Fortnightly

വിജ്ഞാനവിപ്ലവം

വിജ്ഞാനവിപ്ലവം
X








10



അഹ്മദ് ഈസ/ഉസ്മാന്‍ അലി



ച്ചവടക്കാര്‍ മാത്രമായിരുന്നില്ല മുസ്‌ലിംകള്‍. അവര്‍ കൃഷിയിലും ജലസേചനത്തിലും പുതിയ രീതികള്‍ സ്വീകരിച്ചു. പുതിയ വിളകള്‍ കണ്ടുപിടിച്ചു. അധിക വിളനല്‍കുന്ന വിത്തുകള്‍ വികസിപ്പിച്ചെടുത്തു. ജലവിനിയോഗം മെച്ചപ്പെടുത്തി. പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും പഞ്ചസാരയും കരിമ്പും പരുത്തിയും ഉല്‍പ്പാദിപ്പിച്ചു. ഏഷ്യയില്‍ മാത്രം കണ്ടിരുന്ന മാങ്ങയും വാഴപ്പഴവും നാരങ്ങയും മധ്യപൗരസ്ത്യത്തിനും യൂറോപ്പിനും പരിചയപ്പെടുത്തി. തണ്ണിമത്തനും ചീരയും ആര്‍ട്ടിയോക്കും എഗാപ്ലാന്റും കൃഷിചെയ്തു. ഗോതമ്പ്, അരി എന്നിവയുടെ കൃഷി വ്യാപകമാക്കുന്നതില്‍ മുസ്‌ലിം സംഭാവന ചെറുതല്ല.
പാസ്റ്റ ഇറ്റലിക്കാര്‍ക്ക് പരിചയപ്പെടുത്തിയത് അറബികളാണെന്നു കരുതപ്പെടുന്നു. നാളികേരവും കാരക്കയും യൂറോപ്പിലെത്തിയത് അവരിലൂടെയാണ്. പഞ്ചസാരയും അങ്ങിനെത്തന്നെ. ഇംഗ്ലീഷിലെ ശുഗര്‍ അറബിയില്‍ നിന്നു വന്നതാണ്. പരുത്തികൃഷി പ്രചരിപ്പിച്ചത് മുസ്‌ലിംകളാണ്. പല യൂറോപ്പ്യന്‍ ഭാഷകളിലും പരുത്തിക്കുപയോഗിക്കുന്ന കോട്ടണ്‍ എന്ന പദം മൂലത്തില്‍ അറബിയാണ്. ഒരു കാലത്ത് ബഗ്ദാദ് നഗരം പരുത്തി വ്യാപാരത്തിന്റെ അന്താരാഷ്ട്ര കേന്ദ്രമായിരുന്നു.
വ്യാപാര വാണിജ്യ ബന്ധങ്ങള്‍ വികസിക്കുന്നതിനോടൊപ്പം നിയമങ്ങളും ചട്ടങ്ങളുമുണ്ടായി. പൊതു നാണയവ്യവസ്ഥ വികസിച്ചു. അളവുതൂക്കങ്ങള്‍ ക്രമീകരിക്കപ്പെട്ടു. നാഴിക മണി, കാറ്റാടി യന്ത്രം, വാറ്റ്, കണ്ണാടി നിര്‍മ്മാണം, സുഗന്ധ ദ്രവ്യങ്ങള്‍, പരവതാനി നിര്‍മ്മാണം അങ്ങിനെ എണ്ണിയാലൊതുങ്ങാത്ത മേഖലകള്‍ വികസിപ്പിച്ചു.
വിജ്ഞാന വിപ്ലവം
അബ്ബാസി ഭരണത്തിന്റെ ആദ്യ നൂറ്റാണ്ട് വിജ്ഞാന സമ്പാദനത്തില്‍ വലിയ വിപ്ലവം തന്നെ നടന്നു. ഖുര്‍ആന്‍ വ്യാഖ്യാനങ്ങളിലും പ്രവാചക ജീവചരിത്രത്തിലും തുടങ്ങിയ രചനകള്‍ മറ്റു മേഖലകളിലേക്ക് വ്യാപിച്ചു. ഗ്രീക്ക്, പാര്‍സി ഭാഷകളില്‍ നിന്ന് അനേകം കൃതികള്‍ അറബിയിലേക്ക് പരിഭാഷ ചെയ്യപ്പെട്ടു. പരിഭാഷകള്‍ ഒരു നാഗരികതയുടെ സക്രിയതയുടെ സൂചനയാണ്. പല പുതിയ പദങ്ങളും അറബി ഭാഷ കടം കൊണ്ടു. പല പദങ്ങളും കടം കൊടുത്തു. അന്താരാഷ്ട്ര തലത്തില്‍ അതൊരു പൊതുഭാഷയായും ആദ്യകാല പാശ്ചാത്യ സര്‍വ്വകലാശാലകള്‍ അത് പഠന മാധ്യമമായും സ്വീകരിച്ചു.
ഗ്രന്ഥാലയങ്ങള്‍ വളര്‍ന്നു വന്നു. ഇറാനിലെ ജുന്‍ദിഷാപൂര്‍ ലൈബ്രറി വിശ്വപ്രശസ്തമായിരുന്നു. സസനിയന്‍ രാജാക്കന്മാര്‍ സ്ഥാപിച്ച ഗ്രന്ഥാലയം മുസ്‌ലിംകളാണ് വികസിപ്പിച്ചത്. ക്രി വ 832 ല്‍ ബഗ്ദാദില്‍ ഖലീഫാ അല്‍ മഅ്മൂന്‍ സ്ഥാപിച്ച ബൈത്തുല്‍ ഹിക്മ മാതൃകയാക്കിയത് ആ ഗ്രന്ഥാലയമാണ്. സ്‌പെയിനില്‍ അല്‍ ഹക്കീം സ്ഥാപിച്ച ഗ്രന്ഥശാലയില്‍ നാലു ലക്ഷം പുസ്തകങ്ങള്‍ ഉണ്ടായിരുന്നു. സര്‍വ്വകലാശാലകള്‍ സംവിധാനിച്ചതിലും മുസ്‌ലിംകള്‍ മുമ്പിലായിരുന്നു. വിവിധ വിഭാഗങ്ങളാക്കിയുള്ള പഠനം, പഠന രീതികള്‍ എല്ലാം അവര്‍ ആവിഷ്‌ക്കരിച്ചു. ജാമിഅ എന്ന പദം തന്നെയാണ് സര്‍വ്വകലാശാല.



കുല്ലിയയാണ് കോളേജ്
അബ്ബാസി ഖലീഫയായ ഹാറൂണ്‍ അല്‍ റശീദ് ആണ് ആദ്യത്തെ ആഗോള രാഷ്ട്രതന്ത്രജ്ഞന്‍ എന്നു തന്നെ പറയാം. അദ്ദേഹത്തിന്റെ കാലത്ത് ബഗ്ദാദ് സുവര്‍ണ്ണ നഗരമായിരുന്നു. ഏതു വിഭാഗങ്ങള്‍ക്കും പ്രവര്‍ത്തിക്കാനും യൂഫ്രട്ടീസ്, ടൈഗ്രീസ് നദീതീരങ്ങള്‍ ആതിഥ്യമരുളി. അറബിക്കഥകളിലെ ഇതിഹാസപുരുഷനായി അദ്ദേഹം മാറുന്നത് വെറുതെയല്ല. അദ്ദേഹത്തിന്റെ മകന്‍ അല്‍ മഅ്മൂന്‍ വിജ്ഞാനകുതുകിയും വാഗ്മിയും താര്‍ക്കികനുമായിരുന്നു. മഅ്മൂന്‍ സ്ഥാപിച്ച ബൈത്തുല്‍ ഹിക്മയാണ് ലോകത്തിലെ അിറയപ്പെടുന്ന പ്രഥമ ചിന്താസ്ഥാപനം. ജ്യോതിശാസ്ത്രം, ഭാഷാപഠനം, രസതന്ത്രം തുടങ്ങിയ പല മേഖലകളിലും ഗവേഷണം നടന്ന ഒരു സ്ഥാപനമായിരുന്നുവത്. ഗ്രീക്ക്, പാര്‍സി, സംസ്‌കൃത കൃതികള്‍ ധാരാളം അറബിയിലേക്കു തര്‍ജ്ജമ ചെയ്യപ്പെട്ടു.
യൂറോപ്പ്യര്‍ പൗരാണിക ഗ്രീസ് സംസ്‌ക്കാരം കണ്ടുപിടിക്കുന്നതിന് എത്രയോ മുമ്പ് അരിസ്റ്റോട്ടിലും പ്ലാറ്റോയും ആരെന്ന് അവരറിഞ്ഞത് അറബി ഭാഷകളിലൂടെയാണ്. തങ്ങളുടെ സംസ്‌കാരം തനതാണെന്നും തങ്ങള്‍ ആരെയും ആശ്രയിച്ചില്ലെന്നും സ്ഥാപിക്കാന്‍ പിന്നീടാണ് യൂറോപ്യന്മാര്‍ ഗ്രീസിലേക്ക് ഓടിചെന്നത്.
സ്ത്രീകളും വിജ്ഞാന സമ്പാദനത്തില്‍ മുന്നിലുണ്ടായിരുന്നു. അവര്‍ വൈദ്യശാസ്ത്രത്തില്‍ മികച്ചു നിന്നു. ശസ്ത്രക്രിയ വിദഗ്ദ്ധന്മാരും ചികിത്സകരുമായി സ്ത്രീകള്‍ ഏറെയുണ്ടായിരുന്നു. സൂതികാശാസ്ത്രത്തില്‍ അവര്‍ പ്രത്യേക പ്രാവീണ്യം നേടി. അബ്ബാസി കാലഘട്ടത്തില്‍ 17 ഭരണാധികാരികളും ഒമ്പത് പ്രഭാഷകരും 42 മതപണ്ഡിതന്മാരും 23 സംഗീതജ്ഞരും 76 കവികളും സ്ത്രീകളായിരുന്നു. അവരൊക്കെ അന്തപുരങ്ങളില്‍ കഴിയുകയായിരുന്നില്ല.
ഇമാം ഗസ്സാലി, ഇബ്‌നു ഖല്‍ദൂന്‍ അങ്ങിനെ അനേകം പണ്ഡിതന്മാര്‍ മതചിന്തയിലും ചരിത്ര വിജ്ഞാനീയത്തിലും സാമൂഹ്യ ശാസ്ത്രത്തിലും സ്വാധീനം ചെലുത്തി. സ്‌പെയിനിലെ കൊര്‍ദോവയായിരുന്നു ബാഗ്ദാദിനോടൊപ്പം നിന്ന ഒരു നഗരം.
അളവും ഗുണവും
ഗവേഷണത്തിനും മുസ്‌ലിംകള്‍ വലിയ പ്രാധാന്യം നല്‍കിയെന്ന കാര്യം പ്രസിദ്ധമാണ്. പ്രകൃതിയെ പറ്റിയും യുക്തിയെ പറ്റിയും ഖുര്‍ആന്‍ പല പ്രാവശ്യം പരാമര്‍ശിക്കുന്നുണ്ട്. പ്രകൃതിയിലെ സന്തുലനത്തിന് ഇസ്‌ലാം വലിയ പ്രാധാന്യം നല്‍കുന്നു. അളവും ഗുണവും ഒരു പോലെ പരിഗണിക്കണമെന്നതാണ് ഇസ്‌ലാമിന്റെ സമീപനം.
ഭൂമി ഉരുണ്ടതാണെന്ന് മുസ്‌ലിം ഗോളശാസ്ത്രജ്ഞന്മാര്‍ ആദ്യം തന്നെ അംഗീകരിച്ചിരുന്നു. എന്നാല്‍ നവോത്ഥാന കാലഘട്ടത്തിന് ശേഷമാണ് യൂറോപ്പ്യര്‍ അത് അംഗീകരിക്കുന്നത്. ഭൂമി ഉരുണ്ടതാണെന്നും അത് സൂര്യനു ചുറ്റും കറങ്ങുകയാണെന്നും പറഞ്ഞ ശാസ്ത്രജ്ഞന്മാരെ കത്തോലിക്കാ സഭ കഠിനമായി പീഢിപ്പിച്ചു. ചിലരെ തീയിലിട്ട് കൊന്നു. മുസ്‌ലിം ഗോള ശാസ്ത്രജ്ഞന്മാരാണ് പഞ്ചാംഗം ക്രമപ്പെടുത്തിയത്. സൗരയൂഥത്തിനു പുറത്ത് മറ്റു നക്ഷത്ര സമൂഹങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത അവര്‍ തള്ളിക്കളഞ്ഞില്ല. യവന ജ്യാമിതി ജനപ്രിയമാകുന്നതിന് മുമ്പു തന്നെ മുസ്‌ലിം ഗണിത ശാസ്ത്രജ്ഞന്മാര്‍ പൈ ഉപയോഗിച്ച് വ്യാസമാപനം നടത്തിയിരുന്നു. കീഴടക്കിയ രാജ്യങ്ങളിലെ ഗ്രന്ഥപ്പുരകളും ഗവേഷണ സ്ഥാപനങ്ങളും മുസ്‌ലിംകള്‍ നിലനിര്‍ത്തി.
ജുന്‍ദിഷാപൂരിലെ ഗ്രന്ഥാലയം ശാസ്ത്രഗവേഷണത്തില്‍ മുന്‍ നിരയിലായിരുന്നു. ആ പട്ടണത്തിലെ ശാസ്ത്രജ്ഞന്മാര്‍ അമവി തലസ്ഥാനമായ ദമസ്‌ക്കസില്‍ ഗവേഷണത്തെ സഹായിച്ചു. അബ്ബാസി കാലഘട്ടത്തിലാണ് മുസ്‌ലിം ലോകത്ത് ശാസ്ത്ര ഗവേഷണം വന്‍ തോതില്‍ വികസിക്കുന്നത്. ഗോളശാസ്ത്രത്തിനായി പലപ്പോഴും മുന്‍ഗണന നക്ഷത്ര ജാലകങ്ങളെ പറ്റിയുള്ള പഠനങ്ങള്‍ കപ്പല്‍ യാത്രയെ സഹായിച്ചു. ചന്ദ്രമാസത്തിന്നായിരുന്നു മുസ്‌ലിംകള്‍ മുന്‍ഗണന നല്‍കിയിരുന്നത്. അവര്‍ നിങ്ങളോട് ചന്ദ്രക്കലയെ കുറിച്ച് ചോദിക്കുന്നു. അത് ജനങ്ങള്‍ക്ക് കാലം കണക്കാക്കാനുള്ളതാണ്. ഹജ്ജിനുള്ള അടയാളവും (2:189). അതാണ് ഖുര്‍ആന്‍ വചനം.
കൃത്യമായ തിഥികള്‍ നിര്‍മ്മിച്ചത് അവരാണ്. അതിനനുസരിച്ച് ഋതുക്കള്‍ കണക്കാക്കാന്‍ പറ്റി. മുഹമ്മദ് ഇബ്‌നു മൂസയാണ് അല്‍ഗോരിതം വികസിപ്പിച്ചത്. (അല്‍ഖവാറ്‌സ്മിയില്‍ നിന്നാണ് ഇംഗ്ലീഷിലെ അല്‍ഗോരിതം ഉണ്ടായത്) അല്‍കെമി എന്ന അല്‍കീമിയ രസായന വിദ്യ വികസിപ്പിച്ചു.



വൈദ്യശാസ്ത്രം
ജുന്‍ദിഷാപൂരിന്റെ പ്രാധാന്യം വീണ്ടും തെളിയുന്നത് വൈദ്യശാസ്ത്ര ഗവേഷണത്തിലാണ്. സസനിയന്‍ കാലഘട്ടത്തില്‍ പല യവന ഗവേഷകരും നഗരത്തില്‍ താമസമാക്കിയതിനു കാരണം നഗരത്തിനുണ്ടായിരുന്ന സൗഹൃദാന്തരീക്ഷമാണ്. അറബ്-പേര്‍ഷ്യന്‍ വൈദ്യശാസ്ത്രം വികസിക്കുന്നതിന് അവര്‍ സഹായിച്ചു. പ്രവാചകന്റെ കാലത്ത് ജീവിച്ച പ്രമുഖ വൈദ്യശാസ്ത്രജ്ഞന്മാര്‍ ചികിത്സ, ശുചിത്വം, ഭക്ഷണരീതി എന്നീ മേഖലകളില്‍ സ്വാധീനം ചെലുത്തി.
മുസ്‌ലിം രാജാക്കന്മാരുടെ കൊട്ടാര വൈദ്യന്മാര്‍ പലരും ജുന്‍ദിഷാപൂരില്‍ നിന്നുള്ളവരായിരുന്നു. പ്രഗത്ഭ ഭിഷഗ്വരനായ ഹുസൈന്‍ ബിന്‍ ഇസ്ഹാഖ് (ക്രി വ 809-873) ആയിരുന്നു അക്കാലത്തെ പ്രശസ്ത യവന വൈദ്യശാസ്ത്ര ഗ്രന്ഥങ്ങള്‍ അറബിയിലേക്ക് തര്‍ജ്ജമ ചെയ്തത്. പരിഭാഷകരുടെ ആചാര്യന്‍ എന്നറിയപ്പെട്ട ബിന്‍ ഇസ്ഹാഖിന്റെ നേതൃ ശാസ്ത്രപഠനം വളരെ പ്രസിദ്ധമാണ്. പാശ്ചാത്യ സര്‍വ്വകലാശാലകളില്‍ പാഠപുസ്തകങ്ങളായിരുന്നു ഇബ്‌നു ഇസ്ഹാഖിന്റെയും ജാബിറിന്റെയും (ക്രി വ 721-815) കൃതികള്‍.
പല വിജ്ഞാനീയങ്ങളിലും ഒരേ സമയം അവഗാഹമുള്ളവരായിരുന്നു പല ഗവേഷകരും. വൈദ്യശാസ്ത്ര പണ്ഡിതന്മാര്‍ തന്നെ തത്വശാസ്ത്രജ്ഞരുമായിരുന്നു. (ഇബ്‌നു സീന ഉദാഹരണം) ക്രി വ ഒമ്പതാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ ബഗ്ദാദില്‍ മാത്രം 860 ഭിഷഗ്വരന്മാരുണ്ടായിരുന്നു. പുറമെ ഒന്നാന്തരം ആശുപത്രികളും വൈദ്യശാസ്ത്ര പഠന കേന്ദ്രങ്ങളും: അര്‍റാസി (854-925), അല്‍ മജൂസി (1982-94), ഇബ്‌നു സീന (980-1037) എന്നീ മഹാരഥന്മാരെ ശാസ്ത്രലോകത്തിന് അവഗണിക്കാന്‍ പറ്റില്ല. മുഹമ്മദ് ബിന്‍ സക്കറിയ അര്‍റാസി ബഗ്ദാദില്‍ കൊട്ടാര വൈദ്യനായിരുന്നു. ബാലചികിത്സയിലും നേത്രചികിത്സയിലും അഗ്രഗണ്യനായിരുന്ന റാസി വസൂരി, അഞ്ചാംപനി എന്നിവയെ പറ്റി നടത്തിയ പഠനങ്ങള്‍ വളരെ പ്രധാനമാണ്. അലി ഇബ്‌നു അല്‍ അബ്ബാസ് അല്‍ മജൂസി ബഗ്ദാദില്‍ ഭിഷഗ്വരനായിരുന്നു. ജനിച്ചത് പേര്‍ഷ്യയില്‍. മജൂസിയുടെ കിതാബ് അല്‍ മാലികി വൈദ്യശാസ്ത്ര വിജ്ഞാന കോശമെന്ന നിലയില്‍ പുകള്‍പെറ്റതാണ്. ഇബ്‌നുസീന 450 ശാസ്ത്ര-തത്വശാസ്ത്ര കൃതികളുടെ രചയിതാവാണ്. ഇബ്‌നു സീനയുടെ കാനൂന്‍ മധ്യയുഗ സര്‍വ്വകലാശാലകളിലെ സര്‍വാംഗീകൃത പാഠപുസ്തകമായിരുന്നു. 1973 ല്‍ ന്യൂയോര്‍ക്കില്‍ അതിന്റെ ഏറ്റവും പുതിയ പതിപ്പ് ഇറക്കി.
ഇന്നു പാശ്ചാത്യ സര്‍വ്വകലാശാലകളിലേക്ക് വിദ്യാര്‍ത്ഥികള്‍ കുതിച്ചു ചെല്ലുന്നതുപോലെ അക്കാലത്ത് മുസ്‌ലിം നഗരങ്ങളിലെ സര്‍വ്വകലാശാലകളിലേക്കാണ് വിജ്ഞാനകുതുകികള്‍ ഓടിചെന്നത്. കൈറോ, ദമസ്‌ക്കസ്, ബഗ്ദാദ്, ശിറാസ്, കൊര്‍ദോവ തുടങ്ങിയ നഗരങ്ങള്‍ പഠന ഗവേഷണത്തില്‍ മത്സരിച്ചു. 12ാം നൂറ്റാണ്ടുവരെ കൊര്‍ദോവയായിരുന്നു വിജ്ഞാനത്തിന്റെ ദീപസ്തംഭം. സ്‌പെയിനിലെ ഇബ്‌നു റുശ്ദ് (1126-1198), ദാര്‍ശനികന്‍, ശാസ്ത്രജ്ഞന്‍ എന്നീ നിലകളില്‍ ബറൂഖ് സ്പിനോസ (1632-1677), മൈമ നൈഡിസ്, തോമസ്, അകൈ്വനസ് (1225-1274), ബോഅത്തിയൂസ് (480-524) തുടങ്ങിയ പ്രമുഖ ചിന്തകന്മാരെ സ്വാധീനിച്ചു. വൈദ്യശാസ്ത്ര വിജ്ഞാന കോശം രചിച്ച ഇബ്‌നു റുശ്ദ് ന്യായാധിപന്‍, ഭിഷഗ്വരന്‍ എന്ന നിലയിലും ഒന്നാം നിരയിലായിരുന്നു. സസ്യശാസ്ത്രം, രസായനവിദ്യ എന്നീ വിജ്ഞാനീയങ്ങളില്‍ മുസ്‌ലിം സംഭാവന വമ്പിച്ചതായിരുന്നു. ഔഷധ നിര്‍മ്മാണം അതിനനുസരിച്ച് വികസിച്ചു. ഇന്നു നാം കാണുന്ന ആശുപത്രികളുടെ സംഘാടനം തുടങ്ങിവെച്ചത് മുസ്‌ലിംകളായിരുന്നു. ശുചിത്വത്തിനും രോഗപ്രതിരോധത്തിനും അവര്‍ പ്രാധാന്യം നല്‍കി. പല അന്ധവിശ്വാസങ്ങളും തിരസ്‌ക്കരിച്ചു.

വിവ: കലീം
തുടരും
Next Story

RELATED STORIES

Share it