ഡല്‍ഹിയിലെ മലയാളി നഴ്‌സ്മാര്‍ക്ക് ക്വാറന്റൈനിനു കേരളാ ഹൗസ് അനുവദിക്കണം: ബെന്നി ബഹനാന്‍ എംപി

Update: 2020-04-22 14:36 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ആശുപത്രികളിലുള്ള മലയാളി നഴ്‌സുമാര്‍ക്ക് ക്വാറന്റൈനിനു വേണ്ടി കേരളാ ഹൗസ് അനുവദിക്കണമെന്നു ബെന്നി ബഹനാന്‍ എംപി ആവശ്യപ്പെട്ടു. ഡല്‍ഹിയില്‍ ജോലിചെയ്തു വരുന്ന നഴ്‌സുമാരും മറ്റ് ആരോഗ്യ പ്രവര്‍ത്തകരും കൊവിഡ് 19 ചികില്‍സയുമായി ബന്ധപ്പെട്ട് നേരിടുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ഇന്ത്യന്‍ പ്രൊഫഷനല്‍ നഴ്‌സസ് അസോസിയേഷന്‍ സമര്‍പ്പിച്ച നിവേദനം കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയില്‍പ്പെടുത്തി. ലോകാരോഗ്യ സംഘടനയുടെ കൊവിഡ് മാര്‍ഗ നിര്‍ദേശ പ്രകാരം കൊവിഡ് രോഗികളുടെ പരിചരണത്തിലേര്‍പ്പടുന്ന ആരോഗ്യ പ്രവത്തകര്‍ 14 ദിവസത്തില്‍ കുറയാത്ത കാലയളവില്‍ നിര്‍ബന്ധമായും ക്വാറന്റൈനില്‍ കഴിയേണ്ടതാണ്. ഡല്‍ഹിയില്‍ കുടുംബത്തോടൊപ്പം താമസിക്കുന്നതിനാല്‍ ക്വാറന്റൈന്‍ കാലയളവില്‍ സമ്പര്‍ക്കം ഒഴിവാക്കാന്‍ കേരളത്തില്‍ നിന്നുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കേരള ഹൗസ് അനുവദിക്കണമെന്നാണ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്. ലോക്ക് ഡൗണ്‍ നിലവിലുള്ളതിനാല്‍ വിവിധ ആശുപത്രികളില്‍ ഡ്യൂട്ടിക്ക് ഹാജരാവുന്നതിനും താമസ സ്ഥലത്ത് തിരികെയെത്താനും വാഹനം, ഭക്ഷണ സൗകര്യം എന്നിവ ആരോഗ്യ പ്രവര്‍ത്തകര്‍ക്കു ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


Tags:    

Similar News