ലൈറ്റണയ്ക്കാനുള്ള ആഹ്വാനം പിന്‍വലിക്കണം; പ്രധാനമന്ത്രിക്ക് എളമരം കരീം എംപിയുടെ കത്ത്
ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഞായറാഴ്ച രാത്രി ഒമ്പതിനു ഒമ്പതു മിനുട്ട് ലൈറ്റുകള്‍ അണയ്ക്കാനുള്ള ആഹ്വാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് എളമരം കരീം എംപി കത്തുനല്‍കി. ആഹ്വാനം നടപ്പായാല്‍ രാജ്യത്തിന്റെ വൈദ്യുതി വിതരണ സംവിധാനമായ ദേശീയ ഗ്രിഡ് പ്രതിസന്ധിയിലാവും. ലോക്ക് ഡൗണിന്റെ സാഹചര്യത്തില്‍ ഗ്രിഡില്‍നിന്നുള്ള 30 ശതമാനം വരെ ഊര്‍ജം വീടുകളില്‍ ഉപയോഗിക്കുന്നുണ്ട്. വീടുകളിലെ ലൈറ്റുകള്‍ ഒരേസമയം കൂട്ടത്തോടെ അണയ്ക്കുന്നത് സംവിധാനത്തിന്റെ താളം തെറ്റിക്കും. 2012 ജൂലൈയിലുണ്ടായപോലെ രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും ഇരുട്ടിലാവും.ഗ്രിഡിന്റെ പ്രവര്‍ത്തനം സാധാരണനിലയില്‍ എത്തിക്കാന്‍ രണ്ടുമൂന്ന് ദിവസം വേണ്ടിവരും. ജനങ്ങള്‍ വീടുകളില്‍ തുടരുകയാണെന്ന സാഹചര്യവും പരിഗണിക്കണം. കൊവിഡിനെതിരായ പ്രവര്‍ത്തനത്തിന്റെ നിര്‍ണായകഘട്ടത്തില്‍ വൈദ്യുതി നിലയ്ക്കുന്നത് വന്‍ തിരിച്ചടിയാവുമെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.