ക്ഷീര മേഖലയ്ക്ക് 22 കോടി രൂപയുടെ പദ്ധതി

Update: 2018-10-14 05:07 GMT
കോഴിക്കോട്: പ്രളയം തകര്‍ത്ത ക്ഷീര വികസനമേഖലയുടെ ഉയര്‍ത്തെഴുന്നേല്‍പ്പിനായി 22 കോടി രൂപയുടെ പദ്ധതി. ക്ഷീരവികസന വകുപ്പ് തയ്യാറാക്കിയ പദ്ധതിക്ക് അംഗീകാരം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പ്രളയം ബാധിച്ച 50 ബ്ലോക്കുകളില്‍ പദ്ധതി നടപ്പാക്കാനാണ് തീരുമാനം. പശു വളര്‍ത്തലിന് സബ്‌സിഡി നിരക്കില്‍ ധനസഹായം നല്‍കുന്നതാണ് പദ്ധതി. പശുക്കളെ വാങ്ങുന്നതിന് പശു ഒന്നിന് 33,000 രൂപ നിരക്കില്‍ ധനസഹായം നല്‍കും.



1200 ക്ഷീര കര്‍ഷകര്‍ക്ക് ഒരു പശുവിനെയും, 900 പേര്‍ക്ക് രണ്ടു പശുവിനെയും വാങ്ങുവാനുള്ള സഹായം നല്‍കുന്നതാണ് ഈ പദ്ധതി. 1,500 ക്ഷീര കര്‍ഷകര്‍ക്ക് പശു വളര്‍ത്തലിനുള്ള ആവശ്യാധിഷ്ഠിത സഹായം എന്ന നിലക്ക് 50,000 രൂപ വരെ സഹായം നല്‍കും. കാലിത്തൊഴുത്ത് പുനര്‍നിര്‍മിക്കാന്‍ 50,000 രൂപ വരെയാണ് സഹായം നല്‍കുക. കാലിത്തൊഴുത്ത് ശാസ്ത്രീയമായി നിര്‍മ്മിക്കുന്നതിനും പ്രത്യേകസഹായമുണ്ട്. ഒരു ലക്ഷം രൂപ വരെയാണ് സബ്‌സിഡി. ബ്ലോക്ക് തലത്തിലുള്ള ക്ഷീരവികസന ഓഫീസുകള്‍ വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്രളയം ബാധിച്ച ക്ഷീരകര്‍ഷകരില്‍ നിന്നും ഇതിനായി പ്രത്യേകം അപേക്ഷ ക്ഷണിക്കും.
പാലുത്പാദനത്തില്‍ കേരളം സ്വയംപര്യാപ്തതയിലേക്ക് നീങ്ങുന്നതിനിടെ ഉണ്ടായ പ്രളയം ഈ മേഖലയില്‍ കനത്ത നാശമാണ് ഉണ്ടാക്കിയത്. ലക്ഷ്യം സാക്ഷാത്ക്കരിക്കാന്‍ ഈ നടപടകളിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ. മികച്ച പാല്‍ ഉത്പാദനക്ഷമതാസംസ്ഥാനത്തിനുള്ള ഇന്ത്യാടുഡെ അവാര്‍ഡ് കേരളത്തിന് ലഭിച്ചിരുന്നു.

Similar News