അന്താരാഷ്ട്ര ചലച്ചിത്രോത്സവം: 101 അംഗ സംഘാടക സമിതി രൂപീകരിച്ചു ഐഎഫ്എഫ്‌കെ ചലഞ്ച് കാംപെയ്ന്‍ വിജയിപ്പിക്കണമെന്ന് മന്ത്രി

Update: 2018-10-12 05:29 GMT
തിരുവനന്തപുരം: ഈ വര്‍ഷത്തെ അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തിന്റെ സുഗമമായ നടത്തിപ്പിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യ രക്ഷാധികാരിയും സാംസ്‌കാരിക മന്ത്രി എ കെ ബാലന്‍ ഫെസ്റ്റിവല്‍ പ്രസിഡന്റുമായി 101 അംഗ സംഘാടക സമിതി രൂപീകരിച്ചു. ഹോസ്പിറ്റാലിറ്റി, പ്രോഗ്രാം, ഫിനാന്‍സ്, മീഡിയ, ഡെലിഗേറ്റ് സെല്‍, ടെക്‌നിക്കല്‍, സ്‌പോണ്‍സര്‍ഷിപ്പ്, വോളന്റിയര്‍, ഓഡിയന്‍സ് പോള്‍,, തിയറ്റര്‍ കമ്മിറ്റി തുടങ്ങി വിവിധ സബ്കമ്മിറ്റികളും രൂപീകരിച്ചു. സംഘാടക സമിതി രൂപീകരണയോഗം മന്ത്രി എ.കെ. ബാലന്‍ ഉദ്ഘാടനം ചെയ്തു.


പ്രളയ ദുരന്തത്തില്‍നിന്നു കരകയറുന്നതിനും പുതിയൊരു കേരളം കെട്ടിപ്പടുക്കുന്നതിനുമായി സംസ്ഥാനമൊട്ടാകെ ശ്രമിക്കുകയാണെങ്കിലും ഇവിടെ സാംസ്‌കാരികമാന്ദ്യം ഉണ്ടാകരുത് എന്ന ലക്ഷ്യത്തോടെയാണ് ചെലവുകള്‍ ചുരുക്കി അന്താരാഷ്ട്ര ചലച്ചിത്രമേള നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു. പ്രകൃതി ദുരന്തങ്ങള്‍ നടന്ന ഒരു നാട്ടിലും ചലച്ചിത്രമേളകള്‍ പോലുള്ള സാംസ്‌കാരിക പരിപാടികള്‍ വേണ്ടെന്നുവച്ചിട്ടില്ല. ദുരന്ത ബാധിതരുടെ മനസ്സിന് ഊര്‍ജ്ജം പകരാന്‍ കലയും സംഗീതവും സിനിമയും പോലുള്ള സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കു സാധിക്കുമെന്നതും ചലച്ചിത്രമേള നടത്താതിരിക്കരുത് എന്ന തീരുമാനമെടുക്കാന്‍ പ്രേരകമായെന്ന് മന്ത്രി പറഞ്ഞു.
പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം മാത്രം ഡെലിഗേറ്റ് ഫീസ് രണ്ടായിരം രൂപയാക്കി ഉയര്‍ത്തുകയാണെന്നും മന്ത്രിമാരടക്കമുള്ളവര്‍ രണ്ടായിരം രൂപ മുടക്കി ഡെലിഗേറ്റ് പാസെടുത്തായിരിക്കും സിനിമ കാണുകയെന്നും മന്ത്രി പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്കുള്ള ഫീസ് ആയിരം രൂപയായിരിക്കും. സൗജന്യ പാസ് ഉണ്ടായിരിക്കില്ല. ഈ പശ്ചാത്തലത്തില്‍ ഐഎഫ്എഫ്‌കെ ചലഞ്ച് എന്ന കാംപെയ്‌നായി ഇത് വിജയിപ്പിക്കാന്‍ എല്ലാവരും ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു.
മേള നടക്കുന്ന തിയേറ്ററുകളുടെ മുന്നില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനപ്പെട്ടികള്‍ സ്ഥാപിച്ച് പണം സ്വരൂപിക്കും. സിനിമാമേഖലയുമായി ബന്ധപ്പെട്ട സംഘടനകളും വ്യക്തികളും മേളയുടെ നല്ല രീതിയിലുള്ള നടത്തിപ്പിനായി സാമ്പത്തികമായി സഹകരിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
തിയറ്റര്‍വാടക തുടങ്ങിയ കാര്യങ്ങളില്‍ ചെലവു ചുരുക്കുക എന്ന ഉദ്ദേശ്യത്തോടെയാണിത്. സിനിമയുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടാവില്ലെന്നും മന്ത്രി സൂചിപ്പിച്ചു. വിദേശത്തുനിന്നുള്ള പ്രതിനിധികള്‍, ചില അവാര്‍ഡുകള്‍, വിദേശ ജൂറികള്‍ എന്നിവ ഒഴിവാക്കുന്നതിലൂടെ ചെലവ് പരമാവധി ചുരുക്കാനാവും. സര്‍ക്കാര്‍ സംവിധാനങ്ങള്‍ സൗജന്യമായി ലഭിക്കുന്ന സാഹചര്യമുണ്ടെങ്കില്‍ അതും പ്രയോജനപ്പെടുത്തും. മൂന്നരക്കോടി രൂപ ചെലവില്‍ ചലച്ചിത്രമേള നടത്താനാണ് ഉദ്ദേശിക്കുന്നതെന്നും ഈ വര്‍ഷം മലയാളം റെട്രോസ്‌പെക്ടീവ് വിഭാഗത്തില്‍ ലെനിന്‍ രാജേന്ദ്രന്റെ സിനിമകള്‍ പ്രദര്‍ശിപ്പിക്കുമെന്നും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ പറഞ്ഞു. എല്ലാ വര്‍ഷവും എട്ടു ദിവസം നീളുന്ന മേള ഇക്കൊല്ലം ഏഴു ദിവസം മാത്രമായിരിക്കും.
കെടിഡിസി ചെയര്‍മാന്‍ എം. വിജയകുമാര്‍, സാംസ്‌കാരികക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ശ്രീകുമാര്‍, ലെനിന്‍ രാജേന്ദ്രന്‍, സിബിമലയില്‍, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജി. സുരേഷ്‌കുമാര്‍, ഡോ. ബി. ഇക്ബാല്‍, അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു തുടങ്ങിയവര്‍ സംബന്ധിച്ചു.

Similar News