കാശി, മഥുര ബാക്കീ ഹെ-ഭാഗം 1
യേ തോ സിര്‍ഫ് ജംഗീ ഹെ
അബ് കാശി, മഥുര ബാക്കീ ഹെ
മൂന്നു പതിറ്റാണ്ടുകള്‍ക്ക് മുമ്പ്, 421 വര്‍ഷം മുസ്‌ലിംകള്‍ ആരാധന നിര്‍വഹിച്ച ബാബരി മസ്ജിദ് പച്ചപ്പകലില്‍ തച്ചു തകര്‍ത്ത അക്രമിക്കൂട്ടം ഉന്മാദത്തോടെ വിളിച്ച മുദ്രാവാക്യമാണിത്. പള്ളി തകര്‍ത്തശേഷം അണപൊട്ടിയൊഴുകിയ ഹിന്ദുത്വരുടെ ആഹ്ലാദ പ്രകടനങ്ങളില്‍ അക്ഷരം തെറ്റാതെ ആവര്‍ത്തിച്ച മുദ്രാവാക്യം. അധികാരം കൈയടക്കാന്‍ ഹിന്ദുത്വ വര്‍ഗീയ ശക്തികള്‍ ആവിഷ്‌കരിച്ച കുതന്ത്രങ്ങളുടെ വിജയ പ്രഘോഷണമാണ് ഈ മുദ്രാവാക്യം.അയോധ്യ ഒരു സൂചന മാത്രം, മഥുരയും കാശിയും ഇനി ബാക്കിയുണ്ട് എന്ന് അവര്‍ അന്നേ പറഞ്ഞു വച്ചിരുന്നു. മഥുരയിലെ ഈദ്ഗാഹ് മസ്ജിദും കാശിയിലെ ഗ്യാന്‍വാപി മസ്ജിദും ഹിന്ദുത്വര്‍ പണ്ടേ ഉന്നമിട്ടിരുന്നതാണ്. കാര്യങ്ങള്‍ ഈ കേവല മുദ്രാവാക്യങ്ങളില്‍ ഒതുങ്ങി നില്‍ക്കുകയില്ലെന്നതിന് വര്‍ത്തമാന ഇന്‍ഡ്യ സാക്ഷി.
ബാബരി മസ്ജിദിന്റെ വഴിക്കു തന്നെയാണ് ഇന്‍ഡ്യയിലെ പുരാതനമായ ഈ രണ്ട് പള്ളികളുമെന്നത് തീര്‍ച്ചയായിക്കഴിഞ്ഞു. ഈ മസ്ജിദുകളുമായി ബന്ധപ്പെട്ട് ഈയിടെയായി ഉയര്‍ന്നു കേള്‍ക്കുന്ന വിവാദങ്ങളും വ്യവഹാരങ്ങളെക്കുറിച്ചുള്ള വാര്‍ത്തകളും ആകസ്മികമോ അപ്രതീക്ഷിതമോ അല്ല. മികവോടെ ആസൂത്രണം ചെയ്ത ഒരു പദ്ധതി പഴുതടച്ചു നടപ്പാക്കുന്നതിന്റെ ഭാഗമാണത്. ഈ രണ്ടു പള്ളികളും ലക്ഷ്യം വച്ചാണ് അയോധ്യ 2 പദ്ധതിയും ടാര്‍ഗറ്റ് വാരണാസിയും സംഘപരിവാരം മുന്നേ തന്നെ ആസൂത്രണം ചെയ്തത്. ബാബരി മസ്ജിദ് തകര്‍ത്ത മണ്ണില്‍, വര്‍ഗീയ വികാരം ഉദ്ദീപിപ്പിച്ച് രൂപപ്പെടുത്തിയ അനുകൂല അന്തരീക്ഷത്തില്‍, സുപ്രിംകോടതി വിധിയുടെ തണലില്‍, അധികാരത്തിന്റെ തിണ്ണബലത്തില്‍ രാമക്ഷേത്രം പണിതുയര്‍ത്താന്‍ നടത്തിയ അതേ കരുനീക്കങ്ങള്‍ തന്നെയാണ് കാശി, മഥുര പള്ളികളുടെ കാര്യത്തിലും സംഘപരിവാരം പയറ്റുന്നത്.
ബാബരി മസ്ജിദ് പ്രശ്‌നം സുപ്രിംകോടതി വിധിയോടെ വിസ്മൃതിയില്‍ തള്ളേണ്ട ഒന്നാണെന്ന് പലരും കരുതുന്നു. എന്നാല്‍ രാജ്യത്തിന്റെ നീതിന്യായ ചരിത്രത്തിലെ അങ്ങയറ്റം വിചിത്രമായ ഒരു വിധിയായിരുന്നു അത്. തെളിവുകളും വസ്തുതകളും പരിശോധിക്കാതെ വിശ്വാസവും കെട്ടുകഥകളും പരിഗണിച്ച് വിധി പറഞ്ഞ പരമോന്നത നീതിപീഠത്തിന്റെ വിശ്വാസ്യതയെ കളങ്കപ്പെടുത്തിയ അന്യായവിധിയാണ് ബാബരി മസ്ജിദിന്റെ കാര്യത്തിലുണ്ടായത്. ക്ഷേത്രം തകര്‍ത്താണ് പള്ളി പണിതത് എന്നതിന് തെളിവില്ലെന്നും പള്ളി തകര്‍ത്തത് കുറ്റകൃത്യമാണ് എന്നും നിരീക്ഷിച്ച സുപ്രിംകോടതി പക്ഷേ, നിയമത്തിന്റെയും നീതിയുടെയും അത്തരം ആനുകൂല്യങ്ങളൊന്നും ഇരകള്‍ക്ക് കൊടുത്തില്ല. തന്നെയുമല്ല, പള്ളിയില്‍ അതിക്രമിച്ചു കയറി വിഗ്രഹം സ്ഥാപിച്ച, ശ്രീരാമന്‍ സ്വയംഭൂവായെന്ന കള്ളക്കഥ പ്രചരിപ്പിച്ച, ബാബരി മസ്ജിദും അത് നിലനിന്നിരുന്ന സ്ഥലവും കൈയേറിയ, നാലര നൂറ്റാണ്ടിലേറെ പഴക്കമുള്ള പള്ളി രാജ്യം നിസ്സഹായമായി നോക്കിനില്‍ക്കേ തകര്‍ത്തെറിഞ്ഞ കുറ്റവാളികള്‍ക്ക് പള്ളിയുടെ വഖ്ഫ് ഭൂമി ക്ഷേത്രം പണിയാന്‍ വിട്ടുകൊടുത്തതിലൂടെ കവര്‍ച്ചക്കാരനു തന്നെ കളവുമുതല്‍ തിരിച്ചു നല്‍കുന്ന നടപടിയാണ് കോടതി കൈക്കൊണ്ടത് എന്നും പറയാതെ വയ്യ.
ബാബരി മസ്ജിദിന്റെ പാത പിന്തുടര്‍ന്ന് കാശിയിലെയും മഥുരയിലെയും മുസ്‌ലിം പള്ളികള്‍ പിടിച്ചെടുക്കാന്‍ സംഘപരിവാരം അരയും തലയും മുറുക്കി അരങ്ങത്തു വരുമ്പോള്‍ ബാബരിയുടെ നാള്‍വഴികളില്‍ നടന്നതെന്തെന്നു കൂടി നാമറിഞ്ഞിരിക്കണം.
ബാബരി മസ്ജിദുമായി ബന്ധപ്പെട്ട വിവാദങ്ങളുടെയും വ്യവഹാരങ്ങളുടെയും വിശദാംശങ്ങള്‍ അടുത്ത എപ്പിസോഡില്‍