അയോധ്യയെ വിട്ടു, ഇക്കുറി വര്‍ഗീയ ധ്രുവീകരണത്തിന് കാശി; 'ഭവ്യ കാശി, ദിവ്യ കാശി'യുമായി ബിജെപി
രാജ്യത്തെ സാധരണക്കാരെ മതത്തിന്റെപേരില്‍ പരസ്പരം അകറ്റാന്‍ മുന്‍കാലങ്ങളില്‍ അയോധ്യയിലെ രാമക്ഷേത്രത്തെയാണ് മുന്നില്‍നിര്‍ത്തിയതെങ്കില്‍ ഈ തിരഞ്ഞെടുപ്പില്‍ കാശിയെ തിരഞ്ഞെടുപ്പ് പ്രചാരണായുധമാക്കാനുള്ള ഒരുക്കത്തിലാണ് ബിജെപി.
ന്യൂഡല്‍ഹി: ജനക്ഷേമ പ്രവര്‍ത്തനങ്ങളും വികസന നേട്ടങ്ങളും കാര്യമായി ചൂണ്ടിക്കാണിക്കാനില്ലാത്തതിനാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പുകള്‍ക്ക് സമാനമായി വര്‍ഗീയ ധ്രുവീകരണത്തിലൂടെ ഹിന്ദുത്വ വോട്ടുകളുടെ ഏകീകരണമാണ് ഇക്കുറിയും ബിജെപി ലക്ഷ്യമിടുന്നത്. രാജ്യത്തെ സാധരണക്കാരെ മതത്തിന്റെപേരില്‍ പരസ്പരം അകറ്റാന്‍ മുന്‍കാലങ്ങളില്‍ അയോധ്യയിലെ രാമക്ഷേത്രത്തെയാണ് മുന്നില്‍നിര്‍ത്തിയതെങ്കില്‍ ഈ തിരഞ്ഞെടുപ്പില്‍ കാശിയെ തിരഞ്ഞെടുപ്പ് പ്രചാരണായുധമാക്കാനുള്ള ഒരുക്കത്തിലാണ് ബിജെപി.
ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ അയോധ്യ വിഷയം ഉയര്‍ത്തി ബിജെപി നേതാക്കള്‍ കരുക്കള്‍ നീക്കിയപ്പോള്‍ അയോധ്യയായിരിക്കും ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലെ കേന്ദ്രബിന്ദുവെന്നാണ് പലരും ധരിച്ചിരുന്നത്.എന്നാല്‍ ഇക്കുറി വാരണാസിയാണ് കേന്ദ്രസ്ഥാനം. ഉയര്‍ത്തിക്കാട്ടാന്‍ മറ്റൊന്നുമില്ലാത്തതിനാല്‍ ഹിന്ദുത്വത്തില്‍ ഊന്നല്‍ നല്‍കി തന്നെയാണ് ബിജെപി തിരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറാകുന്നത് എന്ന് ഉറപ്പായി. കാശിയെ ഹൈന്ദവ വികാരമാക്കി ഉയര്‍ത്തിക്കാണിച്ച് വോട്ടാക്കി മാറ്റുകയാണ് ലക്ഷ്യം.
കര്‍ഷക പ്രശ്‌നങ്ങളും കൊവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതില്‍ സംഭവിച്ച വീഴ്ചകളും തകര്‍ന്നടിഞ്ഞ സാമ്പത്തിക മേഖലയിലെ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കാശിയെ മറയാക്കി ഭരണ പരാജയങ്ങള്‍ക്ക് മുഖംമൂടി അണിയിക്കുകയാണ് ബിജെപി.
കഴിഞ്ഞ മാസം ആഭ്യന്തര മന്ത്രി അമിത് ഷാ വാരണാസിയി സന്ദര്‍ശിക്കുകയും സംസ്ഥാനത്തുടനീളമുള്ള ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ഇതിന് പുറമേ ഡിസംബര്‍ 13-14 തിയതികളില്‍ രണ്ട് ദിവസത്തേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ സന്ദര്‍ശനത്തിന് എത്തുകയാണ്. 2019ല്‍ മോദി തറക്കല്ലിട്ട 1,000 കോടിയുടെ പദ്ധതികളുടെ പൂര്‍ത്തീകരണമാണ് ചടങ്ങ്. വാരാണസിയില്‍ ഒരു മാസം നീളുന്ന വിപുലമായ പരിപാടികളാണ് ബിജെപി തയ്യാറാക്കിയിരിക്കുന്നത്. മോദി എത്തുന്നതോടെ കാശിയെ ആയുധമാക്കാനുള്ള നീക്കങ്ങള്‍ ആരംഭിക്കുമെന്നാണ് അറിയുന്നത്. 'ഭവ്യ കാശി, ദിവ്യ കാശി' എന്ന പേരിലാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.
അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഭൂമിപൂജയ്ക്ക് പുറമെ ഈ അടുത്ത കാലത്ത് സംസ്ഥാനത്ത് നടക്കുന്ന ഏറ്റവും വലിയ ചടങ്ങായിരിക്കും ഇത്. കേരളത്തിലടക്കം പരിപാടികള്‍ നടക്കും. തീവ്ര ഹിന്ദുത്വം ഉയര്‍ത്തി തന്നെ മുന്നോട്ട് പോകാനാണ് കേരളമടക്കമുള്ള ഘടകങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. മോദി പങ്കെടുക്കുന്ന ചടങ്ങിന്റെ തത്സമയ സംപ്രേഷണം രാജ്യത്ത് മുഴുവന്‍ കാണിക്കാനും ബിജെപി കേന്ദ്ര സമിതി നിര്‍ദ്ദേശിച്ച് കഴിഞ്ഞു.
51,000 സ്‌ക്രീനുകള്‍ അതിനായി സ്ഥാപിക്കും. ഇതിന് പുറമേ രാജ്യത്തെ വിവിധ ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകളും നടത്തണം. കേരളത്തില്‍ 280 സ്ഥലങ്ങളില്‍ ചടങ്ങ് നടത്തും. എല്ലാ ബിജെപി മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരും, ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദ, ബിജെപി ദേശീയ സംഘടന ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷ്, എല്ലാ മുതിര്‍ന്ന ബിജെപി നേതാക്കളും യുപിയിലെ മുഴുവന്‍ മന്ത്രിമാരും ഡിസംബര്‍ 13 മുതല്‍ കാശിയില്‍ ഉദ്ഘാടനത്തിനായി എത്തും. ഡിസംബര്‍ 13ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിലേക്ക് രാജ്യത്തെ എല്ലാ പ്രമുഖ സന്യാസിമാരെയും ക്ഷണിച്ചിട്ടുണ്ട്.
കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ മഹത്വം പുനഃസ്ഥാപിക്കുകയും അതിനെ ഏറ്റവും പവിത്രമായ സ്ഥലമാക്കി മാറ്റുകയും ചെയ്തത് പ്രധാനമന്ത്രി മോദിയും മുഖ്യമന്ത്രി യോഗി ആദിത്യനാഥുമാണ് എന്ന് രാജ്യത്താകെ പ്രചരിപ്പിക്കുകയാണ് ബിജെപി ലക്ഷ്യം. രാമക്ഷേത്രത്തെ ഒഴിവാക്കിയിട്ടില്ലെന്ന് ബിജെപി നേതാക്കള്‍ പറയുന്നുണ്ട്. ക്ഷേത്രം പണിയാന്‍ ഇനിയും രണ്ട് വര്‍ഷം എടുക്കും. എന്നാല്‍ ജനങ്ങള്‍ക്കിടയില്‍ കാശിയോടുള്ള മതവികാരം വലുതാണ്. അതിനാല്‍ അത് വലിയ രീതിയില്‍ അവതരിപ്പിക്കുകയാണ് ലക്ഷ്യം. 2024 ല്‍ ബാബരി മസ്ജിദ് പൊളിച്ച് രാമക്ഷേത്രം പണിതുയര്‍ത്തുന്നത് വിജയമായി പ്രഖ്യാപിച്ച് രാജ്യത്ത് വലിയ പരിപാടികള്‍ നടത്താനാണ് ബിജെപി ഒരുങ്ങുന്നത്. ന്യൂനപക്ഷങ്ങള്‍ പ്രബലമായി തന്നെയുള്ള കേരളത്തിലും ഇതേ തന്ത്രങ്ങള്‍ തന്നെ പയറ്റി ബിജെപിയ്ക്ക് നിലയുണ്ടാക്കാനുള്ള ശ്രമങ്ങള്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.
തീവ്രഹിന്ദുത്വത്തെ കൂട്ടുപിടിച്ച് അധികാരത്തില്‍ കടിച്ച് തൂങ്ങാനുള്ള ബിജെപിയുടെ കുല്‍സിത ശ്രമങ്ങളെ തുറന്നുകാട്ടിയായിരിക്കും പ്രതിപക്ഷം ഇതിനെ നേരിടുക.