കേരളം ഒരു ദുരന്തഭൂമിയായി മാറുമോ?

Update: 2020-08-12 15:17 GMT

കെ എം സലീം പത്തനാപുരം

ഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലെന്നപോലെ ഇത്തവണയും മഴക്കാലം പ്രളയകാലമായിരിക്കുന്നു. കേരളത്തില്‍ ഇനിയുള്ള രണ്ട് ദശകങ്ങളില്‍ പേമാരിയും പ്രളയവും വരള്‍ച്ചയും ആവര്‍ത്തിച്ചു കൊണ്ടിരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. എന്നാല്‍ കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളോ സമുദായ നേതൃത്വങ്ങളോ സര്‍ക്കാര്‍ സംവിധാനങ്ങളോ പ്രളയാനന്തര ദുരിതങ്ങള്‍ അനുഭവിച്ചവര്‍ പോലുമോ അത്തരം മുന്നറിയിപ്പുകളൊന്നും കാര്യമായിട്ടെടുക്കാന്‍ തയ്യാറായിരുന്നില്ല. കാലങ്ങളായി മഴവെള്ളം ഒഴുകികൊണ്ടിരുന്ന സ്വാഭാവിക വഴികളത്രയും സ്വാര്‍ത്ഥ താല്‍പര്യങ്ങളാല്‍ മണ്ണിട്ട് നികത്തിയതിന്റെ ഫലമായി ഗ്രാമ-നഗര ഭേദമില്ലാതെ വെള്ളകെട്ടില്‍ അകപ്പെട്ടുകൊണ്ടിരിക്കുന്ന സംസ്ഥാനമാണ് കേരളം. ആധുനികവാദികളാല്‍ വികസന വിരോധികളെന്ന് വിളിക്കപ്പെടുന്ന ചിലര്‍ സ്വാഭാവിക ജലനിര്‍ഗമന നീര്‍ച്ചാലുകള്‍ മണ്ണിട്ട് നികത്തുന്നതിനെതിരായി ശബ്ദിക്കാറുണ്ടെങ്കിലും അവയൊന്നും പരിഗണിക്കപ്പെടാറില്ല. തന്നെയുമല്ല പ്രതിമാസ ശമ്പളത്തോടൊപ്പം വികസനവാദികളുടെ പാരിതോഷികവും കൂടി കൈപ്പറ്റിക്കൊണ്ടിരിക്കുന്നവരാല്‍ അത്തരം ശബ്ദങ്ങള്‍ തുടര്‍ച്ചയായി അവഗണിക്കപ്പെടുകയാണ്.

ഏറെകാലത്തെ ശ്രമഫലമായി കേരളം കൈവരിച്ച നേട്ടങ്ങളത്രയും തകര്‍ത്തുകളഞ്ഞ പ്രഥമ പ്രളയത്തെ തുടര്‍ന്ന് ഏറെ ചര്‍ച്ചചെയ്യപ്പെട്ടത് ജല നിര്‍ഗമനമാര്‍ഗ്ഗങ്ങള്‍ അടഞ്ഞു പോയതിനെകുറിച്ചും അടച്ചവരെ കുറിച്ചുമായിരുന്നു. മുന്‍കാലങ്ങളില്‍ മലവെള്ളവും മഴവെള്ളവും ഒഴുകി പോയിരുന്നതും നിലവില്‍ തടസ്സപ്പെടുത്തുകയോ കയ്യേറുകയോ ചെയ്തിരിക്കുന്നതുമായ സ്വാഭാവിക വഴികളത്രയും അടുത്ത മഴക്കാലത്തിനു മുമ്പായി തിരിച്ചുപിടിക്കുമെന്നും പൂര്‍വ്വസ്ഥിതിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ച് പറയുകയും ചെയ്തിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള മഴക്കാലത്തും അറബിക്കടലിലേക്കുള്ള വഴിയേതെന്നറിയാതെ മഴവെള്ളവും മലവെള്ളവും ചേര്‍ന്ന് ഗ്രാമ തെരുവീഥികളിലും നഗരഹൃദയങ്ങളിലും ജലാശയങ്ങള്‍ തീര്‍ക്കുന്നതാണ് കാണാനായത്. മുന്‍കാല സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ പരിശോധിക്കാന്‍ തയ്യാറാവുന്നവര്‍ക്കെല്ലാംതന്നെ പുറംപോക്കു ഭൂമികളിലെ കയ്യേറ്റങ്ങള്‍ തിരിച്ചുപിടിക്കുമെന്ന് പ്രഖ്യാപിക്കാത്ത സര്‍ക്കാരുകളോ മുഖ്യമന്ത്രിമാരോ കേരളത്തില്‍ ഉണ്ടായിരുന്നില്ലെന്ന് കാണാനാവും. അതോടൊപ്പം ഇന്നേവരെയുള്ള സര്‍ക്കാറുകളൊന്നും തീരദേശ കയ്യേറ്റങ്ങള്‍ തിരിച്ചുപിടിക്കാന്‍ തയ്യാറായില്ലെന്ന യാഥാര്‍ത്ഥ്യവും തിരിച്ചറിയാനാവും.

1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരം പുഴയോടു ചേര്‍ന്നുള്ള പുറംപോക്കിലുള്ള എല്ലാവിധ കയ്യേറ്റങ്ങളും തടയുകയും നിലവിലുള്ള കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുവാന്‍ കലക്ടറോട് ശുപാര്‍ശചെയ്യുക ചെയ്യുക എന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതലയാണ്. എന്നാല്‍ കേരള പഞ്ചായത്ത് രാജ് നിയമവും ചട്ടങ്ങളും അടങ്ങിയ പുസ്തകം കയ്യെത്തും ദൂരത്ത് ഭദ്രമാക്കി വച്ചതൊഴിച്ചാല്‍ ഒരാവര്‍ത്തിയെങ്കിലും വായിച്ചു നോക്കാന്‍ തയ്യാറായ ഉദ്യോഗസ്ഥര്‍ വിരളമായിരിക്കും. നദീതീരങ്ങളിലെ കയ്യേറ്റങ്ങള്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നതില്‍ നിന്നും അതാണ് വ്യക്തമാവുന്നത്.

പ്രഥമ പ്രളയാനന്തരം സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ക്ക് സമാനമായ രീതിയില്‍ ബഹുമാനപ്പെട്ട ഹൈക്കോടതിയും കയ്യേറ്റങ്ങള്‍ക്കെതിരായി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പ്രമുഖ വാര്‍ത്താ മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ അത് റിപോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ കോടതി വിധി നടപ്പാക്കേണ്ടത് തദേശ സ്വയംഭരണ സെക്രട്ടറിയും വില്ലേജ് ഓഫിസറും ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തന്നെയായതിനാല്‍ സര്‍ക്കാര്‍ ഉത്തരവിലെന്ന പോലെ, കോടതി ഉത്തരവിലും കാര്യമായ നടപടികളൊന്നും ഉണ്ടായില്ല. ആയിരക്കണക്കിന് വീടുകളും കെട്ടിടങ്ങളും റോഡുകളും തകര്‍ത്തു കളയുകയും ഒരുപറ്റം മനുഷ്യരുടെയും ഒട്ടനേകം വളര്‍ത്തുമൃഗങ്ങളുടെയും ജീവന്‍ അപഹരിക്കുകയും ചെയ്ത ശേഷം തിരികെ പോവാന്‍ തയ്യാറായ പ്രളയം ഇത്തവണയും സംസ്ഥാനത്തെത്തി തിരിച്ചു പോവാനൊരുങ്ങുന്നത് നിരവധി നാശനഷ്ടങ്ങള്‍ക്കൊപ്പം ഒരു കൂട്ടം മനുഷ്യരെയും മണ്ണിട്ട് മൂടി കൊണ്ടാണ്.


ദുരന്തങ്ങളുടെ പേരില്‍ ഭരണകര്‍ത്താക്കള്‍ക്കെതിരായ അതിശക്തമായ സമരങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച സംസ്ഥാനമാണ് കേരളം. എന്നാല്‍ വെള്ളകെട്ടിന്റെയോ മലയിടിച്ചിലിന്റെയോ പേരില്‍ അത്തരത്തിലൊരു സമരം സംസ്ഥാനത്ത് ഒരു ഭാഗത്തുനിന്നും ഉയര്‍ന്നുവന്നില്ല. ഉയര്‍ന്നുവരാനും സാധ്യതയില്ല. സംസ്ഥാനത്തെ പ്രകൃതിദുരന്തങ്ങള്‍ക്ക് അവസമൊരുക്കിയവര്‍ക്കെതിരായി എന്തുകൊണ്ട് പ്രതിഷേധസമരങ്ങള്‍ ഉയര്‍ന്നുവന്നില്ലെന്ന് ചിലരെങ്കിലും ചിന്തിക്കുന്നുണ്ടാവും. അത്തരക്കാര്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് കേരളത്തില്‍ അരങ്ങേറിയ ഒരു സമരത്തെ കുറിച്ച് ചിന്തിക്കുന്നത് നന്നായിരിക്കും. സംസ്ഥാനത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ പരസ്പര വിരുദ്ധമായ നിലപാടുകള്‍ സ്വീകരിക്കാറുള്ള ഇടതു-വലതു പാര്‍ട്ടികളും മതമേലദ്ധ്യക്ഷന്‍മാരും സമുദായ നേതൃത്വങ്ങളും ഒരുമിച്ച് ചേര്‍ന്നു നടത്തിയ സമരമായിരുന്നത്. ഒന്നു കൂടെ വ്യക്തമായി പറഞ്ഞാല്‍ കൃഷിക്കാരെയും കര്‍ഷകരെയും സംരക്ഷിക്കാനെന്ന പേരില്‍ തങ്ങളുടേതുള്‍പ്പടെയുള്ള കയ്യേറ്റങ്ങളെയും തങ്ങളെ സഹായിച്ചുകൊണ്ടിരിക്കുന്ന കയ്യേറ്റക്കാരെയും സംരക്ഷിക്കുന്നതിനും സഹായിക്കുന്നതിനും വേണ്ടിയുള്ള സമരമായിരുന്നത്. പശ്ചിമഘട്ട മലനിരകളെ സംരക്ഷിക്കണമെന്നു പറഞ്ഞ - അതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ പഠനറിപ്പോര്‍ട്ടായി സര്‍ക്കാരിന്റെ പരിഗണനയ്ക്ക് സമര്‍പ്പിച്ച മാധവ് ഗാഡ്ഗില്‍ - കസ്തൂരി രംഗന്‍ സമിതികള്‍ക്കെതിരായ സമരമായിരുന്നത്. മാധവ് ഗാഡ്ഗിലിന്റെയും കസ്തൂരി രംഗന്റെയും നേതൃത്വത്തിലുള്ള സമിതികള്‍ പരിസ്ഥിതി പഠന റിപോര്‍ട്ട് തയ്യാക്കുന്ന സമയത്ത് കേരളം പ്രകൃതിദുരന്തങ്ങള്‍ക്ക് ഇരയായിട്ടുണ്ടായിരുന്നില്ല. മലയാളികള്‍ക്ക് പ്രളയാനുഭവങ്ങളും ഉണ്ടായിരുന്നില്ല. എന്നാല്‍ പശ്ചിമഘട്ടത്തെ സംരക്ഷിച്ചില്ലെങ്കില്‍, കയ്യേറ്റങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍, ഘനനങ്ങള്‍ നിര്‍ത്തലാക്കിയില്ലെങ്കില്‍ സമീപഭാവിയില്‍ കേരളം ദുരന്തഭൂമിയായി മാറുമെന്നദ്ദേഹം കുറിച്ചിരുന്നു.

മാധവ് ഗാഡ്ഗില്‍ നമുക്കിടയില്‍ തന്നെയുണ്ട്. അദ്ദേഹത്തിന്റെ സമിതി റിപോര്‍ട്ടും നമുക്കു മുമ്പിലുണ്ട്. കയ്യേറ്റക്കാര്‍ ഇന്നും സുരക്ഷിതരാണ്. ഭരണാധികാരികള്‍ അവര്‍ക്കൊപ്പമാണ്. അവര്‍ക്കു വേണ്ടി പടനയിച്ചവര്‍ പള്ളിമേടകളില്‍ സുഖനിദ്രയിലാണ്. പടയണി ചേര്‍ന്നവര്‍ക്കാണ് സമ്പാദ്യങ്ങളത്രയും നഷ്ടമായിട്ടുള്ളത്. നിസ്സഹായര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടിരിക്കുന്നത്. വര്‍ത്തമാന സമയത്ത് പ്രകൃതി വിഭവങ്ങള്‍ മാത്രമല്ല, പ്രകൃതിയെ തന്നെയും ഭരണകൂടം വില്‍പനക്ക് വെച്ചിരിക്കുന്നു. അതിനിടയില്‍ മാധവ് ഗാഡ്ഗില്‍ - കസ്തൂരി രംഗന്‍ സമിതി റിപോര്‍ട്ടുകള്‍ ഒരിക്കല്‍ കൂടി അധികാരകേന്ദ്രങ്ങളില്‍ തീര്‍പ്പുകല്‍പിക്കാനെടുക്കുമെന്ന് പ്രതീക്ഷിക്കാനാവില്ല. ഭരണകൂട താല്‍പര്യങ്ങളുടെ പേരില്‍ ഇനിയുമേറെ നഷ്ടങ്ങള്‍ സഹിക്കാനുമാവില്ല. പശ്ചിമഘട്ടം ഇനിയും ഇടിഞ്ഞു വീഴാതിരിക്കാനുള്ള ശ്രമങ്ങളാണ് ഇന്നാവശ്യം. അത്തരത്തിലൊരു ചിന്തയിലേക്ക്, തീരുമാനങ്ങളിലേക്ക് മതമേലദ്ധ്യക്ഷന്‍മാരെയും രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും പ്രേരിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്തുണ്ടാവേണ്ടത്. ഗാഡ്ഗില്‍കമ്മിഷന്‍ റിപോര്‍ട്ട് തന്നെയാണ് അതിന് ആധാരമാക്കേണ്ടത്. പ്രളയദുരന്തങ്ങള്‍ക്കിരയായവരും സാക്ഷ്യം വഹിച്ചവരും ഒരുമിച്ച് ചേര്‍ന്നാല്‍ ഇക്കാര്യത്തില്‍ വിജയിക്കാനാവുമെന്ന കാര്യം തീര്‍ച്ചയാണ്. 

Tags:    

Similar News