കണ്ണൂര്‍ വിമാനത്താവളത്തിനു 'പോയിന്റ് ഓഫ് കോള്‍' പദവി പരിഗണനയിലില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍
കണ്ണൂര്‍ എം പി കെ സുധാകരന്റെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രിയുടെ പ്രതികരണം
ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ആരംഭിക്കാനും പ്രവര്‍ത്തനം നടത്താനും ആവശ്യമായ നിലവാരം ഉയര്‍ത്തുന്നതിന് നല്‍കുന്ന 'പോയിന്റ് ഓഫ് കോള്‍' പദവി കണ്ണൂര്‍ അന്താരാഷ്ടര വിമാനത്താവളത്തിന് നല്‍കുന്നതിന് ഇപ്പോള്‍ ഉദ്ദേശമില്ലെന്ന് കേന്ദ്ര സിവില്‍ ഏവിയേഷന്‍ വകുപ്പ് മന്ത്രി ഹര്‍ദീപ് സിങ് പുരി. കണ്ണൂര്‍ എം പി കെ സുധാകരന്റെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രിയുടെ പ്രതികരണം. കണ്ണൂര്‍ വിമാനത്താവളം ഗ്രാമീണ പ്രദേശത്ത് സ്ഥിതിചെയ്യുന്നതിനാല്‍ പോയിന്റ് ഓഫ് കോള്‍ സ്റ്റാറ്റസ് നല്‍കാന്‍ നിര്‍വാഹമില്ലെന്നാണ് മന്ത്രി നല്‍കിയ മറുപടി. സിവില്‍ ഏവിയേഷന്‍ വകുപ്പ് മന്ത്രിയോട് നേരിട്ടും വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരോടും എംപിമാരുടെ യോഗത്തിലും കണ്ണൂര്‍ വിമാനത്താവളത്തില്‍ അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ കൂടുതലായി ആരംഭിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിച്ചിട്ടും സര്‍ക്കാരിന്റെ ആത്മാര്‍ഥയില്ലാത്ത സമീപനം പ്രതിഷേധാര്‍ഹമാണെന്ന് സുധാകരന്‍ പറഞ്ഞു.
ഉത്തരമലബാര്‍ മേഖലയില്‍ എറ്റവും കൂടുതല്‍ വിദേശ ഇന്ത്യക്കാര്‍ താമസിക്കുന്ന ഈ പ്രദേശം ഗ്രാമീണ മേഖലയായി പരിഗണിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ സമീപനം തിരുത്തണം. കണ്ണൂര്‍ വിമാനത്താവളത്തിനു സമീപം മട്ടന്നൂരില്‍ റെയില്‍വേ സ്‌റ്റേഷന്‍ സ്ഥാപിക്കാന്‍ എന്തെങ്കിലും അപേക്ഷ കിട്ടിയിയിട്ടുണ്ടോ, സര്‍ക്കാറിന് അവിടെ റെയില്‍വേ സ്‌റ്റേഷന്‍ സ്ഥാപിക്കുന്നതിന് പദ്ധതിയുണ്ടോ, ഉണ്ടെങ്കില്‍ ഫണ്ട് വകയിരുത്തിയിട്ടുണ്ടോ എന്നും എവിടെയാണ് സ്ഥാപിക്കുന്നത് എന്നതിനും ഇല്ല എന്ന ഉത്തരാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്. സ്ഥാപിക്കാന്‍ ഉദ്ദേശമില്ലെങ്കില്‍ എന്താണ് കാരണം എന്ന ചോദ്യത്തിന് അങ്ങനെ ഒരു അപേക്ഷ ഇല്ലാത്തതിനാല്‍ സ്ഥാപിക്കാന്‍ ഉദ്ദേശമില്ലെന്ന മറുപടിയാണ് കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ നല്‍കിയിരിക്കുന്നത്.