മുസ്‌ലിം മത-സാമൂഹിക ജീവിതത്തെ അപഹസിക്കുന്ന എഴുത്തുകാര്‍ക്ക് സ്വീകാര്യത ലഭിക്കുന്നു: കെഎം അജീര്‍കുട്ടി
മുസ്‌ലിം മത-സാമൂഹിക ജീവിതത്തെ അപഹസിക്കുന്ന എഴുത്തുകാര്‍ക്ക് ഒരു പ്രത്യേക സ്വീകാര്യത എങ്ങനെയോ കിട്ടുന്നുണ്ടെന്ന് കെഎം അജീര്‍കുട്ടി. സാഹിത്യത്തെ ഗൗരവത്തില്‍ കാണുന്ന എഴുത്തുകാര്‍ ഏതെങ്കിലും ഒരു മതത്തിന്റെ വക്താക്കളാകാന്‍ ഇഷ്ടപ്പെടുന്നില്ല. പക്ഷേ, പൊതുസമൂഹം പലപ്പോഴും അവര്‍ക്ക് ലേബലുകള്‍ ഒട്ടിച്ചു കൊടുക്കുകയും അതിന്റെ പേരില്‍ അവരെ പുകഴ്ത്തുകയോ ഇകഴ്ത്തുകയോ ചെയ്യാറുമില്ലേ എന്ന സംശയം അസ്ഥാനത്തല്ല. താന്‍ മതവിശ്വാസിയോ ദൈവ വിശ്വാസിയോ അല്ല എന്ന് ഉറക്കെ പറഞ്ഞിട്ടും ഉമര്‍ ഖാലിദ് എന്ന ജെഎന്‍യു വിദ്യാര്‍ഥി മുസ്‌ലിം എന്ന് ബ്രാക്കറ്റു ചെയ്യപ്പെടുന്നതു പോലെയാണിതെന്നും അദ്ദേഹം പറഞ്ഞു.
ഇംഗ്ലീഷിലും മലയാളത്തിലും രചന നിര്‍വ്വഹിക്കുന്ന കെഎം അജീര്‍കുട്ടി, തേജസ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു.
അഭിമുഖത്തിന്റെ പൂര്‍ണ രൂപം
സര്‍ഗ സൃഷ്ടികളില്‍ പൊതുവെ കാണുന്ന മാറ്റങ്ങള്‍ എന്തെല്ലാമാണ്, സാമൂഹിക പ്രശ്‌നങ്ങളെ എങ്ങനെയാണ് സര്‍ഗസൃഷ്ടികളില്‍ അടയാളപ്പെടുത്തുന്നത്
ജീവിക്കുന്നതെന്തും മാറ്റത്തിന് വിധേയമാണ്; സചേതനങ്ങളായ മനസ്സുകളില്‍ മുളപൊട്ടുന്ന സര്‍ഗസൃഷ്ടികളും അങ്ങനെയല്ലാതാവാന്‍ തരമില്ല. എഴുത്ത്, ചിത്രകല, ശില്പകല, സിനിമ, സംഗീതം തുടങ്ങി വിവിധ കലകളിലൂടെ ആവിഷ്‌കൃതമാകുന്ന സൃഷ്ടികളെയാണല്ലോ സര്‍ഗസൃഷ്ടികള്‍ എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. ഈ കലകളില്‍ നടക്കുന്ന മാറ്റങ്ങള്‍ എന്തെല്ലാമാണ് എന്ന ചോദ്യം വിപുലമായ ഒരു ഉത്തരം ആവശ്യപ്പെടുന്നതാകയാല്‍ അതേക്കുറിച്ച് എന്തു പറഞ്ഞാലും അത് അപര്യാപ്തമായിരിക്കും. സമകാലികമായ സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് കലാപരമായ ആവിഷ്‌ക്കാരമുണ്ടാകുമ്പോള്‍, അവ മികവുറ്റതാകണമെങ്കില്‍, മാറിയ സാഹചര്യങ്ങളുടെ ഭാഷയിലും സങ്കേതങ്ങളിലും തന്നെ വേണം അവ സൃഷ്ടിക്കപ്പെടേണ്ടത്.
നോവലുകളിലും കഥകളിലും കവിതകളിലും മുസ്‌ലിം-പിന്നാക്ക-ദലിത് വിഭാഗങ്ങളുടെ പ്രതിനിധാനം ഇപ്പോള്‍ എങ്ങനെയാണ്, രചനയ്ക്കപ്പുറം എഴുത്തുകാരന്റെ മതത്തെ ഏത് രൂപത്തിലാണ് പൊതുസമൂഹം നോക്കിക്കാണുന്നത്
സാഹിത്യത്തിലെ മുസ്‌ലിം, ദലിത്-പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യം ഇന്ന് ആശാവഹമാണ്. മലയാളത്തിലെ മുസ്‌ലിംകളും അല്ലാത്തവരുമായ എണ്ണപ്പെട്ട എഴുത്തുകാര്‍ മുസ്‌ലിം സാമൂഹിക പ്രശ്‌നങ്ങള്‍ നല്ല സാഹിത്യമായി ആവിഷ്‌ക്കരിച്ചിട്ടുണ്ട്. ദലിതരല്ലാത്ത മുതിര്‍ന്ന മലയാള എഴുത്തുകാര്‍ ദലിത് പ്രശ്‌നങ്ങള്‍ പണ്ടേ തന്നെ എഴുതിയതിനാലാണ് ഭാഷയില്‍ ഒരു ദലിത് സാഹിത്യ സരണി പ്രത്യേകമായി രൂപപ്പെടാതിരുന്നത് എന്ന് സച്ചിദാനന്ദന്‍ നിരീക്ഷിച്ചിട്ടുണ്ട്; എന്നാല്‍ പലവിധത്തില്‍ ശാക്തീകരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന നമ്മുടെ ദലിത് സമൂഹം സ്വന്തമായ സാഹിത്യവും കലകളും സൃഷ്ടിച്ച് കലഹിക്കുകയും പോരാടുകയും ചെയ്യുന്നുണ്ടിന്ന്. സാഹിത്യത്തെ ഗൗരവത്തില്‍ കാണുന്ന എഴുത്തുകാര്‍ ഏതെങ്കിലും ഒരു മതത്തിന്റെ വക്താക്കളാകാന്‍ ഇഷ്ടപ്പെടുന്നില്ല. പക്ഷേ, പൊതുസമൂഹം പലപ്പോഴും അവര്‍ക്ക് ലേബലുകള്‍ ഒട്ടിച്ചു കൊടുക്കുകയും അതിന്റെ പേരില്‍ അവരെ പുകഴ്ത്തുകയോ ഇകഴ്ത്തുകയോ ചെയ്യാറുമില്ലേ എന്ന സംശയം അസ്ഥാനത്തല്ല. താന്‍ മതവിശ്വാസിയോ ദൈവ വിശ്വാസിയോ അല്ല എന്ന് ഉറക്കെ പറഞ്ഞിട്ടും ഉമര്‍ ഖാലിദ് എന്ന ജെഎന്‍യു വിദ്യാര്‍ഥി മുസ്‌ലിം എന്ന് ബ്രാക്കറ്റു ചെയ്യപ്പെടുന്നതു പോലെയാണിത്!
മുസ്‌ലിം-ദലിത് വിഭാഗങ്ങളുടെ സ്വത്വം ഏതെങ്കിലും തരത്തില്‍ സര്‍ഗസൃഷ്ടി നടത്തുന്നത് തടസ്സമാവുന്നുണ്ടോ, ഉണ്ടെങ്കില്‍ പുതിയ കാലത്ത് അതിനെ ഏങ്ങനെയാണ് മറികടക്കാന്‍ കഴിയുന്നത്
മാമൂല്‍ മതങ്ങളുടെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട് ആര്‍ക്കും നല്ല സാഹിത്യം രചിക്കാന്‍ കഴിയില്ല. എഴുത്തുകാര്‍ക്ക് മതവിശ്വാസികള്‍ ആകണമെങ്കില്‍ ആകാം; സാഹിത്യത്തില്‍, പക്ഷേ, അവര്‍ വിഗ്രഹ ഭഞ്ജകരും നിയമ ലംഘകരും ആയേ തീരൂ.
പരമ്പരാഗത മത വീക്ഷണങ്ങള്‍ സര്‍ഗ-ധൈഷണിക രചനാശ്രമങ്ങളെ പിന്നോട്ടടിച്ചിട്ടുണ്ടോ, മതസംഘടനകള്‍ സര്‍ഗ സൃഷ്ടികളെ എങ്ങനെയാണ് നോക്കിക്കാണുന്നത്
വിധികളും വിലക്കുകളുമാണല്ലോ മതങ്ങളെ നിര്‍വ്വചിക്കുന്നത്; അവയുടെ ചട്ടക്കൂടില്‍ നിന്നുകൊണ്ട് സര്‍ഗാത്മക സാഹിത്യം രചിക്കുക ദുസ്സാധ്യമായിരിക്കും. ജീവിതത്തെക്കുറിച്ച്, ജീവിതം നോക്കി എഴുതുമ്പോള്‍ പവിത്രമായ ചില സങ്കല്പങ്ങളെ പോലും ചോദ്യം ചെയ്യുകയോ ലംഘിക്കുകയോ വേണ്ടി വന്നേക്കാം. നജീബ് കീലാനി, നജീബ് മഹ്ഫൂസ് എന്നിവര്‍ അറബി സാഹിത്യത്തിലെ രണ്ട് നജീബുമാരാണ്. ഭക്തനായ കീലാനിയുടെ സാഹിത്യം മഹ്ഫൂസിന്റേതിനേക്കാള്‍ ബഹുദൂരം പിന്നിലാണ്. പക്ഷേ, ഇവിടുത്തെ ചില ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക് സാഹിത്യാദി കലകള്‍ക്കു വേണ്ടി പ്രസിദ്ധീകരണങ്ങളും വേദികളുമൊക്കെയുണ്ട്. എന്നാല്‍, അവരില്‍ നിന്ന് എടുത്തു പറയാവുന്ന എത്ര കലാകാരന്മാര്‍ ഉയര്‍ന്നു വന്നിട്ടുണ്ട്? ഒരേ സമയം മതം അനുഷ്ഠിക്കുകയും ഉത്തമമായ കല സൃഷ്ടിക്കുകയും ചെയ്യുക എന്നത് സാധ്യമായിരിക്കാം-എത്രത്തോളം എന്നു ചോദിച്ചാല്‍ മിക്കവാറും അസാദ്ധ്യം എന്നു പറയാവുന്നേടത്തോളം!
വൈക്കം മുഹമ്മദ് ബഷീറും ടിവി കൊച്ചുബാവ തുടങ്ങിയവര്‍ വഴിതെളിച്ച പാത എവിടെയാണ് അവസാനിച്ച് പോയത്, കേരളത്തിലെ 27ശതമാനം വരുന്ന വിഭാഗത്തിന്റെ സാഹിത്യ-സാംസ്‌കാരിക ഇടപെടലുകള്‍ എങ്ങനെയാവണം എന്നാണ് താങ്കള്‍ കരുതുന്നത്
ബഷീറിന്റെ കഥാപാത്രങ്ങള്‍ കൂടുതലും മുസ്‌ലിം പേരുകാരായിരിക്കാം. എന്നാല്‍ അദ്ദേഹം എഴുതിയ കഥകള്‍ മുസ്‌ലിം അല്ലാത്ത സമൂഹങ്ങളിലും നടക്കാവുന്നവയാണ്. മുസ്‌ലിം സാമൂഹിക, മത പരിഷ്‌ക്കരണ ലക്ഷ്യം വച്ചുകൊണ്ട് ബഷീര്‍ ഒരു കഥയേ എഴുതിയിട്ടുള്ളു--ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്! മുസ്‌ലിംകളായ മലയാള സാഹിത്യകാരന്മാര്‍ കൊച്ചുബാവയോടുകൂടി നിര്‍ജ്ജീവമായിപ്പോയിട്ടൊന്നുമില്ല. ഷീബ ഇ കെ യും മറ്റും നല്ല കഥകള്‍ എഴുതുന്നുണ്ട്. പക്ഷേ, മുസ്‌ലിം മത-സാമൂഹിക ജീവിതത്തെ വലിച്ചു കീറുകയോ അപഹസിക്കുകയോ ചെയ്യുന്ന എഴുത്തുകാര്‍ക്ക് ഒരു പ്രത്യേക സ്വീകാര്യത എങ്ങനെയോ കിട്ടുന്നുണ്ട് എന്നും പറയണം.
സര്‍ഗ്ഗരചനയ്ക്കപ്പുറം മതവൈജ്ഞാനിക രംഗത്ത് ഏറെ സംഭാവന ചെയ്ത വക്കം മൗലവിയുടെ ചിന്തകള്‍ക്ക് എന്തുകൊണ്ടാണ് തുടര്‍ച്ചയുണ്ടാകാതെ പോയത്, അദ്ദേഹത്തെക്കുറിച്ചും ആ കാലത്തെ മാറ്റങ്ങളെക്കുറിച്ചും ഗൗരവമുള്ള പഠനങ്ങളുണ്ടാകേണ്ടതല്ലേ
വക്കം എം മുഹമ്മദ് അബ്ദുല്‍ ഖാദിര്‍ മൗലവിയുടെ പരിഷ്‌ക്കരണ യത്‌നങ്ങള്‍ ബഹുതല സ്പര്‍ശിയായിരുന്നു. അദ്ദേഹത്തിന്റെ ഇസ്‌ലാംമത പരിഷ്‌ക്കരണ ശ്രമങ്ങള്‍ ബഹുഭൂരിപക്ഷം വരുന്ന യാഥാസ്ഥിതിക വിഭാഗത്തെ ചൊടിപ്പിച്ചു. അവര്‍ മൗലവിക്കും അദ്ദേഹത്തിന്റെ പ്രസ്ഥാനത്തിനും എതിരെ അഴിച്ചുവിട്ട കുപ്രചരണം വിജയിച്ചുവെങ്കില്‍ അത് ഇസ്‌ലാമിനെ ബൂദ്ധിപരമായി മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും മുസ് ലിം കള്‍ക്കുള്ള വൈമുഖ്യവും കൊണ്ടു കൂടിയാണ്. വക്കം മൗലവിയുടെ വിദ്യാഭ്യാസ പരിഷ്‌ക്കരണ ശ്രമങ്ങളുടെ ഗുണഫലങ്ങള്‍ പറ്റിയവരാകട്ടെ തീര്‍ത്തും നന്ദികെട്ടവരുമായിപ്പോയി.
കേരളീയ മുസ്‌ലിം പശ്ചാത്തലത്തില്‍ ഇനിയും ഗവേഷണപഠനങ്ങള്‍ നടക്കാത്ത സാഹിത്യവൈജ്ഞാനിക മേഖലകള്‍ ഏതെല്ലാമാണ്, മതപഠന മേഖല സമ്പന്നമാവുന്നതിനൊപ്പം ധൈഷണിക മേഖലയില്‍ ഏങ്ങനെയാണ് മുന്നേറ്റമുണ്ടാകാന്‍ കഴിയുക
കേരള മുസ്‌ലിം നവോത്ഥാന നായകരുടെ ജീവിതത്തെയും സംഭാവനകളെയും കുറിച്ച് വിമര്‍ശനാത്മകവും ഉള്‍ക്കാഴ്ച നല്കുന്നതുമായ ഗവേഷണ പഠനങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. യാഥാസ്ഥിതിക മതപരിസരങ്ങളെ വിമര്‍ശ വിധേയമാക്കിക്കൊണ്ടല്ലാതെ മത വൈജ്ഞാനിക രംഗത്ത് മുന്നേറാനാവില്ല.
ക്ഷമാപണ ശൈലിയിലല്ലാതെ, മതേതര സമൂഹത്തില്‍ മുസ്‌ലിം ഐഡന്റിറ്റി ഉയര്‍ത്തിപ്പിടിച്ച് എങ്ങനെ ധൈഷണിക-സര്‍ഗസൃഷ്ടി നടത്താമെന്നാണ് താങ്കള്‍ കരുതുന്നത്
ക്ഷമാപണപൂര്‍വ്വമല്ലാതെ വൈജ്ഞാനിക, ചിന്താ മണ്ഡലങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള മഹാരഥന്മാര്‍ ഇസ്‌ലാം ചരിത്രത്തിലുണ്ട്. അവര്‍ക്കാര്‍ക്കും പക്ഷേ, മുസ്‌ലിം പൊതുമണ്ഡലത്തിലോ ജീവിതത്തിലോ ഒരു സ്ഥാനവുമില്ലെന്നോര്‍ക്കുക. വൈജ്ഞാനിക, ഗവേഷണ, പഠന രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ വരും വരായ്കകളെ കുറിച്ച് ചിന്തിക്കാതെ മുന്നേറുക, അത്ര മാത്രം.
പുതിയ ഇന്ത്യന്‍ സാഹചര്യത്തില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ ധാരാളം കുപ്രചാരണങ്ങളെ നേരിടേണ്ടിവരുന്നുണ്ട്. പ്രത്യേകിച്ച് അവരുടെ ചരിത്രത്തെ തന്നെ തുടച്ചുനീക്കാനോ, അപ്രസക്തമാക്കാനോ ശ്രമിക്കുന്ന സാഹചര്യത്തില്‍. ഈ വെല്ലുവിളികളെ മുസ്‌ലിം സമൂഹം എങ്ങനെയാണ് ധൈഷണികമായി മറികടക്കേണ്ടത്
മുസ്‌ലിംകള്‍ ഇവിടെ ചരിത്രപരവും സാമൂഹികവുമായ വെല്ലുവിളികള്‍ നേരിടുമ്പോഴൊക്കെ അവയെ ശരിയായ വീക്ഷണ കോണില്‍ നിന്ന് നേരിടാന്‍ നമ്മുടെ സെക്കുലര്‍ പണ്ഡിതന്മാരാണ് എപ്പോഴും മുന്നില്‍ നില്ക്കാറുള്ളതെന്നോര്‍ക്കുക. മുസ്‌ലിംകള്‍ അവരുടെ പ്രാഥമിക ഉറവിടങ്ങളില്‍ നിന്നും ഉള്‍ക്കൊള്ളുന്ന അറിവിന്റെയും ചരിത്രസാക്ഷ്യങ്ങളുടെയും വെളിച്ചത്തില്‍ സെക്കുലര്‍ പണ്ഡിതന്മാരുടെ നിലപാടുകളോട് ചേര്‍ന്ന് ശക്തമായ ഒരു പ്രതിരോധനിര തീര്‍ക്കുന്നതാകും നല്ലതെന്ന് തോന്നുന്നു.
(കെ എം അജീര്‍കുട്ടി. ഇംഗ്‌ളീഷിലും മലയാളത്തിലും രചനകള്‍ നിര്‍വ്വഹിക്കുന്ന എഴുത്തുകാരന്‍. കളഞ്ഞുകിട്ടുന്ന വസ്തുക്കള്‍ എന്ന കവിതാ സമാഹാരമടക്കം ഇരുപതോളം കൃതികളുടെ കര്‍ത്താവ്. പ്രമുഖരായ പല മലയാളം എഴുത്തുകാരെയും ഇംഗ്‌ളീഷിലേക്ക് മൊഴിമാറ്റിയിട്ടുണ്ട്. മലയാള മാപ്പിള സാഹിത്യം ഇംഗ്ലീഷില്‍ തര്‍ജ്ജമ ചെയ്തു പുറം ലോകത്തിന് പരിചയപ്പെടുത്തി. 2009-ല്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ വിവര്‍ത്തന പുരസ്‌കാരം നേടി.)