- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അനീതിയെ ചോദ്യം ചെയ്യാന്‍ ഒരു തലമുറ വരും....
BY ajay G.A.G8 Dec 2015 9:32 AM GMT
X
ajay G.A.G8 Dec 2015 9:32 AM GMT
പിഎഎം ഹാരിസ്
വീണ്ടും ഒരു ഡിസംബര്‍. ഇരുപത്തി മൂന്ന് ആണ്ടുകള്‍ക്ക് മുമ്പ്, 1992 ഡിസംബര്‍ 6 നാണ് ഹിന്ദുത്വ ശക്തികള്‍ ബാബരി മസ്ജിദ് തകര്‍ത്തത്. വാക്കുകളില്‍ നിര്‍ലോഭം രാജ്യസ്നേഹം നിറക്കുകയും, രാഷ്ട്രത്തിന്റെ ഐക്യവും സാമുദായിക സൗഹാര്‍ദവും തകര്‍ക്കുന്നതിനുള്ള അവസരങ്ങള്‍ ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന അക്രമികള്‍ക്ക് നാട് വാഴുന്ന മതേതര ഭരണകൂടം ഈ ക്രൂരകൃത്യത്തിന് മൗനാനുവാദം നല്കി. ബാബരി മസ്ജിദിന് അകത്ത് അതിക്രമിച്ചു കയറി പള്ളി മിഹ്റാബില്‍ രാം ലാലയുടെ വിഗ്രഹം സ്ഥാപിച്ച് 66 വര്‍ഷം പിന്നിടുന്നതും ഈ മാസത്തില്‍. 1949 ഡിസംബര്‍ 22ന് പള്ളി അടച്ചിട്ടതും, ആദ്യം വിഗ്രഹദര്‍ശനത്തിനും, പിന്നീട് പൂജക്കും അനുമതി നല്കിയതും, ക്രമേണ പള്ളി തകര്‍ത്തതും, താല്‍ക്കാലിക ക്ഷേത്രം പണിതതും ചരിത്രം. അതിന് പദ്ധതി ആസൂത്രണം ചെയ്തവരും, നടപ്പാക്കിയവരും പ്രോത്സാഹിപ്പിച്ചവരും നിയമത്തിന് തൊടാനാവാതെ വിലസുന്നു, എന്നല്ല അസഹിഷ്ണുതയുടെ ഘോഷങ്ങള്‍ മുഴക്കി സാമൂഹികാന്തരീക്ഷം വിഷമയമാക്കുന്നുവെന്നത് സമകാലിക ചിത്രം.
1428 മുതല്‍ 1949 വരെ ഫൈസാബാദിലെ മുസ്ലിംകള് ആരാധന നിര്‍വഹിച്ച പള്ളി തകര്‍ക്കുമ്പോള്‍ അത് ആസൂത്രണം ചെയ്ത് നടപ്പാക്കിയവര്‍ക്ക് വലിയ മോഹങ്ങളുണ്ടായിരുന്നു. രാഷ്ട്രീയമായി അവരുടെ മോഹങ്ങള്‍ സഫലീകരിക്കപ്പെടുന്നതാണ് പില്ക്കാലത്ത് രാജ്യം കണ്ടത്. ഭിന്നിച്ചുനിന്ന മതേതര കക്ഷികളുടെ ദൗര്‍ബല്യത്തിലും വീഴ്ചകളിലും പിടിച്ചുകയറി സംഘപരിവാരം രാജ്യഭരണം കൈയടക്കി. എന്നാല്‍ ബാബരി മസ്ജിദിനെക്കുറിച്ച സ്മരണ പള്ളി തകര്‍ത്ത് ഇല്ലാതാക്കാനാവുമെന്ന് സ്വപ്നം കണ്ടവര്‍ക്ക് തെറ്റി. ഓരോ ഡിസംബര്‍ മാസവും തങ്ങളുടെ സ്വപ്നം യാഥാര്‍ത്ഥ്യമായി പുലരുന്നില്ല എന്ന് അവരെ ഓര്‍മിപ്പിക്കുന്നു.ബാബരി മസ്ജിദിന്റെ കൈയേറ്റത്തിന് ശേഷമുള്ള ആറര ദശകവും തകര്‍ച്ചക്ക് ശേഷമുള്ള കാല് നൂറ്റാണ്ടും പിന്നിട്ട കാലം രാജ്യത്തെ ഭരണകൂടത്തിന്റെയും നീതിപീഠത്തിന്റെയും മുന്നില്‍ ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. കാലം പിന്നിടുന്തോറും അത് കൂടുതല്‍ കൂടുതല്‍ ജനമനസുകളിലേക്ക് കടന്നുകയറുമെന്നതുറപ്പ്.
ഡിസംബര്‍ ഇരുപത്തിരണ്ട്, ഡിസംബര്‍ ആറ് തീയതികള്‍ ഇന്ത്യാ ചരിത്രത്തില്‍ കറുത്ത ദിനങ്ങളായി എന്നും രേഖപ്പെട്ടു കിടക്കും. ഇരുപത്തിമൂന്ന് വര്‍ഷത്തെ നീതിനിഷേധവും വാഗ്ദത്ത ലംഘനവും 67 വര്‍ഷത്തെ അവകാശലംഘനങ്ങളും ഇന്ത്യാ ചരിത്രത്തിലെ കറുത്ത അദ്ധ്യായങ്ങളാണ്. മുഗള്‍ ഭരണാധികാരി ബാബറിന്റെ കമാന്റര്‍ മീര്‍ ബാഖി 1528 ല്‍ പണിതതാണ് ഈ ആരാധനാലയം എന്നതില്‍ സംഘപരിവാറിന്പോലും തര്‍ക്കമില്ല. ബിജെപിയുടെ ധവളപത്രവും ഇക്കാര്യം അംഗീകരിക്കുന്നതായി ജസ്റ്റിസ് ലിബര്‍ ഹാന്‍ കമ്മീഷന് റിപ്പോര്‍ട്ട് (പേജ് 61, ഭാഗം 18.6) പറയുന്നു. ഡിസംബര്‍ 22ന് വ്യാഴാഴ്ച രാത്രി പള്ളിയില്‍ രാത്രി നമസ്കാരം (ഇശാഅ്) നടന്നു. 23ന് വെള്ളിയാഴ്ച സുബഹി നമസ്കാരമോ, ജുമുഅയോ അവിടെ നടന്നില്ല. എന്താണ് സംഭവിച്ചത്.?
പള്ളിയില്‍ ശ്രീരാമ വിഗ്രഹം സ്വയംഭൂവായി എന്ന വാദമാണ് അവിടം രാമജന്മഭൂമിയാണ് എന്നതിന് തെളിവായി ഹിന്ദുത്വര്‍ എഴുതിയതും പ്രസംഗിച്ചതും. സാധാരണ ഹൈന്ദവ വിശ്വാസികളെ അവര്‍ റ്റിദ്ധരിപ്പിച്ചു. ഈ സ്വയംഭൂവായ രാംലാലയെ കാണാനാണ് ശ്രീരാമഭക്തര്‍ പള്ളിയിലേക്ക് ഒഴുകിയെത്തിയത്. കേസരി വാരിക എഴുതി: 1949 ല്‍ ക്ഷേത്ര ഭാഗത്ത് ശ്രീരാമന്റെയും സീതാദേവിയുടെയും പ്രതിമകള്‍ ഭൂമിയില്‍ പൊട്ടിമുളച്ച് പൊങ്ങിയതായ അത്ഭുതം കാണാന്‍ ലക്ഷക്കണക്കിന് ഹിന്ദു ആരാധകര്‍ അവിടേക്ക് ഒഴുകി വന്നു. (കേസരി വാരിക 1986 ജൂലൈ 20, പേജ് 13) ഈ വാദം ലിബര്‍ഹാന്‍ കമ്മീഷന് മുന്നിലും സംഘപരിവാര്‍ ഉയര്‍ത്തിയെങ്കിലും മുഖവിലക്കെടുക്കുകയുണ്ടായില്ല.പള്ളിയില്‍ അന്യായമായി അതിക്രമിച്ചു കടന്ന സംഘം വിഗ്രഹം പ്രതിഷ്ഠിക്കുകയായിരുന്നുവെന്നും പ്രഥമ വിവര റിപ്പോര്‍ട്ട് അടക്കമുള്ള പോലിസ് രേഖകളും കോടതി രേഖകളും സ്ഥിരീകരിക്കുന്നു. ബാബരി കേസില്‍ അലഹബാദ് ഹൈക്കോടതി ലഖ്നോ ബെഞ്ചിന്റെ വിധിയും ഇത് പകല്‍ വെളിച്ചം പോലെ വ്യക്തമാക്കി. മര്യാദാപുരുഷോത്തമന് എന്ന് ഹൈന്ദവ സഹോദരങ്ങള്‍ വിശ്വസിക്കുന്ന ശ്രീരാമ ചന്ദ്രനില്‍നിന്നും പ്രതീക്ഷിക്കുന്നതാണോ സംഭവിച്ചത്?
പള്ളിക്ക് സമീപം ഹിന്ദുത്വരുടെ യജ്ഞം നടക്കുന്ന സാഹചര്യത്തില്‍ കാവലുണ്ടായിരുന്ന പോലിസുദ്യോഗസ്ഥന് മാതാപ്രസാദ് ഫൈസാബാദ് പോലിസ് സ്റ്റേഷനില്‍ സംഭവം റിപ്പോര്‍ട്ട് ചെയ്തു. അതനുസരിച്ച് എസ്ഐ രാം ദുബൈ സബ് മജിസ്ട്രേറ്റ് നല്കിയ സത്യവാങ്ങ് മൂലം ഇന്നും കോടതി രേഖകളില്‍ ലഭ്യമാണ്. അഭയ് രാംദാസും രാം ചരണ്‍ ദാസുമാണ് അമ്പത് - അറുപത് പേരടങ്ങുന്ന അക്രമിസംഘത്തിന് നേതൃത്വം നല്‍കിയതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. (ജസ്റ്റിസ് ലിബര്‍ഹാന്‍ കമ്മീഷന് റിപോര്‍ട്ട്, പേജ് 69, 70 എ. ഉപവിഭാഗം: 213, 214.)അടുത്ത ദിവസം രാവിലെ പത്തര മണിക്ക് പള്ളിയില്‍ അതിക്രമിച്ച് കയറി വിഗ്രഹം സ്ഥാപിച്ചതായി യുപി മുഖ്യമന്ത്രി ഗോവിന്ദ വല്ലഭ പാന്തിനും ചീഫ് സെക്രട്ടറി ഭഗവാന് സഹായിക്കും പോലിസ് സ്റ്റേഷനില്‍നിന്നും വയര്‍ലസ് സന്ദേശം എത്തി. (ഇന്ത്യന്‍ എക്സ്പ്രസ് 1986 മാര്‍ച്ച് 30). ജില്ലാ മജിസ്ട്രേറ്റ് ആയിരുന്ന മലയാളി ആറന്മുള സ്വദേശി കെകെ നായര്‍ വിഗ്രഹം എടുത്തുമാറ്റുന്നതിന് തയാറായില്ല.
കോടതിക്ക് പുറത്തുള്ള തീര്‍പ്പ് മാത്രമാണ് ഇതിന് പരിഹാരം എന്ന് (പേജ് 72) ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്കിയ കെകെ നായരാണ് പിന്നീട് രാജ്യത്തൊന്നാകെ കലാപത്തിന് വിത്ത് വിതച്ചതെന്ന് ജസ്റ്റിസ് ലിബര്‍ ഹാന്‍ നിരീക്ഷിക്കുന്നു (പേജ് 73. വിഭാഗം 21, 22).1949 ഡിസംബര്‍ 22ന് അര്‍ധരാത്രി പള്ളിയുടെ മതില്‍കെട്ട് ചാടിക്കടന്ന് അകത്ത് പ്രവേശിച്ച സംഘമാണ് അന്യായമായി മിഹ്റാബില്‍ ശ്രീരാമ വിഗ്രഹം പ്രതിഷ്ഠിച്ചത്. രണ്ട് വര്‍ഷം മുമ്പ് പുറത്തിറങ്ങിയ കൃഷ്ണഝായും ധീരേന്ദ്രഝായും ചേര്‍ന്ന് രചിച്ച അയോധ്യ ദി ഡാര്‍ക് നൈറ്റ്’എന്ന കൃതിയില്‍ ഇതേ കുറിച്ച വിശദമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 1949 ഡിസംബര്‍ 23 മുതല്‍ ബാബരി പള്ളി അടച്ചുപൂട്ടിയിരിക്കുകയായിരുന്നു. പള്ളിയുടെ പൂട്ട് തുറന്ന് വിഗ്രഹ ദര്‍ശനത്തിന് അനുമതി തേടി 1986 ല്‍ അഭിഭാഷകനായ ഉമേഷ് ചന്ദ്ര പാണ്ഡെ കോടതിയെ സമീപിച്ചിരുന്നു. ഇതില്‍ വിധി പറഞ്ഞ ജില്ലാ ജഡ്ജി കെഎം പാണ്ഡെ വിധിന്യായത്തില്‍ രേഖപ്പെടുത്തിയത് പള്ളിയുടെ പൂട്ട് തുറന്ന് പൂജക്ക് അനുമതി നല്കിയാല് ആകാശം ഇടിഞ്ഞുവീഴാന്‍ പോകുന്നില്ല എന്നാണ്. സമുദായങ്ങള്‍ തമ്മില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടായിക്കൊണ്ടിരുന്ന ഒരു സാഹചര്യത്തിലാണ് ഈ പ്രസ്താവന നടത്തിയതെന്ന് ഓര്‍ക്കുക.
ഈ കേസില്‍ ദര്‍ശനത്തിന് അനുമതി നല്കുന്ന വിധിയെഴുതാന്‍ പ്രേരകമായത് കോടതിയില്‍ കണ്ട കുരങ്ങാണെന്ന് ജസ്റ്റിസ് കെഎം പാണ്ഡെ തന്റെ ജീവചരിത്രത്തില്‍ രേഖപ്പെടുത്തിയത് ജസ്റ്റിസ് ലിബര്‍ഹാന്‍ തുറന്നുകാട്ടുകയും ചെയ്തു. കേസില്‍ കക്ഷിപോലുമല്ലാത്ത ഒരാളുടെതായിരുന്നു ഈ ഹരജിയെന്ന് ജസ്റ്റിസ് ലിബര്‍ ഹാന്‍ എടുത്തുപറയുന്നു.പള്ളിയുടെ പൂട്ട് പൊളിക്കാന്‍ അനുമതി നല്കിയ വിധി പുറപ്പെടുവിക്കുന്നതിന് മുമ്പ് തന്റെ താമസസ്ഥലത്തും, വിധി പറയുന്നതിനിടക്ക് കോടതിയിലും അത് കഴിഞ്ഞ് വീണ്ടും താമസസ്ഥലത്തും ഒരു കുരങ്ങ് വന്നു. ആരെയും അത് ഉപദ്രവിച്ചില്ല. കീഴുദ്യോഗസ്ഥന്റെ മുമ്പാകെയുള്ള അയോധ്യാ ഹര്‍ജി പരിഗണിക്കുന്നത് നേരത്തെയാക്കണമെന്ന അപേക്ഷയായിരുന്നു അപ്പോള്‍ എന്റെ കൈയില്‍. കുരങ്ങിന്റെ അസാധാരണമായ സാന്നിധ്യവും നീക്കവും പൂട്ട് പൊളിക്കണമെന്ന് ആവശ്യപ്പെടുന്ന ഉത്തരവ് നല്കാന് എനിക്ക് പ്രേരണയായി (ജസ്റ്റിസ് ലിബര്‍ഹാന്‍ റിപോര്‍ട്ട്, പേജ് 87, വിഭാഗം 25.3). ബാബരി മസ്ജിദ് - രാമജന്മഭൂമി ഉടമാവകാശക്കേസില് വിധിയെഴുതിയത് മൂന്ന് ജഡ്ജിമാരാണ്. അവര്‍ക്ക് വിധിയെഴുത്തില്‍ എന്താണ് പ്രചോദനമായതെന്ന് വ്യക്തമല്ല. അവരുടെ ജീവചരിത്രം പുറത്ത് വരുന്നത് വരെ കാത്തിരിക്കണം.
പള്ളി തകര്‍ത്തതിനും, വര്‍ഗീയ കലാപം സൃഷ്ടിച്ചതിനും വഴിയൊരുക്കിയവരായി കണ്ടെത്തിയവരുടെ പേരുകള്‍ അക്ഷരമാല ക്രമമനുസരിച്ച് ജസ്റ്റിസ് ലിബര്‍ഹാന്‍ കമ്മീഷന് നല്‍കിയിട്ടുണ്ട്. ബാബരി മസ്ജിദ് ധ്വംസനത്തിന്റെ മുഖ്യ ആസൂത്രണം ആര്‍എസ്എസും ബിജെപിയുമായിരുന്നുവെന്ന് കണ്ടെത്തിയ കമ്മീഷന് കല്യാണ്‍ സിംഗിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന മന്ത്രിസഭയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അതില്‍ പങ്കാളികളായതായി ചൂണ്ടിക്കാട്ടുന്നു (പേജ് 925. ഭാഗം 160.13). മുന്‍ പ്രധാനമന്ത്രി എബി വാജ്പേയ്, മുന്‍ ആഭ്യന്തരമന്ത്രി എല്‍കെ അദ്വാനി, ശിവസേനാ നേതാവ് ബാല്‍ താക്കറെ തുടങ്ങിയ പ്രമുഖ നേതാക്കളും മുഖ്യമന്ത്രിയും സംസ്ഥാന മന്ത്രിമാരുമടക്കം 68 പേരിലാണ് കമ്മീഷന് കുറ്റം ചാര്‍ത്തിയത്. കുറ്റവാളികള്‍ക്കെതിരെ ഒരു നടപടിയും ശുപാര്‍ശ ചെയ്യാത്ത റിപോര്‍ട്ട് കണ്ടെത്തലുകള്‍ മാത്രമാണ് സമര്‍പ്പിച്ചത്.
സര്‍ക്കാരിന്റെ നടപടി രേഖയെക്കുറിച്ചും കുറ്റവാളികള്‍ക്കുള്ള ശിക്ഷയെക്കുറിച്ചും റിപോര്‍ട്ട് മൗനം പാലിച്ചു.1992 ഡിസംബര്‍ ആറിന് പള്ളി തകര്‍ത്തതിന് അണിയറ പ്രവര്‍ത്തനം നടത്തിയവരുണ്ട്. അത് നടത്താന്‍ നേതൃത്വം നല്‍കിയവരുണ്ട്. തങ്ങളാണ് പള്ളി തകര്‍ത്തതെന്ന് അവകാശവാദം മുഴക്കിയവരുണ്ട്. - ഈ അക്രമികള്‍ക്കെതിരെ രാജ്യം എന്ത് നടപടി സ്വീകരിച്ചുവെന്ന ചോദ്യം അവശേഷിക്കുന്നു. ബാബരി മസ്ജിദിന്റെ തകര്‍ച്ചക്ക് ശേഷം രാജ്യത്തിന്റെ പല ഭാഗങ്ങളിലും കലാപങ്ങളും മനുഷ്യക്കുരുതിയും നടന്നു. അതിന് ഉത്തരവാദികളായവര്‍ നിയമത്തിന് മുന്നില്‍ എത്തിയില്ല.അവരില്‍ ചിലര്‍ അന്ത്യശ്വാസം വലിച്ചപ്പോള്‍ അവരുടെ മൃതശരീരങ്ങള്‍ക്കുമേല്‍ ദേശീയ പതാക പുതപ്പിക്കുവാനും ദേശീയ ബഹുമതികളോടെ ശവസംസ്കാരം നടത്താനും മുതിര്‍ന്നു ഭരണകൂടം. വരുംതലമുറകള്‍ ഈ അനീതിയെ ചോദ്യം ചെയ്യുകതന്നെ ചെയ്യും - കാലം സാക്ഷി.ബാബരി മസ്ജിദ് തകര്‍ത്തത് ആരെന്ന് ലോകത്തിന് നന്നായി അറിയാം.
പതിനേഴ് വര്‍ഷം നീണ്ട വിചാരണക്ക് ശേഷം കോടികള്‍ ചിലവഴിച്ച് ജസ്റ്റിസ് ലിബര്‍ഹാന്‍ കുറ്റവാളികളെ കണ്ടെത്തി. ജസ്റ്റിസ് ലിബര്‍ഹാന്‍ റിപോര്‍ട്ട് പാര്‍ലിമെന്റില്‍ സമര്‍പ്പിക്കാനും കേന്ദ്ര സര്‍ക്കാര്‍ തയാറായില്ല. റിപോര്‍ട്ടിലെ വിവരങ്ങള്‍ പരസ്യമായപ്പോഴാണ് അത് പുറത്തുവിടാന്‍ സര്‍ക്കാര്‍ തയാറായത്. ആരുടെ താല്പര്യമാണ് കോണ്‍ഗ്രസ് ഭരണകൂടം സംരക്ഷിക്കാന്‍ ശ്രമിച്ചതെന്ന ചോദ്യവും അവശേഷിക്കുന്നു. വിശുദ്ധ പശുക്കളെ തൊടാനാവാതെ ഭരണകൂടവും രാജ്യത്തെ വ്യവസ്ഥയും പഞ്ചപുഛമടക്കി നില്ക്കുമ്പോള് രാജ്യത്തിന്റെ പ്രതിഛായക്കാണ് പരിക്കേല്‍ക്കുന്നത്. മതേതരത്വവും നിയമവാഴ്ചയും ജനാധിപത്യ സമൂഹത്തിലെ നീതി സങ്കല്‍പ്പവും അപഹസിക്കപ്പെടുകയാണ്.ബാബരി മസ്ജിദ് നിലനില്‍ക്കുന്ന ഭൂമിയുടെ ഉടമാവകാശ കേസില്‍ അറുപത് വര്‍ഷം കഴിഞ്ഞാണ് അലഹബാദ് ഹൈക്കോടതി ലഖ്നോ ബെഞ്ച് വിധി പ്രസ്താവിച്ചത്.
നാളിത്വരെ ലോകത്തെല്ലായിടവുമുള്ള കോടതികള്‍ ഉടമാവകാശ കേസില്‍ വിധിപറഞ്ഞിരുന്നത് രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു. ലഖ്നോ ബെഞ്ചിലെ ജഡ്ജിമാര്‍ ബാബരി മസ്ജിദ് ഉടമാവകാശ കേസില്‍ നല്കിയ വിധി നീതിയെയും കീഴ്വഴക്കങ്ങളെയും അതിലംഘിച്ചുകൊണ്ടുള്ളതായിരുന്നു.ഇനി ബാബരിയെപ്പറ്റി പറയണോ?നീണ്ട ഇരുപത്തി മൂന്ന് വര്‍ഷം കഴിയുന്നു. ഇനിയും ബാബരി മസ്ജിദിനെക്കുറിച്ച് പറയേണ്ടതുണ്ടോ? മതേതരവാദികളായി അടങ്ങിയൊതുങ്ങി കഴിഞ്ഞുകൂടെ എന്ന ചോദ്യം ചില കേന്ദങ്ങളില്‍ നിന്നും ഉയരുന്നുണ്ട്. സംവത്സരങ്ങളായി അഞ്ച് നേരം ഏകനായ നാഥന് വിശ്വാസികള്‍ ആരാധന നിര്‍വഹിച്ച ദൈവഭവനം, അതിനായി വഖഫ് ചെയ്ത പ്രദേശം അന്യായമായി കൈയടക്കുന്നതിനെ രാജ്യത്ത് നിലനില്‍ക്കുന്ന വ്യവസ്ഥകള്‍ ഉപയോഗപ്പെടുത്തി ചോദ്യം ചെയ്യുന്നതില്‍, നീതി നേടിയെടുക്കാനുള്ള ശ്രമത്തില്‍ എന്താണ് അപാകതയെന്ന് വിശദീകരണം ലഭിക്കേണ്ടതുണ്ട്.
ആയിരക്കണക്കിന് പള്ളികളുടെ പട്ടികയും കൈവശം വെച്ച് അവ കൈയടക്കുമെന്ന് പ്രഖ്യാപിച്ച്, രണോത്സുകരായി രംഗത്ത് വരുന്നവരെ നേരിടാന്‍ കഴിയുമെന്ന് രാഷ്ട്രം ഉറപ്പുവരുത്തേണ്ടതുണ്ട്. ഉറങ്ങുന്നവരെ ഉണര്‍ത്തുന്നതിന് ശ്രമം നടക്കേണ്ടതുണ്ട്. അടുക്കളയില്‍വരെ ഫാഷിസം കൈയേറ്റം നടത്തുന്ന സാഹചര്യത്തില്‍ അതിനെതിരെ എഴുന്നേറ്റുനില്‍ക്കേണ്ടത് വിശ്വാസത്തോടും രാഷ്ട്രത്തോടുമുള്ള ഉത്തരവാദിത്വം കൂടിയാണ്. വിശ്രമിക്കാനായില്ലഫാഷിസം വേരൂന്നുന്നത് മറവിയിലാണ്. ചരിത്രത്തെ വളച്ചൊടിച്ചും മാറ്റിയെഴുതിയുമാണ് അത് നിലനില്‍ക്കുന്നത്. അവ്യക്തത സൃഷ്ടിക്കുകയും, തെറ്റുധാരണകള്‍ പരത്തുകയും അസത്യങ്ങളും അര്‍ധസത്യങ്ങളും വസ്തുതകളായി പ്രചരിപ്പിക്കുകയുമാണ് അതിന്റെ സ്വാഭാവിക രീതി. അതിനാല്‍ ബാബരി മസ്ജിദ് സംബന്ധമായ വസ്തുനിഷ്ഠമായ ചരിത്രം വരുംതലമുറകള്‍ക്ക് കൈമാറുകയെന്നത് സുപ്രാധാനമായ ഒരു ദൗത്യമാണ്. രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്നവര്‍ സഹിഷ്ണുതയോടും സൗഹൃദത്തോടുംകൂടി ജീവിക്കുന്നവരും, അതിന് താല്‍പ്പര്യമുള്ളവരുമാണ്. സാധാരണക്കാരുടെ മനസില്‍ വിഷം കുത്തിവെക്കുന്നവരെ തിരിച്ചറിയാനും ബാബരി മസ്ജിദ് പ്രശ്നത്തെ കുറിച്ച് വസ്തുനിഷ്ഠമായി മനസ്സിലാക്കാനും ആവശ്യമായ വിദ്യാഭ്യാസവും ബോധവല്‍ക്കരണവും അവര്‍ക്ക് നല്‍കണം. അതോടൊപ്പം ബാബരി മസ്ജിദിനെക്കുറിച്ച ഓര്മ തലമുറകളിലേക്ക് പകരണം.
ഇന്ത്യയില്‍ ജനിച്ചുവീഴുന്ന ഓരോ കുഞ്ഞും ബാബരിയെപ്പറ്റി അറിയണം. ബാബരി മസ്ജിദിന്റെ തകര്‍ച്ചയിലേക്ക് നയിച്ച ഓരോ സംഭവഗതിയും അവരുടെ മനോമുകുരത്തില്‍ പച്ചപിടിച്ച് നില്‍ക്കണം. പള്ളി തകര്‍ത്തവരുടെ സ്വപ്നങ്ങള്‍ പരാജയപ്പെടുത്താന്‍ ഏറ്റവും എളുപ്പ വഴി ഇതാണ്. ബാബരി മസ്ജിദ് തകര്‍ക്കുന്നതിലൂടെ അതിനെക്കുറിച്ച എല്ലാ ഓര്‍മകളും ഇല്ലാതാവുമെന്നും, കാലം ഏറെ കഴിയുമ്പോള്‍ അത് വിസ്മൃതിയില്‍ മറയുമെന്നും പ്രതീക്ഷിച്ചവരോട് വരും തലമുറകള്‍ പറയുമെന്നതുറപ്പ് -മറവിയുടെ ഓരത്തേക്ക് ബാബരി മസ്്ജിദ് ഞങ്ങള്‍ തളളിമാറ്റില്ല. അത് ഓര്‍മ്മയില്‍ പച്ചപിടിച്ചു നില്ക്കുകതന്നെ ചെയ്യും. കോടിക്കണക്കിന് വിശ്വാസികളുടെ മനസില്‍. രാജ്യത്ത് നീതിയും സമത്വവും പുനഃസ്ഥാപിക്കപ്പെടുന്നതിന്റെ പ്രഥമപടി അയോധ്യയിലെ മണ്ണില്‍ ബാബരി മസ്ജിദിന്റെ പുനഃസ്ഥാപനമായിരിക്കും. ആ നല്ല അവസരങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുക, പ്രവര്‍ത്തിക്കുക.പുനര്‍നിര്‍മാണമാണ് നീതിബാബരി മസ്ജിദ് പ്രശ്നം ജനമധ്യത്തിലേക്ക് ഇറക്കരുതെന്ന ശക്തമായ ഒരു വാദം, പ്രശ്നം കത്തി നിന്ന 86 മുതല്‍തന്നെ ഉയര്‍ന്നു കേട്ടിരുന്നു. ബാബരി പള്ളി തകര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് അധികാരികള്‍ അല്‍പ്പകാലം കടുത്ത സങ്കടത്തിലായിരുന്നു. അവര്‍ വാഗ്ദാനങ്ങള്‍ നടത്തിക്കൊണ്ടിരുന്നു.
വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ബാബരി മസ്ജിദിനെക്കുറിച്ച് ഓര്‍മിപ്പിക്കുന്നത് തീവ്രവാദവും ഭീകരതയുമായി മുദ്രകുത്തപ്പെടുന്ന സ്ഥിതി വന്നു. അറിഞ്ഞോ അറിയാതെയോ ഈ പ്രചാരണ ഘോഷങ്ങളില്‍ മുസ്ലിംകളും മതേതര വാദികളും അകപ്പെട്ടുപോവുകയുണ്ടായി.ബാബരി മസ്ജിദ് സംരക്ഷണത്തിന് പ്രഭാഷണങ്ങളും ലേഖനമെഴുത്തുമല്ലാതെ മറ്റൊന്നും ചെയ്യാന്‍ മുസ്ലിം സമുദായ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. മാധ്യമ യുദ്ധമുഖത്ത് തുടക്കത്തിലെ പരാജയപ്പെട്ട മുസ്ലിം സമുദായം രാഷ്ട്രീയ പോര്‍മുഖത്തും അപഹാസ്യമായ നിലയിലായി. പള്ളി തകര്‍ക്കപ്പെടുമെന്ന് ഉറപ്പുണ്ടായിട്ടും ഇന്ത്യന്‍ മുസ്ലിംകളുടെ ഭാഗത്ത്നിന്നും അത് സംരക്ഷിക്കാന്‍ ശ്രമമുണ്ടായില്ല. ബാബരി സമിതികള്‍ തമ്മില്‍ തല്ലി ഇല്ലാതായി എന്നതല്ലാതെ ബാബരി പ്രശ്നത്തിന് ഒരു പരിഹാരവുമുണ്ടായില്ല. ബാബരിക്ക് വേണ്ടി ശക്തമായി തൂലികയും നാവും പ്രയോഗിച്ചവരില്‍ ചിലര്‍ പോലും പള്ളിയുടെ മേലുള്ള അവകാശവാദം ഒഴിവാക്കണമെന്ന് പരസ്യമായി അഭിപ്രായപ്പെട്ടിരിക്കുന്നു. മസ്ജിദ് തകര്‍ന്ന് ഇന്ന്് എത്തിനില്‍ക്കുന്ന സാഹചര്യത്തിലാണ് വിട്ടുവീഴ്ചയെക്കുറിച്ച പ്രഭാഷണങ്ങള്‍. അത് പുതിയതല്ല, പലരും പണ്ടേ പറഞ്ഞതാണ്. അതിന് ന്യായീകരണമായി നബിചര്യയില്‍നിന്നും ഹുദൈബിയ സന്ധിയുടെ എഴുത്തും വെട്ടിയെഴുത്തും സമര്‍പ്പിക്കാറുമുണ്ട്. ശിലാന്യാസ വേളയിലും പള്ളി തകര്‍ന്നപ്പോഴും സമുദായത്തിന്റെ രാഷ്ട്രീയകക്ഷി കളിച്ച കളിയുടെ മറ്റൊരു രൂപമാണ് കാര്യത്തോടടുത്തപ്പോള്‍ ചില ഇസ്ലാമിക സംഘടനകള്‍ സ്വീകരിച്ചത്.
ബാബരിക്ക് വേണ്ടിയുള്ള കൂട്ടായ പോരാട്ടത്തിനിടയില്‍ ആദര്‍ശത്തിന്റെ മറവില്‍ നടത്തിയ ‘കളി’കളുടെ വിവരങ്ങള്‍ പിന്നീട് പലപ്പോഴായി പുറത്ത് വരികയുണ്ടായി. ബാബരിക്ക് വേണ്ടി നിയമപോരാട്ടം നടത്തുന്ന അഭിഭാഷകന് കോഴിക്കോട്ട് വിളിച്ച്ചേര്‍ത്ത സംഘടനാ പ്രതിനിധികളുടെയും ക്ഷണിക്കപ്പെട്ട വ്യക്തികളുടെയും യോഗത്തില്‍ പങ്കെടുത്തതിന് തങ്ങളുടെ പ്രവര്‍ത്തകരോട് ഒരു സംഘടനയുടെ നേതൃത്വം വിശദീകരണം ആവശ്യപ്പെടുകയുണ്ടായി. ബാബരി പോരാട്ടം എന്തുകൊണ്ട് വിജയിച്ചില്ല എന്നതിന്, സംഘടനകള്‍ അനുവര്‍ത്തിച്ച ഇരട്ടത്താപ്പ് നയം എന്നതാണ് ഒന്നാമത്തെ മറുപടി. തങ്ങളുടെ അഖിലേന്ത്യാ നേതൃത്വത്തിന്റെ പങ്കാളിത്തത്തോടെ ബാബരി മൂവ്മെന്റ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി തീരുമാനിക്കുന്ന സമരപരിപാടികള്‍ കേരളത്തിലെ ജനസമൂഹത്തെ അറിയിക്കുന്നതില്പോലും അതിന്റെ കേരള ഘടകം ദീക്ഷിച്ച മൗനം വിസ്മരിക്കാനാവില്ല.1984 ലാണ് രാമജന്മഭൂമി പ്രക്ഷോഭം ഹിന്ദുത്വ ശക്തികള്‍ സജീവമാക്കുന്നത്. 1986 ഫെബ്രുവരി 1 ന് ബാബരി മസ്ജിദ് പൂട്ടു തുറക്കാനുള്ള കോടതി വിധിയോടെയാണ് പ്രശ്നം ദേശീയതലത്തിലേക്ക് വളരുന്നത്. സ്വാതന്ത്ര്യാനന്തരം 1986 വരെ ഈ പ്രശ്നം മുസ്ലിംകള്ക്ക് പ്രാദേശികപ്രശ്നം മാത്രമായിരുന്നു. അബുല്‍ ഹസന് നദ്വി, മുഹമ്മദ് ഇസ്മായില്‍ സാഹിബ്, സുലൈമാന്‍ സേട്ട് സാഹിബ്, മൗലാന അബുല്ലൈസ്, മുഹമ്മദ് യൂസുഫ് തുടങ്ങിയ പണ്ഡിതരും നേതാക്കളുമൊന്നും അന്ന് പ്രാദേശികമായി ഈ പ്രശ്നം വീട്ടുവീഴ്ചയിലൂടെ പരിഹരിക്കാന്‍ ശ്രമിക്കാതിരുന്നത് എന്തുകൊണ്ടാകും? ഹുദൈബിയാ അവര്‍ക്ക് അജ്ഞാതമായിരുന്നില്ലല്ലോ. അയോധ്യയില്‍ ശ്രീരാമ ജന്മസ്ഥാന് എന്ന് അവകാശപ്പെടുന്ന ക്ഷേത്രങ്ങള്‍ നിരവധിയുണ്ട് എന്നത് പുതിയ അറിവല്ല.
ഈ ക്ഷേത്രങ്ങളില്‍ ഭക്ത്യാദരപൂര്‍വം എത്തുന്ന ഹൈന്ദവ സഹോദരങ്ങള്‍ക്ക് പൂക്കളും പുഷ്പഹാരങ്ങളും തയാറാക്കുന്നത് മുസ്ലിംകളടക്കമുള്ള പ്രദേശ വാസികളാണ് എന്നതും സത്യം. രാഷ്ട്രീയക്കാരാണ് വിവാദത്തിന് പിന്നിലെന്ന് തുറന്ന് പറഞ്ഞത് രാമക്ഷേത്രത്തിലെ പൂജാരി തന്നെ. ബാബരി മസ്ജിദിന്മേലുള്ള അവകാശവാദവും ബഹളവും സാധാരണക്കാരായ ഹൈന്ദവ വിശ്വാസികളെ തെറ്റുധരിപ്പിച്ച ഒരു സംഘത്തിന്റെ അധികാരാരോഹണത്തിനു വേണ്ടിയുള്ള കുതന്ത്രങ്ങളാണെന്നും അതില്‍ വിശ്വാസത്തിന്റെ അംശം വളരെ കുറവാണെന്നും അറിയാത്തവരില്ല. ബാബരി മസ്ജിദ് മുസ്ലിംകള് വേണ്ടെന്നുവെച്ചു എന്ന് കരുതുക. ആര്‍ക്ക് നല്കിയാലാണ് മതേതരത്വവും സൗഹാര്‍ദവും പുലരുക. സംഘപരിവാരത്തിന് നല്കിയാല് അവര്‍ അവിടെ അവസാനിപ്പിക്കുമോ? മഥുരയില്‍ കൃഷ്ണ ജന്മഭൂമിയുടെയും കാശിയില്‍ വിശ്വനാഥ ക്ഷേത്രത്തിന്റെയും പേരില്‍ അടുത്ത ഘട്ടം തുടങ്ങും. മമ്പുറത്തേതുള്പ്പെടെ ആയിരക്കണക്കിന് പള്ളികളുടെമേല്‍ ദശകങ്ങള്‍ക്ക് മുമ്പേ അവകാശവാദം ഉയര്‍ന്നിരുന്നു. വിട്ടുവീഴ്ചയെ കുറിച്ച് പറയുമ്പോള്‍ ഒരനുഭവം സൂചിപ്പിക്കാം.
1968 ല്‍ മഥുരയിലെ ഈദ്ഗാഹ് മസ്ജിദിന്് സമീപം കൃഷ്ണജന്മസ്ഥാന്‍ ക്ഷേത്രത്തിന് അനുമതി നല്കി പ്രശ്നത്തിന് പ്രാദേശികമായി വിട്ടുവീഴ്ചയിലൂടെ പരിഹാരം കണ്ടിരുന്നു. പ്രശ്നം പരിഹരിക്കപ്പെട്ടുവോ? ഈദ്ഗാഹ് മസ്്ജിദിലേക്ക് നേരിട്ടുള്ള വഴിപോലും ഇല്ലാതായി. ഏറെ ചുറ്റിവളഞ്ഞ് എരുമച്ചാണകവും മാലിന്യവും നിറഞ്ഞ വഴിയിലൂടെ സഞ്ചരിച്ചാണ് മൂന്ന് ദശകം മുമ്പ് ഈ ലേഖകന്‍ ഈദ്ഗാഹ് മസ്ജിദിന് സമീപം എത്താനായത്. ഇപ്പോഴും 'കാശീ, മഥുരാ ബാഖീ ഹേ' എന്ന് ഹിന്ദുത്വര്‍ മുദ്രാവാക്യം മുഴക്കിക്കൊണ്ടിരിക്കുന്നു. ബാബരി മസ്ജിദ് തകര്‍ന്നപ്പോള്‍ ഇന്ത്യാ രാജ്യം ഉയര്‍ത്തിപ്പിടിച്ച മതേതരത്വത്തിന്റെയും നീതിയുടെയും മഹദ് മിനാരങ്ങളാണ് തകര്‍ന്ന് വീണത്. മാധ്യമ രംഗത്തും രാഷ്ട്രീയ രംഗത്തും മുസ്ലിംകള് പരാജയപ്പെട്ടിരിക്കാം. പക്ഷേ, സത്യവും നീതിയും ധര്‍മവും പരാജയപ്പെട്ടുവെന്ന് അര്‍ത്ഥമില്ല. തിന്മക്കെതിരെ പ്രതികരിക്കുന്നതിന് മതം പഠിപ്പിക്കുന്ന പാഠങ്ങള്‍ വിശ്വാസികള്‍ക്കറിയാം. തീര്‍ച്ചയായും ചര്‍ച്ചകളുടെ പ്രസക്തി നിഷേധിക്കേണ്ടതില്ല. വീട്ടുവീഴ്ചകളുമാവാം. പള്ളി പുനര്‍നിര്‍മിക്കുന്നതിലൂടെ മാത്രമെ രാജ്യത്തിന് നഷ്ടമായ പ്രതിച്ഛായ വീണ്ടെടുക്കാനാവൂ.
വീട്ടുവീഴ്ച കരുത്തിന്റെയും ശക്തിയുടെയും നിദര്‍ശനമാണ്. പരാജിതന്റെ, ദുര്‍ബലന്റെ, അവസാന ആശ്രയമല്ല അത്. പ്രതികൂല സാഹചര്യങ്ങളില്‍ ഭീരുത്വം മൂലം തീരുമാനങ്ങളില്‍നിന്ന് പിന്നോട്ടു പോകുന്നത് വിട്ടുവീഴ്ചയല്ല. ബാബരി അക്രമികള്‍ കൈയടക്കിയിരിക്കാം, അവിടെ മാലിന്യം നിറയാം. പക്ഷേ, ഒരു നാള് നീതി പുലരും. എത്രയെത്ര കൊച്ചു സംഘങ്ങളാണ് വന്‍ സംഘങ്ങളെ കീഴൊതുക്കിയതെന്ന ദൈവവചനം വിശ്വാസികള്ക്ക്് ആവേശവും പ്രചോദനവുമാകുന്നു. ഇരുള് നീങ്ങും, വിഭാതം വരും. വിശ്വാസിക്ക് നിരാശയില്ല. ഭാവി അവനുള്ളതാണ്.
Next Story
RELATED STORIES
മുനമ്പം വഖ്ഫ് ഭൂമി: അന്വേഷണ റിപോര്‍ട്ട് വൈകിക്കില്ലെന്ന് ജസ്റ്റിസ് സി...
23 Nov 2024 12:52 AM GMTസംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു
22 Nov 2024 5:35 PM GMTഐലീഗില്‍ ജയത്തോടെ തുടങ്ങി ഗോകുലം കേരള; ശ്രീനിധിയെ തകര്‍ത്തു
22 Nov 2024 3:45 PM GMTമദ്യലഹരിയില്‍ കാറിടിച്ച് തെറിപ്പിച്ചു; പാലക്കാട് രണ്ടുപേര്‍ക്ക്...
22 Nov 2024 3:10 PM GMTകൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റൻ്റ് ലേബർ കമ്മീഷണർ പിടിയിൽ
22 Nov 2024 2:59 PM GMTമുനമ്പം വഖ്ഫ്ഭൂമി പ്രശ്നം:ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുമെന്ന് സർക്കാർ
22 Nov 2024 2:09 PM GMT