Editorial

സായ്ബാബയെ ഭരണകൂടം കൊന്നതാണ്

സായ്ബാബയെ ഭരണകൂടം കൊന്നതാണ്
X

ഡല്‍ഹി സര്‍വകലാശാലയിലെ മുന്‍ അധ്യാപകനും അക്കാദമിക വിദഗ്ധനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ പ്രഫ. ജി എന്‍ സായ്ബാബയുടെ മരണം ഭരണകൂട കൊലയുടെ ഏറ്റവും പുതിയ ഉദാഹരണമാണ്. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സ്ഥാപനവല്‍കൃത കൊലകളുടെ എണ്ണം ഭയാനകമാംവിധം വര്‍ധിച്ചു വരുന്നതായാണ് നാം കാണുന്നത്. വൃദ്ധനും രോഗിയുമായിരുന്ന ഫാദര്‍ സ്റ്റാന്‍ സ്വാമി ജയിലില്‍ കിടന്നാണ് മരണപ്പെട്ടതെങ്കില്‍ 90 ശതമാനം ശാരീരിക വൈകല്യം നേരിട്ടിരുന്ന സായ്ബാബ പത്തു വര്‍ഷത്തെ ജയില്‍വാസത്തിനു ശേഷം മോചിതനായി ഗുരുതര രോഗങ്ങളെ തുടര്‍ന്ന് ഏഴു മാസം കഴിഞ്ഞ് മരണത്തിന് കീഴ്‌പ്പെടുകയായിരുന്നു. രണ്ടും സ്ഥാപനവല്‍കൃതമായ ഭരണകൂട കൊലകള്‍ തന്നെ എന്നതില്‍ സംശയമില്ല.

പാര്‍ക്കിന്‍സണ്‍ രോഗം മൂലം ഏറെ പ്രയാസങ്ങള്‍ അനുഭവിച്ചിരുന്ന ഫാദര്‍ സ്റ്റാന്‍ സ്വാമിക്ക് കൈവിറയ്ക്കുന്നതു മൂലം പാനീയങ്ങള്‍ കുടിക്കാന്‍ സ്‌ട്രോയും സിപ്പറും അനുവദിക്കണമെന്ന അങ്ങേയറ്റം നിര്‍ദോഷമായ ആവശ്യം പോലും അംഗീകരിക്കാന്‍ വിസമ്മതിക്കുന്നത്ര ദയാരഹിതമാണ് നമ്മുടെ നിയമവ്യവസ്ഥയും ജയിലധികൃതരുടെ മനോഭാവവുമെന്നത് എത്ര ഭീകരമാണ്. വീല്‍ ചെയറില്‍ മാത്രം സഞ്ചരിക്കാന്‍ കഴിയുന്ന സായ്ബാബയ്ക്കും പത്തുവര്‍ഷം നീണ്ട തന്റെ തടവറ ജീവിതം പറഞ്ഞറിയിക്കാനാവാത്ത കഷ്ടപ്പാടുകളുടേതായിരുന്നു.

തന്റെ അമ്മ മരണമടഞ്ഞ സമയത്തു പോലും അദ്ദേഹത്തിന് ഇടക്കാല ജാമ്യമോ പരോളോ അനുവദിക്കാനുള്ള ദയാദാക്ഷിണ്യം പോലും നമ്മുടെ നിയമനിര്‍വഹണ സംവിധാനങ്ങള്‍ക്കും നീതിപീഠങ്ങള്‍ക്കും ഉണ്ടായില്ലെന്നതും നാം ഓര്‍ത്തു വയ്‌ക്കേണ്ടതാണ്. ബലാല്‍സംഗ വീരന്മാര്‍ക്കും വംശഹത്യക്കേസുകളിലെ പ്രതികള്‍ക്കും കൊലയാളികള്‍ക്കും വരെ ജാമ്യവും പരോളും ശിക്ഷയിളവും കുറ്റവിമുക്തിയും ഒക്കെ യഥേഷ്ടം ലഭിക്കുന്ന രാജ്യത്താണ് ഭരണകൂടത്തെ വിമര്‍ശിച്ചതിന്റെ പേരില്‍ ഇത്രയും ദയാശൂന്യമായ നീതിനിഷേധങ്ങള്‍ക്ക് ചിലരെല്ലാം ഇരയാവുന്നത്.

ഫാദര്‍ സ്റ്റാന്‍ സ്വാമിയുടേതു പോലെ തന്നെ ഏറെ ഗൗരവതരമായ ചില നൈതികപ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നുണ്ട് പ്രഫ. സായ്ബാബയുടെ ജയില്‍ ജീവിതവും മരണവും. യുഎപിഎ എന്ന ഭീകരനിയമത്തിലെ കടുത്ത വകുപ്പുകള്‍ ചാര്‍ത്തിയാണ് അദ്ദേഹത്തെ ജയിലിലടച്ചത്. മാവോവാദി ബന്ധം ആരോപിച്ചായിരുന്നു അറസ്റ്റ്. 2017 മാര്‍ച്ചില്‍ ജീവപര്യന്തം തടവുശിക്ഷ വിധിച്ചു വിചാരണ കോടതി. 2024 മാര്‍ച്ചില്‍ യുഎപിഎ വകുപ്പുകള്‍ ചുമത്താവുന്ന തെളിവുകളില്ലെന്നു ചൂണ്ടിക്കാട്ടി സായ്ബാബയെയും മറ്റ് അഞ്ചു പേരെയും ബോംബെ ഹൈക്കോടതി കുറ്റവിമുക്തരാക്കി. ഇതാദ്യതവണയല്ല ബോംബെ ഹൈക്കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കുന്നത്. 2022 ഒക്ടോബറില്‍ ഇതേ കാരണങ്ങള്‍ മുന്‍നിര്‍ത്തി ഇവരെ മോചിപ്പിക്കാന്‍ ബോംബെ ഹൈക്കോടതി ഉത്തരവിട്ടിരുന്നതാണ്. എന്നാല്‍, തൊട്ടടുത്ത ദിവസം തന്നെ ശനിയാഴ്ച അവധി ദിവസമായിരുന്നിട്ടും യുദ്ധകാലാടിസ്ഥാനത്തില്‍ അസാധാരണ സിറ്റിങ് നടത്തി സുപ്രിം കോടതി ഹൈക്കോടതി വിധി സ്‌റ്റേ ചെയ്തു. ബോംബെ ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ചിന്റെ പരിഗണനയ്ക്കായി കേസ് വിടുകയും ചെയ്തു.

ഇത്തവണ സാങ്കേതിക പിഴവുകള്‍ ചൂണ്ടിക്കാട്ടിയോ സംശയത്തിന്റെ ആനുകൂല്യം നല്‍കിയോ അല്ല, കേസിന്റെ തെളിവുകള്‍ പരിഗണിച്ചു തന്നെയാണ് ബോംബെ ഹൈക്കോടതി സായ്ബാബയെയും കൂട്ടരെയും വെറുതെ വിട്ടത്. പ്രോസിക്യൂഷന്റെ തെളിവുകള്‍ അവിശ്വസനീയവും യുഎപിഎ വകുപ്പുകള്‍ ചുമത്താന്‍ അടിസ്ഥാനമില്ലാത്തതുമാണ് എന്ന് ഹൈക്കോടതി കണ്ടെത്തി.

കണ്ടെടുത്ത തെളിവുകളും അന്വേഷണ രീതിയുമെല്ലാം സായ്ബാബയെ പോലുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരോട് ഭരണകൂടം എത്രമാത്രം പകയോടെയാണ് പെരുമാറുന്നത് എന്നതിന്റെ മികച്ച ദൃഷ്ടാന്തമാണ്. ഡല്‍ഹി യൂനിവേഴ്‌സിറ്റിയിലെ സായ്ബാബയുടെ വസതിയില്‍ നിന്ന് തെളിവുകള്‍ കണ്ടെടുക്കുമ്പോള്‍ പോലിസ് സാക്ഷിയായുണ്ടായിരുന്നത് നിരക്ഷരനായ ഒരാളായിരുന്നു. ഡല്‍ഹി സര്‍വകലാശാല കാംപസില്‍ നടന്ന സംഭവത്തിനു സാക്ഷിയാവാന്‍ അക്ഷരം കൂട്ടിവായിക്കാനറിയുന്ന ഒരാളെ പോലും പോലിസിനു ലഭിച്ചില്ലെന്നത് വളരെ വിചിത്രമാണ്. കമ്മ്യൂണിസ്റ്റ് മാവോവാദി ആശയങ്ങള്‍ അടങ്ങുന്ന ഉള്ളടക്കങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തതിന്റെ പേരില്‍ മാത്രം യുഎപിഎയും ഭീകരവാദവും ആരോപിക്കുന്നത് നിലനില്‍ക്കുകയില്ലെന്നും കോടതി ചൂണിക്കാട്ടിയിരുന്നു.

ഏതെങ്കിലും അക്രമമോ ആക്രമണമോ കുറ്റകൃത്യത്തിനുള്ള തയ്യാറെടുപ്പോ പ്രേരണയോ കുറ്റകൃത്യത്തിലെ പങ്കാളിത്തമോ ഒന്നുമില്ലാതെ കുറ്റമാരോപിക്കുന്നത് അടിസ്ഥാനരഹിതമാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. രണ്ടാം തവണ അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയപ്പോഴും പ്രോസിക്യൂഷന്‍ വിധി റദ്ദാക്കാന്‍ സുപ്രിം കോടതിയിലേക്കു പാഞ്ഞെങ്കിലും സുപ്രിം കോടതി അപ്പീല്‍ നിരാകരിക്കുകയാണുണ്ടായത്. തന്നെയുമല്ല, ഹൈക്കോടതിയുടെ വിധിന്യായം സയുക്തികമാണെന്നും സായ്ബാബയെയും കൂട്ടരെയും കുറ്റവിമുക്തരാക്കിയ രണ്ടു ഹൈക്കോടതി വിധികളും സാധുവാണെന്നും സുപ്രിം കോടതി പറഞ്ഞു.

യുഎപിഎ പോലെയുള്ള അമിതാധികാര നിയമങ്ങള്‍ ഉപയോഗിച്ച് പൗരന്മാര്‍ക്കെതിരേ രാഷ്ട്രീയകാരണങ്ങള്‍ മുന്‍നിര്‍ത്തി കേസെടുക്കുന്ന ഭരണകൂടം അവര്‍ക്ക് വിചാരണ പോലും നിഷേധിച്ച് നീണ്ടകാല തടവു ജീവിതത്തിനും പീഡനങ്ങള്‍ക്കും അവരെ ഇരയാക്കുന്നത് കടുത്ത മനുഷ്യാവകാശലംഘനവും ഭരണഘടനയുടെ അനുഛേദം 21 പൗരന് നല്‍കുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ നഗ്‌നമായ നിഷേധവുമാണ്. ഡോ. ബിനായക് സെന്നിന്റെയോ ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെയോ പ്രഫ. സായ്ബാബയുടെയോ ഉദാഹരണങ്ങള്‍ ഒറ്റപ്പെട്ടതോ ഒടുവിലത്തേതോ അല്ല. സ്റ്റാന്‍ സ്വാമിയെ ഉള്‍പ്പെടുത്തിയിരുന്ന ഭീമാ കൊറേഗാവ് കേസിന്റെ പേരില്‍ ജാമ്യവും വിചാരണയുമില്ലാതെ, മലയാളികളടക്കമുള്ളവര്‍ ഇനിയും തടവില്‍ കഴിയുന്നുണ്ട്. ഇഡിയും എന്‍ഐഎയും കെട്ടിച്ചമച്ച കേസുകളുടെ പേരില്‍ രണ്ടു വര്‍ഷത്തിലധികമായി ജാമ്യം നിഷേധിക്കപ്പെട്ട് ജയില്‍ വാസം അനുഭവിക്കുന്ന പോപുലര്‍ ഫ്രണ്ട് നേതാക്കളുടെ കാര്യവും സമാനമാണ്. അര്‍ബുദവും പാര്‍ക്കിന്‍സണ്‍ രോഗവും കൊണ്ട് പ്രയാസമനുഭവിക്കുന്ന ഇ അബൂബക്കറും മനുഷ്യാവകാശ പ്രവര്‍ത്തകനും മാധ്യമപ്രവര്‍ത്തകനുമായ പ്രഫ. പി കോയയും അടക്കം നിരവധി പേര്‍ ഭരണകൂടത്തിന്റെ പകവീട്ടലിന്റെ ഭാഗമായി ജയിലറകളില്‍ കഴിയുന്നതും നമ്മുടെ കണ്‍മുന്നിലുണ്ട്.

സുപ്രിം കോടതി മുന്‍ ജസ്ജി ജസ്റ്റിസ് അഫ്താബ് ആലത്തിന്റെ വാക്കുകള്‍ ഇത്തരുണത്തില്‍ സ്മരണീയമാണ്. 'ഇത്തരം പൈശാചിക നിയമങ്ങള്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ നമ്മെ എങ്ങോട്ടാണ് കൊണ്ടുപോവുന്നത്? എല്ലാവര്‍ക്കും കാണാന്‍ കഴിയുന്ന കാര്യങ്ങളാണിവിടെ നടക്കുന്നത്. വിചാരണ പോലും ലഭിക്കാതെയുള്ള ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ മരണം നമ്മുടെ മുഖങ്ങളിലേക്കാണ് തുറിച്ചു നോക്കുന്നത്. ജീവിതം തകര്‍ന്നും ഭാവി ഇരുളടഞ്ഞും കഴിഞ്ഞ അവസ്ഥയില്‍ ഇന്‍ഡ്യന്‍ പൗരന്മാര്‍ക്ക് കുറ്റവിമുക്തിയും ജയില്‍ മോചനവും ലഭിക്കുന്നതു കൊണ്ടെന്തു കാര്യം?

ഭരണഘടന ഉറപ്പുനല്‍കുന്ന സ്വാതന്ത്ര്യത്തിന്റെ കാര്യത്തിലും ദേശസുരക്ഷയുടെ കാര്യത്തിലും യുഎപിഎ തികഞ്ഞ പരാജയമാണ് '.2021 ല്‍ ഒരു പൊതു പ്രഭാഷണത്തിലാണ് ജസ്റ്റിസ് അഫ്താബ് ആലം ഇങ്ങനെ പ്രതികരിച്ചത്.

ഭരണകൂടത്തിനും വ്യവസ്ഥിതിക്കുമെതിരേ അസുഖകരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നവരെ പൈശാചിക നിയമങ്ങള്‍ ദുരുപയോഗം ചെയ്തു തടവിലിടുന്ന ഭരണകൂട ഭീകരതയ്‌ക്കെതിരേ അതിശക്തമായ ജനവികാരം അലയടിച്ചുയരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നാണ് എഡിറ്റേഴ്‌സ് വോയ്‌സിന് ഓര്‍മപ്പെടുത്താനുള്ളത്. സ്റ്റാന്‍ സ്വാമിമാരും സായ്ബാബമാരും ഇനിയും നമ്മുടെ നാട്ടില്‍ ആവര്‍ത്തിക്കപ്പെടരുത്. അതിനുള്ള ജാഗ്രതയാണ് കാലം നമ്മോട് ആവശ്യപ്പെടുന്നത്.

Next Story

RELATED STORIES

Share it