Gulf

ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ജിദ്ദയുടെ 40ാം വാര്‍ഷികം ആഘോഷിക്കുന്നു

ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ജിദ്ദയുടെ 40ാം വാര്‍ഷികം ആഘോഷിക്കുന്നു
X

ജിദ്ദ: ജിദ്ദയിലെ ഇന്ത്യന്‍ പ്രവാസി സമൂഹത്തിനിടയില്‍ മത, സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലകളില്‍ നാല് പതിറ്റാണ്ടിന്റെ സജീവ സാന്നിധ്യമായി തുടരുന്ന ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ജിദ്ദ അതിന്റെ രൂപീകരണത്തിന്റെ 40ാം വാര്‍ഷികം ആഘോഷിക്കുന്നു. 'നന്‍മയില്‍ നാല്‍പ്പതാണ്ട്' എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള പരിപാടികളുടെ ഉദ്ഘാടനം ഇസ്‌ലാഹി സെന്റര്‍ ജിദ്ദ ഓഡിറ്റോറിയത്തില്‍ ജൂണ്‍ 17 വെള്ളിയാഴ്ച വൈകീട്ട് 7:45 ന് അറബ് ന്യൂസ് മാനേജിങ് എഡിറ്ററും കോളമിസ്റ്റുമായ സിറാജ് വഹാബ് നിര്‍വഹിക്കും. ജിദ്ദയിലെ സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പരിപാടിയില്‍ സംബന്ധിക്കും.

സൗദി പ്രവാസി മലയാളികളുടെ ഗള്‍ഫ് ജീവിതം പച്ചപിടിച്ചുതുടങ്ങുന്ന 80കളുടെ തുടക്കത്തിലാണ് ജിദ്ദ നഗരത്തില്‍ ഇസ്‌ലാഹി സെന്റര്‍ പിറവി കൊള്ളുന്നത്. പ്രവാസി കൂട്ടായ്മകളും സംഘടനകളും വിരളമായിരുന്ന ആ കാലഘട്ടത്തില്‍ മലയാളിയുടെ സാംസ്‌കാരിക ജീവിതത്തിലേക്ക് ഒരു ജാലകം തുറന്ന ഇസ്‌ലാഹി സെന്റര്‍ നാല്‍പ്പത് വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യവുമായി കൂടുതല്‍ തലങ്ങളിലേക്ക് അതിന്റെ പ്രവര്‍ത്തന മേഖലകള്‍ വ്യാപിപ്പിക്കുകയാണ്. 1982 ല്‍ തുടങ്ങി 2022 ല്‍ എത്തിനില്‍ക്കുന്ന 40 ചരിത്ര വര്‍ഷങ്ങള്‍ അടയാളപ്പെടുത്തിക്കൊണ്ട് ആറ് മാസം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികളാണ് ആസൂത്രണം ചെയ്തുവരുന്നത്.

40ാം വാര്‍ഷികത്തിന്റെ ഭാഗമായി വിദ്യാഭ്യാസ സെമിനാര്‍, ഐടി ശില്‍പശാല, ആരോഗ്യ സെമിനാര്‍, വനിതാ സംഗമം, ഖുര്‍ആന്‍ പഠിതാക്കളുടെ സംഗമം, പ്രവാസം 40 വര്‍ഷം പിന്നിട്ടവരുടെ സംഗമം, സാമ്പത്തിക സെമിനാര്‍, ബിസിനസ് മീറ്റ്, ബുക്ക് ഹരാജ് , വിനോദ യാത്രകള്‍ തുടങ്ങിയവ ഉണ്ടാകും. ജിദ്ദയിലെ വിവിധ തലങ്ങളിലും പ്രവത്തനമേഖലകളിലുമുള്ള മുഴുവന്‍ മലയാളികള്‍ക്കും പങ്കെടുക്കാവുന്ന രൂപത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ആസൂത്രണം ചെയ്തു വരുന്നത്. ഇസ്‌ലാഹി സെന്റര്‍ ഉപ വിഭാഗങ്ങളായ ഇന്ത്യന്‍ വിമന്‍സ് ഓര്‍ഗനൈസേഷന്‍ (ഐവൊ), ഫോക്കസ്, ടാലന്റ് ടീന്‍സ്, ഓള്‍ ഇന്ത്യ ഇസ്ലാഹി സെന്റര്‍, അല്‍ ഹുദ മദ്‌റസ തുടങ്ങി എല്ലാ വിഭാഗങ്ങളും ചേര്‍ന്ന് കൊണ്ടുള്ള വിപുലമായ ഒരു സ്വാഗതസംഘം രൂപീകരിച്ചിട്ടുണ്ട്.

കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കെഎന്‍എം മര്‍കസുദ്ദഅ്‌വയില്‍ നിന്ന് പ്രവര്‍ത്തന മേഖലയില്‍ വേണ്ട ഉപദേശ നിര്‍ദേശങ്ങള്‍ ലഭിച്ചുവരുന്നു. സെന്ററിന്റെ പ്രവര്‍ത്തന ചരിത്രത്തില്‍ പല കാലങ്ങളില്‍ നേതൃത്വം വഹിക്കുകയും അതിന്റെ രൂപീകരണത്തിന് തുടക്കം കുറിക്കുകയും ചെയ്ത എല്ലാവരെയും സ്മരിക്കുകയും അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനനത്തില്‍ പറഞ്ഞു. പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ വളപ്പന്‍, ജനറല്‍ സെക്രട്ടറി ഷക്കീല്‍ ബാബു, ട്രഷറര്‍ സലാഹ് കാരാടന്‍, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാര്‍ റഷാദ് കരുമാര എന്നിവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it