ഇബ്‌നു അൽ നാഫിസ്, സർക്കുലേറ്ററി ഫിസിയോളജിയുടെ പിതാവ്
ഹൃദയത്തിന്റെ രണ്ട് വശങ്ങൾക്കിടയിലൂടെ രക്തം കടന്നുപോകാനുള്ള ഏക മാർഗ്ഗമായി ശ്വാസകോശധമനി രക്തചംക്രമണം എന്ന ആശയം ഇബ്‌നു അൽ നാഫിസ് മുന്നോട്ട് വച്ചു.
യാസിർ അമീൻ
കൊറോണാനന്തരം, ഒരുപക്ഷേ ജനങ്ങളുടെ കാഴ്ചപാടുകൾക്ക് ഒരുപാട് മാറ്റം സംഭവിക്കാം. കുറേകൂടി ശാസ്ത്രീയമായി കാര്യങ്ങളെ കാണാനും പഠിക്കാനും അവർ ശ്രമിക്കും. വൈദ്യശാസ്ത്രത്തെ കുറിച്ചും ശരീരത്തിന്റെ പ്രവർത്തനങ്ങളെ കുറിച്ചും സാധാരണക്കാർ പോലും കൂടുതലായി മനസ്സിലാക്കി വരുന്ന സമയമാണിത്. വൈദ്യശാസ്ത്ര ചരിത്രത്തിൽ അത്രയൊന്നും ആഘോഷിക്കപെടാത്ത ഒരു പേരാണ് ഇബ്‌നു അൽ നഫീസ്. ശ്വാസ കോശ ധമനികളിലെ രക്തചംക്രമണം ആദ്യമായി വിവരിച്ച ഈ മുസ്‌ലിം പണ്ഡിതനെ പാശ്ചാത്യലോകം അധികം വാഴ്ത്താറില്ല. പക്ഷെ സർക്കുലേറ്ററി ഫിസിയോളജിയുടെ പിതാവ് എന്നറിയപ്പെടുന്ന ഈ മുസ്‌ലിം പോളിമാത്തിന്റെ ജീവചരിത്രം അറിഞ്ഞിരിക്കേണ്ടതിന്റെ ആവശ്യകത ഒരോ ദിവസവും കുടുതൽ വ്യക്തമാവുകയാണ്.
ഹൃദയത്തെയും രക്തചംക്രമണത്തിന്റെ ശരീരഘടനയെയും കുറിച്ചുള്ള ആദ്യകാല പഠനങ്ങൾ ആരംഭിച്ചത് ക്രിസ്തുവിന് മുമ്പ് 500ാം വർഷത്തിലാണ്. ഇന്നത്തെ ഇറ്റലിയിൽ സ്ഥിതി ചെയ്യുന്ന ക്രോട്ടണിലെ ആൽക്മയോൺ എന്ന ഫിസിഷ്യൻ മൃഗങ്ങളിൽ നടത്തിയ നീരീക്ഷണങ്ങളിലൂടെ ധമനികൾ, സിരകൾ എന്നിവകുറിച്ച് പഠിച്ചു. ക്രിസ്തുവിന് മുമ്പ് 300ൽ തുർക്കിയിലെ പുരാതന നഗരമായ ചാൾസെഡോണിലെ ഹെറോഫിലസ് ആൾക്കമയോണിന്റെ പഠനങ്ങൾ സ്ഥിരീകരിച്ചു. ക്രിസ്തുവിന് മുമ്പ് 350ൽ ഹൃദയത്തെ മൂന്ന് അറകളുള്ള ഒരു അവയവമായി അരിസ്‌റ്റോട്ടിൽ വിശേഷിപ്പിച്ചു. ഇബ്‌നു അൽ നാഫിസിന് മുമ്പ്, ഗ്രീക്ക് ഫിസിഷ്യൻ ഗാലെൻ, ഹൃദയത്തിന് അറകളില്ലെന്ന് അവകാശപ്പെടുകയും കരളിൽ നിന്നാണ് രക്തചംക്രമണ സംവിധാനം ഉണ്ടായതെന്ന് വിശ്വസിക്കുകയും ചെയ്തു. വലതുവശത്ത് നിന്ന് ഇടത്തേക്ക് ഇന്റർവെൻട്രിക്കുലാർ സെപ്റ്റത്തിലെ രക്തം അദൃശ്യമായ സുഷിരങ്ങളിലൂടെ കടന്നുപോകുന്നുണ്ടെങ്കിലും, സിര, ധമനികൾ അടഞ്ഞ രണ്ട് വ്യത്യസ്ത സംവിധാനങ്ങളാണ് എന്നും ഗാലെൻ വിശ്വസിച്ചു.
ക്രിസ്തുവിന് ശേഷം രണ്ടാം നൂറ്റാണ്ട് വരെ ഈ സിദ്ധാന്തമായിരുന്നു നിലവിലുണ്ടായിരുന്നത്. ഹൃദയത്തിനും ശ്വാസകോശത്തിനുമിടയിലുള്ള രക്തപ്രവാഹം ശരിയായി വിവരിച്ചുകൊണ്ട് ഗാലന്റെ സിദ്ധാന്തം തെറ്റാണെന്ന് തെളിയിച്ച ആദ്യ വ്യക്തിയാണ് ഇബ്‌നു അൽ നാഫിസ്. ഇന്റർവെൻട്രിക്കുലാർ സെപ്തത്തെ രക്തത്തിന് അപര്യാപ്തമായ സുഷിരങ്ങളില്ലാത്ത മതിൽ എന്നും അദ്ദേഹം വിശേഷിപ്പിച്ചു. അതിനാൽ, ഹൃദയത്തിന്റെ രണ്ട് വശങ്ങൾക്കിടയിലൂടെ രക്തം കടന്നുപോകാനുള്ള ഏക മാർഗ്ഗമായി ശ്വാസകോശധമനി രക്തചംക്രമണം എന്ന ആശയം ഇബ്‌നു അൽ നാഫിസ് മുന്നോട്ട് വച്ചു. അദ്ദേഹത്തിന്റെ ഈ കണ്ടെത്തലുകളെല്ലാം ലോകമെമ്പാടും വ്യാപിക്കുകയും ലാറ്റിൻ ഭാഷയിലേക്ക് വിവർത്തനം ചെയ്യുകയും സെർവെറ്റസ് മുതൽ ഹാർവി വരെയുള്ള വിവിധ യൂറോപ്യൻ ശാസ്ത്രജ്ഞൻമാരുടെ കൃതികളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. അതിനാൽ തന്നെ 17ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വില്യം ഹാർവി എന്ന ഇംഗ്ലീഷ് ശാസ്ത്രജ്ഞനാണ് ആദ്യമായി ശ്വാസകോശ ധമനികളിലെ രക്ത ചംക്രമണം വിവരിച്ചത് എന്നാണ് പാശ്ചാത്യലോകം അവകാശപ്പെടുന്നത്. പക്ഷെ ഇബ്‌നു അൽ നാഫിസ് ജീവിച്ചിരുന്നത് 13ാം നൂറ്റാണ്ടിലായിരുന്നു.
രാഷ്ട്രീയം, ശരീരഘടനാപഠനം, നിയമശാസ്ത്രം തുടങ്ങി വിവിധ മേഖലകളിൽ വളരെയധികം സംഭാവനകൾ നൽകിയ ഇബ്‌നു അൽ നഫിസ് വൈവിധ്യ മേഖലകളിലെ ചിന്തകനായിരുന്നു. നേത്രരോഗ പഠനത്തിൽ പ്രശസ്തി നേടിയിട്ടുണ്ടെങ്കിലും, ശ്വാസകോശ രക്ത ചംക്രമണത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിപുലമായ പഠനങ്ങളും കണ്ടെത്തെലുകളും ശാസ്ത്ര ലോകത്ത് വേറിട്ടുനിൽക്കുന്നുതാണ്.
1213ൽ ഡമാസ്‌കസിനടുത്തുള്ള കറാഷിയ എന്ന സ്ഥലത്താണ് ഇബ്‌നു അൽനാഫിസ് ജനിച്ചത്. നന്നെ ചെറുപ്പത്തിൽ തന്നെ അദ്ദേഹം ദൈവശാസ്ത്രം, തത്ത്വചിന്ത, സാഹിത്യം എന്നിവയെല്ലാം ഹൃദ്യസ്ഥമാക്കി. പന്ത്രണ്ടാം നൂറ്റാണ്ടിൽ തുർക്കി രാജകുമാരൻ നൂർ അൽ ദിൻ മുഹമ്മദ് ഇബ്‌നു സാങ്കി സ്ഥാപിച്ച ഡമാസ്‌കസിലെ നൂരി ആതുരാലയത്തിൽ പതിനാറാമത്തെ വയസ്സിൽ അദ്ദേഹം വൈദ്യശാസ്ത്രം പഠിക്കാനെത്തി. പത്തുവർഷത്തിലേറെ അദ്ദേഹം അവിടെ വൈദ്യശാസ്ത്രം പഠിച്ചു. പ്രശസ്ത ഡമാസ്‌കീൻ ഫിസിഷ്യൻ ഇബ്‌നു അബി ഉസൈബിയുടെ സമകാലികനായിരുന്നു അദ്ദേഹം. 1236ൽ സുൽത്താൻ അൽ കാമിലിന്റെ അഭ്യർത്ഥനപ്രകാരം ഇബ്‌നു അൽ നഫീസും അദ്ദേഹത്തിന്റെ ചില സഹപ്രവർത്തകരും ഈജിപ്തിലേക്ക് മാറി. സലാഹുദ്ദീൻ അയ്യൂബി സ്ഥാപിച്ച അൽ നസേരി ആശുപത്രിയിൽ മുഖ്യ ഫിസിഷ്യനായി ഇബ്‌നു അൽ നഫീസിനെ നിയമിച്ചു. അവിടെ അദ്ദേഹം വർഷങ്ങളോളം വൈദ്യം പഠിപ്പിക്കുകയും പരിശീലിക്കുകയും ചെയ്തു. അതോടൊപ്പം അൽ മസ്രൂറിയ മദ്രസയിൽ അദ്ദേഹം കർമ്മശാസ്ത്രവും പഠിപ്പിച്ചു. തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ഈജിപ്തിലായിരുന്നു ഇബ്‌നു അൽ നഫീസ് താമസിച്ചിരുന്നത്. ബാഗ്ദാദിന്റെ പതനം, മംലൂക്കുകളുടെ ഉയർച്ച തുടങ്ങിയ നിരവധി സുപ്രധാന സംഭവങ്ങൾക്ക് അദ്ദേഹം സാക്ഷ്യം വഹിച്ചു. തന്റെ 80ാം വയസ്സിൽ കയ്‌റോവിൽ വച്ച് അദ്ദേഹം ഇഹലോകം വെടിഞ്ഞു.
ആൽക്കമി, അൽജിബ്ര, അൽഗോറിതം തുടങ്ങിയവയെല്ലാം മുസ്‌ലിം സംസ്‌കാരം ശാസ്ത്രലോകത്തിന് നൽകിയ നിരവധി സംഭാവനകളെയാണ് സൂചിപ്പിക്കുന്നത്. ഇബ്‌നു അൽ നഫീസ് അതിൽ ഒരു കണിക മാത്രമാണ്. പക്ഷെ ആത്മപരിശോധന എന്ന നിലയ്ക്ക് മുസ്‌ലിം ലോകം ചിന്തിക്കേണ്ട ഒരു വസ്തുതയുണ്ട്. ഇതെല്ലാം 1000 വർഷങ്ങൾക്ക് മുമ്പായിരുന്നു. ആ മുസ്‌ലിം പണ്ഡിതർക്ക് മതവും ശാസ്ത്രവും രണ്ടായിരുന്നില്ല. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ടെന്ന് ഖുർആൻ വാക്യമായിരുന്നു അവരെ മുന്നോട്ട് നയിച്ചത്.