- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഒരു കേന്ദ്രീകൃത മാതൃക വച്ച് കേരളത്തെ തിരിച്ചുപിടിക്കാനാകില്ല: ഡോ ടിവി സജീവന്‍
കേരളത്തിന്റെ കാലാവസ്ഥയെ സംബന്ധിച്ച് എവിടെ ഒരു വിത്തിട്ടാലും മുളയ്ക്കുന്ന പ്രദേശമാണ്. ലോകത്ത് അത്തരം പ്രദേശങ്ങള്‍ വിരളമാണ്. അങ്ങിനെ വേണമെന്നുണ്ടെങ്കില്‍ വളരെ കേന്ദ്രീകൃതമായി തീരുമാനങ്ങളെടുക്കുന്ന രീതി മാറി വികേന്ദ്രീകൃതമായ ഗ്രാമസഭകളില്‍ ചര്‍ച്ചചെയ്തു കൊണ്ട് തന്നെ തീരുമാനമെടുക്കുന്ന അവസ്ഥയിലേക്ക് മാറിക്കൊണ്ട് മാത്രമേ നമുക്കതിനെ മറികടക്കാന്‍ കഴിയൂ.
2019ലെ പ്രളയാനന്തരം കേരള വനം ഗവേഷണ കേന്ദ്രത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ഡോ ടിവി സജീവനുമായി തേജസ് ന്യൂസ് റിപോർട്ടർ അഭിലാഷ് പി നടത്തിയ അഭിമുഖം പുനപ്രസിദ്ധീകരിക്കുന്നു.
ഡോ ടിവി സജീവന്‍
കേരള വനം ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍. ഇതുവരെ ഇരുപതിലധികം ഗവേഷണങ്ങള്‍ നടത്തിയിട്ടുണ്ട്. കേരളത്തില്‍ ഉയര്‍ന്നു വന്നിട്ടുള്ള ജനകീയ സമരങ്ങളിലെ അക്കാദമിക് മുഖം. നിരവധി അന്താരാഷ്ട്ര പരിസ്ഥിതി സെമിനാറുകളില്‍ കെഎഫ്ആര്‍ഐയെ പ്രതിനിധീകരിച്ച് പേപ്പറുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. ആനുകാലികങ്ങളിലും മറ്റും നിരവധി എഴുത്തുകള്‍ പ്രസിദ്ധീകരിക്കുകയും പുസ്തകങ്ങള്‍ രചിക്കുകയും ചെയ്തിട്ടുണ്ട്.
ഗാഡ്ഗില്‍ കമ്മിറ്റി രൂപീകരിക്കാനുണ്ടായ സാഹചര്യം, പഠനരീതി എങ്ങനെയായിരുന്നു നിശ്ചയിച്ചത്?
ഗാഡ്ഗില്‍ കമ്മിറ്റി റിപോര്‍ട്ടിനെ കുറിച്ച് പറയുമ്പോള്‍ ജനങ്ങള്‍ക്ക് അറിയുന്നതിനെക്കാള്‍ കൂടുതല്‍ അതില്‍ ഉണ്ടെന്ന് പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ റിപോര്‍ട്ടില്‍ ഇല്ലാത്തതാണ് ജനങ്ങള്‍ക്ക് അറിയുന്നത്. അതുകൊണ്ട് തന്നെ അതില്‍ വ്യക്തത വരുത്തുക എന്നത് വളരെ ശ്രമകരമാണ്. പശ്ചിമഘട്ട മലനിരകളിലാകെ കേരളത്തില്‍ കുറവ് പ്രശ്‌നങ്ങളാണ്, ഗോവ പോലുള്ള സംസ്ഥാനങ്ങളില്‍ വലിയ തോതിലുള്ള ഖനന പ്രക്രിയയിലൂടെ ഒരു പ്രദേശമാകെ താറുമാറായിപ്പോകുന്ന അവസ്ഥയില്‍ പശ്ചിമഘട്ടത്തെ നിലനിര്‍ത്തണമെങ്കില്‍ എന്താണ് ചെയ്യേണ്ടത് എന്ന് പഠിക്കാനായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഡോ മാധവ് ഗാഡ്ഗില്‍ അടക്കമുള്ള വിദഗ്ദ്ധരെ ചുമതലപ്പെടുത്തി. ആ കമ്മിറ്റി ചെയ്ത ഒരു പ്രധാനപ്പെട്ട നയം, ഒരുപക്ഷെ ഒരു കമ്മിറ്റിയും ഇതുവരെ ചെയ്യാത്ത കാര്യമായിരുന്നു. എങ്ങിനെയാണവര്‍ പഠിക്കാന്‍ പോകുന്നത്?, എന്താണ് അതിന്റെ രീതിശാസ്ത്രം അതൊരു പേപ്പറായി കറന്റ് സയന്‍സ് എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതില്‍ ജനങ്ങളുടെ അഭിപ്രായം കൂടി ഉള്‍പ്പെടുത്തി പഠനരീതിയില്‍ ദേദഗതി വരുത്തിയാണ് പഠനം നടത്തിയത്. പഠനം നടക്കുന്ന സമയത്ത് എല്ലാം തന്നെ നടക്കുന്ന മുഴുവന്‍ കാര്യങ്ങളും യോഗങ്ങളുടെ മിനുട്‌സ് അടക്കം ഇതിനായി രൂപപ്പെടുത്തിയ വെബ്‌സൈറ്റ് വഴി അതാത് സമയത്ത് പ്രസിദ്ധപ്പെടുത്തിയിരുന്നു.
പശ്ചിമഘട്ട മലനിരകളെ 9 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഗ്രിഡുകളായി തിരിച്ചതിന് ശേഷം ഓരോ ഗ്രിഡിന്റേയും അല്ലെങ്കില്‍ ഓരോ പ്രദേശത്തിന്റെയും ഏകദേശം പത്തൊമ്പത് വ്യത്യസ്ത ഘടകങ്ങളെ വിശകലനം ചെയ്യുകയാണ് ചെയ്തത്. ജനസാന്ദ്രത, കൃഷി, വ്യവസായം, ഗതാഗത സംവിധാനങ്ങള്‍, ജൈവ വൈവിധ്യം, പ്രദേശത്തെ ചരിവ്, സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരം അങ്ങിനെയുള്ള ഏകദേശം പത്തൊമ്പത് ഘടകങ്ങള്‍ കണക്കാക്കിക്കൊണ്ട്, അതിനൊരു മാര്‍ക്ക് നല്‍കി ആ പ്രദേശത്തിന്റെ മൂല്യത്തെ നിര്‍ണയിക്കുന്ന ഒരു മാര്‍ക്കിലേക്ക് കൂട്ടിയെടുക്കുകയാണ് ചെയ്തത്. ഇത് ചെയ്തതിന് ശേഷം സ്വാഭാവിക വനങ്ങളുടെ അത്ര തന്നെ മൂല്യങ്ങള്‍ ലഭിച്ച ചതുരങ്ങള്‍ അല്ലെങ്കില്‍ അതിനേക്കാള്‍ മൂല്യങ്ങള്‍ ലഭിച്ച ചതുരങ്ങളെയാണ് ഇക്കോളജിക്കല്‍ സെന്‍സിറ്റിവ് സോണ്‍ 1 എന്ന് അടയാളപ്പെടുത്തിയത്. അതില്‍ താഴെ മൂല്യങ്ങള്‍ ഉള്ളവയെ സോണ്‍ 2, സോണ്‍ 3 ആക്കുകയാണ് ചെയ്തത്. സ്വാഭാവിക വനങ്ങള്‍ സംരക്ഷിക്കപ്പെടുന്നത് പോലെ സംരക്ഷിക്കപ്പെടേണ്ട സ്ഥലങ്ങളായിട്ട് ഇക്കോളജിക്കല്‍ സെന്‍സിറ്റിവ് സോണ്‍ 1 കണ്ടെത്തി എന്നതാണ് ഗാഡ്ഗില്‍ കമ്മിറ്റിയുടെ പ്രധാനപ്പെട്ട രീതിശാസ്ത്രം. അതിന് ശേഷം ഓരോ ഘടകങ്ങളും (കൃഷി, വ്യവസായം, വനം, കെട്ടിടങ്ങള്‍...) എടുത്ത് ഓരോ പാരിസ്ഥിതിക മേഖലകളില്‍ എന്ത് ചെയ്യാന്‍ കഴിയും എന്ന് നിര്‍വചിക്കുകയാണ് ഉണ്ടായത്. ഇത് ഒരു കൃത്യമായ നേര്‍ രേഖയിലുള്ള കൃത്രിമ അതിരുകളാണ്. ഇത് പ്രാദേശികമായി ചര്‍ച്ച ചെയ്തുകൊണ്ട് അവിടത്തെ ജനങ്ങള്‍ തന്നെ പാരിസ്ഥിതിക മേഖലകളുടെ അതിര്‍ത്തി നിര്‍ണയിക്കുകയാണ് വേണ്ടത്. ഉദാഹരണത്തിന് വനം ലോപിച്ച് വരുന്ന പ്രദേശം ഉണ്ടെങ്കില്‍, ചിലപ്പോള്‍ അത് ഇക്കോളജിക്കല്‍ സെന്‍സിറ്റീവ് സോണ്‍ 1 ആക്കിയിട്ടുണ്ടാകില്ല. അപ്പോള്‍ വനം ഉള്‍പ്പെടുന്ന മേഖലയെ ഇക്കോളജിക്കല്‍ സെന്‍സിറ്റീവ് സോണ്‍ 1 ആക്കണം. ഇത്തരത്തില്‍ അന്തിമ രൂപം ഉണ്ടാക്കുന്നതിനുള്ള ഉത്തരവാദിത്തം ഗ്രാമസഭകള്‍ക്കാണ്. അതിനായി അവര്‍ക്ക് സഹായമാകുന്ന രീതിയില്‍ ഈ റിപോര്‍ട്ട് പ്രാദേശിക ഭാഷകളിലേക്ക് തര്‍ജമ ചെയ്യണമെന്നും അത് ജനങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നുമാണ് ഗാഡ്ഗില്‍ റിപോര്‍ട്ട് ആവശ്യപ്പെട്ടത്. നിര്‍ഭാഗ്യവശാല്‍ അത് നടന്നില്ല.
ഗാഡ്ഗില്‍ കമ്മിറ്റി റിപോര്‍ട്ട് എങ്ങിനെയാണ് ഒരു രാഷ്ട്രീയമാകുന്നത്?
ഗാഡ്ഗില്‍ കമ്മിറ്റി റിപോര്‍ട്ടിന്റെ ആത്മാംശം എന്ന് പറയുന്നത് മൂന്ന് പ്രധാനപ്പെട്ട കാര്യങ്ങളാണ്. ഇന്ന് നമുക്ക് ഏറ്റവും പരിചതമായ ഭരണ രീതിയെ സാമ്പത്തിക ഭരണ രീതി എന്നാണ് വിളിക്കുന്നത്. ഇന്ന് നാം പിന്തുടരുന്ന സാമ്പത്തിക ഭരണരീതിയെ പാരിസ്ഥിതിക ഭരണരീതിയിലേക്ക് മാറ്റുക. ഇത് ചെറിയ ഒരുദാഹരണത്തിലൂടെ വ്യക്തമാക്കാം, നമ്മള്‍ വീട് പണിയുന്ന സമയത്ത് വീടിന്റെ മുറ്റം മുഴുവന്‍ പണമുണ്ടെങ്കില്‍ ടൈല്‍ ഇടും, പണമില്ലെങ്കില്‍ ടൈല്‍ ഇടില്ല. മറിച്ച് എന്റെ വീടിന്റെ മുറ്റം മുഴുവന്‍ ടൈല്‍ ഇട്ടാല്‍ തൊട്ടപ്പുറത്തുള്ള എന്റെ കിണറിലേക്ക് വെള്ളം ഇറങ്ങില്ല എന്നും വേനല്‍ക്കാലത്ത് കിണറില്‍ വെള്ളമുണ്ടാകില്ല എന്ന പാരിസ്ഥിതിക ബോധത്തില്‍ മുന്‍ നിര്‍ത്തിക്കൊണ്ട് നമ്മള്‍ ടൈല്‍ ഇടാതെ നോക്കുന്നു, ഇതാണ് പാരിസ്ഥിതിക ഭരണരീതി.
ഇത് ഒരു വീട് വെക്കുന്ന സമയത്താണെങ്കില്‍, ഒരു പഞ്ചായത്ത് അല്ലെങ്കില്‍ ജില്ല/സംസ്ഥാനം/രാജ്യം. ഭരിക്കുന്ന സമയത്ത് സാമ്പത്തിക ഭരണരീതിയില്‍ നിന്നു പാരിസ്ഥിതിക ഭരണരീതിയിലേക്ക് മാറണം. ഏറ്റെടുക്കുന്ന പദ്ധതികള്‍ പണമുണ്ടെങ്കില്‍ ചെയ്യും എന്നതല്ല ആ പദ്ധതികള്‍ എത്രമാത്രം പാരിസ്ഥിതിക പ്രശ്‌നമുണ്ടാക്കും എന്നതിനെ അടിസ്ഥാനമാക്കി അത് വേണമോ വേണ്ടയോ എന്ന് തീരുമാനിക്കുക എന്നതാണ് ഗാഡ്ഗില്‍ കമ്മറ്റി പറഞ്ഞ ഒന്നാമത്തെ കാര്യം.
രണ്ടാമത്തെ കാര്യം ഗാഡ്ഗില്‍ കമ്മറ്റി മുന്നോട്ടുവെച്ചത് നിലനില്‍ക്കുന്ന ജനാധിപത്യത്തിന്റെ പരിമിതിയെക്കുറിച്ചാണ്. ഇന്ന് നിലനില്‍ക്കുന്ന ജനാധിപത്യത്തെക്കുറിച്ച് സാങ്കേതികമായി പറഞ്ഞാല്‍ ഇടവിട്ടുള്ള ജനാധിപത്യം എന്ന് പറയും. അഞ്ചുകൊല്ലം കൂടുമ്പോള്‍ പോളിങ് ബൂത്തില്‍ പോകുന്നു വോട്ട് ചെയ്യുന്നു ഒരാളെ തിരഞ്ഞെടുക്കപ്പെടുന്നു. പിന്നീട് നമ്മുടെ ജനാധിപത്യവുമായുള്ള ഇടപെടല്‍ നടക്കുന്നത് അഞ്ചു വര്‍ഷം കഴിഞ്ഞിട്ടാണ്. ഈ അഞ്ചു വര്‍ഷത്തിനിടയ്ക്കുള്ള ദീര്‍ഘമായ കാലം നമ്മള്‍ തിരഞ്ഞെടുത്ത ആള് നന്നായി പഠിച്ചുകൊണ്ട് ഓരോ വിഷയത്തിലും ഇടപെടുമെന്നും ശരിയായ തീരുമാനം എടുക്കുമെന്നും നമ്മുടെ പ്രതീക്ഷ. അതല്ലാതെ ഓരോ സമയത്തും ഉണ്ടാകുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കാനും അതില്‍ ഇടപെടാനും നമ്മള്‍ സാധാരണക്കാരായ ജനങ്ങള്‍ക്ക് പങ്കൊന്നുമില്ല. ഈ സ്ഥിതി മാറേണ്ടതുണ്ട്. ഇടവിട്ടുള്ള ജനാധിപത്യത്തില്‍ നിന്നു തുടര്‍ച്ചയായ ജനാധിപത്യത്തിലേക്ക് മാറേണ്ട ആവശ്യമുണ്ട്. തുടര്‍ച്ചയായ ജനാധിപത്യത്തിലേക്ക് നമുക്ക് മാറണമെങ്കില്‍, നമുക്ക് വേണ്ടത് ഏറ്റവും പ്രാദേശികമായ ജനങ്ങളുടെ കൂട്ടായ്മയായ ഗ്രാമസഭകള്‍ കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടതുണ്ട്. അവിടെ വരുന്ന ഓരോ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും തീരുമാനമെടുക്കേണ്ടതായിട്ടുണ്ട്. ഇടവിട്ടുള്ള ജനാധിപത്യത്തില്‍ നിന്നു തുടര്‍ച്ചയായ ജനാധിത്യത്തിലേക്ക് മാറേണ്ടതുണ്ട്. ഇതാണ് ഗാഡ്ഗില്‍ കമ്മറ്റി റിപോര്‍ട്ട് മുന്നോട്ടുവച്ച പ്രധാനപ്പെട്ട രണ്ടാമത്തെ കാര്യം.
ഗാഡ്ഗില്‍ കമ്മറ്റി മുന്നോട്ടുവച്ച പ്രധാനപ്പെട്ട മൂന്നാമത്തെ കാര്യം ഇന്ന് നിലനില്‍ക്കുന്ന സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനം സുതാര്യമാവുകയും ജനപങ്കാളിത്തത്തോടെയുമാകണം എന്നാണ്. നിലനില്‍ക്കുന്ന സര്‍ക്കാര്‍ വകുപ്പുകളുടെ പരിമിതി എന്ന് പറയുന്നത് ജനങ്ങള്‍ക്ക് വിവരങ്ങള്‍ അറിയാന്‍ കഴിയുന്നില്ല, എന്താണ് സംഭവിക്കുന്നതെന്ന് ജനങ്ങള്‍ക്ക് നിശ്ചയമില്ല എന്നു മാത്രമല്ല മറ്റു വകുപ്പുകള്‍ക്കു പോലും അറിയുന്നില്ല അവിടെ എന്താണ് നടക്കുന്നതെന്ന്. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനും ആ വകുപ്പിന്റെ പ്രവര്‍ത്തനത്തെ ബുദ്ധിമുട്ടിക്കുന്ന ഒരു കാര്യവും സത്യമാണെങ്കില്‍ പോലും പറയാന്‍ പറ്റില്ല. അതുകൊണ്ട് വകുപ്പുകളുടെ പ്രവര്‍ത്തനത്തില്‍ തന്നെ ജനങ്ങളുടെ പങ്കാളിത്തം ആവശ്യമുണ്ട്, സുതാര്യമാകേണ്ടതുണ്ട്. ഈ മൂന്നു കാര്യങ്ങള്‍ ആത്മാംശമായി കൊണ്ടുപോകുന്നതുകൊണ്ടാണ് ഗാഡ്ഗില്‍ കമ്മറ്റി റിപോര്‍ട്ട് ഒരു രാഷ്ട്രീയ രേഖയായി മാറുന്നത്.
ഗാഡ്ഗില്‍ കമ്മിറ്റി റിപോര്‍ട്ടിനെതിരേ ഉയര്‍ന്നുവന്ന പ്രതിഷേധങ്ങള്‍ എങ്ങിനെയാണ് നോക്കിക്കാണുന്നത്?
വളരെ അദ്ഭുതപ്പെടുത്തുന്ന പ്രതികരണങ്ങളാണ് ഗാഡ്ഗില്‍ കമ്മറ്റി റിപോര്‍ട്ട് പുറത്തുവന്നതിനെത്തുടര്‍ന്ന് ഇവിടെ ഉണ്ടായിട്ടുള്ളത്. ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള വലിയ പ്രതിഷേധങ്ങളാണ് ഉയര്‍ന്നുവന്നത്. ഈ റിപോര്‍ട്ട് നടപ്പിലായി കഴിഞ്ഞു എന്ന തരത്തിലായിരുന്നു അത്. എന്നാല്‍ സത്യത്തില്‍ ആ റിപോര്‍ട്ട് ചര്‍ച്ചയ്ക്കായി മുന്നോട്ടുവയ്ക്കുകയായിരുന്നു. ആറു വര്‍ഷത്തിനിപ്പുറം നിന്നു ഞാന്‍ അത് തിരിഞ്ഞുനോക്കുമ്പോള്‍ എനിക്ക് തോന്നുന്ന കാര്യം, സത്യത്തില്‍ പലരും ഗാഡ്ഗില്‍ കമ്മറ്റി റിപോര്‍ട്ട് ആരും പൂര്‍ണമായി വായിക്കുകയും പഠിക്കുകയും ചെയ്തിരുന്നില്ല. അവര്‍ക്ക് ആകെ കിട്ടിയിട്ടുള്ള ഒരു സന്ദേശം, ഇക്കോളജിക്കല്‍ സെന്‍സിറ്റീവ് സോണ്‍ 1ല്‍ ചില കാര്യങ്ങള്‍ നിരോധിക്കാന്‍ പോകുന്നു. അങ്ങിനെ നിരോധിക്കുന്ന കാര്യങ്ങളില്‍ ക്വാറികളുണ്ട്, വലിയ കെട്ടിടങ്ങളുണ്ട് (25,000 ചതുരശ്ര മീറ്ററിന് മുകളില്‍) ഈ തരത്തിലുള്ള കാര്യങ്ങള്‍ മാത്രമാണ് മുന്നോട്ടുവന്നത്. അതുപോലെ തന്നെ ചരിവുള്ള പ്രദേശങ്ങളില്‍ ഒരു വര്‍ഷത്തില്‍ തന്നെ വിളവെടുക്കുന്ന വിളകള്‍ കൃഷി ചെയ്യാന്‍ പാടില്ല. ഇങ്ങനെയുള്ള ചെറിയ കാര്യങ്ങള്‍ മാത്രമാണ് പുറത്തുവന്നത്. ഇത്തരത്തില്‍ ഗാഡ്ഗില്‍ കമ്മറ്റി റിപോര്‍ട്ട് ചര്‍ച്ച ചെയ്യപ്പെട്ടതില്‍ വലിയ വീഴ്ചവന്നിട്ടുണ്ട്. സത്യത്തില്‍ ഗാഡ്ഗില്‍ കമ്മറ്റി റിപോര്‍ട്ട് ഒന്നിനെയും നിരോധിക്കുകയല്ല ചെയ്തത്. പക്ഷെ ഇത് എവിടെ ചെയ്യണം, ക്വാറികളാവാം അത് ഇക്കോളജിക്കല്‍ സെന്‍സിറ്റീവ് സോണ്‍ 3ല്‍ ആവാം. പക്ഷെ അത് സോണ്‍ ഒന്നിലോ രണ്ടിലോ ആണെങ്കില്‍ നമ്മള്‍ ഇപ്പോള്‍ കണ്ട തരത്തിലുള്ള വലിയ ദുരന്തങ്ങളിലേക്ക് പോകും. ഇത്തരത്തിലുള്ള പ്രവചനാത്മകമായ വലിയ രേഖ തന്നെയായിരുന്നു ഗാഡ്ഗില്‍ റിപോര്‍ട്ട്. ഇതിനെതിരേയുള്ള പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവന്നത് വന്‍തോതില്‍ പണം കൈകാര്യം ചെയ്യുന്ന ക്വാറികളടക്കമുള്ള മേഖലയില്‍ നിന്നുമാണ്. അത് പിന്നീട് രാഷ്ട്രീയ പ്രസ്ഥാനങ്ങളും സഭ പോലുള്ള മതസ്ഥാപനങ്ങളും ക്രോഡീകരിച്ച് ഏറ്റെടുക്കുന്ന അവസ്ഥയാണുണ്ടായത്. ഒരു പരിഷ്‌കൃത സമൂഹത്തില്‍ ശാസ്ത്രീയമായി കാര്യങ്ങള്‍ ചെയ്യണമെന്ന ഭരണഘടനയുള്ള നാട്ടില്‍ അദ്ഭുതപ്പെടുത്തുന്ന ഒന്നായിരുന്നു. അതിനെതിരേ വന്നിട്ടുള്ള പ്രതികരണവും അതിനോടൊപ്പം എല്ലാവരും ചേരുകയും അവസാനം ആ റിപോര്‍ട്ട് ചര്‍ച്ചചെയ്യപ്പെടാതെ തള്ളിക്കളയുന്ന അവസ്ഥയുമുണ്ടായി. ഇതിനെ ഈ ഘട്ടത്തില്‍ നിര്‍ഭാഗ്യകരമെന്നേ വിശേഷിപ്പിക്കാനാകൂ.
പ്രളയാനന്തര പുനര്‍നിര്‍മിതി എങ്ങനെയായിരിക്കണം?
കഴിഞ്ഞ വര്‍ഷത്തെ പ്രളയം വന്നപ്പോള്‍, അതില്‍ നിന്നു കരകയറിയാല്‍ ഇനി മുന്നോട്ടേക്ക് സുരക്ഷിതമായി പോകാം എന്ന ധാരണ പൊതുവെ നമുക്ക് ഉണ്ടായിരുന്നത്. എന്നാല്‍ ഈ വര്‍ഷം ആ ധാരണകള്‍ മാറിയിരിക്കുന്നു. ഇത് ഒരു തുടര്‍പ്രശ്‌നമായി കേരളം അനുഭവിക്കാന്‍ പോകുന്നു എന്ന തിരിച്ചറിവ് വന്നു. ഇതിനു പിറകിലുള്ള കാരണങ്ങളെക്കുറിച്ച് നമ്മള്‍ അറിയേണ്ട കാര്യമുണ്ട്. ഭൂമിയുടെ താപനില വര്‍ധിക്കുന്നുണ്ട്. വ്യാവസായിക വിപ്ലവത്തിന്റെ കാലത്ത് ഉള്ളതിനേക്കാള്‍ ഏകദേശം 0.8 ഡിഗ്രി ചൂട് ശരാശരി കൂടിക്കഴിഞ്ഞു. അങ്ങിനെ ചൂട് കൂടുന്ന സമയത്ത് സംഭവിക്കുന്ന കാര്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഭൂമിയുടെ രണ്ടു ധ്രുവങ്ങളിലുള്ള മഞ്ഞുപാളികളില്‍ ഉരുകുകയും കടലിലെ ജലനിരപ്പ് വര്‍ധിക്കുകയും ചെയ്യുന്നു. രണ്ടാമത്തേത് ഭൂമിയിലുള്ള ജീവജാലങ്ങള്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന മേഖലകളില്‍ നിന്നു മാറി താമസിക്കും. പ്രകൃതി ദുരന്തങ്ങള്‍ കൂടുതല്‍ സംഭവിക്കും. കഴിഞ്ഞ വര്‍ഷത്തെ പ്രളയം ആ തരത്തില്‍ ഒറ്റപ്പെട്ട സംഭവമായിരുന്നില്ല. ഉത്തരാഖണ്ഡില്‍ പ്രളയം സംഭവിച്ചു. വലിയ തോതില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായി. ചെന്നൈ പട്ടണം പ്രളയത്തില്‍പ്പെട്ടു. അതിനു ശേഷമാണ് രണ്ടു കൊടുങ്കാറ്റുകള്‍ കേരളത്തില്‍ എത്തിയത്. ഗജയും ഓഖിയും. ആദ്യമായാണ് ഒരു കൊടുങ്കാറ്റ് പശ്ചിമഘട്ടത്തെ കുറുകെ കടന്നുപോകുന്നത്. ഇതിന്റെ തുടര്‍ച്ചയായിട്ട് തന്നെയാണ് കേരളത്തില്‍ കഴിഞ്ഞ വര്‍ഷം പ്രളയം സംഭവിക്കുന്നത്. ആഗോള താപനില വര്‍ധിക്കുന്നുണ്ട്. അതനുസരിച്ച് ഉണ്ടാകുന്ന കാലാവസ്ഥയിലുള്ള മാറ്റം പ്രവചിക്കാന്‍ പറ്റാതായിട്ടുണ്ട്. പണ്ട് കാലത്ത് കൃത്യമായും ജൂണ്‍ ഒന്നിന് മഴ പെയ്യൂ എന്ന് വിചാരിച്ചിരുന്ന കാലം മാറി. തൊട്ടടുത്ത മാസത്തെ കാലാവസ്ഥ പ്രവചിക്കാന്‍ കഴിയുന്നില്ല. ഇത് പ്രവചിക്കാന്‍ ആയിട്ടുള്ള സംവിധാനങ്ങളുടെ കുറവല്ല, മറിച്ച് സ്ഥിതി കുറച്ചുകൂടി സങ്കീര്‍ണമായിരിക്കുന്നു. ആ ഒരു ഫേസിലേക്ക് കേരളം കടന്നിരിക്കുന്നു. എവിടെ വേണമെങ്കിലും മനുഷ്യര്‍ക്ക് സമാധാനമായി ജീവിക്കാന്‍ പറ്റുന്നിടത്തു നിന്ന് സുരക്ഷിതമല്ലാത്ത ജാഗ്രതയോടുകൂടി മാത്രം ജീവിക്കാന്‍ കഴിയുന്ന അവസ്ഥയിലേക്ക് മാറി.
ഈ സമയത്ത് ഇനി മുന്നോട്ട് പോകണമെങ്കില്‍ എങ്ങിനെ വേണം വികസനം എന്നുള്ളതിനെക്കുറിച്ചുള്ള നിര്‍ണായകമായ ചൂണ്ടുവിരല്‍കൂടി ഈ പ്രളയം നമുക്ക് കാണിച്ചുതരുന്നുണ്ട്. അതിലൊന്ന് നമുക്ക് വലിയ തോതിലുള്ള മലയോര ഹൈവേ പോലെ അല്ലെങ്കില്‍ തീരദേശ ഹൈവേ പോലെ വളരെ തലങ്ങും വിലങ്ങുമായി മലകളെ മുഴുവന്‍ ബാധിക്കുന്ന നിര്‍മാണങ്ങള്‍ നമുക്ക് ബുദ്ധിമുട്ടായേക്കാം. വികസനം എന്നത് ഏറ്റവും താഴെ തട്ടിലുള്ള ജനങ്ങളുടെ ജീവിതത്തിലുള്ള ചെറിയ മുന്നേറ്റങ്ങള്‍ക്ക് ഒരു ഇടംകൊടുക്കുന്ന തരത്തിലുള്ള വികസനമായി മാറേണ്ടതുണ്ട്. പല വനമേഖലകളിലും താമസിക്കുന്ന ആദിമ നിവാസികളുടെ ജീവിതത്തെ കുറച്ചുകൂടി മെച്ചപ്പെടുത്താന്‍ കഴിയുക, അവര്‍ക്കും കൂടി മുഖ്യധാരയിലേക്ക് എത്താന്‍ പറ്റുന്ന സംവിധാനം ഒരുക്കിക്കൊടുക്കുക. ഒരാള്‍ക്ക് നടക്കാന്‍ പോലും പറ്റുന്ന പാലങ്ങള്‍ കെട്ടിക്കൊടുത്താല്‍ കുട്ടികള്‍ക്ക് സുഖമായി സ്‌കൂളില്‍ പോകാന്‍ കഴിയുന്ന ധാരാളം സ്ഥലങ്ങളുണ്ട്. അത്തരത്തിലുള്ള ചെറിയ ചെറിയ ഇടങ്ങളെ നോക്കുകയും സൂക്ഷ്്മമായി പരിശോധിക്കുകയും ആ സൂക്ഷ്മ തലങ്ങളില്‍ ചെറിയ ഇടപെടലുകളിലൂടെ ജനങ്ങളുടെ ജീവിതത്തില്‍ വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ പറ്റുന്ന തരത്തില്‍ വികസനത്തെ മാറ്റിത്തീര്‍ക്കേണ്ട ആവശ്യമുണ്ട്. 'ബിഗ് പ്രോജക്ട്‌സ്' എന്നുള്ള കാഴ്ച മാറി നമുക്ക് ചെറിയ ഇടപെടലുകളിലൂടെ പക്ഷെ എങ്കിലും വലിയ ഉപകാരങ്ങളുണ്ടാക്കുന്ന രീതിയിലേക്ക് പോകണം. ഒരുപക്ഷേ, പശ്ചിമഘട്ട സംസ്ഥാനങ്ങളില്‍ ഇത് ചെയ്യാന്‍ പറ്റുന്ന സംസ്ഥാനം കേരളമാണ്. ലോകത്തിന് തന്നെ മാതൃകയാകുന്ന തരത്തില്‍ വളരെ വികേന്ദ്രീകൃതമായ തലത്തിലേക്ക് വികസനത്തെ മാറ്റി നിര്‍വചിക്കേണ്ട ഒരു ഘട്ടമാണിത്.
പ്രളയാനന്തര കേരളത്തില്‍ ക്വാറികളുടെ പ്രവര്‍ത്തനം ഏത് തരത്തില്‍ മുന്നോട്ട് പോകണം?
ക്വാറികളെക്കുറിച്ചുള്ള പഠനം കെ.എഫ്.ആര്‍.ഐ പ്രസിദ്ധീകരിക്കുന്നത് 2017ലാണ്. ഇതുവരെ കേരളത്തില്‍ എവിടെയൊക്കെ ക്വാറികള്‍ ഉണ്ടായിരുന്നു. അത് എവിടെയൊക്കെ ആയിരുന്നു എന്നുള്ള കൃത്യമായ മാപിങ് ആയിരുന്നു ചെയ്തത്. ആ മാപിങിന് ശേഷം എത്രമാത്രം പുഴകളുടെ അടുത്താണ്, എത്രത്തോളം ഭൂകമ്പ സാധ്യതകളുള്ള സ്ഥലങ്ങളുടെ അടുത്താണ് തുടങ്ങിയ വിശകലനങ്ങളാണ് അന്ന് ചെയ്തത്. അന്നു തന്നെ മനസ്സിലായത് ധാരാളം ക്വാറികള്‍ പ്രവര്‍ത്തിച്ചിരുന്നത് അതീവ പരിസ്ഥിതി ലോല മേഖലയിലാണ്. ഇത് ഈ തരത്തില്‍ മുന്നോട്ടുപോവുക എന്നത് പശ്ചിമഘട്ടത്തെ ആകെ ദുര്‍ബലപ്പെടുത്തുന്ന ഒരു കാര്യമായി മാറും. വേണ്ടത് ക്വാറികളെ പൊതുമേഖലയിലേക്ക് മാറ്റുക എന്നുള്ളതാണ്. കാരണം ഇത് ഒരു പൊതുസ്വത്താണ്. ഇത് ഒരാളുടെ മാത്രം സ്വത്തല്ല. ഇപ്പോള്‍ ജീവിച്ചിരിക്കുന്ന മനുഷ്യര്‍ക്കു മാത്രമല്ല, ഇനി വരാന്‍ പോകുന്ന തലമുറകള്‍ക്കും ആകെ ഇത്രയേ പാറ തന്നെയുള്ളൂ. അതുകൊണ്ട് തന്നെ സ്വകാര്യ മേഖലയില്‍ നിന്നു മാറ്റി പൊതുമേഖലയിലേക്ക് ക്വാറികളെ കൊണ്ടുവന്നാല്‍ മാത്രമേ സുസ്ഥിരമായ ഒരു ഉപഭോഗം നടക്കുകയുള്ളൂ. ഉദാഹരണത്തിന് നമുക്ക് ഒരു വീട് വയ്ക്കണമെങ്കില്‍ തേക്ക് മരം വനംവകുപ്പില്‍ നിന്നു വാങ്ങുവാന്‍ സാധിക്കും. ആ തരത്തിലുള്ള സംവിധാനം രൂപപ്പെടുത്തണം. സ്വകാര്യ മേഖലയില്‍ നിന്നുകൊണ്ട് നമുക്കിതിനെ ശരിയാക്കാന്‍ കഴിയുകയില്ല.
കേരളത്തിന് ഒരു തിരിച്ചുവരവ് സാധ്യമാണോ?
തീര്‍ച്ചയായും കേരളത്തിനെ സംബന്ധിച്ച് ഗംഭീരമായി തിരിച്ചുവരാന്‍ സാധിക്കും. കാരണം കേരളത്തിന്റെ കാലാവസ്ഥയെ സംബന്ധിച്ച് എവിടെ ഒരു വിത്തിട്ടാലും മുളയ്ക്കുന്ന പ്രദേശമാണ്. ലോകത്ത് അത്തരം പ്രദേശങ്ങള്‍ വിരളമാണ്. അങ്ങിനെ വേണമെന്നുണ്ടെങ്കില്‍ വളരെ കേന്ദ്രീകൃതമായി തീരുമാനങ്ങളെടുക്കുന്ന രീതി മാറി വികേന്ദ്രീകൃതമായ ഗ്രാമസഭകളില്‍ ചര്‍ച്ചചെയ്തു കൊണ്ട് തന്നെ തീരുമാനമെടുക്കുന്ന അവസ്ഥയിലേക്ക് മാറിക്കൊണ്ട് മാത്രമേ നമുക്കതിനെ മറികടക്കാന്‍ കഴിയൂ. ആദിമ നിവാസികള്‍ക്ക് അവരുടെ ആവാസ വ്യവസ്ഥയില്‍, അവിടത്തെ പ്രാദേശിക മേഖലയില്‍ വേണ്ട കാര്യം അവര്‍ക്ക് മാത്രമേ പറയാനാകൂ. അതുപോലെ ഗ്രാമങ്ങളിലെ മനുഷ്യര്‍ക്ക് അവിടെ വേണ്ടതും വേണ്ടാത്തതുമായ കാര്യങ്ങള്‍ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം കൊടുത്തുകൊണ്ട് മാത്രമേ കേരളത്തിന് അതിജീവിക്കാന്‍ ആകുള്ളൂ. അതിനപ്പുറം ഒരു കേന്ദ്രീകൃത മാതൃകവച്ച് കേരളത്തില്‍ എല്ലായിടത്തും ഒരേപോലെ ചെയ്യാനാകുമെന്ന ധാരണയില്‍ കേരളത്തെ തിരിച്ചുപിടിക്കാനാകില്ല. അതുകൊണ്ട് തന്നെ ജനകീയാസൂത്രണം ശക്തിപ്പെടുത്തേണ്ടതുണ്ട്. ഗ്രാമസഭകളെ നിര്‍ണായക തീരുമാനങ്ങളെടുക്കുന്ന ബോഡിയായി മാറ്റേണ്ടതുണ്ട്. എന്നാല്‍ മാത്രമേ പരിസ്ഥിതി സംരക്ഷിക്കാനാവൂ. ആ ഒരു തിരിച്ചറിവാണ് ഇന്ന് നമുക്കാവശ്യം.
RELATED STORIES
വയനാടിനോടുള്ള കേന്ദ്ര അവഗണന; ഡിസംബര്‍ അഞ്ചിന് സംസ്ഥാന വ്യാപക...
22 Nov 2024 11:58 AM GMTഅയ്യപ്പ ഭക്തര്‍ വാവര് പള്ളിയില്‍ പോകരുത്: ബിജെപി എംഎല്‍എ രാജാസിങ്
22 Nov 2024 11:42 AM GMTഭരണഘടനാ വിരുദ്ധ പരാമര്‍ശം: അന്വേഷണം നടക്കട്ടെ; മന്ത്രി സജി ചെറിയാനെ...
22 Nov 2024 11:02 AM GMTനാടകാചാര്യന് ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു
22 Nov 2024 10:47 AM GMTബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി; ഓസിസിന്റെ അതേ നാണയത്തില്‍ തിരിച്ചടിച്ച്...
22 Nov 2024 10:15 AM GMTകാനഡയില്‍ കാലുകുത്തിയാല്‍ ബെഞ്ചമിന്‍ നെതന്യാഹുവിനെ അറസ്റ്റ്...
22 Nov 2024 9:46 AM GMT