Sub Lead

കാനഡയിലെ കോണ്‍സുലര്‍ കാംപുകള്‍ ഇന്ത്യ നിര്‍ത്തി വയ്ക്കുന്നു

സംഘാടകര്‍ക്ക് മിനിമം സുരക്ഷ നല്‍കാന്‍ പോലും സാധ്യമല്ലെന്ന സുരക്ഷാ അധികൃതരുടെ അറിയിപ്പിനെ തുടര്‍ന്നാണ് കാംപുകള്‍ നിര്‍ത്തിവയ്ക്കുന്നതെന്നു കോണ്‍സുലേറ്റ് പറഞ്ഞു.

കാനഡയിലെ കോണ്‍സുലര്‍ കാംപുകള്‍ ഇന്ത്യ നിര്‍ത്തി വയ്ക്കുന്നു
X

ടൊറോന്റോ: കാനഡയില്‍ മുന്‍കൂട്ടി തീരുമാനിക്കപ്പെട്ട ചില കോണ്‍സുലര്‍ കാംപുകള്‍ നിര്‍ത്തിവയ്ക്കുകയാണെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ അറിയിച്ചു. സുരക്ഷാ കാരണങ്ങളാലാണ് നടപടി. സംഘാടകര്‍ക്ക് മിനിമം സുരക്ഷ നല്‍കാന്‍ പോലും സാധ്യമല്ലെന്ന സുരക്ഷാ അധികൃതരുടെ അറിയിപ്പിനെ തുടര്‍ന്നാണ് കാംപുകള്‍ നിര്‍ത്തിവയ്ക്കുന്നതെന്നു കോണ്‍സുലേറ്റ് പറഞ്ഞു. ബ്രാംപ്ടണിലെ ഹിന്ദു സഭാ ക്ഷേത്രവും ഇന്ത്യന്‍ കോണ്‍സുലേറ്റും ചേര്‍ന്നു സംഘടിപ്പിച്ച പരിപാടിക്കിടെ ഖലിസ്ഥാന്‍ പതാകകളുമേന്തി പ്രതിഷേധക്കാരെത്തിയതിനെ തുടര്‍ന്നുണ്ടായ അക്രമ സംഭവങ്ങള്‍ക്കു ശേഷമാണ് കോണ്‍സുലേറ്റിന്റെ പ്രഖ്യാപനം.

'കമ്മ്യൂണിറ്റി കാംപ് ഓര്‍ഗനൈസര്‍മാക്ക് മിനിമം സുരക്ഷ നല്‍കാന്‍ പോലും സാധ്യമല്ലെന്ന് സുരക്ഷ ഏജന്‍സികള്‍ അറിയിച്ചതിനാല്‍ മുന്‍കൂട്ടി നിശ്ചയിച്ച ചില കോണ്‍സുലര്‍ കാംപുകള്‍ റദ്ദ് ചെയ്യുകയാണ്' ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ എക്‌സില്‍ കുറിച്ചു.

ബ്രാംപ്ടണിലെ ഹിന്ദു സഭാ ക്ഷേത്രത്തില്‍ നവംബര്‍ 3നുണ്ടായ സംഭവത്തെ തുടര്‍ന്ന് ഖലിസ്ഥാന്‍ അനുകൂല ബാനറുകളേന്തിയ പ്രതിഷേധക്കാരുടെ വീഡിയോ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പരിപാടിയില്‍ പങ്കെടുക്കാനെത്തിയവരും പ്രതിഷേധക്കാരുമായി സംഘര്‍ഷം ഉടലെടുക്കുകയും ചെയ്തിരുന്നു.

സംഭവത്തെ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അപലപിച്ചിരുന്നു. ഏതൊരു കനേഡിയന്‍ പൗരനും തന്റെ വിശ്വാസം സുരക്ഷിതവും സ്വതന്ത്രവുമായി ആചരിക്കാന്‍ അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ സംഭവത്തെ അപലപിച്ചിരുന്നു. കൃത്യത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സംഭവത്തെ തുടര്‍ന്ന് ഇന്ത്യ പ്രതികരിച്ചിരുന്നു. കാനഡയിലെ ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷയെ കുറിച്ചുള്ള ആശങ്ക ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവും പങ്കുവച്ചിരുന്നു.ഖലിസ്ഥാന്‍ വിഘടനവാദി എന്നാരോപിക്കപ്പെടുന്ന ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലയില്‍ ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണത്തെ തുടര്‍ന്നാണ് ഇന്ത്യകാനഡ ബന്ധത്തില്‍ ഉലച്ചിലുണ്ടായത്.

ട്രൂഡോയുടെ ആരോപണങ്ങളെ 'അസംബന്ധം' എന്നാണ് ഇന്ത്യ വിശേഷിപ്പിച്ചത്. ഖലിസ്ഥാന്‍ വിഘടന വാദികള്‍ക്ക് കനേഡിയന്‍ മണ്ണില്‍ ഇടം അനുവദിക്കുകയാണെന്നാണ് ഇന്ത്യയുടെ ആക്ഷേപം.

Next Story

RELATED STORIES

Share it