കെ റെയില്‍ വിരുദ്ധ സമരത്തെ പരാജയപ്പെടുത്താന്‍ പിണറായി വിജയന് കഴിയില്ല: സമരസമിതി ജനറല്‍ കണ്‍വീനര്‍ എസ് രാജീവന്‍

Update: 2022-01-29 09:25 GMT

കെ റെയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ സമരത്തെ പരാജയപ്പെടുത്താന്‍ പിണറായി വിജയന് കഴിയില്ലെന്ന് കെ റയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി സംസ്ഥാന ജനറല്‍ കണ്‍വീനര്‍ എസ് രാജീവന്‍. ശക്തമായ ചെറുത്ത് നില്‍പ്പുണ്ടാവും. ഇപ്പോള്‍ സാമൂഹികാഘാത പഠനമെന്ന പേരില്‍ നടക്കുന്നത് പ്രഹസനമാണ്. അത് ജനം തള്ളിക്കളയുമെന്നും അദ്ദേഹം തേജസ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.

1. എന്തുകൊണ്ടാണ് സമരസമിതി കെ റെയില്‍ പദ്ധതിയെ എതിര്‍ക്കുന്നത്. കേരളത്തിലെ പൊതുഗതാഗത സംവിധാനത്തില്‍ എന്ത് മാറ്റമാണ് കെ റെയില്‍ പദ്ധതി മൂലം ഉണ്ടാകാന്‍ സാധ്യതയുള്ളത്

കെ റെയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ സമരസമിതി കെ റെയിലിനെ എതിര്‍ക്കുന്നത്, നിരവധി കാരണങ്ങള്‍ കൊണ്ടാണ്. ഇത് കേരളത്തിന്റെ പരിസ്ഥിതിയെ ദോഷകരമായി ബാധിക്കും. ഇതിന്റെ നിര്‍മിതി അപകടകരമായ നിലയിലാണ്. കേരളത്തിന്റെ ഭൂമിശാസ്ത്ര ഘടനയെയും അതിന്റെ പാരിസ്ഥിതികമായ ദൗര്‍ബല്യങ്ങളെയും ഒന്നും പരിഗണിക്കാതെയുള്ളതാണ് കെ റെയിലിന്റെ ഡിസൈന്‍. 20000 കുടുംബങ്ങളെ കുടിയൊഴിക്കപ്പെടേണ്ടിവരും. അത് വലിയ സാമൂഹിക പ്രത്യാഘാതമുണ്ടാക്കും. പല മേഖലകളിലും പല പദ്ധതികള്‍ക്കായി സര്‍ക്കാര്‍ കുടിയൊഴിക്കപ്പെട്ട ആളുകള്‍ ഇന്നും തെരുവിലാണ്. പ്രകൃതി ദുരന്തങ്ങള്‍ മൂലം വീട് നഷ്ടപ്പെട്ടവരെ ഇപ്പോഴും പുനരധിവസിപ്പിച്ചിട്ടില്ല.

മൂലമ്പള്ളിയില്‍ 316 കുടുംബങ്ങളില്‍ 50 കുടുംബങ്ങള്‍ക്ക് മാത്രമേ പുനരധിവാസം സാധ്യമായിട്ടുള്ളൂ. പതിമൂന്ന് വര്‍ഷം കഴിഞ്ഞു. അങ്ങനെയിരിക്കെ, ഈ 20000 കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നത് ഭീകരമായ സാമൂഹിക പ്രത്യാഘാതമുണ്ടാക്കും.

കേരളം ഇപ്പോള്‍ തന്നെ വലിയ കടക്കെണിയിലാണ്. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് സമയത്ത് പെന്‍ഷന്‍ കൊടുക്കാന്‍ കഴിയുന്നില്ല. കഴിഞ്ഞ ഓണക്കാലത്ത് എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതര്‍ക്ക് അവരുടെ മുടങ്ങിയ അഞ്ച് മാസത്തെ പെന്‍ഷന്‍ കിട്ടാന്‍ സത്യാഗ്രഹം കിടക്കേണ്ടിവന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ ഒപി ടിക്കറ്റിന് 20 രൂപ ആക്കുന്നു. ഇങ്ങനെ എല്ലാ സാമൂഹിക ക്ഷേമപ്രവര്‍ത്തനങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്നാക്കം പോവുകയാണ്. പദ്ധതിക്കായി ഇത്രയും തുക വായ്പയെടുക്കുക എന്നുപറഞ്ഞാല്‍, ജീവിച്ചിരിക്കുന്ന 3.5 കോടി മനുഷ്യര്‍ക്ക് മാത്രമല്ല, ഇനി ജനിക്കാനിരിക്കുന്നവര്‍ കൂടി കടക്കെണിയിലാവും. ഇത്തരത്തില്‍ നിരവധി കാരണങ്ങള്‍ കൊണ്ടാണ് കെ റെയിലിനെ എതിര്‍ക്കുന്നത്.

ഈ പദ്ധതി വരുന്നതോടെ കേരളത്തിന്റെ പൊതുഗതാഗത സംവിധാനങ്ങളാകെ മുരടിക്കും. റെയില്‍വേയുടെ വിവിധ പദ്ധതികള്‍ എന്നു പറഞ്ഞാണ് കെ റെയില്‍ വരുന്നത്. നാലുവരി പാതയായി വികസിപ്പിക്കാന്‍ വരെ ഇന്ത്യന്‍ റെയില്‍വേയ്ക്ക് സ്ഥലമുണ്ട്്. രണ്ടാം പാതയുടെ പണി പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. മൂന്നാം പാതയ്ക്ക് ഷൊര്‍ണൂരില്‍ കേന്ദ്ര ഗവണ്‍മെന്റ് അലോട്ട് ചെയ്തിട്ടുമുണ്ട്. കെ റെയില്‍ മൂന്നും നാലും പാതയാണ് പണിയുന്നതെന്ന് പറയുമ്പോള്‍ അതൊരു വഞ്ചനയാണ്.

ഇന്ത്യന്‍ റെയില്‍വേയുടെ മൂന്നും നാലും പാത എന്ന രീതിയിലാണ് ഇത് അവതരിപ്പിച്ചത്. എങ്കിലും അതില്‍ നിന്ന് പിന്നോട്ട് പോയി. ബ്രാഡ് ഗേജിലാണ് ഇത് പണിയുന്നത്, സ്റ്റാന്‍ഡേര്‍ഡ് ഗേജിലല്ല. ബ്രാഡ് ഗേജില്‍ നിന്ന് വ്യത്യസ്ഥമായി ഇതിന്റെ പാളം ചെറുതാണ്. കാസര്‍കോഡ് നിന്ന് കൊച്ചുവേളിയില്‍ അവസാനിക്കുന്ന കെ റെയില്‍ മറ്റൊരു പാതയിലൂടെയാണ് സഞ്ചരിക്കുന്നത്. ഇത് പരസ്പരം ബന്ധപ്പെടുത്താനും കഴിയില്ല. അതുകൊണ്ട് ഇത് ഒരു ഒറ്റപ്പെട്ട പാതയായി അവസാനിക്കും. കേരളീയരെ സംബന്ധിച്ച് ചെന്നൈ, ബംഗളുരു, ബോംബെ, ഡെല്‍ഹി യാത്രകള്‍ക്കാണ് ബുദ്ധിമുട്ടുന്നത്. അതിന് ഇത് പ്രയോജനപ്പെടില്ല, എന്നു മാത്രമല്ല റെയില്‍വേ കെ റെയിലിന് സ്ഥലം വിട്ട് നല്‍കിയാല്‍ റെയില്‍വേയുടെ വികസന സാധ്യത ഇല്ലാതാവുകയും ചെയ്യും.

ട്രെയിനില്‍ വളരെ കുറഞ്ഞ ചിലവില്‍ ഇപ്പോള്‍ യാത്ര ചെയ്യാന്‍ കഴിയും. അതേ സമയം, ഇന്ത്യന്‍ റെയില്‍വേയുടെ പത്തിരട്ടി ചാര്‍ജ്ജ് കെ റെയിലിന് നല്‍കേണ്ടിവരും. വികസനത്തെ തടയുന്ന പദ്ധതിയായി കെ റെയില്‍ മാറും എന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല. 


2. കേരളത്തിലെ പൊതു ഗതാഗതസംവിധാനം മെച്ചപ്പെടുത്താന്‍ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്, നിലവിലുള്ള സംവിധാനങ്ങളെ എങ്ങനെ കാര്യക്ഷമമാക്കാമെന്നാണ് സമരസമിതി കരുതുന്നത്. വികസനം എന്നാല്‍ വന്‍കിട പദ്ധതികളാണോ

കേരളത്തിന്റെ പൊതുഗതാഗതം മെച്ചപ്പെടുത്താന്‍ നിരവധി മാര്‍ഗങ്ങളുണ്ട്. ഇന്ത്യന്‍ റെയില്‍വേ കാര്യക്ഷമമാക്കണം. സിഗ്നല്‍ സംവിധാനവും വളവുകളും നിവര്‍ത്തിയാല്‍ സ്വാഭാവികമായും വേഗത വര്‍ധിപ്പിക്കാനാവും. മൂന്നും നാലും പാതകള്‍ വന്നാല്‍ കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കാന്‍ കഴിയും. നാലു മണിക്കൂറുകൊണ്ട് കാസര്‍കോഡ് നിന്ന് തിരുവനന്തപുരത്ത് എത്താമെന്നാണ് കെ റെയില്‍ പറയുന്നത്. ആകെ പതിനൊന്ന് സ്റ്റോപ്പേ ഉള്ളൂ. മലബാര്‍, കണ്ണൂര്‍ എക്‌സ് പ്രസുകള്‍ക്ക് 47 സ്റ്റോപ്പുകളാണുള്ളത്.

47 സ്‌റ്റോപ്പില്‍ നിന്ന് 11 കുറച്ചാല്‍ 36 ആകും. 36 സ്റ്റോപ്പു കുറച്ചാല്‍ ആറു മണിക്കൂറുകൊണ്ട് കാസര്‍കോഡ് നിന്ന് തിരുവനന്തപുരത്ത് എത്താനാകും. ഒരു സ്റ്റോപ്പില്‍ ട്രെയിന്‍ സ്ലോ ചെയ്ത ശേഷം, വേഗത കൂട്ടാന്‍ ശരാശരി ഏഴ് മിനിറ്റ് വേണ്ടിവരും. കെ റെയിലിന്റെ ശരാശരി വേഗത 132 കലോമീറ്ററാണ്. ജനശതാബ്ദി ഇത്ര വളവുകളും സിഗ്നല്‍ പ്രശ്‌നങ്ങളുമുണ്ടായിട്ടും ശരാശരി 110 കിലോമീറ്ററില്‍ ഓടുന്നുണ്ട്.

ഈ നിലയില്‍ റയില്‍വേ മെച്ചപ്പെടുത്തിയാല്‍ തന്നെ വേഗത കൈവരിക്കാന്‍ കഴിയും. ട്രെയില്‍ സമയക്രമമനുസരിച്ച് കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസ് നടത്തിയാല്‍ യാത്രക്കാര്‍ ബസിനെ ആശ്രയിക്കും. അങ്ങനെയുള്ള സംവിധാനങ്ങളൊന്നും ഇന്ന് ഇല്ല. കെഎസ്ആര്‍ടിസിയെ മെച്ചപ്പെടുത്തുന്നതിന് പകരം അതിനെ അവതാളത്തലാക്കുകയാണ് ചെയ്യുന്നത്. സമയത്ത് ഓടിക്കാറില്ല, അല്ലെങ്കില്‍ ആവശ്യത്തിന് സര്‍വീസുകളില്ല. യാത്രക്കാരന്റെ ആവശ്യകത അനുസരിച്ച് സര്‍വീസ് നടത്തിയാല്‍ ലാഭകരമായും ഗുണകരമായും കെഎസ്ആര്‍ടിസിക്ക് പ്രവര്‍ത്തിക്കാന്‍ കഴിയും.

കെഎസ്ആര്‍ടിസിക്ക് എന്തുകൊണ്ട് ഇത്ര സാമ്പത്തിക ബാധ്യതയുണ്ടായി. തിരുവനന്തപുരത്തും അങ്കമാലിയിലും തിരുവല്ലയിലും അനാവശ്യമായി ഷോപ്പിങ് കോംപ്ലക്‌സുകള്‍ പണിതു. ഇവിടത്തെ തിയേറ്ററുകള്‍ ഉള്‍പ്പെടെ ആരും ഉപയോഗിക്കുന്നില്ല. കോടികള്‍ മുടക്കിയാണ് ഇവ നിര്‍മ്മിച്ചത്. കെഎസ്ആര്‍ടിസി ബസ് സര്‍വീസ് നടത്തിയാല്‍ പോരെ. ഒരു വെള്ളാനയായി അത് മാറി.

വേഗതയില്‍ യാത്ര ചെയ്യേണ്ടവര്‍ക്ക് ചെറിയ വിമാനവും ഹെലികോപ്റ്റര്‍ സംവിധാനവും ആരംഭിക്കാമല്ലോ. അതൊന്നും ചെയ്യാതെ കെ റെയിലാണ് എല്ലാ വികസനത്തിനും അനിവാര്യം എന്ന് പറയുന്നത് ഒട്ടും ഭൂഷണമല്ല.

വന്‍കിട പദ്ധതികളാണ് വികസനം എന്നത് തെറ്റിദ്ധാരണയാണ്. ഈ വന്‍കിട പദ്ധതി നടപ്പിലാക്കുന്നതോടെ വന്‍ ബാധ്യതയിലേക്ക് കേരളം മാറും. വന്‍കിട കുത്തകകളുടെ പദ്ധതി കൊണ്ടുവരുന്നത് കൊണ്ട് താഴെ തട്ടിലുള്ളവരുടെ വികസനത്തിന് അത് ഉപകരിക്കില്ല. താഴേത്തട്ടിലെത്തേണ്ട പണം മുഴുവന്‍ മുകള്‍ത്തട്ടിലെ കോര്‍പറേറ്റുകളുടെ കൈകളിലേക്കാണ് പോവുക. ഇത്തരം പദ്ധതികളാണ് വികസനം എന്ന് നമ്മെ തെറ്റിദ്ധരിപ്പിച്ച് കൊണ്ടിരിക്കുകയാണ്. വികസനം സാധ്യമാവണമെങ്കില്‍ താഴെ തട്ടിലുള്ള ആളുകളുടെ കയ്യില്‍ പണം വരണം. അതിന് പ്രൊഡക്റ്റീവായ സമീപനം വേണം. ഉദാഹരണത്തിന് നമ്മുടെ സംസ്ഥാനത്ത് പാല്‍ ഇപ്പോഴും അന്യ സംസ്ഥാനത്ത് നിന്ന് കൊണ്ട് വരുകയാണ്. എന്തുകൊണ്ട് നമ്മുടെ നാട്ടില്‍ പാലുല്‍പാദനത്തിനുള്ള സംവിധാനം ഉണ്ടാക്കുന്നില്ല. അങ്ങനെ ഉണ്ടാക്കുകയാണെങ്കില്‍ എത്രയോ അധികം പേര്‍ക്ക് ഇവിടെ തൊഴില് നല്‍കാന്‍ സാധിക്കും. 


മിനിമം 500രൂപ ലഭിക്കുന്ന ഒരു തൊഴില്‍ ലഭിക്കുമെങ്കില്‍ ആ തൊഴിലെടുക്കാന്‍ ആളുകള്‍ സന്നദ്ധമാവും. അത്തരം ഉല്‍പാദനക്ഷമമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിക്കൂടെ. കേരളത്തില്‍ ഉല്‍പാദിപ്പിക്കുന്ന റബര്‍ മുഴുവന്‍ അന്യസംസ്ഥാനങ്ങളില്‍ കൊണ്ടുപോയി ഉല്‍പന്നങ്ങളാക്കിയാണ് തിരിച്ച് കൊണ്ടുവരുന്നത്. കേരളത്തില്‍ ഉല്‍പാദിപ്പിക്കുന്ന കാര്‍ഷികോല്‍പന്നങ്ങളുടെ സംസ്‌കരണം, സംഭരണം എന്നിവ നടത്തിയാല്‍ തന്നെ എത്രയോ വലിയ വികസനം കൊണ്ടുവരാന്‍ കഴിയും. എന്തുകൊണ്ട് അതിനൊന്നും തയ്യാറാവുന്നില്ല. അപ്പോള്‍ അതൊന്നും ചെയ്യാതെ വന്‍കിട പദ്ധതികള്‍ വികസനമുണ്ടാക്കും എന്നു പറയുന്നത് തെറ്റാണ്, അത് വിനാശമേ ഉണ്ടാക്കൂ.

3. കേന്ദ്രസര്‍ക്കാരിന്റെയോ റെയില്‍വേയുടേയോ അനുമതി ലഭിക്കാതെ, എന്ത് ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് പിണറായി സര്‍ക്കാര്‍ കെ റയിലുമായി മുന്നോട്ട് പോകുന്നത്

കേന്ദ്ര അനുമതിയില്ലാതെ മുന്നോട്ട് പോവുക എന്നു പറഞ്ഞാല്‍, കേന്ദ്രത്തിന്റെ സാമ്പത്തിക സഹായമൊന്നും കിട്ടില്ല എന്നാല്‍. സ്വന്തം ബാധ്യതയായിതന്നെ നടത്തിക്കൊണ്ട് പോവേണ്ടിവരും.

4. അന്താരാഷ്ട്ര ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് ഇങ്ങനെ ഒരു വന്‍കിട പദ്ധതികൊണ്ടുവരുന്നത് കേരളത്തിന് വലിയ ബാധ്യതയാവില്ലേ

വിദേശ വായ്പ എടുത്തു കഴിഞ്ഞാല്‍ കെ റെയിലില്‍ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ട് ഇത് അടച്ച് തീര്‍ക്കാന്‍ കഴിയില്ല. കൊച്ചി മെട്രോ റെയിലിന്റെ കാര്യം നമ്മുക്കറിയാം. മറ്റുമാര്‍ഗ്ഗങ്ങളിലൂടെ സര്‍ക്കാരിന് ലഭിക്കുന്ന റവന്യൂ വരുമാനം കെ റെയില്‍ പദ്ധതിയുടെ പലിശ ഉള്‍പ്പെടെ അടക്കാന്‍ ഉപയോഗിക്കേണ്ടിവരും. അത് കേരളത്തിലെ ജനങ്ങളുടെ ജീവിതത്തെ ആകെ ബാധിക്കും.

5. കെ റെയില്‍ ഹരിത പദ്ധതിയെന്നാണ് സര്‍ക്കാര്‍ വിശദീകരിക്കുന്നത്. കേരളത്തിന്റെ പരിസ്ഥിതിക്ക് കെ റെയില്‍ കൊണ്ട് എന്തെങ്കിലും പ്രശ്‌നമുണ്ടോ

ഇത് ഹരിത പദ്ധതിയാണെന്ന് മുഖ്യമന്ത്രി പറയുന്നതില്‍ ഒരു അര്‍ഥവുമില്ല. ഇപ്പോള്‍ തന്നെ കേരളം വലിയ പാരിസ്ഥിതിക ദുരന്തങ്ങളെ നേരിട്ട് കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന എല്ലാ പദ്ധതികളും പരിസ്ഥിതിയെ പരിഗണിച്ച് കൊണ്ടല്ല എന്നുള്ളത് കൊണ്ട് തന്നെ അവ വലിയ ആഘാതങ്ങളുണ്ടാക്കുന്നുമുണ്ട്. 25 മീറ്റര്‍ കണ്‍ട്രക്ഷന്‍ ഏരിയ പറയുന്നുണ്ടെങ്കിലും 100 മീറ്ററില്‍ നിലനില്‍ക്കുന്ന പച്ചപ്പുകള്‍ ഇല്ലാതാക്കേണ്ടിവരും. ജലാശയങ്ങള്‍ ധാരാളം നികത്തേണ്ടിവരും. ഒരു വീട് എന്ന് പറയുമ്പോള്‍ അതിന് ചുറ്റും കൃഷിയും ഒരുപാട് വൃക്ഷങ്ങളുമൊക്കെയുണ്ടാകും. അതെല്ലാം നശിപ്പിക്കപ്പെടും. എന്നു മാത്രമല്ല, ഈ ഒഴിഞ്ഞ് പോകുന്ന ആളുകള്‍ പുതിയ സ്ഥലത്ത് വീട് വയ്‌ക്കേണ്ടിവരുമ്പോള്‍ അവിടെ നിലനില്‍ക്കുന്ന പച്ചപ്പുകള്‍ ഇല്ലാതാക്കേണ്ടിവരും. മരങ്ങള്‍ വെട്ടിമാറ്റിയായിരിക്കും അവിടെ വീട് നിര്‍മ്മിക്കാന്‍ പോകുന്നത്. അപ്പോള്‍ അതുണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്‌നം മത്രമല്ല, നിര്‍മാണ പ്രവര്‍ത്തനത്തിന് ആവിശ്യമായ മെറ്റീരിയല്‍സ് കണ്ടെത്തേണ്ടതായും വരും.


തകര്‍ക്കുന്ന വീടുകളും സ്‌കൂളുകളും സ്ഥാപനങ്ങളും പുനര്‍നിര്‍മ്മിക്കാന്‍ ആശ്രയിക്കേണ്ടിവരുന്നത് പശ്ചിമഘട്ടത്തെയല്ലേ. അതോടൊപ്പം 80 ലക്ഷം ലോഡ് പാറയും 60 ലക്ഷം ലോഡ് മണ്ണും കെ റെയിലിന് തന്നെ വേണമെന്നാണ് പറയുന്നത്. അത് എവിടെ നിന്ന് എടുക്കും. ഇത് പശ്ചിമഘട്ട മലനിരകളില്‍ നിന്ന് പൊട്ടിച്ചെടുത്ത് 560 കിലോമീറ്റര്‍ നീളത്തിലുള്ള വര്‍ക് സൈറ്റില്‍ എത്തിക്കണം. ലോഡുമായി നീങ്ങുന്ന ട്രക്കുകളുണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്‌നമുണ്ട്. വലിയ റോഡുകള്‍ പോലും ടോറസ് ലോറികള്‍ ഓടുന്നത് മൂലം തകര്‍ന്നുകൊണ്ടിരിക്കുകയാണ്.

ഇടറോഡുകളിലൂടെ 60 ടണ്ണിന്റെ ലോറികള്‍ ഓടുകവഴി റോഡുകള്‍ നശിക്കും. പുതിയ റോഡുകള്‍ നിര്‍മിക്കേണ്ടിവരും. ഒരു നൂറു മീറ്റര്‍ റോഡുപണി നടക്കുമ്പോള്‍, അല്ലെങ്കില്‍ ഒരു പാലം പണി നടക്കുമ്പോള്‍, അതിന് ചുറ്റുമുള്ളവര്‍ അനുഭവിക്കേണ്ടിവരുന്ന ദുരിതങ്ങള്‍ നമ്മുക്ക്് അറിയാം.

അപ്പോള്‍ അതിനൊക്കെ വേണ്ടിവരുന്ന നഷ്ടങ്ങള്‍, ആഘാതങ്ങള്‍ ഭീകരമാണ്. 135 കിലോമീറ്റര്‍ വയലില്‍ കൂടിയാണ് പാത പോകുന്നത്. മുഖ്യമന്ത്രി പറഞ്ഞത് 88.5 കിലോമീറ്റര്‍ മുകളില്‍ കൂടിയാണ് പാതയെന്നാണ്. അപ്പോള്‍ ബാക്കി 46.5 കിലോ മീറ്റര്‍ വയല്‍ നികത്തും എന്നല്ലേ. അതുപോലെ എംബാങ്ക്‌മെന്റ്. എട്ടു മീറ്റര്‍വരെ ഉയരത്തില്‍ എംബാങ്ക്‌മെന്റ് കെട്ടുമെന്നാണ്. കഴിഞ്ഞ പ്രളയത്തില്‍ നദികളില്‍ നിന്ന് വെള്ളം എവിടെ വരെ ഉയര്‍ന്നിട്ടുണ്ടോ അതില്‍ നിന്ന് ഒരു മീറ്റര്‍ ഉയരത്തില്‍ കെട്ടുമെന്നാണ്. പല നദികളും ആറു മുതല്‍ ഏഴു മീറ്റര്‍ വരെ ഉയര്‍ന്നിട്ടുണ്ട്. ചില സ്ഥലങ്ങളില്‍ 12.5 മീറ്റര്‍ വരെ ഉയരത്തിലാണ് ഈ മതില്‍ കെട്ടുന്നത്. അപ്പോള്‍ അത് എന്തുമാത്രം ഭീകരമായിരിക്കുമെന്ന് ആലോചിച്ച് നോക്കൂ. ഈ കോട്ടകെട്ടുമ്പോള്‍ അര കിലോമീറ്റര്‍ ഇടവിട്ട് അണ്ടര്‍പാസേജ് ഇടും. അതൊരു ഔദാര്യം പോലെയാണ് പറയുന്നത്. എന്നുപറഞ്ഞാല്‍ അരക്കിലോമീറ്ററിനുള്ളിലുള്ള എല്ലാ വഴികളും അടയ്ക്കപ്പെടും. നേരത്തെ പൊയ്‌കൊണ്ടിരിന്ന വഴികള്‍ അടയ്ക്കുന്നതോടെ കൂടുതല്‍ ദൂരം അവര്‍ സഞ്ചരിക്കേണ്ടിവരും. വാഹനത്തില്‍ പോകുന്നവരാണെങ്കില്‍ പോല്യൂഷന്‍ കൂടുതല്‍ ഉണ്ടാകില്ലെ. ലക്ഷണക്കണക്കിന് മീറ്റര്‍ അധികം സഞ്ചരിക്കേണ്ടിവരില്ലേ. ഒരു ലക്ഷം കിലോമീറ്റര്‍ അങ്ങനെ ഓടേണ്ടിവരുമ്പോഴുള്ള എമിഷന്‍ നിസാരമോ.

നമ്മുടെ നദികളെല്ലാം, എല്ലാവര്‍ഷവും കരകവിഞ്ഞ് ഒഴുകുന്നവയാണ്. കരകവിഞ്ഞ് വീടുകളിലും പറമ്പുകളിലും പള്ളികളും കേറിയിറങ്ങി, രണ്ടാഴ്ച കൊണ്ട് കടലിലെത്തും. അപകടമൊന്നുമില്ല, വെള്ളം കയറി ഇറങ്ങുമെന്നേ ഉള്ളൂ. പക്ഷേ, ഈ കോട്ടകെട്ടിവയ്ക്കുക വഴി ഈ അണ്ടര്‍പാസേജുകള്‍ വര്‍ഷകാലത്ത് സഞ്ചാരയോഗ്യമാവുമോ. വെള്ളത്തിന്റെ കുത്തൊഴുക്കുള്ള തോടുകളായി ഇത് മാറും. ഇങ്ങനെ ഒരു ദുരന്തമുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനം എത്ര ദുഷ്‌കരമായിരിക്കും. ഇനി അണ്ടര്‍ പാസേജുകളില്‍ വെള്ളം കയറാതിരിക്കാന്‍ ബദല്‍ മാര്‍ഗ്ഗമുണ്ടാക്കുക എന്നു പറഞ്ഞാല്‍, നദിക്ക് അവയുടെ വീതിക്ക് മാത്രമേ ഒഴുകാന്‍ അനുവാദമുള്ളൂ എന്നു വരും. അങ്ങനെ വരുമ്പോള്‍ ഈ നദികള്‍ ഉണ്ടാക്കുന്ന പ്രളയം ഭീകരമായിരിക്കും. പടിഞ്ഞാറ് ഭാഗത്തേക്ക് ശക്തമായ കുത്തൊഴിക്കായിരിക്കും. ഇപ്പോള്‍ പരന്നൊഴുകാന്‍ സൗകര്യമുണ്ടായിട്ടും പല സ്ഥലത്തും മണ്ണിടിച്ചിലും പ്രളയങ്ങളുമാണ്. ആ രീതിയില്‍ നദികളെ അവയുടെ വീതിയില്‍ മാത്രം ഒഴുകാന്‍ ചാനലൈസ് ചെയ്താല്‍, അത് ഭീകരമായ ദുരന്തമുണ്ടാക്കും. ഈ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം പറയാതെയാണ് കെ റെയിലുകാര്‍ ഹരിത പദ്ധതി എന്നു പറയുന്നത്.

കെ റെയില്‍ എംഡി എഴുതിക്കൊടുക്കുന്നത് മുഖ്യമന്ത്രി അത് പോലെ വായിക്കുന്നു. നിലവിലുള്ള പാത പോത്തും സില്‍വര്‍ ലൈന്‍ ആടുമാണ്. പോത്തു വെള്ളത്തില്‍ കിടന്നാല്‍ ഒന്നും സംഭവിക്കില്ല. പോത്തിനെ വെള്ളത്തിലിട്ടാല്‍ കുഴപ്പമില്ലെന്ന് പറഞ്ഞ് ആരെങ്കിലും ആടിനെ പിടിച്ച് വെള്ളത്തിലിട്ടാല്‍ എങ്ങനെയിരിക്കും. ഈ കെ റെയിലിന്റെ ട്രാക്കില്‍ വെള്ളം കയറാനേ പാടില്ല. അതിനാണ് ഇത്ര ഉയരത്തില്‍ കെട്ടുന്നത്.

അതിനാണ് ഈ പ്രൊട്ടക്ഷന്‍ വാള്‍ കെട്ടുന്നത്. മരക്കൊമ്പുകളൊന്നും ഒടിഞ്ഞ് വീഴാന്‍ പാടില്ല. ഈ രീതിയിലുള്ള നിര്‍മിതി ഉണ്ടാകുന്ന ദുരന്തം ഭീകരമായിരിക്കും. 126 കിലോമീറ്റര്‍ നീളത്തില്‍ മണ്ണുമലകള്‍ വെട്ടി അതിനിടയിലൂടെയാണ് പാത പോകുന്നത്. എന്നു പറഞ്ഞാല്‍ അത്രയും മലകളുടെ മണ്ണ് വെട്ടി മാറ്റണം. കുടിവെള്ള ദൗര്‍ലഭ്യത്തിന് ജല സ്രോതസ്സുകളായി വര്‍ത്തിക്കുന്നത് കുന്നുകളാണ്. കുന്നുകള്‍ അബ്‌സോര്‍ബ് ചെയ്യുന്ന വെള്ളമാണ് നീരുറവകളായി തോടുകളിലും ചാലുകളിലും കിണറുകളിലും എത്തിച്ചേരുന്നത്.

ഈ കുന്നുകള്‍ വെറും കുന്നുകളല്ലല്ലോ. അതിന് മുകളില്‍ വൃക്ഷങ്ങളുണ്ട്, കൃഷികളുണ്ട്, ധാരാളം പച്ചപ്പുണ്ട്-ഇതെല്ലാം പാരിസ്ഥിതികമായി വലിയ സേവനം നല്‍കിക്കൊണ്ടിരിക്കുന്നവയാണ്. ഇത്രയും നീളത്തിലും വീതിയിലും മണ്ണ് വെട്ടിമാറ്റുക എന്നു പറഞ്ഞാല്‍, അതുണ്ടാക്കുന്ന ദുരന്തം എന്തായിരിക്കും. അത് മനസ്സിലാക്കാന്‍ വലിയ ബുദ്ധിജീവിയൊന്നും ആവേണ്ട കാര്യമില്ലല്ലോ. 


6. ഡിപിആര്‍ തയ്യാറാക്കിയതിന് ശേഷമാണ്, സാമൂഹിക ആഘാത പഠനം നടക്കുന്നത്. ഇത് വിരോധാഭസമല്ലേ

ഡിപിആര്‍ കേന്ദ്രത്തിന് കൊടുത്തു. അവരത് പരിശോധിച്ച് കൊണ്ടിരിക്കുകയാണ്. എന്നിട്ട് ഇപ്പോള്‍ സാമൂഹിക ആഘാത പഠനം നടത്തുന്നു. സാമൂഹികാഘാത പഠനം നടത്തിയിട്ടല്ലേ ഡിപിആര്‍ തയ്യാറാക്കേണ്ടത്. പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടല്ലേ ഡിപിആര്‍ തയ്യാറേണ്ടത്. ഒരു പദ്ധതിയുടെ മുഴുവന്‍ വിശദാംശങ്ങളുമുള്ള രേഖയാണത്. അതിന്റെ വീതി, നീളം, ചിലവ്, മെറ്റീരിയല്‍സ്, എത്ര ആളുകളെ കുടിയൊഴിപ്പിക്കേണ്ടിവരും തുടങ്ങി എല്ലാ കാര്യങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ഡിപിആര്‍. അതില്‍ നിന്ന് എല്ലാം മനസ്സിലാവണം. എന്താണ് പദ്ധതി, എങ്ങനെയാണ് നിര്‍മാണം, അതിന്റെ സാധ്യത എന്താണ് എന്നിവയെല്ലാം അതില്‍ ഉള്‍പ്പടേണ്ടതാണ്. അങ്ങനെയൊന്ന് തയ്യാറാക്കിയെന്ന് പറയുന്നു. പിന്നെ എന്തിന് ഇപ്പോള്‍ സാമൂഹിക ആഘാത പഠനം നടത്തുന്നു. ഇത് വിരോധാഭാസമല്ലേ. ഇതിന്റെ കാരണമാണ് വിചിത്രം. സമര സമിതി കോടതിയില്‍ ഒരു കേസ് കൊടുത്തിരുന്നു. സാമൂഹികാഘാത പഠനം നടത്തി കേന്ദ്രാനുമതി ലഭിച്ചിട്ട്, 2013ലെ പുനരധിവാസ നിയമപ്രകാരമേ ഭൂമി ഏറ്റെടുക്കൂ എന്നാണ് കെആര്‍ഡിസിഎല്‍ കോടതിയില്‍ കൊടുത്ത സത്യവാങ്മൂലത്തില്‍ പറഞ്ഞിട്ടുള്ളത്.

ഇവര്‍ കൊടുത്ത സത്യവാങ് മൂലം തന്നെ വിരോധാഭാസമാണ്. ഒരു ഏരിയല്‍ സര്‍വേ മാത്രമേ നടത്തിയിട്ടുള്ളൂ. അതിനെ എല്ലാ ടെക്‌നീഷ്യന്‍സും ചോദ്യം ചെയ്തു. ഇ ശ്രീധരനും അലോക് കുമാര്‍ വര്‍മയും ആര്‍വിജി മേനോനും ശ്രീധര്‍ രാധാകൃഷ്ണനും തുടങ്ങി, പരിസ്ഥിതി-റെയില്‍ അതോരിറ്റീസ് ചോദ്യം ചെയ്തു. ഇവര്‍ ചോദ്യം ചെയ്ത സാഹചര്യത്തിലാണ് ഇപ്പോള്‍ വിവരശേഖരണം നടത്തുന്നത്. അത് സാമൂഹികാഘാത പഠനമല്ല. സാമൂഹികാഘാത പഠനത്തിന്റെ ചോദ്യങ്ങളൊന്നും അതില്‍ വന്നിട്ടില്ല. സാമൂഹികാഘാതം 10-20 മീറ്ററിനിടയിലല്ലല്ലോ നടത്തേണ്ടത്. അതിന് പുറത്താണ് കൂടുതല്‍ സാമൂഹികാഘാതം. ഇതിന് വേണ്ടി ഏറ്റെടുക്കേണ്ടിവരുന്നതിനേക്കാള്‍ കൂടുതല്‍ ദുരന്തം ഏല്‍ക്കേണ്ടിവരുന്നത് അവശേഷിക്കുന്ന ആളുകള്‍ക്കാണ്.

റെയില്‍വേയോട് ചേര്‍ന്ന് കിടക്കുന്ന ഭൂമി വിറ്റ് പോവില്ല. കാരണം നിലവിലുള്ള റയില്‍വേ ലൈനേക്കാള്‍ ഭീകരമാണിത്. ഇത്രയും വലിയ ഭിത്തികെട്ടിയുയര്‍ത്തുന്ന പ്രദേശത്ത് ആര്‍ക്കാണ് താമസിക്കാന്‍ കഴിയുക. എയര്‍ സര്‍ക്കുലേഷന്‍ പോലും ലഭിക്കില്ല. അപ്പോള്‍, അവശേഷിക്കുന്ന ആളുകള്‍ക്ക് ദുരന്തപൂര്‍ണമായ ജീവിതമാകും ഉണ്ടാവുക. ഒരിക്കലും അവര്‍ക്ക് അതില്‍ നിന്ന് മോചനമുണ്ടാകില്ല. കാരണം ആരും ഇത് വാങ്ങാന്‍ തയ്യാറാകില്ല. 25 സെന്റ് സ്വന്തമായുള്ളയാളുടെ പത്ത് സെന്റെടുത്താല്‍ ബാക്കി 15ല്‍ ജീവിക്കാന്‍ പറ്റില്ല. സര്‍ക്കാര്‍ അത് എടുക്കുകയുമില്ല. ഇത് ഒരു സിപിഎം സഖാവ്് തന്നെ കൊല്ലത്തെ പൗരപ്രമുഖരുടെ യോഗത്തില്‍ ചോദിച്ചിരുന്നു. കെ റെയില്‍ എംഡിയോട് ചോദിച്ചപ്പോള്‍ അറിയില്ലെന്നാണ് പറഞ്ഞത്. അയാള്‍ക്ക് അറിയില്ലെങ്കില്‍ പിന്നെ ആര്‍ക്കാണ് അറിയുന്നത്. ധനകാര്യ മന്ത്രിക്ക് അറിയാമോ, പറഞ്ഞില്ലല്ലോ.

ഞങ്ങളുടെ കുറച്ച് ഭൂമി നല്‍കിയാല്‍ ബാക്കി ഭൂമി ഏറ്റെടുക്കുമോ, അതിന് കൂടി നഷ്ടപരിഹാരം നല്‍കുമോ എന്നു ചോദിച്ചപ്പോള്‍, അത് പറയാന്‍ താന്‍ ആളല്ലന്നാ പറഞ്ഞത്. പിന്നെ ആരാ ഇത് പറയേണ്ടത്. തോന്നിവാസമല്ലേ പറയുന്നത്.

ഇതാണ് ഇവിടെ നടക്കുന്നത്. പരിസ്ഥിതി ആഘാത പഠനത്തിന് എംജിടിസി ചെന്നൈ കോടതിയില്‍ സമിതി നേതാക്കള്‍ കൊടുത്ത കേസിന്റെ അടിസ്ഥാനത്തില്‍, റാപിഡായി നടത്തിയ പഠന റിപോര്‍ട്ട് ഹാജരാക്കി. അത് അക്രഡിറ്റഡ് ഏജന്‍സി അല്ല എന്ന് പറഞ്ഞ് ആ റിപോര്‍ട്ട് കോടതി തള്ളിക്കളഞ്ഞു. മൂന്ന് മാസം കൊണ്ട് പരിസ്ഥിതി ആഘാത പഠനം നടത്താന്‍ കഴിയുന്ന ഒരു പ്രോജക്ടല്ല ഇത്. അങ്ങനെ തള്ളിക്കളഞ്ഞതിനെ തുടര്‍ന്നാണ് വീണ്ടും പതിനാല് മാസത്തേക്ക് ടെണ്ടര്‍ ഉറപ്പിച്ചത്. പരിസ്ഥിതി ആഘാതം ഉണ്ടോ ഇല്ലയോ എന്ന് പറയാന്‍ 14 മാസം വേണം. പരിസ്ഥിതി ആഘാതമുണ്ടാകും എന്നാണ് റിപോര്‍ട്ടെങ്കില്‍ പദ്ധതി നടപ്പിലാക്കാന്‍ പറ്റുമോ.

അങ്ങനെ നടപ്പിലാക്കാന്‍ പറ്റില്ലെങ്കില്‍ പിന്നെ എന്തിനാണ് നാട്ടാരുടെ ഭൂമിയില്‍ കല്ലിടുന്നത്, ഭൂമി ഏറ്റെടുക്കുന്നത്. യഥാര്‍ഥത്തില്‍ ഇത് ഒരു ഏറ്റെടുക്കല്‍ നടപടിയായി തന്നെയാണ് അവര്‍ കൊണ്ടുപോകുന്നത്. കല്ലിടുന്നത് അതിന് വേണ്ടിയാണ്. കാരണം ഏറ്റെടുത്തു എന്ന കണക്ക് ജപ്പാനിലെ ജയ്കിന് കൊടുത്താല്‍ മാത്രമേ അവിടെ നിന്ന് ലോണ്‍ പാസ്സാകൂ. 80 ശതമാനം ആളുകളും ഇത് സമ്മതിച്ചു എന്ന് രേഖയുണ്ടാക്കികൊടുക്കണം. അതു പോലെ കല്ലിന് കോണ്‍ട്രാക്ട് കൊടുത്ത ആളുകള്‍, ഇവിടത്തെ ആളുകള്‍ക്ക് കമ്മിഷന്‍ നല്‍കണം. മാര്‍ച്ച്് 31ന് മുന്‍പ്് ബില്ല് മാറണ്ടേ. അതിന് വേണ്ടിയാണ് ഈ ബഹളം വച്ച് കല്ലിടല്‍ നടത്തി ഇത്ര മസിലു പിടിക്കുന്നത്.

ലക്ഷക്കണക്കിന് രൂപ പലര്‍ക്കും അവിഹിതമായി കമ്മിഷന്‍ കൊടുത്തു. പോലിസിനും പോലും കൊടുത്തായിരിക്കും- അതുകൊണ്ടാണ് പോലിസ് പോലും ഉല്‍സാഹത്തോടെ അവരുടെ പ്രൊട്ടക്ഷനായി വരുന്നത്. കോടതി മൂന്ന് തവണ പറഞ്ഞില്ലേ പോലിസിനോട്-ബലം പ്രയോഗിച്ചോ ആളുകളെ ഭീഷണിപ്പെടുത്തിയോ ഭീകരാന്തരീക്ഷം സൃഷ്ടിച്ചോ കല്ലിടാന്‍ പാടില്ലെന്ന്. ഇത് മൂന്നാമത് പറയുന്ന ദിവസവും അങ്കമാലിയില്‍ പോലിസ് ബലം പ്രയോഗിച്ച് കല്ലിട്ടു.

കോടതിയെപ്പോലും അംഗീകരിക്കുന്നില്ല. ഡിപിആര്‍ പ്രസിദ്ധീകരിച്ചാല്‍ ദേശസുരക്ഷയ്ക്ക്് അപകടം വരുത്തുമെന്ന് പറഞ്ഞു. പിന്നെ പറഞ്ഞു വാണിജ്യ താല്‍പര്യമെന്ന്, പിന്നെ ബൗദ്ധികസ്വത്തവകാശ നിയമത്തില്‍ വരുന്നതാണെന്ന് പറഞ്ഞു. അവസാനം സിപിഐയും ശാസ്ത്ര സാഹിത്യ പരിഷത്തും ശക്തമായ സമ്മര്‍ദ്ധം ചെലുത്തിയതിനെ തുടര്‍ന്ന് 88 പേജ് അതിന്റെ സമ്മറി മാത്രം പബ്ലിഷ് ചെയ്തു. അതില്‍ വൈരുദ്ധ്യങ്ങളുണ്ടായിരുന്നു. 166 പേജ് ലീക്ക് ഔട്ടായി. അതിനകത്തുള്ളവര്‍ തന്നെ അത് പുറത്താക്കി.

സഭയില്‍ കള്ളം പറഞ്ഞു എന്ന് പറഞ്ഞ് അവകാശ ലംഘനത്തിന് സ്പീക്കര്‍ക്ക് അന്‍വര്‍ സാദത്ത് എംഎല്‍എ നോട്ടീസ് നല്‍കി. മുഖ്യമന്ത്രി പറഞ്ഞു എല്ലാ എംഎല്‍എ മാര്‍ക്കും സിഡി കൊടുത്തു എന്ന്. അത് കിട്ടിയില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ കള്ളം പറഞ്ഞുവെന്നും അവകാശലംഘനത്തിന് സ്പീക്കര്‍ക്ക് നോട്ടീസ് നല്കിയപ്പോള്‍ അവര്‍ വെട്ടിലായി. ചെയ്യാത്തത് ചെയ്തു എന്ന പറഞ്ഞ മുഖ്യമന്ത്രിക്കെതിരേ വലിയ ആരോപണം വന്നു. ആ ആരോപണത്തില്‍ നിന്ന് രക്ഷപെടാണ് 3470 ഓളമുള്ള പേജ് നിയമസഭ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. എന്നു പറഞ്ഞാല്‍ ഒരു വ്യവസ്ഥയുമില്ലാത്ത സ്ഥാപനമാണ് കെആര്‍ഡിസിഎല്‍- കമ്പനി. ഒരു സാമൂഹിക വിരുദ്ധ പ്രസ്ഥാനമായി കെ റെയില്‍ മാറിയിരിക്കുകയാണ്.

കെറെയിലിന്റെ എംഡിയെ പ്രോസിക്യൂട്ട് ചെയ്യേണ്ടതാണ്. കാരണം പരിസ്ഥിതി ആഘാത പഠനം നടത്തി 30 ലക്ഷം രൂപ ആദ്യം തുലച്ചു. 96 ലക്ഷം രൂപക്ക് വീണ്ടും പഠിക്കാനായി വിട്ടിരിക്കുകയാണ്. പണം ധൂര്‍ത്തടിച്ച് പൗരപ്രമുഖരുടെ യോഗം നടത്തിക്കൊണ്ടിരിക്കുന്നു. എന്നിട്ട് പാര്‍ട്ടിക്കാരെയും ഗുണ്ടകളെയും മാത്രമേ പ്രവേശിപ്പിക്കൂ. പൗരപ്രമുഖരാരും ഇപ്പോള്‍ പോകുന്നില്ല. ചെല്ലുന്ന ആളുകളെ അവര്‍ തല്ലുകയാണ്. പൊതുജനങ്ങളുടെ ഫണ്ടുപയോഗിച്ച് മാമ്മന്‍ മാപ്പിള ഹാള്‍ പോലുള്ള ഹാളുകള്‍ വാടയ്‌ക്കെടുത്ത്, സര്‍ക്കാര്‍ ചെലവിലാണ് നടക്കുന്നത്. അവിടെ ഏതൊരു പൗരനും പോകാം. പരസ്യമായി പ്രചരണം നടത്തിയാണ് പരിപാടി നടത്തുന്നത്. കെ റെയിലിനെ എതിര്‍ക്കുന്നവര്‍ പങ്കെടുക്കാന്‍ പാടില്ലെന്ന് അതിനകത്ത് ഒരിടത്തും പറഞ്ഞിട്ടില്ല.

7. കാലങ്ങളായി ജീവിച്ച് വരുന്ന വീടും ചുറ്റുപാടുമാണ് പദ്ധതിക്ക് വേണ്ടി നഷ്ടപ്പെടുത്തേണ്ടി വരുന്നത്, നഷ്ടപരിഹാരം കൊണ്ട് മാത്രം പരിഹരിക്കാവുന്നതാണോ ജനങ്ങളുടെ പ്രശ്‌നം

കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക്, പണമേ കൊടുക്കൂ. സ്ഥലം അവര്‍ കണ്ടത്തണം. ഇത്രയും ആളുകള്‍ക്ക് കേരളത്തില്‍ ഭൂമി ലഭിക്കുമോ. സൗകര്യപ്രദമായി എവിടെ കിട്ടുമെന്ന് എന്ത് ഉറപ്പാണുള്ളത്. ഇപ്പോള്‍ താമസിച്ച് കൊണ്ടിരിക്കുന്ന സ്ഥലങ്ങളിലെ ബന്ധങ്ങള്‍, കൊടുക്കല്‍ വാങ്ങലുകള്‍, പ്രദേശികമായി തൊഴില്‍ ചെയ്ത് ജീവിക്കുന്നവര്‍, ചെറിയ കച്ചവടം ചെയ്യുന്നവര്‍, കൂലിപ്പണിക്കാര്‍, വീട്ടുജോലി ചെയ്ത് ജീവിക്കുന്നവര്‍- ഇങ്ങനെ പ്രദേശികാടിസ്ഥാനത്തില്‍ ജീവിക്കുന്ന ജനങ്ങളെ ഒരു സുപ്രഭാതത്തില്‍ കുറച്ച് പണം കൊടുത്തു പറഞ്ഞ് വിട്ടാല്‍ അവരൊക്കൊ എവിടെ പോയി താമസിക്കും.

20 സെന്റ് ലഭിച്ച ഭൂമിയില്‍ ജ്യേഷ്ടനും അനുജനുമായി വീടു വെച്ച് കഴിയുന്നവര്‍ക്ക് ഒരുമിച്ച് ജീവിക്കാന്‍ കഴിയുമോ. കുടുംബാംഗങ്ങളെ അടക്കം ചെയ്ത ഭൂമി ഉള്‍പ്പെടെ വൈകാരികമായ പ്രശ്‌നങ്ങള്‍, മാനസികമായ സംഘര്‍ഷങ്ങള്‍, ഒറ്റപ്പെടലുകള്‍, എന്നിവയാണ് കല്ലിടലിലൂടെ ഉണ്ടായിരിക്കുന്നത്. ആളുകള്‍ ഭീതിയിലാണ്. സാമൂഹിക പ്രത്യാഖ്യാതം എന്നു പറയുന്നത് അതാണ്. ഇപ്പോള്‍ തന്നെ ആളുകള്‍ക്ക് ഉറക്കമില്ല. ഭൂമി ഏറ്റെടുക്കുമെന്ന് മുന്‍കൂട്ടി പറയാതെ വീട്ടില്‍ ചെന്ന് കല്ലിടുക വഴി, ആളുകള്‍ വലിയ മാനസിക സംഘര്‍ഷത്തിലാണ്. ഇതൊന്നും അത്ര എളുപ്പത്തില്‍ പരിഹരിക്കാവുന്ന പ്രശ്‌നങ്ങളല്ല. സ്ഥലം കണ്ടെത്തിയാല്‍ തന്നെ ഇവര്‍ക്ക് വീടുവെക്കാന്‍ മെറ്റീരിയല്‍സ് കിട്ടില്ല. കാരണം പാറമട മുഴുവന്‍ കെ റെയില്‍ കമ്പനിക്കാരന്‍ ബുക്ക് ചെയ്യും. അവര്‍ വലിയ വിലകൊടുത്ത് സാധനം വാങ്ങും. പാവപ്പെട്ടവന് ഒരു ലോഡ് പാറയൊ മണ്ണോ കിട്ടാതെ വരും. പിണറായി വിജയന്‍ തിരിഞ്ഞ് നോക്കുമോ. കെ റെയിലിന്റെ എംഡി ഇടപെടുമോ.

നാലുമാസമായി കോട്ടയം കൂട്ടിക്കലില്‍ 400 ഓളം കുടുംബങ്ങളുടെ വീടും കച്ചവടവും നശിച്ച് പോയിട്ട് സര്‍ക്കാര്‍ എന്തു ചെയ്തു. മൂലമ്പള്ളിയില്‍ എന്ത് ചെയ്ത് കൊടുത്തു. വിഴിഞ്ഞത്ത് അഞ്ച് കൊല്ലം മുമ്പ് കടലാക്രമണത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ ഫുഡ് കോര്‍പറേഷന്റെ ഗോഡൗണിലാണല്ലോ കഴിയുന്നത്. 


8. 'ഗെയില്‍ പൈപ്പ് ലൈന്‍ നടപ്പിലാവില്ല എന്നാണ് പലരും കരുതിയതെന്നും എന്നാല്‍ അത് ഇപ്പോള്‍ പ്രാവര്‍ത്തികമായില്ലേ' എന്നുമാണ് മുഖ്യമന്ത്രി ചോദിക്കുന്നത്. അത് പോലെ കെ റെയിലും നടപ്പിലാക്കുമെന്നാണ് മുഖ്യമന്ത്രിയുടെ വാദം

ഗെയിലിനെതിരേ സിപിഎം സമരം ചെയ്തില്ലേ. കോണ്‍ഗ്രസും ബിജെപിയും എല്ലാവരും സമരം ചെയ്തു. ആ സമരം കൊണ്ടുണ്ടായ ഗുണമെന്താ. 20 മീറ്റര്‍ ഭൂമി ഏറ്റെടുക്കാനാണ് തീരുമാനിച്ചത്. സമരത്തിലൂടെ 20 മീറ്റര്‍ എന്നത് പത്ത് മീറ്ററായി കുറഞ്ഞു. എന്ന് മാത്രമല്ല, ഭൂമി വിട്ട് കൊടുക്കണ്ട- റൈറ്റു യൂസ് -എന്ന കാറ്റഗറിയില്‍ അത് പെടുത്തി. ഭൂമി ഉടമയുടെ കയ്യില്‍ തന്നെ ഇരിക്കും. അവന് അതിന്മേല്‍ അവകാശമുണ്ടായിരിക്കും. അതിന്മേല്‍ ചെറിയ കൃഷിയും ചെയ്യാം. കെട്ടിടങ്ങള്‍ വെയ്ക്കാന്‍ കഴിയില്ല എന്നേ ഉള്ളൂ. ആ ഒരു അവസ്ഥയിലേക്ക് വന്നത് സമരം ചെയ്തിട്ടാ. പിണറായി വിജയന്റെ പ്രത്യേക മിടുക്ക് കൊണ്ടല്ല.

ദേശീയ പാതയുടെ അവസ്ഥ എന്താ, 45 വര്‍ഷം മുന്‍പ് ഭൂമി ഏറ്റെടുത്തു. 30 മീറ്ററില്‍ ആറുവരി പണിയാമായിരുന്നു. രണ്ട് വരി്ക്ക് തന്നെ 45 കൊല്ലം മുമ്പേ കിടന്ന അതേ അവസ്ഥയില്‍ കിടക്കുകയാണ്. എല്ലാവരും വികസനത്തിനായി ഭൂമി വിട്ട് കൊടുത്തു. അവസാനം 30 കൊല്ലം കഴിഞ്ഞപ്പോള്‍ വീണ്ടും 15 മീറ്റര്‍ കൂടി വേണമെന്ന് പറഞ്ഞു. ബിഒടി അടിസ്ഥാനത്തില്‍ പണിയുമെന്നും പറഞ്ഞു. 6 കോടിക്ക് പണിയാവുന്ന ഒരു കിലോമീറ്റര്‍ റോഡ് 16 കോടിയ്ക്ക് സ്വകാര്യ കമ്പനികള്‍ക്ക് കൊടുക്കുന്നു. ദേശീയ പാത അതോരിറ്റി ആറുകോടിക്ക് റോഡ് നിര്‍മിക്കുമ്പോള്‍ സ്വകാര്യ കമ്പനിക്ക് 20 കോടിക്ക് നല്‍കി.

അവര്‍ ടോള്‍ഗേറ്റ് വച്ച് കാശ് പിരിക്കും. അതിന്റെ കമ്മിഷന്‍ പാര്‍ട്ടിക്ക് കിട്ടിക്കൊണ്ടിരിക്കും. അതുകൊണ്ടാണ് പിണറായി വിജയന്റെ ഒറ്റ നിര്‍ബന്ധം. അച്ചുതാനന്ദനും ഉമ്മന്‍ ചാണ്ടിയും മന്‍മോഹന്‍ സിങ്ങിനെ കണ്ട് ആറുവരി പണിയാമെന്ന് പറഞ്ഞപ്പോള്‍, പിണറായി പറയുന്നത് 45 മീറ്റര്‍ തന്നെ വേണമെന്ന്. ബിഒടി അടിസ്ഥാനത്തില്‍ വേണമെന്നും പറഞ്ഞു. എന്നു പറഞ്ഞാല്‍ കോര്‍പറേറ്റിസത്തിന്റെ വക്താവായി പിണറായി വിജയന്‍ കേരളത്തില്‍ മാറി. അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ വലിയ മുതലാളിമാരാണ്. അദാനിക്ക് വലിയ പ്രിയമാണ് അദ്ദേഹത്തോട്. യൂസഫലി അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. അങ്ങനെ ഇന്റര്‍നാഷണല്‍ മുതലാളിമാരുടെ ഇഷ്ടക്കാരനായി പിണറായി മാറി. അതുകൊണ്ട് അവരുടെ സന്തോഷത്തിന് മനപ്രയാസമുണ്ടാക്കുന്ന ഒരു കാര്യവും പിണറായി ചെയ്യില്ല. അവരുടെ പ്രോജക്റ്റാണ് കെ റെയില്‍. അന്തര്‍ദേശീയ തലത്തില്‍ വലിയ ബിസിനസ് ഇടപാടുകള്‍ നടക്കുന്നുണ്ട്. ഇ ശ്രീധരന്‍ പച്ചയ്ക്ക് പറഞ്ഞല്ലോ, 15000 കോടി രൂപ കമ്മിഷനാണെന്ന്. അതാണ് പരിഷത്തും ജനങ്ങളും എല്ലാവരും എതിര്‍ത്തിട്ടും ഈ പദ്ധതി നടപ്പിലാക്കും എന്ന് പറയുന്നതിന്റെ പിന്നിലെ നിര്‍ബന്ധബുദ്ധി. മൂന്നര കൊല്ലം കഴിഞ്ഞ് ഭരണം പോയാലും 15000 പോയിട്ട് 5000 കോടി കയ്യില്‍ കിട്ടിയാല്‍ അതു മതിയല്ലോ. ഇതാണ് ഇവരുടെ മനസ്സിലിരിപ്പ്. നാട്ടുകാരുടെ വേഗത വര്‍ധിപ്പിക്കാനോ കേരളത്തെ വികസിപ്പിക്കാനോ അല്ല.

പതിനായിരം പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് പറയുന്നത്. ഒരാളുടെ തൊഴിലിന് 20 കോടി എന്ന നിലയില്‍ ചിലവാക്കുന്ന പണമുണ്ടെങ്കില്‍ കേരളത്തില്‍ 200 പേര്‍ക്ക് തൊഴില്‍ കൊടുക്കാന്‍ കഴിയും.

1000 പഞ്ചായത്തില്‍ ഒരോ പശുത്തൊഴുത്തുണ്ടാക്കിയാല്‍ പത്തോ ഇരുപതോ ചെറുപ്പക്കാര്‍ക്ക് ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ തൊഴിലുകൊടുക്കാന്‍ കഴിയും. പാലുല്‍പന്നമായും അത് സംസ്‌കരിച്ച് പല ബൈ പ്രോഡക്റ്റസും ഉണ്ടാക്കാം. മില്‍മാ പ്രവര്‍ത്തിക്കുന്ന പോലെ നിരവധി സ്ഥാപനങ്ങള്‍ കേരളത്തില്‍ സ്ഥാപിക്കാന്‍ കഴിയും. ലോകം മുഴുവനുമുള്ള മലയാളികള്‍ നമ്മുടെ ഉല്‍പന്നങ്ങള്‍ വാങ്ങും. അതിലൊന്നും ഇതുപോലെ ആയിരക്കണക്കിന് കോടി രൂപ കയ്യിലേക്ക് വരില്ല. അതാണ് പ്രശ്‌നം. അതാണ് ഈ നിര്‍ബന്ധബുദ്ധിക്ക് കാരണം.

ആഗോളവല്‍ക്കരണം ലോകത്ത് തുടങ്ങിയ കാലത്ത് തന്നെ ഇവര്‍ക്ക് അതിന്റെ ടേസ്റ്റ് പിടികിട്ടി. തോമസ് ഐസക്കും എംഎ ബേബിയെയും പോലുള്ള ബുദ്ധിജീവികള്‍ ഇതിന്റെ സാധ്യതകള്‍ പഠിച്ച്, കേരളത്തില്‍ ഇത്തരം പദ്ധതികളുടെ വക്താക്കളായ മാറി.

9. ജനങ്ങളും പ്രതിപക്ഷവും ശാസ്ത്ര സാഹിത്യ പരിഷത്തും എതിര്‍ത്തിട്ടും എന്തുകൊണ്ടാണ് മുഖ്യമന്ത്രി പദ്ധതി നടപ്പിലാക്കുമെന്ന് കട്ടായം പറയുന്നത്

സമ്പത്തില്‍ അഭിരമിച്ചുകൊണ്ടിരിക്കുന്ന ആളുകള്‍ പിന്നെ അതിന് വേണ്ടിയേ നിലകൊള്ളൂ. അതിന് തടസ്സം വരുന്ന എന്തിനെയും അവര്‍ വെട്ടി നിരത്താന്‍ ശ്രമിക്കും. തല്ലിയൊതുക്കാന്‍ ശ്രമിക്കും. അങ്ങനെ തല്ലിയൊതുക്കാന്‍ ശ്രമിച്ചതിനാണ് നന്ദിഗ്രാമില്‍ അവര്‍ക്ക് കിട്ടിയ തിരിച്ചടി. ഒരിക്കലും കര കയറാന്‍ കഴിയാത്തത്ര പതനത്തിലേക്ക് പോയത്. അത്‌കൊണ്ട് തന്നെയാണ് ത്രിപുരയില്‍ ആര്‍എസ്എസുകാരന് ഭരണം കൈമാറേണ്ടിവന്നത്.

ജനങ്ങള്‍ക്ക് വേണ്ടിയല്ല, മനുഷ്യന് വേണ്ടിയല്ല, ജനാധിപത്യത്തിന് വേണ്ടിയല്ല. സ്വാര്‍ത്ഥ താല്‍പര്യത്തിന് വേണ്ടി, കോര്‍പറേറ്റുകള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു എന്നുള്ളതുകൊണ്ടാണ് ഈ പാര്‍ട്ടി ഇത്തരത്തില്‍ ഇന്ന് എത്തപ്പെട്ടിരിക്കുന്നത്.

കേരളത്തില്‍ ഈ പദ്ധതി നടപ്പിലാക്കാന്‍ കഴിയില്ല. കാരണം താഴേ തട്ടില്‍ ഇതിന് ഇരകളാക്കപ്പെടുന്നവര്‍ ശക്തമായി സംഘടിച്ചിരിക്കുകയാണ്. അതിനെ ചെറുക്കാന്‍ ഈ സര്‍ക്കാരിന് കഴിയില്ല. പോലിസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനാണെങ്കില്‍ അത് കൂടുതല്‍ അപകടകരമാവും. കാരണം ജനങ്ങള്‍ കൂടുതല്‍ ശക്തമായി തെരുവിലേക്ക് വരും. കോണ്‍ഗ്രസ് പോഷക സംഘടനകളും ബിജെപിയും ശാസ്ത്ര സാഹിത്യ പരിഷത് തുടങ്ങി നിരവധി പാര്‍ട്ടികളും ഇതിനെതിരേ രംഗത്ത് വന്നിരിക്കുകയാണ്. യുഡിഎഫ് ഘടകക്ഷികളായ കേരള കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ് തുടങ്ങി വെല്‍ഫെയര്‍പാര്‍ട്ടി, എസ്‌യുസിഐ, എസ്ഡിപിഐ, എംഎല്‍ ഗ്രൂപ്പുകള്‍ തുടങ്ങി കേരളത്തിലെ എല്ലാ ചെറുതും വലുതുമായ പാര്‍ട്ടികളും ഇതിനെതിരേ രംഗത്ത് വന്നിരിക്കുകയാണ്.

ഇതിന്റെ അപകടം മനസ്സിലാക്കിയും ജനങ്ങളുടെ മുന്നേറ്റം മനസ്സിലാക്കിയിട്ടുമാണ് ഇവരൊക്കൊ മുന്നോട്ട് വരുന്നത്. ഇത് പെട്ടന്നുണ്ടായതല്ല. ദീര്‍ഘകാലമായി ഇവരെല്ലാം നിരീക്ഷിച്ച് വരുകയായിരുന്നു. സമരസമിതി സമരം തുടങ്ങി ഒന്നരവര്‍ഷത്തിന് ശേഷമാണ് യുഡിഎഫും ബിജെപിയും പദ്ധതിക്കെതിരേ രംഗത്തെത്തിയത്. പെട്ടന്ന് വികസന പദ്ധതിക്കെതിരേ ഇറങ്ങിവന്നതല്ല. അവരൊക്കൊ വികസനത്തിന്റെ ആളുകളാണ്. പക്ഷേ ഇത് വികസനമല്ലെന്ന് അവര്‍ക്ക് ബോധ്യപ്പെട്ടു. അതുകൊണ്ടാണ് അവര്‍ രംഗത്ത് വന്നത്. ഈ സമരത്തെ പരാജയപ്പെടുത്താന്‍ പിണറായി വിജയന് കഴിയില്ല. അത്രയും ശക്തമായ ചെറുത്തു നില്‍പ്പുണ്ടാവും. ഇപ്പോള്‍ സാമൂഹികാഘാത പഠനമെന്ന പേരില്‍ നടക്കുന്നത് പ്രഹസനമാണ്. അത് ജനം തള്ളിക്കളയും.


Tags:    

Similar News