ഫോക്കസ് ഏരിയക്ക് പുറത്ത് നിന്ന് ചോദ്യങ്ങള്‍; മലബാറിലെ വിദ്യാര്‍ഥികളെ പ്രതികൂലമായി ബാധിക്കുമെന്ന് ഡോ. പിവി മുഹമ്മദ് കുട്ടി
പരീക്ഷ അടുത്ത ഘട്ടത്തില്‍ ഫോക്കസ് ഏരിയ്ക്ക് പുറത്ത് നിന്ന് 30 ശതമാനം ചോദ്യങ്ങളുണ്ടാകും എന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രഖ്യാപനം മലബാര്‍ മേഖലയിലെ വിദ്യാര്‍ഥികളെ പ്രതികൂലമായി ബാധിക്കുമെന്ന് മലബാര്‍ എഡ്യൂക്കേഷന്‍ മൂവ്‌മെന്റ് പഠന ഗവേഷണ വിഭാഗം മേധാവി ഡോ. പിവി മുഹമ്മദ് കുട്ടി. എ പ്ലസ് നേടിയ കുട്ടികളുടെ എണ്ണം വര്‍ധിച്ചതുകൊണ്ട് പ്ലസ് വണ്ണിന് സീറ്റ് നല്‍കാന്‍ പ്രതിസന്ധിയുണ്ടാവുന്നു എന്ന കാരണം പറഞ്ഞതാണ് സര്‍ക്കാര്‍ ഇങ്ങനെയൊരു തീരുമാനമെടുത്തത്. ഇരുനൂറ് ദിവസം കൊണ്ട് പഠിക്കേണ്ട കാര്യങ്ങള്‍ പകുതിയില്‍ താഴെ മാത്രം ദിവസങ്ങള്‍കൊണ്ട് പഠിച്ചു തീര്‍ക്കേണ്ട അവസ്ഥ കുട്ടികള്‍ക്കു മുമ്പില്‍ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ടെന്നും അദ്ദേഹം തേജസ് ന്യൂസ് പ്രതിനിധിയുമായി നടത്തിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.
ഫോക്കസ് ഏരിയയെ സംബന്ധിച്ചും മലബാറില്‍ പുതിയ പ്ലസ് വണ്‍ ബാച്ചുകള്‍ അനുവദിക്കേണ്ട ആവശ്യകതയെക്കുറിച്ചും അദ്ദേഹം അഭിമുഖത്തില്‍ വിശദീകരിക്കുന്നു.
അഭിമുഖത്തിന്റെ പൂര്‍ണ രൂപം
30 ശതമാനം ചോദ്യങ്ങള്‍ ഫോക്കസ് ഏരിയക്ക് പുറത്ത് നിന്നാണെന്നും പാഠപുസ്തകത്തിന്റെ എല്ലാ ഭാഗത്ത് നിന്നും ചോദ്യങ്ങളുണ്ടാവുമെന്നും മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചിരുന്നു. ഇത് എസ്എസ്എല്‍സി വിദ്യാര്‍ഥികളെ എങ്ങനെയാണ് ബാധിക്കുന്നത്
കഴിഞ്ഞ വര്‍ഷം 40% പാഠഭാഗങ്ങള്‍ മാത്രമായിരുന്നു ഫോക്കസ് ഏരിയയില്‍ ഉണ്ടായിരുന്നത് പൊതു പരീക്ഷക്ക് ഇരട്ടി മാര്‍ക്കിന്റെ ഓപ്ഷന്‍സും ഉണ്ടായിരുന്നു. ഈ വര്‍ഷം ഫോക്കസ് ഏരിയ 60% ആയി ഉയര്‍ത്തി, മാത്രമല്ല 70% ചോദ്യങ്ങള്‍ മാത്രമേ ഫോക്കസ് ഏരിയയില്‍ നിന്നും ഉണ്ടാവുകയുള്ളൂ. ഇതോടെ ഫോക്കസ് ഏരിയ മാത്രം പഠിച്ച് മുഴുവന്‍ മാര്‍ക്ക് വാങ്ങാനുള്ള സാധ്യത പൂര്‍ണമായും ഇല്ലാതായി.
ഫോക്കസ് ഏരിയയുടെ കാര്യത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മാറ്റം വരുത്തുമ്പോള്‍ സ്‌കൂള്‍ തുറക്കുന്നതിന് മുമ്പല്ലെങ്കില്‍ തുറന്ന ഉടനെ എങ്കിലും കൃത്യമായ തീരുമാനം പ്രഖ്യാപിക്കാമായിരുന്നു. ഡിസംബര്‍ അവസാനം വന്ന പുതിയ തീരുമാനം കഴിഞ്ഞ വര്‍ഷത്തെ പാറ്റേണ്‍ പ്രതീക്ഷിച്ച അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വലിയ മാനസിക സമ്മര്‍ദ്ദമുണ്ടാക്കുന്ന വിധമായിപ്പോയി.
ഇരുനൂറ് ദിവസം കൊണ്ട് പഠിക്കേണ്ട കാര്യങ്ങള്‍ പകുതിയില്‍ താഴെ മാത്രം ദിവസങ്ങള്‍ കൊണ്ട് പഠിച്ചു തീര്‍ക്കേണ്ട അവസ്ഥ കുട്ടികള്‍ക്കു മുമ്പില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. കുട്ടികള്‍ ഫോക്കസ് ഏരിയ മുഴുവന്‍ പഠിച്ചാലും 80ല്‍ 56 മാര്‍ക്ക് മാത്രമേ നേടാനാവൂ. തല്‍ഫലമായി മിടുക്കരായ കുട്ടികള്‍ക്ക് പോലും ഉയര്‍ന്ന മാര്‍ക്ക് വാങ്ങി ജയിക്കാനുള്ള സാധ്യതയെ പുതിയ സംവിധാനം ഇല്ലാതാക്കാന്‍ ഇടയുണ്ട്.
കൊവിഡ് പ്രതിസന്ധികാലത്ത്, അക്കാദമിക് ഇയറിന്റെ അവസാനം ഫോക്കസ് ഏരിയ ഒഴിവാക്കുന്നതിന് പിന്നില്‍ എന്താണ് കാരണം
കൃത്യമായ കാരണം എന്താണെന്നത് വ്യക്തമല്ല. കുട്ടികളുടെ മൊത്തത്തിലുള്ള മാര്‍ക്ക് നേട്ടത്തില്‍ വലിയ ഇടിവ് സംഭവിക്കും എന്നത് ഉറപ്പാണ്. ഇത് മലബാര്‍ മേഖലയില്‍ പ്രത്യേകമായ പ്രത്യാഘാതം സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്.
മലബാര്‍ മേഖലയിലെ വിദ്യാര്‍ഥികളുടെ ഉയരുന്ന വിജയശതമാനം ഏതെങ്കിലും തരത്തില്‍ ഫോക്കസ് ഏരിയ ഇല്ലാതാക്കാന്‍ കാരണമായിട്ടുണ്ടോ
മലബാര്‍ മേഖലയില്‍ മറ്റ് മേഖലകളെ അപേക്ഷിച്ച് കൂടുതല്‍ വിജയശതമാനം ഒന്നുമില്ല എന്നാണ് മനസിലാക്കാന്‍ സാധിക്കുന്നത്. നേരിയ തോതിലെങ്കിലും മലബാര്‍ മേഖല പിന്നാക്കമാണ്. എന്നാല്‍ ഈ പിന്നാക്കാവസ്ഥ ഓരോ വര്‍ഷവും കുറഞ്ഞു കുറഞ്ഞു വരുന്നുണ്ട്. വിജയശതമാനം കുറക്കുക അല്ലെങ്കില്‍ ഉയര്‍ന്ന മാര്‍ക്കുകാരുടെ എണ്ണം കുറക്കുക എന്ന ഉദ്ദേശ്യം ഈ പുതിയ തീരുമാനത്തിന് പിന്നില്‍ ഉണ്ടാവാന്‍ സാധ്യതയില്ല. കാരണം, പൊതുവെ വിദ്യാര്‍ത്ഥി സൗഹൃദ നിലപാടുകളാണ് സര്‍ക്കാറില്‍ നിന്നുണ്ടാവാറുള്ളത്. ദൗര്‍ഭാഗ്യവശാല്‍, പുതിയ തീരുമാനത്തിന്റെ അനന്തരഫലമായി വിജയ ശതമാനം, ഉയര്‍ന്ന മാര്‍ക്കുള്ള കുട്ടികളുടെ എണ്ണം എന്നിവ കുറയും എന്നതും സത്യമാണ്.
അങ്ങനെ സംഭവിക്കുമ്പോള്‍ മലബാര്‍ മേഖലയിലെ കുട്ടികളെ ഇത് ദോഷകരമായി ബാധിക്കും എന്നുറപ്പാണ്.
ഇതിന് കാരണം ശ്രദ്ധിക്കേണ്ടതാണ്. പത്താം ക്ലാസ് വിജയിച്ചവരുടെ എണ്ണത്തിന് ആനുപാതികമായി പ്ലസ് വണ്‍ സീറ്റ് മലബാറിലെ ഒരു ജില്ലയിലുമില്ല. കാലങ്ങളായി ഇത് തുടരുന്നു. ഈ വിഷയത്തില്‍ മലബാര്‍ എസ്യുക്കേഷന്‍ മൂവ്‌മെന്റ് കഴിഞ്ഞ വര്‍ഷം പഠനം നടത്തുകയും പത്താം ക്ലാസ് പരീക്ഷാഫലം വന്നയുടനെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയുടെ ആഴം കൃത്യമായ കണക്കുകളുടെ അടിസ്ഥാനത്തില്‍ പുറത്തുവിടുകയും ചെയ്തു. എന്നാല്‍ പ്ലസ് വണ്‍ പ്രവേശനം മാസങ്ങളോളം നീളുകയും, ക്ലാസുകള്‍ തുടങ്ങിയ ശേഷവും മുഴുവന്‍ വിഷയത്തിലും എ പ്ലസ് ഗ്രേഡ് നേടിയ കുട്ടികള്‍ പോലും മലബാറില്‍ പുറത്തിരിക്കേണ്ട അവസ്ഥയുണ്ടാവുകയും ചെയ്തു. ഇത് തന്നെയാണ് ഈ വര്‍ഷവും നടക്കാന്‍ പോകുന്നതെന്ന് ഉറപ്പാണ്. മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയവര്‍ പുറത്തിരിക്കേണ്ടി വന്നത് വലിയ പ്രയാസമാണ് സൃഷ്ടിച്ചത്. അതിനാല്‍ തന്നെ, ഒരൊറ്റ ഹയര്‍സെക്കണ്ടറി ബാച്ചും ഈ വര്‍ഷം അനുവദിക്കില്ല എന്ന തീരുമാനം മാറ്റി എണ്‍പതോളം ബാച്ചുകള്‍ താല്‍ക്കാലികമായെങ്കിലും അനുവദിക്കേണ്ടി വന്നു. ഈ വരുന്ന പത്താം ക്ലാസ് പരീക്ഷക്ക് ഫുള്‍ എ പ്ലസ്‌കാരുടെ എണ്ണം കുറയുമ്പോള്‍ മിടുക്കര്‍ക്ക് പോലും ഉയര്‍ന്ന ഗ്രേഡ് അപ്രാപ്യമാവും. പ്ലസ് വണ്‍ പ്രവേശനം കിട്ടാതിരിക്കുകയും അതിന്റെ അപമാനവും കൂടി താങ്ങേണ്ട അവസ്ഥയുണ്ടാവുകയും ചെയ്യും. ഇത് മലബാറിലെ കുട്ടികള്‍ മാത്രം അനുഭവിക്കാന്‍ പോകുന്ന പ്രതിസന്ധിയാണ്. ജനാധിപത്യപരമായ ഒരു സമ്മര്‍ദ്ദം ചെലുത്താന്‍ പോലും അശക്തരാവുന്ന തരത്തില്‍ കുറ്റം മുഴുവന്‍ കുട്ടികളുടെ മേല്‍ വന്നുചേരും എന്നതാണ് എന്നെ ഭയപ്പെടുത്തുന്നത്.
അടുത്ത അക്കാദമിക് ഇയറില്‍ മലബാറില്‍ എത്ര പ്ലസ് വണ്‍ ബാച്ചാണ് വേണ്ടത്, നിലവിലുള്ള ബാച്ചുകള്‍ എത്രയാണ്
പത്താം ക്ലാസിന് ശേഷം ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പ്ലസ് വണ്‍, ഐടിഐ, പോളിടെക്‌നിക് കോളജ് തുടങ്ങിയ സാധ്യതകളാണ് കുട്ടികളുടെ മുമ്പിലുള്ളത്. ഇതിലേതെങ്കിലും ഒന്നില്‍ എല്ലാ കുട്ടികള്‍ക്കും അവസരം ലഭിക്കേണ്ടതുണ്ട്. പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കഴിഞ്ഞ വര്‍ഷത്തെ കണക്ക് പ്രകാരം, പത്താം ക്ലാസ് പാസാകുന്ന കുട്ടികളുടെ എണ്ണത്തേക്കാള്‍ കൂടുതല്‍ ഉപരിപഠന സീറ്റുകള്‍ ഏഴ് തെക്കന്‍ ജില്ലകളിലും ലഭ്യമാവുമ്പോള്‍ മലബാറിലെ ഒരു ജില്ലയില്‍ പോലും ആവശ്യത്തിന് സീറ്റില്ല. കഴിഞ്ഞ വര്‍ഷം മലബാറില്‍ 58668 സീറ്റുകളുടെ കുറവാണുണ്ടായിരുന്നത്. ഏഴ് തെക്കന്‍ ജില്ലകളിലായി 19493 സീറ്റുകള്‍ ഒഴിഞ്ഞ് കിടക്കുകയാണ്. അതായത് 390 പ്ലസ് വണ്‍ ബാച്ചുകള്‍ക്ക് തത്തുല്യമായ സീറ്റുകള്‍ തെക്കന്‍ മേഖലയില്‍ ഒഴിഞ്ഞു കിടക്കുമ്പോള്‍ മലബാര്‍ മേഖലയില്‍ 1174 ബാച്ചുകള്‍ ആവശ്യമാണ്. ഈ അനീതി വരുന്ന വര്‍ഷം തുടരുമെന്നാണ് ഞാന്‍ ഭയക്കുന്നത്.
പ്ലസ് വണ്‍ സ്ഥിര ബാച്ചുകള്‍ ആരംഭിക്കുന്നതില്‍ സര്‍ക്കാരുകള്‍ എന്തുകൊണ്ടാണ് അലംഭാവം കാണിക്കുന്നത്. പ്ലസ് വണ്‍ ബാച്ചുകള്‍ ആരംഭിക്കുന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി രാഷ്ട്രീയമായ പ്രക്ഷോഭം ഒരു അനിവാര്യതയല്ലേ.
സാമ്പത്തിക ബാധ്യതയൊഴിച്ച് മറ്റെന്തെങ്കിലും കാരണം ഇതിന് പറയാനില്ല. എന്നാല്‍ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിന് ഈ കാരണം പറയാന്‍ പാടുണ്ടോ? നാട്ടില്‍ ആവശ്യത്തിന് ജോലിയില്ല. വിദ്യാഭ്യാസം നേടി അന്യ നാടുകളില്‍ പോയി ജോലി ചെയ്തു നാട്ടിലേക്ക് പണമയച്ചാല്‍ നമുക്ക് തന്നെയല്ലേ അതിന്റെ ഗുണം? വിദ്യാഭ്യാസം നല്‍കുന്നതിന് മാത്രം എങ്ങനെയാണ് ഈ കാരണം പൊങ്ങി വരുന്നത്! മറ്റേത് പ്രശ്‌നത്തിലുമെന്ന പോലെ രാഷ്ട്രീയ നേതൃത്വം തന്നെയാണ് ഈ വിഷയത്തിലും പരിഹാരം കാണാന്‍ ശ്രമിക്കേണ്ടത്. പലരും കാര്യത്തിന്റെ ഗൗരവം വേണ്ടത്ര നാം ഉള്‍ക്കൊണ്ടിട്ടില്ല.
സ്‌കൂളുകളില്‍ അഡ്മിഷന്‍ ലഭിക്കാതെ ഓപണ്‍ സ്‌കൂളുകളെ ആശ്രയിക്കുന്ന കുട്ടികളുടെ ഭാവി എങ്ങനെയാണ്
പലതരം കാരണങ്ങള്‍ കൊണ്ട് പഠനം തുടരാനാവാതെ ജോലിക്കും മറ്റും പോകേണ്ടി വന്ന ഡ്രോപ്പ് ഔട്ട് വിഭാഗത്തില്‍ പെടുന്ന ആളുകള്‍ക്കുള്ള സംവിധാനമാണ് യഥാര്‍ഥത്തില്‍ ഓപണ്‍ സ്‌കൂള്‍. എന്നാല്‍ നമ്മുടെ നാട്ടിലിത് സ്‌കൂളില്‍ സീറ്റില്ലാത്തത് കൊണ്ട് മാത്രം പ്രവേശനം കിട്ടാത്ത മലബാറിലെ കുട്ടികള്‍ക്ക് ഹയര്‍ സെക്കണ്ടറി പഠിക്കാനുള്ള സംവിധാനമാണ്. ഓപ്പണ്‍ സ്‌കൂള്‍ സംവിധാനത്തില്‍ പ്ലസ് വണ്‍ കോഴ്‌സ് ചെയ്യുന്ന 77% കുട്ടികളും മലബാറില്‍ നിന്നുള്ളവരാണ്. ഈ സംവിധാനത്തില്‍ സ്വന്തമായി പഠിച്ച് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ഗ്രേഡ് വാങ്ങുന്നവരില്‍ 80% പേരും മലബാറില്‍ നിന്നുള്ളവരാണ്. ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും ശരിയായി വിദ്യാഭ്യാസം നടത്താന്‍ സാധിക്കാതെ പഠനം അവസാനിപ്പിക്കേണ്ടി വരികയാണ്. യഥാര്‍ത്ഥത്തില്‍ ഡ്രോപ് ഔട്ടുകളെ നാം സൃഷ്ടിക്കുകയല്ലേ?
മലബാര്‍ മേഖലയിലെ പൊതുവിദ്യാലയങ്ങള്‍ മറ്റു മേഖലയിലെ വിദ്യാലയങ്ങളുമായി തട്ടിച്ച് നോക്കുമ്പോള്‍, അടിസ്ഥാന സൗകര്യങ്ങളിലുള്‍പ്പെടെ ഏറെ പിന്നാക്കമാണെന്ന് കാണാം. എന്താണ് ഈ പിന്നാക്കാവസ്ഥയ്ക്ക് കാരണം
സംസ്ഥാനത്തെ മൊത്തത്തില്‍ നിയന്ത്രിക്കുന്ന എല്ലാത്തരം അധികാര കേന്ദ്രങ്ങളും തെക്കന്‍ മേഖലയില്‍ മാത്രമായത് കൊണ്ട് മലബാര്‍ മേഖലക്കാര്‍ വളരെ ചെറിയ കാര്യങ്ങള്‍ക്ക് പോലും കേരളമെന്ന നീളന്‍ സംസ്ഥാനത്തിന്റെ തെക്കേ അറ്റത്തേക്ക് സഞ്ചരിക്കേണ്ട അവസ്ഥയാണ്. വിലയേറിയ സമയം ഫലമുണ്ടാവുമോ എന്നുറപ്പില്ലാത്ത ഒരു യാത്രക്ക് വേണ്ടി ചെലവഴിക്കാന്‍ എത്ര പേര്‍ തയ്യാറാവും? നേരത്തെ തന്നെ പിന്നാക്കം നില്‍ക്കുന്ന മലബാറിലെ ജനങ്ങള്‍ ശക്തമായ ശാക്തീകരണപ്രവര്‍ത്തനങ്ങള്‍ നടത്തിയില്ലെങ്കില്‍ ഇനിയും പിന്നാക്കമായി തന്നെ തുടരേണ്ടിവരും. വിദ്യാഭ്യാസ മേഖലയിലെ അന്തരത്തിന്റെ ഒരുദാഹരണം നോക്കൂ. മലപ്പുറത്തെ ഒരു സ്‌കൂളില്‍ 2075 കുട്ടികള്‍ ഇക്കഴിഞ്ഞ പ്രാവശ്യം പത്താം ക്ലാസ് പാസായി. അതേസമയം 33 സ്‌കൂളുകളുള്ള കുട്ടനാട് വിദ്യാഭ്യാസ ജില്ലയില്‍ ഒട്ടാകെ 2042 പേര്‍ മാത്രമാണ് പത്താം ക്ലാസ് പൂര്‍ത്തിയാക്കിയത്. കുട്ടികളുടെ എണ്ണത്തിനനുസരിച്ചാണ് വിദ്യാഭ്യാസ ജില്ലകള്‍ രൂപീകരിക്കേണ്ടത്. ആലപ്പുഴയിലെയും പത്തനംതിട്ടയിലെയും കണക്ക് നോക്കിയാല്‍ മലപ്പുറത്ത് പത്തൊന്‍പത് വിദ്യാഭ്യാസ ജില്ലകള്‍ വേണം. എന്നാല്‍ ആകെ നാലെണ്ണമാണ് അവിടെയുള്ളത്. അവകാശങ്ങള്‍ നേടിയെടുക്കുന്നതില്‍ മലബാറുകാര്‍ വളരെ പിറകിലാണ്.
മേഖലയിലെ സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താന്‍ എന്തൊക്കെയാണ് വേണ്ടത്, ഇക്കാര്യത്തില്‍ രാഷ്ട്രീയ സാമൂഹ്യസാംസ്‌കാരിക പ്രവര്‍ത്തകരും ശ്രദ്ധിക്കേണ്ടതല്ലേ
വിദ്യാഭ്യാസ മേഖലയിലും സ്ഥാപനങ്ങളിലും തുടര്‍ച്ചയായ മുന്നേറ്റം ഉണ്ടായിക്കൊണ്ടേയിരിക്കണം. പ്രത്യേകിച്ച് ഭൗതിക സാഹചര്യങ്ങള്‍. മലബാറിലെ പല സ്‌കൂളുകളിലും ഒരു ഹയര്‍ സെക്കണ്ടറി ക്ലാസില്‍ അറുപത്തഞ്ച് മുതല്‍ എഴുപത്തഞ്ച് വരെ കുട്ടികള്‍ പഠിക്കുമ്പോള്‍ തെക്കന്‍ ജില്ലകളില്‍ പത്തും ഇരുപതും കുട്ടികള്‍ മാത്രം പഠിക്കുന്ന സ്‌കൂളുകള്‍ നിരവധിയാണ്. അവിടെയുള്ള ജനങ്ങള്‍ കക്ഷി രാഷ്ട്രീയ ഭേദമന്യേ ഒറ്റക്കെട്ടായി കാര്യങ്ങള്‍ നേടിയെടുക്കുന്നത് കൊണ്ടാണ് ഈ വ്യത്യാസം. വിദ്യാഭ്യാസ പുരോഗതി മലബാറിലെ സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക സംഘടനകളുടെ സ്ഥിരം അജണ്ടയില്‍ ഇത് വരെ വന്നിട്ടില്ല. താല്‍ക്കാലിക അജണ്ടകളില്‍ ഒതുങ്ങി നില്‍ക്കുന്നത് കൊണ്ടാണ് ന്യായമായ വിദ്യാഭ്യാസ അവകാശങ്ങള്‍ നേടിയെടുക്കാന്‍ പോലും മലബാറുകാര്‍ക്ക് സാധിക്കാത്തത്.
(അധ്യാപകനായ ഡോ.പിവി മുഹമ്മദ് കുട്ടി, ഭൗതിക ശാസ്ത്രത്തില്‍ എംഫില്ലും പിഎച്ച്ഡിയും നേടിയിട്ടുണ്ട്. മലബാര്‍ എഡ്യുക്കേഷന്‍ മൂവ്‌മെന്റിന്റെ മുന്‍ ജനറല്‍ സെക്രട്ടറിയും നിലവില്‍ പഠന ഗവേഷണ വിഭാഗം മേധാവിയുമാണ്)