[related]
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വാഗ്ദാനങ്ങള്‍ തമാശയാണെന്ന് ജയില്‍ മോചിതനായ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍. ജയില്‍ മോചിതനായശേഷം ജെഎന്‍യുവില്‍ കഴിഞ്ഞ ദിവസം രാത്രി നടത്തിയ പ്രസംഗത്തിലാണ് കനയ്യ പ്രധാനമന്ത്രിക്കെതിരേ ശബ്ദിച്ചത്.
ഇന്ത്യയില്‍ നിന്നല്ല ഞങ്ങള്‍ക്ക് സ്വാതന്ത്ര്യം വേണ്ടത് ഇന്ത്യയ്ക്കുള്ളില്‍ നിന്നാണ്.ഇന്ന് മോഡി സംസാരിക്കുന്നത് സ്റ്റാലിനെയും ഖുര്‍ഷേവിനെയും കുറിച്ചാണ്. പണ്ട് മോഡി ഹിറ്റലരെയും മുസ്സോളിയെയും കുറിച്ചാണ് പറയാറ്. കള്ളപ്പണം തിരിച്ചുകൊണ്ടുവരുമെന്ന് പറഞ്ഞു. ആ വാഗ്ദാനം പാലിച്ചില്ല. ഞങ്ങളുടെ പ്രതിഷേധങ്ങള്‍ രോഹിത് വെമുലയ്ക്ക് നീതി ലഭിക്കാനാണ്. ഒരു രോഹിത്തിന്റെ വായ്മൂടികെട്ടാന്‍ നിങ്ങള്‍ക്ക് കഴിയും. എന്നാല്‍ അതിലൂടെ രൂപം കൊള്ളുന്നത് പുതിയ വിപ്ലവമാണ്. അതിനെ തടയാന്‍ നിങ്ങള്‍ക്ക് കഴിയില്ല. ആര്‍എസ്എസ് ഞങ്ങളുടെ ശത്രുവല്ല.ഞങ്ങളുടെ എതിരാളിയാണ്. വെറും 31 ശതമാനത്തിന്റെ വോട്ടാണ് രാജ്യത്ത് നിങ്ങള്‍ക്ക് ലഭിച്ചത്. എന്നാല്‍ ബാക്കി 69 ശതമാനത്തിന്റെ പിന്തുണ രാജ്യത്ത് ഞങ്ങള്‍ക്കുണ്ടെന്നും കനയ്യ പറഞ്ഞു.
ഇന്നലെ വൈകീട്ടാണ് തിഹാര്‍ ജയിലില്‍നിന്ന് കനയ്യ പുറത്തിറങ്ങിയത്. വിദ്യാര്‍ഥിനേതാവിനെ സ്വീകരിക്കാന്‍ സുഹൃത്തുക്കള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ജയില്‍ പരിസരത്തെത്തി. കനത്ത സുരക്ഷയ്ക്കും മുദ്രാവാക്യം വിളികള്‍ക്കും ഇടയിലേക്കാണ് കനയ്യ ഇറങ്ങിവന്നത്. പുറത്തേക്കുള്ള മൂന്നു കവാടത്തിലും ഒരുപോലെ സുരക്ഷയൊരുക്കിയതിനാല്‍ ഏതു കവാടത്തിലൂടെയാണ് കനയ്യ പുറത്തിറങ്ങുകയെന്നറിയാതെ മാധ്യമപ്രവര്‍ത്തകര്‍ ആശയക്കുഴപ്പത്തിലായി. വെളിയിലെത്തി കനയ്യ വാഹനത്തില്‍ കയറിയശേഷമാണ് മാധ്യമപ്രവര്‍ത്തകര്‍ അറിഞ്ഞത്.
കനയ്യക്ക് മതിയായ സുരക്ഷയൊരുക്കാന്‍ സുപ്രിംകോടതി നിര്‍ദേശമുണ്ടായിരുന്നു. ജയിലിലെത്തിയ അദ്ദേഹത്തിന്റെ അഭിഭാഷകര്‍ കോടതി ഉത്തരവ് അധികൃതര്‍ക്ക് കൈമാറി. സുഹൃത്തുക്കള്‍ക്കും അഭിഭാഷകര്‍ക്കുമൊപ്പം ജയിലിനു സമീപത്തെ ഹരിനഗര്‍ പോലിസ് സ്‌റ്റേഷനിലേക്കാണ് ആദ്യം പോയത്. അവിടെനിന്ന് മൂന്ന് പോലിസ് വാഹനങ്ങളുടെ അകമ്പടിയോടെ ജെഎന്‍യുവിലേക്ക് പുറപ്പെട്ടത്്. കാംപസിലെത്തിയ കനയ്യകുമാറിനെ മുദ്രാവാക്യങ്ങളോടെയാണ് വിദ്യാര്‍ഥികള്‍ വരവേറ്റത്. കനയ്യയുടെ സ്വദേശമായ ബെഗുസറാഇയിലും ജനങ്ങള്‍ സന്തോഷം പങ്കുവച്ചു. അതേസമയം, ഭാവി നടപടികള്‍ ചര്‍ച്ചചെയ്യുന്നതിനായി ജെഎന്‍യു ടീച്ചേഴ്‌സ് അസോസിയേഷനും വിദ്യാര്‍ഥി യൂനിയനും യോഗം ചേര്‍ന്നു.