Football

ബൊളീവിയന്‍ നെറ്റിലേക്ക് ഉറുഗ്വെ അടിച്ചത് അഞ്ചെണ്ണം; കോപ്പാ അമേരിക്ക ക്വാര്‍ട്ടറിലേക്ക് വീറോടെ

ലിവര്‍പൂള്‍ താരം ഡാര്‍വിന്‍ നൂനസിന്റെ വകയായിരുന്നു രണ്ടാം ഗോള്‍.

ബൊളീവിയന്‍ നെറ്റിലേക്ക് ഉറുഗ്വെ അടിച്ചത് അഞ്ചെണ്ണം; കോപ്പാ അമേരിക്ക ക്വാര്‍ട്ടറിലേക്ക് വീറോടെ
X

ന്യൂയോര്‍ക്ക്: ആദ്യ പകുതിയില്‍ തന്നെ രണ്ട് ഗോളുകള്‍ അടിച്ച ഉറുഗ്വെയുടെ മുന്നേറ്റം രണ്ടാം പകുതിയില്‍ ബൊളീവിയന്‍ നെറ്റിലേക്ക് മൂന്നെണ്ണം കൂടി തൊടുത്തു. മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് ബൊളീവിയയെ തകര്‍ത്ത് ഉറുഗ്വെ കോപ്പ അമേരിക്ക ഫുട്ബോള്‍ പോരാട്ടത്തിന്റെ ക്വാര്‍ട്ടറില്‍.

വിഖ്യാത പരിശീലകന്‍ മാഴ്സലോ ബിയേല്‍സയുടെ ഉറുഗ്വെ എതിരാളികള്‍ക്ക് നല്‍കുന്നത് ചില്ലറ മുന്നറിയിപ്പല്ല. തുടരെ രണ്ട് വിജയങ്ങളുമായാണ് അവര്‍ ക്വാര്‍ട്ടറുപ്പിച്ചത്. കളിയുടെ സമസ്ത മേഖലയിലും ഉറുഗ്വെയുടെ സര്‍വാധിപത്യമായിരുന്നു. എട്ടാം മിനിറ്റില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് യുവ താരം ഫക്കുണ്ടോ പെല്ലിസ്ട്രിയാണ് ഗോള്‍ വേട്ട തുടങ്ങിയത്. 21ാം മിനിറ്റില്‍ രണ്ടാം ഗോളും ഉറുഗ്വെ നേടി. ലിവര്‍പൂള്‍ താരം ഡാര്‍വിന്‍ നൂനസിന്റെ വകയായിരുന്നു രണ്ടാം ഗോള്‍.

രണ്ടാം പകുതിയില്‍ അല്‍പ്പം ഇടവേളയിട്ടു. 77ാം മിനിറ്റില്‍ മൂന്നാം ഗോള്‍ വന്നു. മാക്സി അരൗജോ ബൊളീവിയന്‍ ഗോളി ഓവര്‍ ലാപ് ചെയ്തു വന്നപ്പോള്‍ അതിനെ മറികടന്നു പന്ത് വലയിലിട്ടു. അവിടെയും നിര്‍ത്താന്‍ ബിയേല്‍സയുടെ കുട്ടികള്‍ ഒരുക്കമായിരുന്നില്ല.

നാലാം ഗോള്‍ റയല്‍ മാഡ്രിഡ് താരം ഫെഡറിക്കോ വാര്‍വര്‍ഡെയുടെ വക. 81ാം മിനിറ്റിലായിരുന്നു വാല്‍വര്‍ഡെ വല ചലിപ്പിച്ചത്. 89ാം മിനിറ്റില്‍ ഉറുഗ്വെ അഞ്ചാം ഗോളും നേടി. സ്‌കോറര്‍ റോഡ്രിഗോ ബെന്റന്‍ക്യുര്‍. കടുത്ത ആക്രമണമാണ് ഉറുഗ്വെ നടത്തിയത്. 18 തവണയാണ് അവര്‍ ബൊളീവിയന്‍ വല ലക്ഷ്യമിട്ടു എത്തിയത്. അതില്‍ പകുതിയും ടാര്‍ഗറ്റിലേക്കുള്ളതായിരുന്നു. ബൊളീവിയ നാല് തവണ മാത്രമാണ് ലക്ഷ്യത്തിനു കുറച്ചെങ്കിലും അടുത്തെത്തിയത്. അതില്‍ തന്നെ ഒറ്റ തവണയാണ് അവര്‍ ടാര്‍ഗറ്റിലേക്ക് പന്ത് തൊടുത്തത്.

മറ്റൊരു മല്‍സരത്തില്‍ ആതിഥേയരായ യുഎസ്എയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് പാനമ. അവര്‍ ആദ്യ വിജയമാണ് കോപ്പയില്‍ സ്വന്തമാക്കിയത്. 18ാം മിനിറ്റില്‍ തിമോത്തി വിയ റെഡ് കാര്‍ഡ് കണ്ട് പുറത്തായതോടെ തുടക്കം മുതല്‍ അമേരിക്ക പ്രതിരോധത്തിലായി. എന്നിട്ടും അവരാണ് ആദ്യ ഗോള്‍ നേടിയത്. 21ാം മിനിറ്റില്‍ ഫോലറിന്‍ ബലോഗുനാണ് ടീമിനു ലീഡ് സമ്മാനിച്ചത്.

എന്നാല്‍ നാല് മിനിറ്റിനുള്ളില്‍ പാനമ സമനില പിടിച്ചു. സെസാര്‍ ബ്ലാക്ക്മാനാണ് ഗോള്‍ നേടിയത്. ഒടുവില്‍ 83ാം മിനിറ്റില്‍ ജോസ് ഫജാര്‍ഡോ ടീമിനു ജയം ഉറപ്പിച്ച് രണ്ടാം ഗോള്‍ നേടി. അതിനിടെ അവസാന ഘട്ടത്തില്‍ പാനമ താരം അഡല്‍ബര്‍ട്ടോ കരാസ്‌ക്വിലയും ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തായി. പാനമ പത്ത് പേരായി ചുരുങ്ങിയിട്ടും പക്ഷേ അമേരിക്കയ്ക്ക് സമനില പിടിക്കാനായില്ല. തോറ്റെങ്കിലും ആദ്യ മത്സത്തിലെ വിജയം അമേരിക്കയുടെ ക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്തി.




Next Story

RELATED STORIES

Share it