പി എ എം ഹാരിസ്
ഇന്ന് ഡിസംബര്‍ 22. ബാബരി മസ്ജിദിന്റെ ഇന്നലെകളില്‍ 1992 ഡിസംബര്‍ 6 പോലെ തന്നെ നാം മറയ്ക്കാനും മറക്കാനും ഒരുക്കമല്ല എന്ന് പ്രഖ്യാപിക്കേണ്ട ദിനമാണിത്. എഴുപതാണ്ടുകള്‍ക്കു മുമ്പ് ഈ ദിവസമാണ് ബാബരി മസ്ജിദിനകത്ത് ശ്രീരാമവിഗ്രഹം അന്യായമായി പ്രതിഷ്ഠിക്കപ്പെട്ടത്. പള്ളി അടച്ചിടാനുള്ള ഉത്തരവും ആദ്യം വിഗ്രഹദര്‍ശനത്തിനും പിന്നീട് പൂജയ്ക്കും അനുമതി നല്‍കിയതും ഈ കൈയേറ്റത്തിനു ശേഷമാണ്. ഡിസംബര്‍ 6ന് പള്ളി തകര്‍ക്കുന്നതിനും താല്‍ക്കാലിക ക്ഷേത്രം പണിയുന്നതിനും വഴിയൊരുക്കിയതും ഇതേ അതിക്രമം തന്നെ. രണ്ടു കുറ്റകൃത്യങ്ങളും നിര്‍വഹിച്ചവരും പിന്നണിയില്‍ ആസൂത്രണം ചെയ്തവരും നിയമത്തിനു തൊടാനാവാതെ വിലസുന്നത് നമ്മുടെ മുമ്പിലുള്ള യാഥാര്‍ഥ്യവും. 1947 ആഗസ്ത് 15ന് ഇന്ത്യ സ്വതന്ത്രമാവുമ്പോള്‍ ബാബരി പള്ളി മുസ്‌ലിംകളുടെ ആരാധനാകേന്ദ്രമായിരുന്നു. ഒരൊറ്റ കേസ് പോലും പള്ളിയുടെ അസ്തിത്വമോ ഉടമാവകാശമോ ചോദ്യംചെയ്ത് നിലവിലില്ലായിരുന്നു.
അയോധ്യയില്‍ നിലനിന്ന ബാബരി മസ്ജിദ് എന്ന മുസ്‌ലിം ആരാധനാലയം മുഗള്‍ ഭരണാധികാരിയായിരുന്ന ബാബറിന്റെ കമാന്‍ഡര്‍ മീര്‍ ബാഖി 1528ല്‍ പണിതതാണ് എന്നതില്‍ ആര്‍ക്കും തര്‍ക്കമില്ലെന്ന് ബിജെപിയുടെ ധവളപത്രം ഉദ്ധരിച്ച് അയോധ്യാ അന്വേഷണ റിപോര്‍ട്ടില്‍ സുപ്രിംകോടതി റിട്ടയേര്‍ഡ് ജഡ്ജി മന്‍മോഹന്‍സിങ് ലിബര്‍ഹാന്‍ (പേജ് 61, വിഭാഗം 18.6) സാക്ഷ്യപ്പെടുത്തുന്നുണ്ട്.
ബാബരി മസ്ജിദില്‍ 1949 ഡിസംബര്‍ 16ന് ജുമുഅ നടന്നു. 23ന് വെള്ളിയാഴ്ച നടന്നില്ല. കാരണം, ഡിസംബര്‍ 22നു രാത്രി പള്ളിക്കകത്ത് മിഹ്‌റാബില്‍ ശ്രീരാമവിഗ്രഹം വന്നു. എങ്ങനെ? ഇന്ത്യയിലെ ഹൈന്ദവ വിശ്വാസികള്‍ മര്യാദാപുരുഷോത്തമനായാണ് ശ്രീരാമനെ കരുതുന്നത്. ആ പദവിക്കു യോജ്യമായ വിധത്തിലായിരുന്നുവോ അന്നു രാത്രി നടന്ന സംഭവങ്ങള്‍?
1949 ഡിസംബര്‍ 22. ഇശാഅ് നമസ്‌കാരം കഴിഞ്ഞ് മുസ്‌ലിംകള്‍ വീടുകളിലേക്കു പോയി. അടുത്ത ദിവസം രാവിലെ പള്ളിയില്‍ സുബഹി നമസ്‌കാരത്തിനെത്തിയവര്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയാണ്. പള്ളിയുടെ മിഹ്‌റാബില്‍ രാമവിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്നു. രാമജന്മസ്ഥാനത്ത് ശ്രീരാമവിഗ്രഹം സ്വയംഭൂവായി ഉയര്‍ന്നുവന്നുവെന്ന പച്ചക്കള്ളമാണ് തുടര്‍ന്നു പ്രചരിപ്പിച്ചത്.
ആര്‍എസ്എസ് മലയാളം വാരിക നല്‍കുന്ന വിവരണം ഇതാണ്: ''1949ല്‍ ക്ഷേത്രഭാഗത്ത് ശ്രീരാമന്റെയും സീതാദേവിയുടെയും പ്രതിമകള്‍ ഭൂമിയില്‍ പൊട്ടിമുളച്ച് പൊങ്ങിയതായ അദ്ഭുതം കണ്ട്, ലക്ഷക്കണക്കിന് ഹിന്ദു ആരാധകര്‍ അവിടേക്ക് ഒഴുകിവന്നു'' (കേസരി വാരിക, 1986 ജൂലൈ 20, പേജ് 13). ഇംഗ്ലീഷ് പ്രസിദ്ധീകരണം ഓര്‍ഗനൈസര്‍ വാരിക(1987 മാര്‍ച്ച് 27)യിലും ഇതായിരുന്നു പ്രചാരണം. ചുരുക്കത്തില്‍ സംഘപരിവാരം ആസൂത്രിതമായി പ്രചരിപ്പിച്ചത് ഇതായിരുന്നു. ജ. ലിബര്‍ഹാന്‍ കമ്മീഷനു മുന്നിലും സംഘപരിവാരം ഈ വാദം നിരത്തിയെങ്കിലും അദ്ദേഹം അതു മുഖവിലയ്‌ക്കെടുത്തില്ല.
സത്യം എന്തായിരുന്നു? അഭയ് രാംദാസിന്റെയും രാംചരണ്‍ ദാസിന്റെയും നേതൃത്വത്തില്‍ 50-60 ആളുകള്‍ പള്ളിയുടെ പൂട്ടുപൊളിച്ച്, കോണിവച്ച് മതില്‍ ചാടി അകത്തുകടന്ന് വിഗ്രഹം പ്രതിഷ്ഠിച്ചെന്നു രേഖകള്‍ വ്യക്തമാക്കുന്നു.
1949 ഡിസംബറില്‍ ഫൈസാബാദിലെ അവധ് പ്രദേശത്ത് അഖിലഭാരത രാമായണ മഹാസഭയുടെ നേതൃത്വത്തില്‍ ഒമ്പതുദിവസത്തെ അഖണ്ഡപഥ് നടന്നു. ഹനുമാന്‍ ഘടി ക്ഷേത്ര പൂജാരി അഭയ് രാംദാസിന്റെ നേതൃത്വത്തില്‍ രാമചരിത മന്ത്രോച്ചാരണമായിരുന്നു പരിപാടി. സംഘര്‍ഷം ഒഴിവാക്കുന്നതിന് പള്ളിക്ക് പോലിസ് കാവലുണ്ടായിരുന്നു.
22ന് അര്‍ധരാത്രി പള്ളിയുടെ മതില്‍ ചാടിക്കടന്ന ഒരുസംഘം അക്രമികള്‍ വാതിലിന്റെ പൂട്ടുപൊളിച്ച് വിഗ്രഹം അകത്തു പ്രതിഷ്ഠിക്കുകയായിരുന്നു. ഫൈസാബാദ് പോലിസ് സ്‌റ്റേഷനിലെ എഫ്‌ഐആറും സംഭവം വിശകലനം ചെയ്ത ഗവേഷണ പഠനങ്ങളും ഈ വസ്തുത സ്ഥിരീകരിക്കുന്നു.
പള്ളിയില്‍ 22നു രാത്രി എന്തു നടന്നുവെന്ന് ഫൈസാബാദ് പോലിസ് സ്റ്റേഷനില്‍ മാതാപ്രസാദ് എന്ന പോലിസുകാരന്‍ നല്‍കിയ വിവരമനുസരിച്ച് സബ് ഇന്‍സ്‌പെക്ടര്‍ രാം ദുബൈ, സിറ്റി മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ എഫ്‌ഐആര്‍ ഇന്നും രേഖകളിലുണ്ട്. ''അജ്ഞാതരായ 50-60 ആളുകള്‍, അഭയ് രാംദാസിന്റെയും രാംചരണ്‍ ദാസിന്റെയും നേതൃത്വത്തില്‍ പള്ളിയുടെ പൂട്ടുപൊളിച്ച്, കോണി വച്ച് മതില്‍ ചാടി അകത്തു കടന്ന് വിഗ്രഹം പ്രതിഷ്ഠിച്ചു'' എന്നാണു രേഖ.
ഇതിനു പിന്നില്‍ ആസൂത്രണം നിര്‍വഹിച്ചത് താനാണെന്ന് ഫൈസാബാദ് ജില്ലാ കലക്ടറായിരുന്ന മലയാളി കെ കെ നായര്‍ എന്ന ആറന്മുള സ്വദേശി (ജനനം 1907 സപ്തംബര്‍ 11 - മരണം 1977 സപ്തംബര്‍ 7) തുറന്നുപറഞ്ഞതായി ജനതാദള്‍ സംസ്ഥാന പ്രസിഡന്റും മുന്‍ എംപിയുമായിരുന്ന പി വിശ്വംഭരന്‍ തിരുവനന്തപുരത്ത് ഒരു ചടങ്ങില്‍ വെളിപ്പെടുത്തിയിരുന്നു (ചന്ദ്രിക, 1990 ഒക്ടോബര്‍ 10).
വിഗ്രഹം എടുത്തുമാറ്റുന്നതിനു പകരം കെ കെ നായര്‍ പള്ളിയില്‍ പ്രാര്‍ഥന നിര്‍വഹിക്കുന്നതില്‍ നിന്നു മുസ്‌ലിംകളെ തടഞ്ഞു. വിഗ്രഹം എടുത്തുനീക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും പല ന്യായീകരണങ്ങളും നിരത്തി അദ്ദേഹം അതു നടപ്പാക്കിയില്ല. അതിനു പ്രതിഫലമായി നായരും പിന്നീട് അദ്ദേഹത്തിന്റെ ഭാര്യയും ഭാരതീയ ജനസംഘം ടിക്കറ്റില്‍ പാര്‍ലമെന്റംഗത്വം നേടിയെടുത്തു. വിശ്വംഭരനൊപ്പം ലോക്‌സഭാംഗമായിരുന്നു നായര്‍.
1949ല്‍ അയോധ്യയില്‍ രാമവിഗ്രഹം പള്ളിക്കകത്ത് കൊണ്ടുവയ്ക്കുന്നതിന് ജില്ലാ ഭരണകൂടത്തിന്റെ എല്ലാ ഒത്താശയുമുണ്ടായിരുന്നുവെന്ന് ജ. ലിബര്‍ഹാന്‍ (പേജ് 69) രേഖപ്പെടുത്തി. പോലിസ് സ്റ്റേഷന്‍ ചുമതലയുള്ള രാം ദുബൈ എഴുതിയ എഫ്‌ഐആറിലെ പ്രസക്തഭാഗം തന്റെ റിപോര്‍ട്ടില്‍ പേജ് 69, 70ല്‍ (ഉപവിഭാഗം 21.3, 21.4) അദ്ദേഹം ഉദ്ധരിക്കുന്നുമുണ്ട്.
അടുത്ത ദിവസം രാവിലെ പത്തരയ്ക്ക് യുപി മുഖ്യമന്ത്രി ഗോവിന്ദ വല്ലഭ പാന്തിനും ചീഫ് സെക്രട്ടറി ഭഗവന്‍ സഹായിക്കും പോലിസ് സ്റ്റേഷനില്‍ നിന്നു വയര്‍ലസ് സന്ദേശം അയച്ചു: ''രാത്രിയില്‍ ആരുമില്ലാതിരുന്ന നേരത്ത് പള്ളിയില്‍ അതിക്രമിച്ചുകടന്ന ഒരുസംഘം ഹൈന്ദവര്‍ അവിടെ വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്നു'' എന്നായിരുന്നു സന്ദേശം (ഇന്ത്യന്‍ എക്‌സ്പ്രസ് 1986 മാര്‍ച്ച് 30). പള്ളിക്കകത്ത് വിഗ്രഹം ഒളിച്ചുകടത്തി സ്ഥാപിച്ചതും അതു നീക്കംചെയ്യുന്നതു തടഞ്ഞതും അന്നത്തെ ജില്ലാ മജിസ്‌ട്രേറ്റ് മലയാളി കെ കെ നായരാണെന്ന് ജ. ലിബര്‍ഹാന്‍ റിപോര്‍ട്ടും വ്യക്തമാക്കുന്നു (പേജ് 71, 72). പള്ളിയില്‍ വിഗ്രഹം സ്ഥാപിച്ചത് നിയമവിരുദ്ധം തന്നെ. എന്നാല്‍, അതെടുത്തു മാറ്റി മുസ്‌ലിംകള്‍ക്ക് അനുകൂല നടപടി സ്വീകരിച്ചാല്‍ അതു ഭാവിയില്‍ കൂടുതല്‍ കലാപങ്ങള്‍ക്കാവും വഴിയൊരുക്കുക. കോടതിക്ക് പുറത്തുള്ള തീര്‍പ്പു മാത്രമാണ് ഇതിനു പരിഹാരം...'' എന്നായിരുന്നു യുപി ചീഫ് സെക്രട്ടറിക്ക് 1949 ഡിസംബര്‍ 27ന് കെ കെ നായര്‍ നല്‍കിയ കത്തിന്റെ ഉള്ളടക്കം (പേജ് 72). അയോധ്യയില്‍ പ്രശ്‌നം കത്തിച്ചുനിര്‍ത്തി പിന്നീട് രാജ്യത്ത് മൊത്തം കലാപത്തിന്റെ വിത്തുവിതച്ചത് അന്ന് ജില്ലാ മജിസ്‌ട്രേറ്റായിരുന്ന കെ കെ. നായരാണെന്ന് ജ. ലിബര്‍ഹാന്‍ നിരീക്ഷിക്കുന്നു (പേജ് 73, വിഭാഗം 21.12). കോടതിക്ക് പുറത്തുള്ള ഒത്തുതീര്‍പ്പ് എന്ന ഈ വാക്കുകള്‍ ഇന്നും ഇടയ്ക്കിടെ നമുക്കു കേള്‍ക്കാനാവും.
നാലുനൂറ്റാണ്ടിലേറെ കാലം മുസ്‌ലിംകള്‍ ആരാധന നടത്തിവന്ന പള്ളിയിലെ കൈയേറ്റം ഒഴിവാക്കി തിരിച്ചുനല്‍കണമെന്നാവശ്യപ്പെട്ട് മുസ്‌ലിംകള്‍ കോടതിയെ സമീപിച്ചു. ഏഴുപതിറ്റാണ്ട് പിന്നിടുമ്പോഴും മുസ്‌ലിംകള്‍ക്ക് നീതി ലഭ്യമായില്ല. കൈയേറ്റക്കാര്‍ സുരക്ഷിതരായിരുന്നു. പള്ളിക്കകത്ത് അകിക്രമിച്ചുകടന്ന് പ്രതിഷ്ഠിച്ച ശ്രീരാമവിഗ്രഹത്തിന് പൂജ ചെയ്യുന്നതിന് കോടതി അനുമതി നല്‍കി. സര്‍ക്കാര്‍ അനുകൂല നിലപാടെടുത്തു.
യുപി മുഖ്യമന്ത്രിയും പ്രധാനമന്ത്രി നെഹ്‌റുവുമായി നടന്ന കത്തിടപാടുകളിലും കാണുന്നത് ഉദ്യോഗസ്ഥര്‍ നല്‍കിയ കള്ളത്തെളിവുകളാണെന്നും ജില്ലാ മജിസ്‌ട്രേറ്റ് മുഖ്യമന്ത്രിക്ക് നല്‍കിയ മുഴുവന്‍ എഴുത്തുകുത്തുകളിലെയും ഉള്ളടക്കം സര്‍ക്കാര്‍ ഉത്തരവ് അംഗീകരിക്കാന്‍ തയ്യാറല്ലെന്നു വ്യക്തമാക്കുന്നതാണെന്നും ജ. ലിബര്‍ഹാന്‍ (പേജ് 73, വിഭാഗം 21.13) രേഖപ്പെടുത്തുന്നു.
ഉമേഷ് ചന്ദ്ര പാണ്ഡെ നല്‍കിയ ഹരജിയില്‍ 1986ല്‍ ബാബരി പള്ളിയുടെ പൂട്ടുതുറന്ന് പൂജ നടത്താന്‍ കെ എം പാണ്ഡെ എന്ന ജില്ലാ ജഡ്ജിയാണ് വിധി നല്‍കിയത്. ഇത്രയും വൈകാരികത നിറഞ്ഞ, സങ്കീര്‍ണ പ്രശ്‌നങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു കേസില്‍ വിധിയെഴുതിയ ജഡ്ജിയെ അതിനു പ്രേരിപ്പിച്ച കുരങ്ങനെക്കുറിച്ച് അദ്ദേഹത്തിന്റെ ജീവചരിത്രത്തില്‍ നിന്ന് ഒരു സംഭവം ജ. ലിബര്‍ഹാന്‍ റിപോര്‍ട്ടില്‍ ഉദ്ധരിക്കുന്നു. വിധി പുറപ്പെടുവിക്കുന്നതിനു മുമ്പ് തന്റെ താമസസ്ഥലത്തും വിധിപറയുന്നതിനിടയ്ക്ക് കോടതിയിലും അതു കഴിഞ്ഞ് വീണ്ടും താമസസ്ഥലത്തും ഒരു കുരങ്ങന്‍ വന്നു. ആ കുരങ്ങന്‍ ആരെയും ഉപദ്രവിച്ചില്ല. കീഴുദ്യോഗസ്ഥന്റെ മുമ്പാകെയുള്ള അയോധ്യാ ഹരജി പരിഗണിക്കുന്നത് നേരത്തേയാക്കണമെന്ന അപേക്ഷയായിരുന്നു അപ്പോള്‍ എന്റെ കൈയില്‍. കുരങ്ങന്റെ അസാധാരണമായ സാന്നിധ്യവും നീക്കവും പൂട്ടുപൊളിക്കണമെന്നാവശ്യപ്പെട്ടുള്ള ഉത്തരവിടാന്‍ എനിക്കു പ്രേരണയായി. (പേജ് 87, വിഭാഗം 25.3). കേസില്‍ കക്ഷിപോലുമല്ലാത്ത ഒരാളുടേതായിരുന്നു ഈ ഹരജിയെന്ന് ജ. ലിബര്‍ഹാന്‍ എടുത്തുപറയുന്നുണ്ട്. ജനാധിപത്യ മതേതരസമൂഹം നിലനില്‍ക്കണമെങ്കില്‍ പുലര്‍ത്തേണ്ട ജാഗ്രത എത്രമാത്രമാണെന്നു നമ്മുടെ നിയമവാഴ്ചയുടെ പിന്നാമ്പുറങ്ങളിലെ ഇത്തരം കുരങ്ങന്‍കഥകള്‍ വ്യക്തമാക്കുന്നു.
1949 ഡിസംബര്‍ 22ന് അര്‍ധരാത്രി ബാബരി മസ്ജിദ് കൈയേറി വിഗ്രഹം പ്രതിഷ്ഠിച്ചതും 1992 ഡിസംബര്‍ 6ന് ബാബരി മസ്ജിദ് തകര്‍ത്തതും- രണ്ടിനും പിന്നില്‍ ആരെന്നത് ഇന്ത്യന്‍ ജനതയ്ക്കും ലോകസമൂഹത്തിനും നന്നായറിയാം. കോടികള്‍ ചെലവഴിച്ച് നടത്തിയ അന്വേഷണത്തിനുശേഷം 17 വര്‍ഷം കഴിഞ്ഞ് ജസ്റ്റിസ് ലിബര്‍ഹാന്‍ ചൂണ്ടിക്കാണിച്ച വിശുദ്ധ പശുക്കളെ തൊടാനാവാതെ കേന്ദ്ര ഭരണകൂടം രാജ്യത്തെ മതേതര മനസ്സാക്ഷിക്ക് മുമ്പില്‍ നാണംകെട്ടുനില്‍ക്കുന്ന സാഹചര്യത്തില്‍ വീണ്ടും ഒരു ഡിസംബര്‍ 22ന് നമ്മുടെ മുന്നിലെത്തുന്നു.
പിന്‍കുറി:
ഇതിനിടെ ബാബരി മസ്ജിദില്‍ നമസ്‌കാരം അനുവദിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഒരു ഹരജി അലഹബാദ് ഹൈക്കോടതിയിലെത്തി. ബാബരി പോരാട്ടരംഗത്ത് ഇന്നോളം കേട്ടിട്ടില്ലാത്ത റായ്ബറേലിയിലെ അല്‍റഹ്മാന്‍ എന്ന ട്രസ്റ്റിന്റെ പേരിലായിരുന്നു ഹരജി. ജസ്റ്റിസ് ഡി കെ അറോറ, അലോക് മാത്തൂര്‍ എന്നിവരടങ്ങിയ ബെഞ്ച് ഹരജി തള്ളിയെന്നു മാത്രമല്ല, കോടതിയുടെ സമയം പാഴാക്കിയതിന് ഹരജിക്കാരന് അഞ്ചുലക്ഷം രൂപ പിഴയും വിധിച്ചു. സമൂഹത്തില്‍ കുഴപ്പമുണ്ടാക്കാനാണ് ഹരജിക്കാരന്‍ ലക്ഷ്യമിടുന്നതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. 70 വര്‍ഷത്തോളമായി ബാബരി മസ്ജിദ് കേസ് നടത്തുന്ന കേന്ദ്ര സുന്നി വഖ്ഫ് കൗണ്‍സില്‍ ബോര്‍ഡ് പോലും അറിയാതെയാണ് ഈ ഹരജിയെന്നതാണ് ഏറെ കൗതുകകരം.