നിയമലംഘകരായ ഈ പോലിസിന് ആരു മണികെട്ടും?

കൊവിഡ് പ്രതിരോധത്തിന്റെ പേരില്‍ സര്‍ക്കാര്‍ തുടരുന്ന പോലിസ് നയം പുനപ്പരിശോധിച്ചേ മതിയാവൂ. രോഗവ്യാപനമുയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാന്‍ പോലിസ് രാജ് നടപ്പാക്കുകയല്ല സര്‍ക്കാര്‍ ചെയ്യേണ്ടത്

Update: 2021-08-03 15:22 GMT

മഹാമാരിയായ കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധികളില്‍ നട്ടംതിരിയുന്ന സാധാരണക്കാരെ വിവിധ കാരണങ്ങളുണ്ടാക്കി നിയമവിരുദ്ധമായി കൊള്ളയടിക്കുകയാണ് സംസ്ഥാനത്തെ ഒരു കൂട്ടം പോലിസ് ഉദ്യോഗസ്ഥര്‍. കാസര്‍കോട്ടെ ഒരു ഗ്രാമത്തില്‍ കന്നുകാലിക്ക് പുല്ലരിയാന്‍ ആളൊഴിഞ്ഞ പറമ്പിലേക്കിറങ്ങിയ ക്ഷീരകര്‍ഷകന്‍ നാരായണനു പിഴയിട്ടത് 2000 രൂപയാണ്.പിഴയൊടുക്കാന്‍ കൈയില്‍ പണമില്ലാത്തതുകൊണ്ട് കോടതിയില്‍ പിഴയടച്ചു കൊള്ളാമെന്നു പറഞ്ഞ ഓട്ടോ െ്രെഡവര്‍ റഫീഖിനെ അറസ്റ്റ് ചെയ്തു മര്‍ദ്ദിച്ച ശേഷമാണ് കള്ളക്കേസെടുത്ത് കല്‍ത്തുറുങ്കിലടച്ചത്.

ബാങ്കിനു മുന്നില്‍ പണമെടുക്കാന്‍ വരിനിന്ന തൊഴിലുറപ്പു തൊഴിലാളി ഷിഹാബുദ്ദീന് കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച് 500 രൂപ പിഴയിട്ടതാവട്ടെ കൊല്ലം ജില്ലയിലെ ചടയമംഗലത്ത്. ഈ തോന്ന്യാസം ചോദ്യം ചെയ്ത ഗൗരി നന്ദയെന്ന പെണ്‍കുട്ടിക്കെതിരേ അസഭ്യവര്‍ഷവും ജാമ്യമില്ലാ വകുപ്പു ചുമത്തി കേസെടുക്കാനും പോലിസ് മറന്നില്ല.

രോഗിയായ ഭര്‍ത്താവും തൊഴില്‍രഹിതരായ മക്കളുമുള്ള മേരി എന്ന വൃദ്ധ വഴിവക്കിലിരുന്നു കച്ചവടം ചെയ്യാന്‍ കൊണ്ടുവന്ന 16000 രൂപയോളം വിലവരുന്ന മല്‍സ്യം നിര്‍ദ്ദയം വഴിയില്‍ വലിച്ചെറിഞ്ഞത് കരളലിയിക്കുന്ന മറ്റൊരു കദന കഥ.

പതിനെട്ടാം നൂറ്റാണ്ടില്‍ തിരുവിതാംകൂറിലെ മാടമ്പിമാരായിരുന്ന എട്ടുവീട്ടില്‍ പിള്ളമാരെയും ബോംബെ നഗരത്തില്‍ വഴിവാണിഭക്കാരോടു പോലും ഹഫ്ത പിരിച്ചിരുന്ന അധോലോക ഗുണ്ടകളെയും അനുസ്മരിപ്പിക്കും വിധം മേല്‍വിവരിച്ച ക്രൂര ചെയ്തികളുടെ പരമ്പര ഇക്കഴിഞ്ഞ ഒറ്റയാഴ്ചകൊണ്ട് ആടിത്തിമര്‍ത്തത് നമ്മുടെ സ്വന്തം ഇടതുപക്ഷ ജനമൈത്രി പോലിസാണ്. ലാത്തിവീശലും ഏത്തമിടീക്കലും മുട്ടില്‍ നിര്‍ത്തിക്കലും തുടങ്ങിയ ലളിതമായ മൂന്നാംമുറകള്‍ മുച്ചൂടും കൊവിഡ് പ്രതിരോധത്തിന്റെ പേരില്‍ വിപ്ലവകരമായി നടപ്പാക്കിയ പോലിസ് അതുകൊണ്ടും അരിശം തീരാഞ്ഞിട്ട് ഇപ്പോള്‍ പൗരന്മാര്‍ക്കു പിന്നാലെ പാഞ്ഞുചെന്നു തല്ലിച്ചതയ്ക്കുകയും പെറ്റിയടിച്ചും പിഴയിടീച്ചും അവരെ പിടിച്ചു പറിക്കുകയും ചെയ്യുന്ന കാഴ്ചയാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നത്. ഇത് പോലീസിന്റെ മാത്രം അതിക്രമമാണ് അല്ലാതെ സര്‍ക്കാരിന്റെ നയമല്ല എന്നു വിശ്വസിക്കുന്ന ശുദ്ധാത്മക്കള്‍ ഒന്നു മനസ്സിരുത്തി ചിന്തിക്കാന്‍ തയ്യാറാവണം.

കൊറോണ ഒരു ആരോഗ്യപ്രശ്‌നമാണ്; അല്ലാതെ ക്രമസമാധാന പ്രശ്‌നമല്ല. അധികാര ദണ്ഡും അടിച്ചമര്‍ത്തല്‍ നയവും ഒരര്‍ഥത്തിലും കൊവിഡ് പ്രതിരോധത്തിന്റെ രീതികളുമല്ല. കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാരിനു പറ്റിയ പാളിച്ചകളുമായി ബന്ധപ്പെട്ടുയര്‍ന്നുവന്ന വിവാദങ്ങള്‍ പരിശോധിക്കാന്‍ തല്‍ക്കാലം മുതിരുന്നില്ല. പക്ഷേ, കൊവിഡ് പ്രതിരോധത്തിന്റെ പേരില്‍ സര്‍ക്കാര്‍ തുടരുന്ന പോലിസ് നയം പുനപ്പരിശോധിച്ചേ മതിയാവൂ. രോഗവ്യാപനമുയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാന്‍ പോലിസ് രാജ് നടപ്പാക്കുകയല്ല സര്‍ക്കാര്‍ ചെയ്യേണ്ടത്. ജീവിതം വഴിമുട്ടിയവരും രോഗഭീതിയില്‍ കഴിയുന്നവരുമായ ജനത്തോട് പോലിസ് പുലര്‍ത്തുന്ന നികൃഷ്ട സമീപനം ജനാധിപത്യസമൂഹത്തിന് നാണക്കേട് ഉണ്ടാക്കുന്നതാണ്. റേഷന്‍ കിറ്റും പച്ചരിയും കൊണ്ടു മാത്രം ഒരു ജനത അച്ചടക്കത്തോടെ അടങ്ങിയൊതുങ്ങി കഴിഞ്ഞു കൊള്ളണമെന്ന ഭരണകൂട ചിന്ത മാടമ്പിത്തരത്തില്‍നിന്നും അധികാര ധാര്‍ഷ്ട്യത്തില്‍നിന്നും ഉടലെടുക്കുന്ന ഫാഷിസ്റ്റ് മനോഗതിയല്ലാതെ മറ്റൊന്നുമല്ല. മഹാമാരി മൂലം നിത്യജീവിതം പോലും വഴി മുട്ടിയ സാധാരണ മനുഷ്യര്‍ക്കുമേല്‍ ദുസ്സഹമായ ജീവിത സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്ന ദുരിതങ്ങള്‍ പേമാരി പോലെ പെയ്തിറങ്ങുമ്പോള്‍ അവരെ മാസ്‌കിട്ടു മൂടി വായടപ്പിച്ചും പേടിപ്പിച്ചു വീട്ടിലിരുത്തിയും തിരുവായ്ക്ക് എതിര്‍ വായില്ലാത്ത പ്രജകളായി നിലനിര്‍ത്താമെന്ന് ബുദ്ധിയും വിവേകവുമുള്ള ഒരു ഭരണകൂടവും ചിന്തിക്കരുത്. അഭൂതപൂര്‍വമായ ഒരു രോഗ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നതിന് അനുഭവങ്ങളുടെ അഭാവം തന്നെ പ്രതിസന്ധി തീര്‍ക്കുമ്പോള്‍ സ്വന്തം ജനതയെ വിശ്വാസത്തിലെടുത്ത് ഒപ്പം നിര്‍ത്തലാണ് സാമൂഹിക പ്രതിബദ്ധതയുള്ള ഒരു സര്‍ക്കാരിന്റെ സാമാന്യ ബാധ്യത. തുടക്കം മുതലേ സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധങ്ങളോട് കലവറയില്ലാതെ സഹകരിച്ചവരാണ് കേരളീയര്‍. പക്ഷേ, സര്‍ക്കാര്‍ അന്നും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുന്‍ നിരയില്‍ പ്രതിഷ്ഠിച്ചത് പോലിസിനെ ആയിരുന്നു എന്നോര്‍ക്കണം. പ്രാദേശിക സന്നദ്ധ സംഘടനകള്‍ സമ്യദ്ധമായ നമ്മുടെ സംസ്ഥാനത്ത് ശാസ്ത്രീയവും ജനകീയവും പക്ഷപാതരഹിതവുമായ ഏകോപനത്തിലൂടെ യുവശക്തിയുടെ വിശാല സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിനു പകരം സങ്കുചിത രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയും പോലിസിനെ മുന്നില്‍ നിര്‍ത്തിയും നടത്തിയ കൊവിഡ് പ്രതിരോധത്തിന്റെ പാളിച്ചകള്‍ തിരിച്ചറിഞ്ഞ് തിരുത്താന്‍ സര്‍ക്കാര്‍ ഇനിയെങ്കിലും തയ്യാറാവണം.

പൗരത്വ പ്രക്ഷോഭത്തില്‍ പങ്കാളികളായവര്‍ക്കെതിരേ ചുമത്തപ്പെട്ട മുഴുവന്‍ കേസുകളും പിന്‍വലിക്കുമെന്നു പ്രസ്താവിക്കുകയും പ്രസ്താവിച്ചത് പ്രാവര്‍ത്തികമാക്കുകയും ചെയ്ത തമിഴ്‌നാട് സര്‍ക്കാരിനെ കൊവിഡ് പ്രതിരോധ വിഷയത്തിലും അനുകരിക്കുന്നതില്‍ കേരള സര്‍ക്കാര്‍ നാണക്കേട് വിചാരിക്കേണ്ടതില്ല.

ജനങ്ങള്‍ വ്യാപകമായി കോവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്നത് വലിയ പ്രതിസന്ധിയുണ്ടാക്കുന്നുവെന്ന് വിശദീകരിച്ച്, തമിഴ്‌നാട്ടിലെ ധനമന്ത്രി പളനിവേല്‍ ത്യാഗരാജന്‍ ഒരു പത്രസമ്മേളനത്തിലൂടെ ജനസഹകരണം തേടിയ മനുഷ്യപ്പറ്റ് മണക്കുന്ന അനുഭവം നമ്മുടെ മുമ്പിലുണ്ട്. ആ സന്ദര്‍ഭത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ മന്ത്രിയോടു ചോദിച്ചത് ഇങ്ങനെയായിരുന്നു: 'പുറത്തിറങ്ങുന്നവരെ പോലിസിനെ ഉപയോഗിച്ച് നേരിട്ട് കൂടേ?'

മന്ത്രിയുടെ മറുപടി കൂടി കേള്‍ക്കൂ: 'ഈ പുറത്തിറങ്ങുന്നവര്‍ ക്രിമിനലുകളല്ല, മരുന്നിനും ഭക്ഷണത്തിനും ഉപജീവനത്തിനുമായി കഷ്ടപ്പെടുന്ന ദരിദ്ര ജനങ്ങളാണ്. അവര്‍ക്കെതിരേ പോലിസ് ധാര്‍ഷ്ട്യം പ്രയോഗിക്കാന്‍ ഉദ്ദേശിക്കുന്നില്ല. തീരെ നിവൃത്തിയില്ലാത്തിടത്ത് മാത്രമേ പോലിസിനെ ഉപയോഗിക്കൂ. നമ്മുടേത്. ജനാധിപത്യ രാജ്യമാണ്. പോലിസ് സ്‌റ്റേറ്റ് അല്ല. കോവിഡ് ഒരു ആരോഗ്യപ്രശ്‌നമാണ്, ക്രമസമാധാന പ്രശ്‌നമല്ല. മനുഷ്യരില്‍ വിശ്വാസമുണ്ട്. അവരുടെ മേല്‍ കുതിര കയറാന്‍ പോലിസിനെ അനുവദിക്കില്ല....'

ജനാധിപത്യം മരിച്ചിട്ടില്ലെന്നും മനുഷ്യത്വം മരവിച്ചിട്ടില്ലെന്നും പൗരന്മാരോടുള്ള ഉത്തരവാദിത്തം മറന്നിട്ടില്ലെന്നും നമ്മെ ഓര്‍മിപ്പിച്ച മന്ത്രി പളനിവേല്‍ ത്യാഗരാജന് ബിഗ് സല്യൂട്ട്. കണ്ടു പഠിക്കണം സര്‍, രോഗപ്രതിസന്ധിയെ കരുതലോടെ കൈകാര്യം ചെയ്യുന്നതെങ്ങനെയെന്ന്. ഏതിനും നമ്പര്‍ വണ്‍ എന്ന് ആത്മനിര്‍വൃതിയോടെ ആര്‍ത്തട്ടഹസിക്കുമ്പോള്‍ ഇത്തരം പാഠങ്ങള്‍ കൂടി തിരിച്ചറിയുന്നത് നല്ലതാണ്.

കൂലിവേലക്കാര്‍ മുതല്‍ വഴിയോര കച്ചവടക്കാരും വ്യാപാരികളും വരെ പിണറായി സര്‍ക്കാരിന്റെ പോലിസ് രാജിന്റെ ഇരകളാണിന്ന്. മരുന്നു വാങ്ങാന്‍ പുറത്തിറങ്ങുന്നവന്‍ മുതല്‍ മാധ്യമ പ്രവര്‍ത്തകന്‍ വരെ പോലിസിന്റെ ലാത്തിയടിയേറ്റു പുളയുമ്പോള്‍ കരുതലിനെക്കുറിച്ചും കാവലിനെക്കുറിച്ചും നാടുനീളെ പാണന്മാര്‍ പാടിപ്പുകഴ്ത്തുകയാണ്. ഇനിയെങ്കിലും നിര്‍ത്തൂ, നിങ്ങളുടെ ഈ ഒതളങ്ങാ വര്‍ത്തമാനം.

ചെറുകിട കച്ചവടക്കാരും കൂലിവേലക്കാരുമടങ്ങുന്ന സാധാരണക്കാര്‍ ആത്മഹത്യയുടെ വക്കിലാണിന്ന്. കൊവിഡ് രണ്ടാം ഘട്ടത്തെത്തുടര്‍ന്ന് 20 ലധികം ആത്മഹത്യകള്‍ സംസ്ഥാനത്ത് റിപോര്‍ട്ട് ചെയ്തു. ഈ ദുസ്ഥിതിയും ഭീതിദാവസ്ഥയും കണ്ടില്ലെന്നു നടിക്കാന്‍ ഒരു ജനവിരുദ്ധ സര്‍ക്കാരിനു മാത്രമേ കഴിയൂ.

അളമുട്ടിയാല്‍ ചേരയും കടിക്കും എന്നു പറയുന്നതുപോലെ പോലിസിന്റെ അതിക്രമങ്ങള്‍ അതിരുകവിഞ്ഞപ്പോള്‍ ജനം തിരിച്ചും പോലിസിനെ ചോദ്യം ചെയ്യാന്‍ തുടങ്ങി. കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുന്നു എന്ന പുതിയ ഓലപ്പാമ്പു കാട്ടി ജനത്തെ നിശ്ശബ്ദമാക്കാനാണ് പോലിസിന്റെ പുതിയ അടവ്. കൊവിഡിനെ പ്രതിരോധിക്കുന്നതില്‍ പ്രഥമസ്ഥാനത്തെന്നു പെരുമ്പറ മുഴക്കി ആത്മസായൂജ്യമടയുന്ന സര്‍ക്കാര്‍ രോഗവ്യാപനത്തെ ആരോഗ്യപ്രശ്‌നവും സാമൂഹികപ്രശ്‌നവുമായി കാണുക. ഇതൊരു ക്രമസമാധാന പ്രശ്‌നമല്ല. അക്രമങ്ങളെ അടിച്ചമര്‍ത്തുന്ന ക്രുദ്ധതയോടെ നേരിടേണ്ട വിഷയവുമല്ല. ജനാധിപത്യ ഭരണത്തില്‍ പ്രജകളല്ല, പൗരന്മാരാണുള്ളത്. പൗരാവകാശങ്ങള്‍ക്കു മേല്‍ വീഴുന്ന ഏതു പ്രഹരവും അവര്‍ ധീരമായി ചെറുക്കും. പൗരസ്വാതന്ത്ര്യത്തിനു മേല്‍ തളയ്ക്കുന്നു ഏതു ചങ്ങലയും അവര്‍ പൊട്ടിച്ചെറിയും. കടകള്‍ തുറക്കാതെ രക്ഷയില്ലെന്ന് പറയുന്ന വ്യാപാരികളോട്, ജീവിത പ്രയാസങ്ങള്‍ ഉന്നയിക്കുന്നവരോട് കാര്യമറിഞ്ഞ് കളിച്ചാല്‍ മതിയെന്നൊക്കെയുള്ള ഭീഷണികള്‍ അല്‍പ്പത്തമാണെന്നും ജനാധിപത്യ കേരളം ഭരിക്കുന്നവര്‍ ഇതു പഴയ രാജവാഴ്ചയല്ലെന്നും തിരിച്ചറിയാന്‍ വൈകിക്കൂടാ എന്നുമാത്രം ഓര്‍മപ്പെടുത്തുന്നു.

Tags:    

Similar News