India

അല്ലു അര്‍ജുന്റെ വസതിയില്‍ ആക്രമണം; എട്ട് പേര്‍ അറസ്റ്റില്‍

അല്ലു അര്‍ജുന്റെ വസതിയില്‍ ആക്രമണം; എട്ട് പേര്‍ അറസ്റ്റില്‍
X

ഹൈദരാബാദ്: തെലുങ്ക് നടന്‍ അല്ലു അര്‍ജുന്റെ വസതിയില്‍ അതിക്രമം. ഹൈദരാബാദിലുള്ള നടന്റെ വീട്ടിലേക്ക് കയറിയ ഒരു കൂട്ടം യുവാക്കള്‍ ചെടിച്ചട്ടിയടക്കമുള്ളവ തല്ലിത്തകര്‍ക്കുകയായിരുന്നു. കല്ലുകളും തക്കാളിയുമൊക്കെ വലിച്ചെറിഞ്ഞുവെന്നും ജനല്‍ തകര്‍ത്തുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തില്‍ എട്ട് പേര്‍ അറസ്റ്റിലായിട്ടുണ്ട്. പുഷ്പ 2ന്റെ റിലീസ് ദിനത്തില്‍ തിക്കിലും തിരക്കിലുംപെട്ട് മരിച്ച യുവതിയുടെ കുടുംബത്തിന് നീതി വേണമെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ചാണ് ഗേറ്റിനുള്ളിലേക്ക് സംഘം കയറിയത്. ഒസ്മാനിയ യൂണിവേഴ്‌സിറ്റി ജോയിന്റ് ആക്ഷന്‍ കമ്മിറ്റി അംഗങ്ങളാണ് സംഭവത്തിന് പിന്നിലെന്ന് ആരോപിക്കുന്നു.

ഡിസംബര്‍ നാലാം തിയ്യതി പുഷ്പ 2 സിനിമയുടെ പ്രദര്‍ശനത്തിനിടെ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലുമാണ് രേവതി എന്ന യുവതി മരിച്ചത്. അന്നത്തെ പ്രദര്‍ശനത്തിനിടെ അല്ലു അര്‍ജുനും തിയേറ്ററിലെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് വലിയ തിക്കും തിരക്കുമുണ്ടായത്. യുവതിയുടെ മകന് ഗുരുതരമായി പരിക്കേറ്റിരുന്നു.

തിയേറ്ററിലെ തിക്കിലും തിരക്കിലും യുവതി മരിച്ച സംഭവത്തില്‍ പോലിസ് അല്ലു അര്‍ജുനെതിരേ ദിവസങ്ങള്‍ക്ക് മുമ്പാണ് കേസെടുത്തത്. സംഭവം നടന്ന സന്ധ്യ തിയേറ്ററിലെ ജീവനക്കാരും കേസിലെ പ്രതികളാണ്. ഇതില്‍ രണ്ട് ജീവനക്കാരെ പോലിസ് നേരത്തെ അറസ്റ്റ് ചെയ്തു. ഇതിനുപിന്നാലെ അല്ലു അര്‍ജുനെ അറസ്റ്റ് ചെയ്തു. കീഴ്‌ക്കോടതി ജാമ്യം നിഷേധിച്ചതോടെ ഒരു രാത്രി ജയിലില്‍ കഴിയേണ്ടിവന്ന അല്ലു അര്‍ജുന്‍ ഇടക്കാല ജാമ്യത്തില്‍ പുറത്തിറങ്ങിയിരുന്നു.


Next Story

RELATED STORIES

Share it