‍ ഒരു നിലയില്‍ നിന്ന് മറ്റൊരു നിലയിലേക്ക് സ്വയം ലിഫ്റ്റില്‍ സഞ്ചരിക്കാനും കഴിവുണ്ടായിരുന്നു. റോബോട്ടിനുണ്ടായ പ്രശ്‌നം പഠിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. എന്തിന് വേണ്ടിയാണ് ഈ റോബോട്ട് ആത്മഹത്യ ചെയ്തത്? ജോലിഭാരമാണെന്നാണ് ദക്ഷിണ കൊറിയയിലെ ഒരു വിഭാഗം പറയുന്നത്. യഥാര്‍ഥത്തില്‍ ഒരു സയന്‍സ് ഫിക്ഷന്‍ സിനിമകള്‍ക്ക് സമാനമായ സാഹചര്യമായിരിക്കുന്നു അവിടെ. ലോകത്ത് ഏറ്റവും അധികം റോബോട്ടുകള്‍ ഉപയോഗത്തിലുള്ള രാജ്യമാണ് ദക്ഷിണ കൊറിയ. ഒരോ പത്ത് ജീവനക്കാര്‍ക്കും ഒരു ഇന്‍ഡസ്ട്രിയല്‍ റോബോട്ട് എന്ന നിലയില്‍ ഇവിടെ റോബോട്ട് ഉപയോഗമുണ്ടെന്നാണ് ഇന്റര്‍നാഷനല്‍ ഫെഡറേഷന്‍ ഓഫ് റോബോട്ടിക്‌സ് പറയുന്നത്. വിവരങ്ങള്‍ കൈമാറാനും, രേഖകള്‍ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോവാനുമെല്ലാമാണ് ഈ റോബോട്ടിനെ ഉപയോഗിച്ചിരുന്നത്. മറ്റ് ജീവനക്കാരെ പോലെ തന്നെ 9 മണി മുതല്‍ 6 മണി വരെയാണ് റോബോട്ടിന്റെ ജോലി സമയം. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്റെ ഐഡി കാര്‍ഡും ഇതിനുണ്ടായിരുന്നു.