ഖുര്‍ആന്‍ പഠിക്കുന്നതിന് ഒരു സമ്പൂര്‍ണ പാഠ്യപദ്ധതി അനിവാര്യം: നുജൂം അബ്ദുല്‍വാഹിദ് ഓടയം

Update: 2022-04-30 14:25 GMT

ഖുര്‍ആന്‍ പഠിക്കുന്നതിന് ഒരു സമ്പൂര്‍ണ പാഠ്യപദ്ധതി അനിവാര്യമാണെന്ന് ഗ്രന്ഥകാരന്‍ നൂജും അബ്ദുല്‍വാഹിദ്. മറ്റെല്ലാ വിഷയങ്ങളും പഠിക്കാനും മനസ്സിലാക്കാനും സ്‌കൂള്‍-കോളജ് തലങ്ങളിലുള്‍പ്പെടെ കൃത്യമായ പാഠ്യപദ്ധതി നിലവിലുണ്ട്. എന്നാല്‍ ഖുര്‍ ആന്‍ പഠിക്കാന്‍ കൃത്യമായ ഒരു സിലബസ് നിലവിലില്ല. അതിനാല്‍ ഖുര്‍ആന്‍ വ്യവസ്ഥാപിതമായി പഠിക്കാന്‍ ഒരു പാഠ്യപദ്ധതി അനിവാര്യമാണെന്നും അദ്ദേഹം തേജസ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു. ഖുര്‍ആന്‍ പഠനത്തിനൊര് എളുപ്പവഴി- മാത്രമാണ് ഒരു സിലബസ് പിന്‍തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.

അഭിമുഖത്തിന്റെ സംഗ്രഹരൂപം

കേരളത്തില്‍ ഏറ്റവും ലളിതമായി ഖുര്‍ആന്‍ പഠിക്കുന്നതിന്/മനസ്സിലാക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയാണ്

മലയാളത്തില്‍ ഖുര്‍ആന്‍ പഠിക്കുന്നതിന്/മനസ്സിലാക്കുന്നതിന് ഏറ്റവും ലളിതമായ മാര്‍ഗ്ഗം 'ഖുര്‍ ആന്‍ പഠനത്തിനൊരു എളുപ്പവഴിയാണ'്. അത് 2007മുതല്‍ ഇമെയില്‍ കോഴ്്‌സായി ആരംഭിച്ചു. 2013ല്‍ അതിന്റെ രണ്ട് വര്‍ഷത്തെ കോഴ്‌സായ 104 ക്ലാസുകള്‍ യുട്യൂബില്‍ അപ്ലോഡ് ചെയ്തു. അതോടൊപ്പം ഓണ്‍ലൈനായി ഈ കോഴ്്‌സ് പഠിക്കാന്‍ ലേണിങ് മാനേജ്‌മെന്റ് സിസ്റ്റം തയ്യാറാക്കി. ഇതിന് പുറമെ മൊബൈല്‍ ആപ്ലിക്കേഷനും തയ്യാറാക്കി.

ഈ രീതിയുടെ പ്രത്യേകത പരമാവധി സാങ്കേതിക വിദ്യ ഉപയോഗിക്കുക എന്നതാണ്. ബഹുവര്‍ണ ഡിസൈനോടെ, സൗദിയിലെ കിങ് ഫഹദ് പ്രിന്റിങ് പ്രസിന്റെ ഖുര്‍ആന്‍ ഫോണ്ട് ഉപയോഗിച്ചാണ് പവര്‍പോയിന്റ് പ്രസന്റേഷന്‍ തയ്യാറാക്കിയിരുന്നത്. പവര്‍ പോയിന്റ് പ്രസന്റേഷനിലൂടെയാണ് ഈ കോഴ്‌സ് പഠിപ്പിക്കുന്നത്.

എന്ത് കൊണ്ട് ഈ പഠനരീതി എളുപ്പമാവുന്നു എന്നു ചോദിച്ചാല്‍, ഇതിന്റെ ഭാഷാപഠന രീതി തന്നെയാണ്. ഭാഷാ പഠനത്തെ ഇത് വളരെ ലളിതമാക്കുന്നു. അതായത്, അറബി ഭാഷ വളരെ വിശാലം തന്നെയാണ്. എന്നാല്‍, ഖുര്‍ ആനെന്‍ അറബീയന്‍ ഗൈറ ദിഇവജന്‍-എന്നിങ്ങനെയാണല്ലോ പറഞ്ഞത് (വക്രതയില്ലാത്ത അറബി ഭാഷയിലെ ഖൂര്‍ആന്‍ എന്നു പറഞ്ഞു). അതുപോലെ കിത്താബുന്‍ മുബീന്‍(സുവ്യക്തമായ ഗ്രന്ഥം) എന്ന് പറഞ്ഞു. അതുപോലെ ആയാത്തുന്‍ ബയ്യിനാത്തുന്‍(സുവ്യക്തമായ ദൃഷ്ടാന്തങ്ങള്‍) എന്നും പറഞ്ഞു. അതേ സമയം, ഖുര്‍ആനില്‍ ഗഹനമായ ഭാഷാഭാഗങ്ങളുമുണ്ട്.

അതുപോലെ ആലു ഇമ്രാനില്‍ തുടക്കത്തില്‍ തന്നെ ഇങ്ങനെ പറയുന്നുണ്ട്. ബനൂ ആയാത്തിന്‍ മുഹകമാത്തുന്‍ ഹുന്ന ഉമ്മുല്‍ കിത്താബ്-സുവ്യക്തമായ സൂക്തങ്ങള്‍-(ആയാത്തുന്‍ മുഹ്കമാത്തുന്‍)-അതിനെ കേന്ദ്രീകരിച്ചുള്ള പഠനമാണിത്. മറ്റു ചിലഭാഗങ്ങള്‍ പരസ്പര സാദൃശ്യമുള്ളവയുണ്ടെന്നും ഖൂര്‍ആന്‍ പറയുന്നു.

ഹൃദയത്തില്‍ വക്രതയുള്ളവരാണ് അതിന്റെ വ്യാഖ്യാനവും വിശദീകരണവും തേടിപ്പോകുന്നതെന്നും അതേ സൂക്തത്തില്‍ തുടര്‍ന്ന് പറയുന്നുണ്ട്. ഖുര്‍ആന്റ കാതലായ മുഹ്കമാത്ത് കേന്ദ്രീകരിച്ചുള്ളതാണ്-ഖുര്‍ആന്‍ പഠനത്തിന് ഒരു എളുപ്പവഴി. ഖുര്‍ആന്‍ പഠനം എളുപ്പമാക്കാന്‍, അറബി ഭാഷയില്‍ അധികമായി ഉപയോഗിച്ചിരിക്കുന്ന പ്രയോഗങ്ങള്‍ എടുത്ത് പ്രത്യേകം പഠിപ്പിക്കും. പദ പരിവര്‍ത്തനവും വ്യാകരണവുമാണ് ഭാഷയുടെ അടിത്തറ.

'അണ്ടര്‍സ്റ്റാന്‍ഡ് ഖുര്‍ആന്‍' ഇംഗ്ലീഷിനെ അടിസ്ഥാനപ്പെടുത്തിയാണ് -ഖുര്‍ആന്‍ പഠനത്തിനൊരു എളുപ്പവഴി-മലയാളത്തില്‍ തയ്യാറാക്കിയിട്ടുള്ളത്. ഡോ.അബ്ദുല്‍ അസീസ് അബ്ദുറഹ്മാനാണ് ഈ പദ്ധതി തയ്യാറാക്കിയത്. ആ ഘടനയില്‍ നിന്ന് കൂറേക്കൂടി ഗവേഷണം നടത്തിയാണ് മലയാളം പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഡിപിപിആര്‍ എന്ന കണ്‍സെപ്റ്റാണ് അതില്‍ ഉപയോഗിച്ചിരിക്കുന്നത്.

പദപരിവര്‍ത്തനത്തിലും പദാന്ത്യങ്ങളിലെ അടയാളം മാറുന്നതുമാണ് ഭാഷയിലെ മുഖ്യമായ വശം. ഇത് രണ്ടും വളരെ എളുപ്പത്തില്‍ പഠിപ്പിക്കാവുന്ന രീതിയാണ് ഖുര്‍ആന്‍ പഠനത്തിനൊര് എളുപ്പവഴി സ്വീകരിച്ചിട്ടുള്ളത്. കാരണം, ഏറ്റവും കൂടുതല്‍ സമയം ഖുര്‍ആനില്‍ ഉപയോഗിച്ചിട്ടുള്ള പദങ്ങളും ക്രിയകളും പ്രത്യേകം തിരഞ്ഞെടുത്തു പഠിപ്പിക്കുകയാണ് ഇതില്‍ ചെയ്യുന്നത്. 14 പ്രോ നൗണുകള്‍ ആദ്യം തന്നെ പഠിപ്പിച്ച് ബുദ്ധിമുട്ടിക്കാതെ, ആറു പ്രോനൗണ്‍ ആദ്യം, പിന്നെ ഒന്ന് അങ്ങനെ ഏഴ് സര്‍വനാമങ്ങള്‍ കേന്ദ്രീകരിച്ചുള്ളതാണ് പഠനം. ഈ ഏഴ് സര്‍വനാമങ്ങളെ അടിസ്ഥാനമാക്കിയുള്ള പദപരിവര്‍ത്തന ഘടനയാണ് ഖുര്‍ ആനില്‍ 95 ശതമാനവും ആവര്‍ത്തിച്ചിരിക്കുന്നത്. 95 ശതമാനം പദഘടന ഉള്‍ക്കൊള്ളുന്നെങ്കിലും ബാക്കി അഞ്ച് ശതമാനം പദഘടനക്കായി ഏഴ് സര്‍വനാമങ്ങള്‍ ആഡ് ചെയ്യേണ്ടതില്ല. അത് തുടര്‍ പഠനത്തില്‍ പഠിക്കാന്‍ സാധിക്കും. ഇതാണ് പഠനം എളുപ്പമാക്കുന്നത്.

ഈ പദ്ധതിയനുസരിച്ച് ആറു മാസം കൊണ്ട് ആശയം മനസ്സിലാക്കി ഖുര്‍ആന്‍ വായിക്കാന്‍ കഴിയും. ഖുര്‍ആന്‍ പഠനത്തിനൊര് എളുപ്പവഴി യൂട്യൂബില്‍ അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്നു. അതുപോലെ സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ്. അതോടൊപ്പം മുഖാമുഖം പഠനക്ലാസ് നടത്തുന്നുണ്ട്. കേരളത്തിലങ്ങോളമിങ്ങോളം ഈ പദ്ധതിയെ പരിചയപ്പെടുത്തുന്ന ഇന്‍ട്രോഡക്ഷന്‍ ക്ലാസ് നടത്തിവരുന്നു.

വ്യാകരണം സംബന്ധിച്ച് ഖൂര്‍ആന്‍ ഏറ്റവുമധികം ഉപയോഗിച്ചിട്ടുള്ളത് ഏതാണോ അതിനെ അടിസ്ഥനമാക്കി ഗവേഷണം നടത്തി അതും ഈ കോഴ്‌സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അങ്ങനെ അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്ന സിലബസാണ്. സ്‌കൂള്‍-കോളജുകളിലെ വിവിധ വിഷയങ്ങള്‍ പഠിക്കുന്നതിന് ഒരു സിലബസുണ്ട്. എന്നാല്‍ ഖുര്‍ആന്‍ പഠിക്കാന്‍ ഒരു സിലബസും ലഭ്യമല്ല. നിലവില്‍ ഖുര്‍ആന്‍ പഠനത്തിന് ഒരു എളുപ്പവഴിമാത്രമേ അത്തരണത്തിലുള്ളൂ.

പാരായണ പഠനത്തിനപ്പുറം, കേരളത്തില്‍ ഖുര്‍ആന്‍ പഠനത്തിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണ്

ഖുര്‍ ആന്‍ പഠിക്കാന്‍ ധാരാളം പേര്‍ ഇപ്പോള്‍ സന്നദ്ധമാവുന്നുണ്ട്. പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് കീഴില്‍ വ്യാപകമായി ഖുര്‍ആന്‍ പഠനം നടക്കുന്നുണ്ട്. അതേസമയം, ഇവിടെ എന്താണോ പഠിക്കുന്നത് അത് പെട്ടന്ന് മറന്ന് പോകാനുള്ള സാധ്യതയുമുണ്ട്. ചില സംഘടകളുടെ ആഭിമുഖ്യത്തില്‍ ഖുര്‍ആന്‍ പഠനവേദിക്ക് കീഴില്‍ ഖുര്‍ആന്‍ വിജ്ഞാന പരീക്ഷകളും നടക്കുന്നുണ്ട്. ചിലസംഘടനകള്‍ ഖുര്‍ആന്‍ പഠിക്കുന്നതിന് എട്ടു വര്‍ഷം വേണമെന്ന് പറയുന്നുണ്ട്.

കേരളത്തിലെ ഖുര്‍ ആന്‍ പഠനത്തിന്റെ അടിസ്ഥാനം വിവിധ മദ്‌റസകളാണ്, മദ്‌റസാ ഖുര്‍ആന്‍ പഠനത്തില്‍ എന്തൊക്കെ മാറ്റങ്ങളാണ് വരുത്തേണ്ടത്

9, 10 വയസ്സുള്ള മദ്‌റസ കുട്ടികള്‍ ഖുര്‍ആന്‍ പഠിക്കാന്‍ തുടങ്ങുന്നുണ്ട്. ഏതാണ്ട് നാല്, അഞ്ച് ക്ലാസുകളിലാണ് അവര്‍ ഖുര്‍ആന്‍ പഠിക്കാന്‍ തുടങ്ങുന്നത്. മദ്രസാ പഠനം പെട്ടന്ന് നിലച്ച് പോകുന്നത് കൊണ്ട് ആ പഠനം മുന്നോട്ട് കൊണ്ടുപോകാന്‍ അവര്‍ക്ക് കഴിയാറില്ല. പദാനുപദ അര്‍ത്ഥമല്ല, വാക്കര്‍ഥമാണ് അവിടെ പഠിപ്പിക്കുന്നത്. കുട്ടികള്‍ക്ക് ഓര്‍മ്മ നില്‍ക്കുന്ന രൂപത്തിലല്ല മദ്‌റസാപഠനം നടക്കുന്നത്.

ഖുര്‍ആന്‍ പഠനത്തിനൊരെളുപ്പവഴി ഒന്‍പത് സെമസ്റ്ററുകളായി വേര്‍തിരിച്ചാണ് പഠിപ്പിക്കുന്നത്. റിവിഷനും പരീക്ഷയും ഉള്‍പ്പെടെ ഓരോ സെമസ്്റ്ററും 15 മണിക്കൂറായി തിരിച്ചിട്ടുണ്ട്.

100-110 മണിക്കൂര്‍ കൊണ്ട് പഠിക്കാന്‍ കഴിയുന്ന രീതിയിലാണ് അത് തിരിച്ചിരിക്കുന്നത്. ഇത് മദ്‌റസയിലാണെങ്കില്‍ ദിനേന ശരാശരി അര മണിക്കൂറാണ് എടുക്കുന്നത്. 15 മണിക്കൂറിനെ 30 പിരിയേഡുകളായി ഇത് തിരിക്കാം. 200 ദിവസമുള്ള ഒരു അക്കാദമിക് ഇയറില്‍ 30 മണിക്കൂര്‍ ഖൂര്‍ആന് കൊടുത്താല്‍ തന്നെ ഇത് വളരെ ലളിതമായി പഠിക്കാം. അതാണ് നമ്മുടെ മദ്‌റസാ ഖുര്‍ആന്‍ പഠനത്തില്‍ വരുത്തേണ്ട മാറ്റം.

ഖൂര്‍ആന്‍ പഠനത്തിനൊരു എളുപ്പവഴി പോലെ ലളിതമായി മദ്‌റസാ കുട്ടികളെ ഖുര്‍ആന്‍ പഠിപ്പിക്കാന്‍ സാധിക്കും. അങ്ങനെ ഖുര്‍ആന്‍ പഠനവും അറബി ഭാഷാ പഠനവും ഒരുമിച്ച് കൊണ്ടുപോകാന്‍ കഴിയുന്ന രീതിയില്‍ സിലബസ് പരിഷ്‌കരണം ആവശ്യമാണ്.

ഭാഷയിലെ സര്‍വനാമങ്ങള്‍ 12 ഉം ഒരുമിച്ച് പഠിപ്പിക്കാതെ, പിന്നീടുള്ള തുടര്‍ക്ലാസുകളില്‍ കുട്ടികളെ പഠിപ്പിക്കാവുന്നതാണ്. ഓരോ സെമസ്റ്ററിലും ആവിശ്യമായ ക്രിയകള്‍ പഠിപ്പിക്കുക, ഒന്നാമത്തെ സെമസ്റ്ററില്‍ ഉള്‍പ്പെടുത്താവുന്ന ക്രിയകള്‍ മാത്രം അപ്പോള്‍ പഠിപ്പിക്കുക തുടങ്ങിയ രീതികള്‍ അനുവര്‍ത്തിക്കാവുന്നതാണ്. അങ്ങനെ ഖുര്‍ആന്‍ പഠനവും അറബി ഭാഷ പഠനവും ഒരുമിച്ച് കൊണ്ടുപോകാന്‍ കഴിയണം. ഖുര്‍ആന്‍ പഠനക്ലാസില്‍ ഖുര്‍ആനിലെ പദങ്ങള്‍ മാത്രമേ പഠിപ്പിക്കാവൂ. ഭാഷാപഠനത്തിലേക്ക് വരുമ്പോള്‍-ക്ലാസില്‍ തന്നെ അറബി ഭാഷ പഠനമാധ്യമമാക്കേണ്ടതാണ്. കുട്ടികളും അധ്യാപകരും നേരത്തെ പഠിച്ച ക്രിയകളിലും സര്‍വനാമങ്ങളിലും പരിമിതപ്പെടുത്തി ആശയവിനിമയം നടത്തേണ്ടതാണ്. 

കേരളത്തിലെ ഖുര്‍ആന്‍ പരിഭാഷ, വ്യാഖ്യാനം എന്നീ മേഖലകളില്‍ എന്തൊക്കൊ ഗവേഷണങ്ങള്‍/മാറ്റങ്ങളാണ് ഉണ്ടാകേണ്ടത്

പൂര്‍വസൂരികളുടെ പാത പിന്‍തുടര്‍ന്ന് അതേപടി പരിഭാഷയും വ്യാഖ്യാനവും നല്‍കുക എന്നത് ഒരു രീതിയും മറ്റൊന്ന് പൂര്‍വസൂരികളുടെ പാത അനുവര്‍ത്തിക്കുന്നതിനൊപ്പം പുതിയ ചിന്തകളും ഗവേഷണവും ഉള്‍പ്പെടുത്തി ഖുര്‍ആന്‍ വ്യാഖ്യാനിക്കുന്നതുമാണ്. കേരളത്തില്‍ സര്‍വാംഗീകാരം നേടിയിട്ടുള്ള പരിഭാഷകള്‍ ഏതാണ്ട് 50 കൊല്ലം മുന്‍പ് രചിച്ചവയാണ്. അതില്‍ നിന്ന് വ്യത്യസ്ഥമായതും പ്രസിദ്ധീകരിച്ച് വരുന്നുണ്ട്.

ഖൂര്‍ആന്‍ എല്ലാകാലത്തേക്കുമുള്ളതാണെങ്കില്‍, ഖുര്‍ആന്‍ അവതരിച്ച കാലത്തേക്ക് മാത്രമായി അത് പരിമിതപ്പെടുത്തുന്നത് ശരിയല്ല. ഖുര്‍ആന്‍ പഠിതാക്കള്‍ സ്വീകരിക്കേണ്ട മാനദണ്ഡങ്ങളെക്കുറിച്ച് പറയുന്നത്, ഖുര്‍ആന്‍ പ്രവാചക കാലത്തേക്ക്് മാത്രമുള്ളതല്ലെന്നും എല്ലാകാലത്തേക്കുമുള്ളതാണെന്നും വ്യക്തമാക്കുന്നുണ്ട്. ഖൂര്‍ആന്‍ വ്യാഖ്യാതാക്കളും ഇക്കാര്യം അടിവരയിട്ട് പറയുന്നുണ്ട്.

നാം ജീവിക്കുന്ന കാലഘട്ടത്തില്‍ ഖുര്‍ആന്റെ പ്രസക്തി എന്താണ്-അതും കൂടി പഠനവിഷയമാക്കണം. അങ്ങനെ നോക്കുമ്പോള്‍-ഇന്ത്യന്‍ പശ്ചാത്തലം, കേരള പശ്ചാത്തലം എന്നിവ ചര്‍ച്ചാവിഷയമാക്കേണ്ടതാണ്. അത് പണ്ഡിന്മാര്‍ കൂടിയിരുന്നു ഗഹനമായി ചര്‍ച്ചചെയ്ത് തീരുമാനിക്കണം. പ്രവാചക കാലഘട്ടത്തിലെ വിവിധ സംഭവങ്ങള്‍-ഇന്ത്യന്‍ സാഹചര്യത്തില്‍ ഏത് അവസ്ഥയുമായാണ് ചേര്‍ന്ന് നില്‍ക്കുന്നത് എന്ന് കൂടി വിശകലനം ചെയ്യേണ്ടതുണ്ട്. പരിഭാഷകളില്‍ തെക്കന്‍ ജില്ലകളില്‍ ഉപയോഗിക്കുന്ന പദങ്ങളല്ല കടന്നുവരുന്നത്. മുസ്‌ലിം ഭൂരിപക്ഷ മേഖലകളില്‍ ഉപയോഗിക്കുന്ന പദങ്ങളാണ് പലപ്പോഴും ഖൂര്‍ആന്‍ പരിഭാഷകളില്‍ ഉപയോഗിച്ച് വരുന്നത്. അതുകൊണ്ട്, ഇത്തരം പരിഭാഷ തെക്കന്‍ ജില്ലകളിലെ ഭാഷാവിദഗ്ധര്‍ കൂടി ഭാഷാപരമായി പരിശോധിച്ച ശേഷം പ്രസിദ്ധീകരിച്ചാല്‍ അത് കൂടുതല്‍ ഫലപ്രദമാകും. ഇസ്‌ലാമിക പണ്ഡിതന്‍ പരിശോധിക്കുന്നതിനൊപ്പം മലയാള ഭാഷാപണ്ഡിതനായ, മുസ്‌ലിമല്ലാത്ത ആള്‍ കൂടി ഭാഷ പരിശോധിക്കുന്നത് നല്ലതാണ്. കാരണം മലയാള പരിഭാഷ മുസലിംകള്‍ക്കൊപ്പം മറ്റ് വിഭാഗങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്ന രൂപത്തിലാകുന്നത് ആ വിഭാഗങ്ങള്‍ക്കും എളുപ്പത്തില്‍ ഖുര്‍ആന്‍ വായിച്ച് മനസ്സിലാക്കുന്നതിന് സാധിക്കും.

നിലവിലുള്ള മലയാളം ഖുര്‍ആന്‍ പരിഭാഷകളില്‍ ഭാഷാപരമായ പല പ്രശ്‌നങ്ങളും ഉള്ളതായി ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. മൂലഭാഷയില്‍ നിന്ന് മറ്റൊന്നിലേക്ക് മാറ്റുമ്പോഴുള്ള പ്രശ്‌നമാണോ, അതോ പരിഭാഷകരുടെ പ്രശ്‌നമാണോ 

നിലവിലുള്ള പരിഭാഷകളില്‍ ഉപയോഗിച്ചട്ടുള്ള പദങ്ങള്‍ അനുയോജ്യമാണെങ്കില്‍ അതു സ്വീകരിക്കുകയാണ് ഞാന്‍ ചെയ്യുന്നത്. ആ പദം അനുയോജ്യമല്ലെങ്കില്‍ പുതിയ പദം ഗവേഷണ പഠനത്തിലൂടെ കണ്ടെത്തുകയുമാണ് ചെയ്യുന്നത്. സ യെസ്‌ലാ നാറൈ എന്നാല്‍ നരകത്തില്‍ കിടന്നെരിയും-എന്നാണ് പരിഭാഷകളില്‍ കാണുന്നത്. യഥാര്‍ഥത്തില്‍ അത് കടന്നെരിയലാണ്. അണ്ടര്‍സ്റ്റാന്‍ഡ് ഖുര്‍ആനില്‍ ഇത് പ്രവേശിച്ചെരിയും എന്നാണ് കൊടുത്തത്.

അറബി ഭാഷ പണ്ഡിതന്‍ എന്നതിലുപരി, ഖൂര്‍ആനിന്റെ അര്‍ഥ തലങ്ങള്‍ പഠിച്ച ആളായിരിക്കണം പരിഭാഷ തയ്യാറാക്കേണ്ടത്. ഉപമയും സാഹിത്യവും അലങ്കാരങ്ങളും അറിയുന്ന ആളായിരിക്കണം ഖുര്‍ആന്‍ പരിഭാഷപ്പെടുത്തേണ്ടത്. അതുപോലെ അല്‍ഖഹ്ഫിലെ 26ാംമത്തെ ആയത്തില്‍ അബ്‌സര്‍ ബിഹി- നീ കാണുക എന്ന മഞ്ചേരിയില്‍ നിന്നുള്ള ഒരു പരിഭാഷയില്‍ കണ്ടു. അത് നേര്‍ക്ക് നേരെ തെറ്റാണ് വരുത്തിയിരിക്കുന്നത്. മറ്റൊരു പരിഭാഷയിലും ഇതേ തെറ്റ് ആവര്‍ത്തിക്കുന്നത് കണ്ടു. അഫ്ഇല്‍ ബിഹി എന്ന് അറബിയില്‍ ഒരു പ്രയോഗമുണ്ട്. ആ പ്രയോഗം ഈ പരിഭാഷകന്‍ മനസ്സിലാക്കിയിട്ടില്ല. അതുകൊണ്ട്, ഖൂര്‍ആന്റെ ഭാഷാ പ്രയോഗങ്ങളെ കുറിച്ചും ശൈലികളെകുറിച്ചും ആഴത്തില്‍ പാണ്ഡിത്യമുള്ള ആളായിരിക്കണം പരിഭാഷകന്‍.

പിന്നെ ഒന്ന് ദാലിക്കല്‍ കിതാബ്- ഈ ഗ്രന്ഥം എന്നാണ് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. സ്വമദ് എന്ന പദത്തിന് ആശ്രയം വേണ്ടാത്തവന്‍ എന്ന് മാത്രമല്ല, മറ്റുള്ളവരെല്ലാം ആശ്രയിക്കുന്നവന്‍ എന്ന അര്‍ഥവും ഉള്‍ച്ചേരേണ്ടതുണ്ട്.

നിലവില്‍ കേരളത്തില്‍ ഖുര്‍ആന്‍ ആധികാരികമായി, വിശകലനം ചെയ്ത് പഠിക്കുന്നതിന് ഏതൊക്കെ സ്ഥാപനങ്ങളാണുള്ളത്(മതസംഘടനകളുടെ കീഴിലല്ലാതെ)

മതസംഘടനകളുടെ കീഴിലാണ് കൂടുതല്‍ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത്. പിന്നെ, ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ പോലുള്ളവര്‍ ഇപ്പോള്‍ പരിഭാഷയിലേക്ക് വന്നിട്ടുണ്ട്. അമ്മ ജുസ്അിന്റെ പരിഭാഷ അവര്‍ ഇറക്കിയിട്ടുണ്ട്.

അതേ സമയം, ഖുര്‍ആന്‍ പഠനത്തിന് ഒരു എളുപ്പവഴി മതസംഘടനകളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒന്നല്ല. മതസംഘടനകള്‍ക്ക് പുറത്താണ് അത് നില്‍ക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ വര്‍ക്കലയില്‍ അല്‍ ഖുര്‍ആന്‍ യൂനിവേഴ്‌സിറ്റി എന്ന പേരില്‍ ഒരു സ്ഥാപനത്തിന്റെ നിര്‍മ്മാണം നടന്ന് കൊണ്ടിരിക്കുന്നു.

സര്‍വകലാശാലകളിലെ അറബി ഭാഷാ പഠനം കൂടുതല്‍ വിപുലമാക്കിയാല്‍, ഖുര്‍ആന്‍ വിശകലന-വിശദീകരണ പഠനം യാഥാര്‍ഥ്യമാക്കാന്‍ സാധിക്കും. 

കേരളത്തില്‍ ഖുര്‍ആന്‍ പഠനത്തില്‍ ജനസംഖ്യയുടെ പകുതിയിലേറെ വരുന്ന മുസ്‌ലിം  സ്ത്രീകളുടെ ഇടപെടലുകള്‍ എത്രമാത്രമാണ്. പരിഭാഷവ്യാഖ്യാന മേഖലകളില്‍ അവരുടെ നേതൃത്വമോ-പങ്കാളിത്തമോ എങ്ങനെയാണ് അടയാളപ്പെടുത്താനാവുക 

സ്ത്രീകളുടെ ഇടപെടല്‍ നാമമാത്രമാണ്. കേരളത്തില്‍ ഖുര്‍ആന്‍ വ്യാഖ്യാന മേഖലയില്‍ സ്ത്രീകളുടെ ആരുടേയും പേര് കേട്ടിട്ടില്ല. ഖുര്‍ആന്‍ പണ്ഡിതകള്‍ വളര്‍ന്ന വരേണ്ടത് അനിവാര്യമാണ്. സ്ത്രീ കേന്ദ്രീകൃത ഖുര്‍ആന്‍ യൂനിവേഴ്‌സിറ്റികള്‍ തന്നെ ഉയര്‍ന്ന വരേണ്ടതുണ്ട്.

മദ്‌റസകളിലും സ്‌കൂള്‍-കോളജ് തലങ്ങളിലും അറബി ഭാഷ പഠിക്കുന്നുണ്ടെങ്കിലും ഖുര്‍ആന്റെ ഭാഷ മനസ്സിലാക്കുന്നതിനോ അര്‍ത്ഥം ഗ്രഹിക്കുന്നതിനോ പലപ്പോഴും കഴിയാറില്ല. എന്നാല്‍, മറ്റു പലഭാഷകളിലെ പല ക്ലാസിക് കൃതികളും അനായാസം കൈകാര്യം ചെയ്യുന്നുമുണ്ട്. ഇത് എന്തുകൊണ്ടാണ് സംഭവിക്കുന്നത്

അറബി ഭാഷ പഠിക്കാന്‍ പ്രയാസമുള്ള ഭാഷയാണ് എന്ന ചിന്താഗതി ജനങ്ങളുടെ മനസ്സിലുണ്ട്. അത് മാറണം. ഖുര്‍ആന്‍ നേരിട്ട് വായിച്ച് മനസ്സിലാക്കുന്നതില്‍ പരിമിതിയുണ്ട്, പണ്ഡിതന്മാര്‍ മാത്രമേ ഖുര്‍ആന്‍ വായിച്ച് മനസ്സിലാക്കാന്‍ ചെയ്യാന്‍ പാടുള്ളൂ എന്നീ ചിന്തകള്‍ മാറേണ്ടതുണ്ട്. സ്വന്തമായി ഖുര്‍ ആന്‍ വായിച്ച് മനസ്സിലാന്‍ കഴിയില്ല എന്ന ചിന്തയും ഖുര്‍ആന്‍ പഠനത്തിന് തടസ്സമാണ്. ഏതൊരു ഭാഷയും ഉപയോഗിക്കുന്നത് പോലെ അറബി ഭാഷയും അനായാസം ഉപയോഗിക്കാന്‍ കഴിയും എന്ന ചിന്ത വികസിച്ച് വരണം.

കേരളത്തിലെ സ്‌കൂള്‍ കോളജ് തലങ്ങളിലെ അറബി ഭാഷാ അധ്യാപകര്‍ കൂടുതല്‍ ക്രിയാത്മകമായി, പഠിപ്പിക്കേണ്ട നിലയില്‍ അറബി ഭാഷ പഠിപ്പിക്കേണ്ടതുണ്ട്. അറബി ഭാഷ പഠിപ്പിക്കുന്ന അധ്യാപകര്‍ പലപ്പോഴും അതിനോട് കൂറു പുലര്‍ത്തുന്നതായി കാണുന്നില്ല.

സ്‌കൂള്‍ കോളജ് തലങ്ങളില്‍ ഭാഷാ പഠനം വിപുലമാക്കിയാല്‍ കേരളത്തിന്റെ അറബി ഭാഷാ പഠന പശ്ചാത്തലം തന്നെ ഒരു പക്ഷേ മാറിയേക്കാം. അറബി ഭാഷ ഔപചാരികമായി പഠിക്കാന്‍ ആറു മാസം മതി. സംസാരഭാഷ ഗള്‍ഫിലും മറ്റും പോയി മലയാളികള്‍ പഠിക്കുന്നുണ്ട്.

(ഖുര്‍ആന്‍ പഠനത്തിനൊരെളുപ്പവഴി-മലയാളം ബ്രാന്‍ഡിന്റെ ഉപജ്ഞാതാവാണ് നുജൂം അബ്ദുല്‍ വാഹിദ് ഓടയം) 

Tags:    

Similar News