അധിനിവേശമാണ് ഭീകരര്‍, ചെറുക്കുന്നവരല്ല

Update: 2023-10-27 09:40 GMT

(ഹമാസ് പ്രസിഡന്റ് ഇസ്മായില്‍ ഹനിയ്യ ഇന്നലെ രാത്രി പുറത്തുവിട്ട അഭ്യര്‍ഥനയുടെ ചുരുക്കം)


തൂഫാന്‍ അല്‍അഖ്‌സ പോരാട്ടം 20 ദിവസം പിന്നിടുമ്പോള്‍ അധിനിവേശത്തിന്റെ അതിക്രൂരമായ ബോംബാക്രമണ ഫലമായി ഇതുവരെ 7000ലധികം ഫലസ്തീനികള്‍ രക്തസാക്ഷികളായി. ഭൂരിഭാഗവും സ്ത്രീകളും കുട്ടികളും. 15000നു മുകളില്‍ മുറിവേറ്റവരും കാണാതായവരും. ഗസയിലെ ജനതയില്‍ ഏകദേശം 15 ലക്ഷത്തോളം പേര്‍ വീടുകള്‍ വിട്ട് ഗസയില്‍ തന്നെ മറ്റിടങ്ങളിലേക്ക് പലായനം ചെയ്തു. ഇത്തരുണത്തില്‍ ചില കാര്യങ്ങള്‍ നിങ്ങള്‍ക്ക് മുന്നില്‍ വയ്ക്കുകയാണ്.


ഒന്ന്, ഗസയിലെ ചെറുത്തുനില്‍പ്പ് സംവിധാനം ഇപ്പോഴും ശക്തമായി നിലനില്‍ക്കുന്നു, തന്ത്രപരമായി മുന്നോട്ടുപോവുന്നു. അതിനാല്‍ ലോക മുസ്‌ലിം സമൂഹത്തോടും സ്വാതന്ത്രലോകത്തോടും ഈ ചെറുത്തുനില്‍പ്പിനെ സാധ്യമായ എല്ലാവിധത്തിലും പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെടുകയാണ്. ഫലസ്തീന്‍ ഭൂമിയിലെ ആക്രമണാധിനിവേശം അവസാനിപ്പിക്കുന്ന ഈ ചരിത്ര നിര്‍മാണത്തില്‍ ഓരോരുത്തരും അവരവരെക്കൊണ്ട് സാധ്യമായ വിധം പങ്കാളികളാകുവാന്‍ ക്ഷണിക്കുകയാണ്. ചിന്തകരും എഴുത്തുകാരും തന്ത്രജ്ഞരുമെല്ലാം അധിനിവേശാനന്തര ഫലസ്തീന്‍ എങ്ങനെയായിരിക്കണമെന്ന ചിന്തകള്‍ മുന്നോട്ടുവയ്ക്കണമെന്ന് ആവശ്യപ്പെടുകയാണ്. അതിക്രൂരമായ ആക്രമണങ്ങളിലൂടെ ഒരുജനതയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ഈ അധിനിവേശം യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത് അവര്‍ക്കേറ്റ മാരകമായ പ്രഹരത്തില്‍ നിന്ന് നിവര്‍ന്നു നില്‍ക്കാന്‍ സാധിക്കുമോ എന്ന് നോക്കുകയാണ്. അവര്‍ എഴുന്നേല്‍ക്കില്ല എന്ന് നമ്മള്‍ ഉറപ്പുവരുത്തും. ഗസയില്‍ ഒഴുകുന്ന രക്തമാണ് ഈ പോരാട്ടത്തിന്റെ അവസാനത്തില്‍ ദൈവസഹായത്തോടെ വിജയിക്കുക.

രണ്ട്, അധിനിവേശത്തോട് പക്ഷംപിടിക്കാത്ത മുഴുവന്‍ സ്വതന്ത്ര ലോകത്തോടും ലോകനേതാക്കളോടും ഗസയിലെ ഈ സയണിസ്റ്റ് ഹോളോകോസ്റ്റ് നിര്‍ത്തിപ്പിക്കുവാന്‍ സാധ്യമായ എല്ലാ ഇടപെടലുകളും നടത്തണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുകയാണ്. ലോകസമൂഹത്തോടും നേതൃത്വങ്ങളോടും ചിന്തകരോടും എഴുത്തുകാരോടും മറ്റു ഇടപെടലുകാരോടുമെല്ലാം അധിനിവേശത്തെ ചെറുക്കുന്ന ഫലസ്തീന്‍ ജനതയുടെ ചെറുത്തുനില്‍പ് ഞങ്ങളുടെ നിയമപരമായ അവകാശമായി തിരിച്ചറിയണമെന്ന് ആവശ്യപ്പെടുകയാണ്. ഇസ് ലാമിക ചെറുത്തുനില്‍പ്പ് മുന്നേറ്റം ഹമാസും മറ്റു ചെറുത്തുനില്‍പ്പ് കൂട്ടായ്മകളും ഫലസ്തീന്റെ സ്വാതന്ത്ര്യപ്പോരാട്ടമാണ് നടത്തുന്നതെന്ന് തിരിച്ചറിയണം, അംഗീകരിക്കണം. അധിനിവേശമാണ് ഭീകരന്‍. അധിനിവേശത്തെ പിന്തുണക്കുന്നവരാണ് ഭീകരന്‍. അധിനിവേശത്തിന്റെ കശാപ്പിനെതിരേ മൗനം ഭജിക്കുന്നവരാണ് ഭീകരന്‍. ഈ അവബോധം ഉണ്ടാക്കിയെടുക്കുന്നതും പോരാട്ടത്തിന്റെ ഭാഗമാണ്, അതിലും നമ്മള്‍ വിജയിക്കേണ്ടതുണ്ട്. ചെറുത്തുനില്‍പ്പിനെ ഭീകരമാക്കി അവതരിപ്പിക്കുന്ന ശക്തമായ കുപ്രചാരണത്തിലും കുതന്ത്രത്തിലും വീണുപോവാതെ നോക്കേണ്ടതുണ്ട്. അധിനിവേശത്തെ ചെറുക്കുന്നത് നിയമപരമായ പോരാട്ടമായി ലോകത്തെ സകല നിയമങ്ങളും പാരമ്പര്യങ്ങളും ഇസ് ലാമിക നിയമങ്ങളും അംഗീകരിക്കുന്നത് ഫലസ്തീന്‍ ജനതയ്ക്കും അവകാശപ്പെട്ടതാണ്.

    മൂന്ന്, ഗസയിലേക്കുള്ള അതിര്‍ത്തികള്‍ മുഴുവന്‍ നിരുപാധികമായി തുറന്ന് ഗസയിലെ ജനജീവിതം സാധ്യമാക്കുവാന്‍ ആവശ്യമായ എല്ലാ വിഭവങ്ങളും എത്തിക്കുവാന്‍ വഴി തുറക്കണമെന്ന് ആവശ്യപ്പെടുകയാണ്. ഗസയിലേക്ക് എന്ത് വരണമെന്നും വരരുതെന്നും അധിനിവിശ്ട ശത്രു തീരുമാനിക്കുന്നത് ഒരുനിലയ്ക്കും സ്വീകാര്യമല്ല. ഫലസ്തീനിലോ മേഖലയിലോ എന്ത് നടക്കണമെന്ന് അധിനിവേശം തീരുമാനിക്കുന്ന കാലം കഴിഞ്ഞുപോയി.

    നാല്, ഈ വെള്ളിയാഴ്ച വീണ്ടും മുസ്‌ലിം ഉമ്മത്തും സ്വതന്ത്ര ലോകവും വീണ്ടും തെരുവുകള്‍ നിറയ്ക്കണമെന്ന് ആവശ്യപ്പെടുകയാണ്. ഗസയിലെ ആബാലവൃദ്ധം ജനത ഒഴുക്കുന്ന രക്തം നമ്മുടെ വിപ്ലവവീര്യത്തെ തൊട്ടുണര്‍ത്തേണ്ടതുണ്ട്. ഈ പോരാട്ടത്തില്‍ നിങ്ങള്‍ നില്‍ക്കുന്നിടത്ത് തന്നെ തുടരുന്നത് ഒട്ടും ശരിയല്ലെന്ന് തിരിച്ചറിയണം. തടവിലുള്ള സഹോദരങ്ങളുടെ ജീവന്‍ കൊണ്ട് അധിനിവേശം കളിക്കുന്നത് അവസാനിപ്പിക്കേണ്ടതുണ്ട്. ഈ തൂഫാന്റെ ഒഴുക്ക് മുന്നോട്ടുപോയേ പറ്റൂ. ഖുദ്‌സിലെ, അഖ്‌സയിലെ, മുസ്‌ലിം ലോകത്തെ അധിനിവേശ അടിമത്ത വിഴുപ്പുകള്‍ മുഴുവന്‍ തൂത്തൊഴുക്കി വേണം ഈ തൂഫാന്‍ വിജയത്തിന്റെ കരയ്ക്കടിയുവാന്‍.

    ഓ ഗസ.. ഉമ്മത്തിന്റെ മുഴുവന്‍ ഭാരങ്ങളും പേറിയ ക്ഷമാലുവായ ഒട്ടകമേ.. ഓ ഗസയിലെ പൈതങ്ങളെ, സഹോദരിമാരെ, പിതാക്കളെ.. സ്വാതന്ത്ര്യത്തിന്റെ വില ലോകത്തെ പഠിപ്പിക്കുന്നവരെ.. നിങ്ങള്‍ക്ക് അഭിവാദ്യങ്ങള്‍. പോരാളികളേ... അവരെ വളര്‍ത്തിയെടുക്കുന്ന ഉമ്മമാരേ.. പിതാക്കളേ.. മുന്നോട്ട് പോവൂ. അല്ലാഹുവാണ് നമ്മുടെ രക്ഷകന്‍. അവര്‍ക്കൊരു രക്ഷകനുമില്ല.

വിവര്‍ത്തനത്തിനു കടപ്പാട്(ഡോ. സി കെ അബ്ദുല്ല)




Tags:    

Similar News