സാമ്രാജ്യത്വ ശക്തികൾ തമ്മിലുള്ള മൽസരമാണ് ഈ യുദ്ധത്തിൽ മുഴച്ചു നിൽക്കുന്നത്

പറച്ചിൽ ഇങ്ങനെയൊക്കെ ആണെങ്കിലും ഈ രണ്ട് ശക്തികളുടെയും പ്രവൃത്തികൾ വളരെ വ്യത്യസ്തമായ ഒരു കാഴ്ചയാണ് കാട്ടിത്തരുന്നത്. റഷ്യൻ ആക്രമണത്തെ സംബന്ധിച്ചിടത്തോളം, ഡോൺബാസിലെ റിപ്പബ്ലിക്കുകളെ സംരക്ഷിക്കാൻ വേണ്ടി നടത്തുന്ന സൈനിക നീക്കം എന്നാണ് വിശേഷിപ്പിക്കുന്നതെങ്കിലും ഫലത്തിൽ അത് യുക്രെയ്നിനെ മുഴുവനും ആക്രമിച്ചു.

Update: 2022-02-27 16:05 GMT

കെ മുരളി (അജിത്ത്)

ഏറെ നാളത്തെ ഒരുക്കങ്ങൾക്ക് ശേഷം പുടിന്റെ പട്ടാളം യുക്രെയ്നിനെ ആക്രമിച്ചിരിക്കുന്നു. അമേരിക്കയും അതിന്റെ സഖ്യ രാജ്യങ്ങളും ഇതിനെ പുടിന്റെ സാമ്രാജ്യത്വ മോഹം, പഴയ സോവിയറ്റ് യൂനിയൻ പുനസ്ഥാപിക്കാനുള്ള നീക്കം എന്നൊക്കെ വിശേഷിപ്പിച്ചിട്ടുണ്ട്. യുക്രെയ്നിനെ പിടിച്ചടക്കാൻ തങ്ങൾ ഉദ്ദേശിക്കുന്നില്ല. ലുബാൻസ്ക്, ഡോണെറ്റ്സ് റിപ്പബ്ലിക്കുകൾക്കു നേരെയുള്ള യുക്രെയ്നിന്റെ ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ലക്ഷ്യമിടുന്നു. അതോടൊപ്പം യുക്രെയ്നിൽ രാഷ്ട്രീയ ആധിപത്യത്തിൽ വന്നിരിക്കുന്ന നാസി ശക്തികളെ നശിപ്പിക്കാനും അവർ നടപ്പാക്കിയ സൈനികവൽക്കരണം ഇല്ലാതാക്കാനും മാത്രമാണ് ഉദ്ദേശിക്കുന്നത്. അതിനപ്പുറം തങ്ങൾക്ക് ഒരു ലക്ഷ്യവും ഇല്ല എന്നാണ് റഷ്യൻ ഭരണാധികാരികൾ പറഞ്ഞിരിക്കുന്നത്.

പറച്ചിൽ ഇങ്ങനെയൊക്കെ ആണെങ്കിലും ഈ രണ്ട് ശക്തികളുടെയും പ്രവൃത്തികൾ വളരെ വ്യത്യസ്തമായ ഒരു കാഴ്ചയാണ് കാട്ടിത്തരുന്നത്. റഷ്യൻ ആക്രമണത്തെ സംബന്ധിച്ചിടത്തോളം, ഡോൺബാസിലെ റിപ്പബ്ലിക്കുകളെ സംരക്ഷിക്കാൻ വേണ്ടി നടത്തുന്ന സൈനിക നീക്കം എന്നാണ് വിശേഷിപ്പിക്കുന്നതെങ്കിലും ഫലത്തിൽ അത് യുക്രെയ്നിനെ മുഴുവനും ആക്രമിച്ചു. ഏറ്റവുമൊടുവിലത്തെ റിപോർട്ടുകളനുസരിച്ച് തലസ്ഥാനനഗരമായ കീവ് പിടിച്ചെടുക്കുന്നതിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. മറുവശത്ത്, അമേരിക്കയും അതിന്റെ സഖ്യശക്തികളും യുക്രെയ്നിന്റെ പരമാധികാരത്തെ പറ്റി, അത് കാത്തുരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെ പറ്റി, ധാരാളം പ്രസംഗിക്കുന്നുണ്ടെങ്കിലും ഫലത്തിൽ അതിനായി അധികമൊന്നും ചെയ്തിട്ടില്ല. ഈ ആക്രമണം നടക്കുന്നതിന് ദിവസങ്ങൾക്കു മുമ്പ് തന്നെ, അമേരിക്കൻ പട്ടാളത്തെ ഒരു കാരണവശാലും അവിടേയ്ക്കു വിടില്ല എന്ന് ബൈഡൻ വ്യക്തമാക്കുകയുണ്ടായി. വാസ്തവത്തിൽ പുടിന് ഒരു പച്ചക്കൊടി കാട്ടുന്നത് പോലെയായിരുന്നു ഇത്. ആക്രമണം തുടങ്ങിയതിനു ശേഷം സാമ്പത്തിക ഉപരോധവും മറ്റും നടപ്പാക്കിയിട്ടുണ്ടെങ്കിലും അമേരിക്കൻ പട്ടാളത്തെ അങ്ങോട്ട് അയക്കില്ല എന്ന് ബൈഡൻ വീണ്ടും വ്യക്തമാക്കിയിട്ടുണ്ട്. ഇതുതന്നെയാണ് മറ്റു നാറ്റോ ശക്തികളുടെയും നിലപാട്. അതല്ലാത്ത തരത്തിലുള്ള സൈനിക സഹായം മാത്രമേ ഉണ്ടാകു എന്നവർ വ്യക്തമാക്കി.

ഇവർ നടപ്പാക്കിയിരിക്കുന്ന സാമ്പത്തിക ഉപരോധത്തിന്റെ സ്വഭാവം നോക്കിയാൽ തന്നെ അത് വാസ്തവത്തിൽ അത്രയേറെ ഫലപ്രദമൊന്നുമാകാൻ പോകുന്നില്ല എന്നു കാണാം. ലോകത്തിലെ ഏറ്റവും വലിയ കരുതൽ ധനശേഖരങ്ങളുള്ള രാജ്യങ്ങളിലൊന്നായിട്ടാണ് റഷ്യ അറിയപ്പെടുന്നുണ്ട്. ആഭ്യന്തരമായി അതിന്റെ സമ്പദ്ഘടനയുടെ നില മെച്ചപ്പെടുത്താനും അതിന് കഴിഞ്ഞിട്ടുണ്ട്. കൂടാതെ ചൈനയുടെ സഹായവും അതിനുണ്ട്. ഇതെല്ലാം കണക്കിലെടുക്കുമ്പോൾ വലിയ ഞെരുക്കമില്ലാതെ സാമ്പത്തിക ഉപരോധത്തെ നേരിടാൻ അതിനു കഴിയും എന്ന് വ്യക്തമാണ്. ഇത് അമേരിക്കയ്ക്കും അതിന്റെ സഖ്യ രാജ്യങ്ങൾക്കും നല്ലപോലെ അറിയാം.

ഈ ഉപരോധ പ്രഹസനത്തിന്റെ യഥാർത്ഥ മുഖം മനസ്സിലാക്കാൻ ഒരു വസ്തുത നമുക്ക് പരിശോധിക്കാം. ബാൾട്ടിക്ക് കടലിനടിയിലൂടെ റഷ്യയിൽ നിന്ന് ജർമ്മനിയിലേക്ക് പ്രകൃതിവാതകം എത്തിക്കുന്ന 'നോർഡ് 2' ഗാസ് പൈപ്പ് പദ്ധതി ഈ ഉപരോധത്തിന്റെ ഭാഗമായി ജർമ്മനി മരവിപ്പിച്ചിട്ടുണ്ട്. എന്നാൽ 2011 മുതൽ ഇതേ കടലിലൂടെ കടന്നു പോകുന്ന മറ്റൊരു പൈപ്പ് ലൈൻ ഉണ്ട്, 'നോർഡ് 1'. ഇപ്പോഴും അതിലൂടെ പ്രകൃതിവാതകം പ്രവഹിക്കുന്നു. അതേപോലെ, യുദ്ധം നടക്കുന്ന യുക്രെയ്ൻ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള പൈപ്പുകളിലൂടെ റഷ്യയിൽ നിന്ന് യുക്രെയ്ൻ വഴി യൂറോപ്പിലേയ്ക്ക് പ്രകൃതിവാതകം ഇപ്പോഴും എത്തുന്നുണ്ട്. നാറ്റോവിലുള്ള കിഴക്കൻ യൂറോപ്പിലെ മിക്ക രാജ്യങ്ങളുടെയും പ്രകൃതിവാതക ആവശ്യം റഷ്യയാണ് ഇപ്പോഴും നിറവേറ്റുന്നത്. 'നോർഡ് 2'ന്റെ മരവിപ്പിക്കൽ ഇതിനെയൊന്നും ബാധിച്ചിട്ടില്ല.

ഉപരോധത്തിന്റെ കാഠിന്യം ഇങ്ങനെ മയപ്പെടുത്തുന്നതിൽ പശ്ചിമ യൂറോപ്പ്യൻ ശക്തികളും അമേരിക്കയും തമ്മിലുള്ള വൈരുദ്ധ്യങ്ങളും പങ്കുവഹിയ്ക്കുന്നുണ്ട്. യൂറോപ്പിലേയ്ക്കള്ള റഷ്യൻ പ്രകൃതിവാതക പ്രവാഹം നിർത്തലാക്കി അമേരിക്കയിൽ നിന്നും കാനഡയിൽ നിന്നും അത് ഇറക്കുമതി ചെയ്യിക്കാനാണ് അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ താല്പര്യം. അവർക്ക് ഒരു പുതിയ വിപണി തുറന്നുകിട്ടും. പശ്ചിമ യൂറോപ്പിന്, പ്രത്യേകിച്ചും ജർമ്മനിയ്ക്ക്, റഷ്യയുമായുള്ള ബന്ധം ഉലയ്ക്കാം. റഷ്യൻ പ്രകൃതിവാതകത്തിനുമേലുള്ള യൂറോപ്യൻ വിധേയത്വം അവസാനിപ്പിക്കുക എന്ന പേരിലാണ് ഇത് നടപ്പാക്കാൻ ശ്രമിയ്ക്കുന്നതെങ്കിലും ഒരു വിധേയത്വത്തിനു പകരം മറ്റൊന്ന് സ്ഥാപിക്കുകയാണ് ലക്ഷ്യം. ഇതിനു വഴിപ്പെടാൻ ജർമ്മനിയും ഫ്രാൻസും ആഗ്രഹിയ്ക്കുന്നില്ല.

സോവിയറ്റ് സോഷ്യൽ സാമ്രാജ്യത്വത്തിന്റെ തകർച്ചയ്ക്കുശേഷം യൂറോപ്യൻ ഭൂഖണ്ഡത്തിൽ തങ്ങളുടെ പൂർണ്ണ ആധിപത്യമുറപ്പിക്കുന്ന ദിശയിലാണ് അമേരിക്കൻ സാമ്രാജ്യത്വം നീങ്ങിയത്. മുമ്പ്, നാറ്റോ സൈനിക സഖ്യത്തിന് ബദലായി റഷ്യൻ നേതൃത്വത്തിലുള്ള 'വാർസാ സഖ്യം' നിലനിന്നിരുന്നതുകൊണ്ട് അത് കഴിഞ്ഞില്ല. ലോക ആധിപത്യത്തിന് യൂറോപ്പ് നിർണായകമാണ്. യൂറോപ്പിനുമേൽ ആര് നിയന്ത്രണം സ്ഥാപിക്കും എന്നുള്ളത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. മാവോ സേതുങ് ഇത് വളരെ മുമ്പ് തന്നെ ചൂണ്ടികാട്ടിയതാണ്. സോവിയറ്റ് സോഷ്യൽ സാമ്രാജ്യത്വത്തിന്റെ അന്ത്യനാളുകളിൽ, നാറ്റോയെ കിഴക്കോട്ട് വ്യാപിപ്പിക്കില്ല എന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് വാർസാ സഖ്യം പിരിച്ചുവിടാൻ റഷ്യ സമ്മതിച്ചത്. എന്നാൽ 1990കളുടെ ആരംഭത്തോടെ സോവിയറ്റ് യൂനിയൻ തന്നെ തകർന്ന് നിരവധി സ്വതന്ത്ര രാജ്യങ്ങൾ രൂപംകൊണ്ടതോടെ അമേരിക്കൻ സാമ്രാജ്യത്വം പഴയ ധാരണയിൽ നിന്ന് മാറുകയും നാറ്റോയെ കിഴക്കോട്ട് വിപുലീകരിക്കാൻ തുടങ്ങുകയും ചെയ്തു. എന്നെന്നേയ്ക്കുമായി റഷ്യയെ ഒതുക്കി നിർത്തുകയായിരുന്നു ലക്ഷ്യം. കിഴക്കൻ യൂറോപ്പിലെ 14 രാജ്യങ്ങളാണ് പുതുതായി നാറ്റോയിൽ അംഗമായത്. ഇതിൽ പലതും യൂറോപ്പ്യൻ യൂനിയനിലെ അംഗങ്ങളാണെങ്കിലും അമേരിക്കൻ ബാന്ധവമാണ് അവയ്ക്ക് പഥ്യം.

തങ്ങളെ ചോദ്യം ചെയ്യാൻ ഇനി ഒരു ശക്തിയുമില്ല. ഇനി അമേരിക്കൻ യുഗം പൂർണ്ണാർത്ഥത്തിൽ ആരംഭിക്കാൻ പോവുകയാണ്. ഏക വൻശക്തി എന്ന നിലയ്ക്ക് തങ്ങൾക്ക് പൂർണ അധിനായകത്വം ലഭിച്ചിരിക്കുന്നു. ഇങ്ങനെയൊക്കെ അഹങ്കരിച്ച അമേരിക്കൻ സാമ്രാജ്യത്വം യൂറോപ്പുൾപ്പെടെ ലോകത്തിന്റെ പല ഭാഗത്തും ഏകപക്ഷീയമായ സൈനിക കടന്നാക്രമണങ്ങൾ നടത്തി. ഇതിൽ കൂടെ ചേരുന്നവർക്കു് ചേരാം, ആരുടെും എതിർപ്പുകൾ ചെവിക്കൊള്ളാൻ സന്നദ്ധമല്ല എന്ന അഹങ്കാരപ്രഖ്യാപനത്തോടെ, ഐക്യരാഷ്ട സഭയുടെ അംഗീകാരത്തിനൊന്നും കാത്തുനില്ക്കാതെയാണു് ഇതിൽ പലതും നടത്തിയതു്. മുൻ യൂഗോസ്ലാവിയയിലും, അഫ്ഗാനിസ്ഥാനിലും, ഇറാക്കിലും, ലിബിയയിലും അത് കടന്നാക്രമിച്ചു. പശ്ചിമ യൂറോപ്പ്യൻ സാമ്രാജ്യത്വ രാജ്യങ്ങളുടെ സൈനിക സഖ്യമായി ഒതുങ്ങിനിന്നിരുന്നു നാറ്റോയെ ഐക്യരാഷ്ട്രസഭയുടെ നിയന്ത്രണങ്ങൾക്കപ്പുറം അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ഇംഗിതങ്ങൾക്കനുസരിച്ച് ലോകതലത്തിൽ പ്രവർത്തിക്കുന്ന ഒരു സൈനിക ഇടപെടൽ ശക്തിയാക്കി മാറ്റി.

എന്നാൽ ഈ രാജ്യങ്ങളിലൊക്കെ ഉണ്ടായ ചെറുത്തുനില്പ് മൂലം തങ്ങളുടെ ലക്ഷ്യങ്ങൾ നേടി പിന്മാറാൻ അമേരിക്കൻ സാമ്രാജ്യത്വത്തിന് കഴിഞ്ഞില്ല. അവിടെയൊക്കെ അത് കുടുങ്ങി. ഈ സാഹചര്യത്തെ മുതലെടുത്തുകൊണ്ട് റഷ്യൻ, ചൈനീസ് ഭരണവർഗങ്ങൾ താന്താങ്ങളുടെ നില മെച്ചപ്പെടുത്തി. ചൈന ഒരു സാമ്രാജ്യത്വ ശക്തിയായി രൂപാന്തരപ്പെട്ടു. ഇടക്കാലത്ത് ഉണ്ടായിരുന്ന ദൗർബല്യങ്ങൾ ഏറെക്കുറെ പരിഹരിച്ച് പുടിന്റെ നേതൃത്വത്തിൽ റഷ്യയും ശക്തമായ ഒരു നിലയിലേയ്ക്ക് എത്തി. അതോടുകൂടി, അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ സ്വാധീനവലയം കിഴക്കൻ യൂറോപ്പിലേയ്ക്ക് വ്യാപിപ്പിച്ചതിനെ ചെറുക്കാനും അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ കടന്നുകയറ്റങ്ങൾ തടയാനും റഷ്യൻ സാമ്രാജ്യത്വം സജീവമായി ഇടപെടാൻ തുടങ്ങി. മുൻ സോവിയറ്റ് റിപ്പബ്ലിക്കുകളായ ജോർജിയയിലും, അസർബൈജാനിലും യുദ്ധം ചെയ്തതും സിറിയയിൽ അസദ് ഭരണത്തെ സംരക്ഷിച്ചുകൊണ്ട് സൈനികമായി ഇടപെട്ടതും ഇതിന് ഉദാഹരണമാണ്. അതിന്റെ തുടർച്ചയാണ് ഇന്നത്തെ യുക്രെയ്ൻ കടന്നാക്രമണം.

ഇറാഖ് യുദ്ധങ്ങളുടെ ഫലമായുണ്ടായ ക്ഷീണാവസ്ഥ മൂലം പൂട്ടിന്റെ നീക്കങ്ങളെ ചെറുക്കാൻ അമേരിക്കൻ സാമ്രാജ്യത്വത്തിനും സഖ്യശക്തികൾക്കും കഴിഞ്ഞില്ല. മാത്രമല്ല, ഈ കാലത്ത് റഷ്യൻ സാമ്രാജ്യത്വവും ചൈനീസ് സോഷ്യൽ സാമ്രാജ്യത്വവും ഷാങ്ഹായ് കരാർ, ബ്രിക്സ് മുതലായ പലതരത്തിലുള്ള സഖ്യങ്ങൾ സ്ഥാപിക്കുകയും അമേരിക്കൻ സാമ്രാജ്യത്വ നിയന്ത്രണത്തിലുള്ള ഐഎംഎഫ്, ലോകബാങ്ക് എന്നിവയ്ക്ക് ബദലായി ഒരു ധന സംവിധാനം, മൂലധമുടക്ക് സംവിധാനം, ആഗോളതലത്തിൽ തന്നെ കെട്ടിപ്പടുക്കുന്ന പണി ആരംഭിക്കുകയും ചെയ്തു. മൂന്നാം ലോക രാജ്യങ്ങളിൽ മുതൽ മുടക്കുന്ന പ്രബല സാമ്രാജ്യത്വ ശക്തികളിൽ ഒന്നായി ചൈന മാറി. അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ശക്തമായ എതിർപ്പിനെ മറികടന്ന് യൂറോപ്പിൽ തന്നെയുള്ള പല രാജ്യങ്ങളും അതിന്റെ വിവിധ പദ്ധതികൾ പങ്കാളികളായി. കാരണം, അമേരിക്കൻ സമ്പദ്ഘടനയെ അപേക്ഷിച്ച് ചൈന ഇന്നും രണ്ടാംസ്ഥാനത്താണെങ്കിലും അതിന്റെ വളർച്ചാ സാധ്യത അതിനേക്കാൾ അധികമാണ്. അതുകൊണ്ടുതന്നെ അമേരിക്കൻ സാമ്രാജ്യത്വം ആഗ്രഹിയ്ക്കുന്ന തരത്തിൽ കാര്യങ്ങൾ നിയന്ത്രിക്കാൻ കഴിയാത്ത ബഹു കേന്ദ്രങ്ങളുള്ള ഒരു ആഗോള സാമ്രാജ്യത്വവ്യവസ്ഥ രൂപപ്പെട്ടിരിക്കുന്നു. ഈ ആഗോള വ്യവസ്ഥയുടെ വൈരുദ്ധ്യങ്ങളാണ്, അതുണ്ടാക്കുന്ന സമ്മർദ്ദങ്ങളാണ് നമ്മൾ യുക്രെയ്നിൽ കാണുന്നത്.

അമേരിക്കൻ സാമ്രാജ്യത്വവും അതിന്റെ സഖ്യ രാജ്യങ്ങളായ സാമ്രാജ്യത്വ ശക്തികളും ഒരുവശത്തും, റഷ്യൻ സാമ്രാജ്യത്വവും അതിനോട് സഖ്യപ്പെടുന്ന ചൈനീസ് സോഷ്യൽ സാമ്രാജ്യത്വവും മറുവശത്തുമായി നടക്കുന്ന മൽസരമാണ് യുക്രെയ്ൻ യുദ്ധത്തിലെ യഥാർത്ഥവിഷയം. യുക്രെയ്നിന്റെ പരമാധികാരവും സ്വാതന്ത്ര്യവും കാത്തുരക്ഷിക്കാൻ പ്രതിജ്ഞാബദ്ധരാണ് എന്നൊക്കെ ബൈഡനും മറ്റും പറയുമ്പോഴും ഒരു പരിധിക്കപ്പുറം അതിനു വേണ്ടി നിലകൊള്ളാൻ തല്ക്കാലം സന്നദ്ധമല്ല. ലോകാധിപത്യത്തിന് പുതിയൊരു ചട്ടകൂടുണ്ടാക്കാനുള്ള നീക്കവും നിലവിലുള്ളത് നിലനിർത്താനുള്ള ശ്രമവും തമ്മിൽ അത്യന്തികമായൊരു തീർപ്പിലെത്തിക്കാൻ നടത്തുന്ന അടവുപരമായ നീക്കങ്ങളുടെ ഭാഗമാണ് അത്. യുക്രെയ്ൻ പരമാധികാരവും സ്വാതന്ത്ര്യവും അല്ല അമേരിക്കൻ സാമ്രാജ്യത്വത്തിന് വിഷയം. അതുപോലെ ഡോൺബാസിലെ ലുബാൻസ്ക്, ഡൊണെട്ട്സ്ക്ക് ജനങ്ങളുടെ സ്വയംനിർണ്ണയാവകാശമല്ല റഷ്യൻ സാമ്രാജ്യത്വത്തിന് വിഷയം. ആഗോളതലത്തിൽ നടക്കുന്ന ബലാബലത്തിൽ, മൽസരത്തിൽ, തങ്ങളുടെ നില മെച്ചപ്പെടുത്താനും ഉറപ്പിക്കാനും മാത്രമാണ് ഈ രണ്ടു് കൂട്ടരും ലക്ഷ്യംവയ്ക്കുന്നത്.

ഇതിൽ നിന്ന് വ്യത്യസ്തമായി, യുക്രേനിയക്കാരുടെയും ഡോണബാസിലെ ജനങ്ങളുടെയും താല്പര്യങ്ങളെ വേർതിരിച്ചുകാണേണ്ടതുണ്ട്. ഇന്ന് ഈ താല്പര്യങ്ങൾ ഇരു സാമ്രാജ്യത്വശക്തികളുടെയും നീക്കങ്ങൾക്ക് കീഴ്പ്പെട്ടിരിക്കുകയാണെങ്കിലും അവയ്ക്ക് തനതായ സ്ഥാനമുണ്ടെന്ന കാര്യം അവഗണിയ്ക്കാനാവില്ല. ഭാവിയിൽ അവ വേർതിരിഞ്ഞ് വരാൻ എല്ലാ സാധ്യതയുമുണ്ടെന്നാണ് ഇന്നേവരെയുള്ള ലോകാനുഭവങ്ങൾ കാട്ടിത്തരുന്നത്.

സോവിയറ്റ് യൂനിയന്റെ രൂപീകരണഘട്ടത്തിൽ യുക്രൈൻ പ്രമുഖപങ്ക് വഹിച്ചിരുന്നു. സാർ ഭരണത്തിനു കീഴിൽ യുക്രൈനിന് സ്വയം നിർണ്ണയാവകാശം നിഷേധിക്കപ്പെട്ടു. റഷ്യൻ വിപ്ലവവമാണ് അത് യാഥാർത്ഥ്യമാക്കി കൊടുത്തത്. യുക്രെയ്ൻ ജനസംഖ്യയിലെ 17 ശതമാനം റഷ്യൻ വംശജരാണ്. റഷ്യൻ സംസ്കാരത്തിനും സാഹിത്യത്തിനും യുക്രെയ്നിൽ നൂറ്റാണ്ടുകളുടെ സ്വാധീനമുണ്ട്. അതുകൊണ്ട് റഷ്യൻ ഭാഷ സംസാരിക്കുന്നവർ ഇന്നും ഏതാണ്ട് 30 ശതമാനത്തോളം വരും. എന്നാൽ സോവിയറ്റ് യൂനിയന്റെ ഭരണഭാഷ റഷ്യനായിരിക്കെ തന്നെ യുക്രെയ്നിലെ സ്ക്കൂളുകളിൽ യുക്രൈനിയൻ ഭാഷാപഠനം നിർ‍ബന്ധമായിരുന്നു. ദേശീയ ഭാഷകളോടും സംസ്കാരത്തോടുമുള്ള ലെനിനിസ്റ്റ് സമീപനത്തിന്റെ ഫലമായിരുന്നു ഇത്. ഒരു സാമ്രാജ്യത്വവാദിക്ക് ചേർന്ന സങ്കുചിത ദേശീയബോധത്തോടെ പുടിൻ അതിനെ അപലപിച്ചിട്ടുണ്ട്. സാർ കാലത്തെ പഴയ റഷ്യൻ സാമ്രാജ്യത്തിന് ക്ഷതമുണ്ടാക്കി ഇല്ലാത്തൊരു യുക്രെയ്ൻ രാജ്യത്തിന് അംഗീകാരം കൊടുത്തതും, റഷ്യൻ ഭാഷയുടെ വകഭേദം മാത്രമായ യുക്രേനിയനെ സ്വതന്ത്ര ഭാഷയായി മാനിച്ചതും, പുടിന്റെ വീക്ഷണത്തിൽ ലെനിനും ബോൾഷെവിക്കുകളും ചെയ്ത വലിയ അപരാധങ്ങളാണ്. റഷ്യൻ സാമ്രാജ്യത്വത്തിന്റെ ഈ ആധിപത്യ ഭാവവും യുക്രേനിയക്കാരുടെ ന്യായമായ ദേശീയതാല്പര്യവും തമ്മിലുള്ള വൈരുദ്ധ്യം ഈ യുദ്ധത്തിലെ ഒരു ഘടകമാണ്. എന്നാൽ, ജനങ്ങളുടെ ദേശീയ ചെറുത്തുനിൽപ്പ് വികാരം തീർച്ചയായിട്ടും പ്രകടമാണെങ്കിലും, അമേരിക്കൻ സാമ്രാജ്യത്വത്തിന്റെയും അതിന്റെ കരുവായി നില്ക്കുന്ന യുക്രേനിയൻ ഭരണാധികാരികളുടെയും നീക്കങ്ങളിൽ നിന്ന് വേറിട്ടൊരു സാന്നിദ്ധ്യം അത് ഇനിയും വികസിപ്പിച്ചിട്ടില്ല.

സ്വതന്ത്ര രാജ്യമായി മാറിയശേഷം ന്യൂനപക്ഷ ഭാഷാ സമൂഹങ്ങളോടുള്ള വിവേചനപൂർവ്വമായ സമീപനമാണ് പുതിയ യുക്രേനിയൻ ഭരണാധികാരികൾ സ്വീകരിച്ചത്. യുക്രെയ്നിന്റെ ദേശീയ തനിമ ശക്തിപ്പെടുത്താൻ എന്ന ന്യായത്തിൽ കടുത്ത ദേശീയ സങ്കുചിതത്വത്തിന് ഉത്തേജനം നൽകി. റഷ്യൻ ഭാഷയുടെ ഉപയോഗം നിയമപരമായി വിലക്കി. ഭൂരിപക്ഷം ജനങ്ങൾ ആവശ്യപ്പെടുകയാണെങ്കിൽ അവരുടെ ഭാഷ ഔദ്യോഗിക കാര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കാമെന്ന നിയമം ഉണ്ടായിരുന്നു. എന്നാൽ 2014 ശേഷം അത് റദ്ദ് ചെയ്തു. റഷ്യൻ കലാകാരന്മാരെയും സാഹിത്യത്തേയും സംഗീതത്തെയും നിരോധിക്കുന്നതുവരെ എത്തി ഈ വിവേചനം. ഇതിനോരു കടുത്ത വലതുപക്ഷ രാഷ്ട്രീയ ഉള്ളടക്കമുണ്ടായിരുന്നു. സോവിയറ്റ് യൂനിയനെതിരേ ഹിറ്റ്ലർക്കൊപ്പം അണിനിരന്ന യുക്രേനിയൻ നാസി തലവനെ ദേശീയ നായകനായി അവരോധിച്ചു. ഇത്തരത്തിലുള്ള നയങ്ങളും സമീപനവും സ്വാഭാവികമായും യുക്രെയ്നിലെ റഷ്യൻ ഭൂരിപക്ഷ പ്രദേശങ്ങളെ അസ്വസ്ഥമാക്കി. വേറിട്ട് പോകാതെ സ്വന്തം ഭാഷയും സംസ്കാരവും കാത്തുരക്ഷിക്കാനാവില്ല എന്ന ധാരണ ശക്തമായി. ലുബാനസ്കിലും ഡോണെറ്റ്സിലും വളർന്നുവന്ന വേറിട്ടുപോകാനുള്ള പ്രസ്ഥാനങ്ങളായി അത് രൂപാന്തരപ്പെട്ടു. ഇന്നത്തെ യുദ്ധത്തിൽ ഈ വൈരുദ്ധ്യവും ഒരു ഘടകമാണ്. റഷ്യ അതിനെ ഉപയോഗപ്പെടുത്തുന്നു. യുക്രെയ്നിലെ ജനങ്ങളുടെ ദേശീയ ചെറുത്തുനില്പുപോലെ ഈ രാജ്യത്തെ ദേശീയ ന്യൂനപക്ഷമായ റഷ്യക്കാരുടെ ദേശീയ ചെറുത്തുനില്പിനും വേറിട്ടൊരു നില സ്ഥാപിച്ചെടുക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല.

സാമ്രാജ്യത്വങ്ങളും അവരുടെ ശിങ്കിടികളും തമ്മിലുള്ള വൈരുദ്ധ്യങ്ങളിൽ നിന്ന് വ്യത്യസ്തമാണ് ആ വൈരുദ്ധ്യങ്ങൾ. അവയിലെ ഒരു പക്ഷം ജനങ്ങളാണ്. അതുകൊണ്ടുതന്നെ വേറിട്ടൊരു ദിശയ്ക്കുള്ള സാധ്യതയും അവയിലടങ്ങിയിട്ടുണ്ട്. യൂക്രേനിയൻ ഭരണാധികാരികളുടെ ദേശീയ മർദ്ദനനയങ്ങൾ അനുഭവിയ്ക്കുമ്പോഴും, ആ രാജ്യത്തെ വലിയൊരു ഭാഗം റഷ്യൻ ഭാഷക്കാരും തങ്ങളെ യുക്രെയ്നുകാരായിട്ടാണ് സ്വയം കരുതുന്നത്. ആ നാടുമായി അവർക്കുള്ള ബന്ധത്തിനു് തലമുറകളുടെ പഴക്കമുണ്ട്. യുക്രെയ്ൻ ഭാഷക്കാരെ സംബന്ധിച്ചിടത്തോളം റഷ്യൻ ഭാഷയും സംസ്കാരവും അവർക്ക് ഒട്ടും അന്യമല്ല. ഭരണാധികാരികളുടെ സങ്കുചിത നയങ്ങൾ അവരുടെ സാംസ്കാരിക, സാമൂഹ്യ ജീവിതങ്ങളെയും ബാധിയ്ക്കുന്നു. യുക്രൈനും റഷ്യനും എല്ലാം കൂടികലർന്ന ഒന്നാണ് യുക്രേനിയൻ തനിമ. അതിനെ ബലമായി വേർപിരിക്കാനോ, റഷ്യനിൽ നിന്ന് വ്യത്യസ്തമായൊരു നിലനില്പ് അതിനില്ലെന്ന് വരുത്തോനോ ഉള്ള ഒരു ശ്രമവും അവിടത്തെ ജനങ്ങളുടെ താല്പര്യങ്ങളുമായി, വസ്തുനിഷ്ഠ യാഥാർത്ഥ്യമായി, പൊരുത്തപ്പെടുന്നില്ല. ഈ പൊരുത്തക്കേടിന്റെ ഉറവിടം ജനങ്ങളും ജനമർദ്ദകരും ചൂഷകരും തമ്മിലുള്ള വിരുദ്ധതയിലാണ് കുടികൊള്ളുന്നത്. അതുകൊണ്ടാണ് അത് പ്രകടമാകാനുള്ള ഭൗതിക സാഹചര്യം ഇനിയും നിലനില്ക്കുന്നുണ്ടെന്ന് പറഞ്ഞത്. ഇതിന്റെ തെളിവാണ് റഷ്യയിൽ തന്നെ തുടർച്ചയായി നടക്കുന്ന യുദ്ധവിരുദ്ധ പ്രകടനങ്ങൾ.

ഇന്ന് പക്ഷെ അതല്ല പൊതുഅവസ്ഥ. അതുകൊണ്ട്, ഈ യുദ്ധത്തിൽ വ്യത്യസ്ത ദേശീയ ജനവിഭാഗങ്ങളുടെ ന്യായമായ ആവശ്യങ്ങളും ഉള്ളടങ്ങിയിട്ടുണ്ടെങ്കിലും, സാമ്രാജ്യത്വശക്തികൾ തമ്മിലുള്ള മത്സരമാണ് അതിൽ മുഴച്ചു നില്ക്കുന്നത്. ഇതാണ് ഈ യുദ്ധത്തെ വിലയിരുത്തുമ്പോൾ ഇന്നത്തെ പ്രധാന ഘടകം. വിപ്ലവശക്തികളും പുരോഗമനശക്തികളും ഇതിൽ ഏതെങ്കിലും ഒരു പക്ഷം പിടിക്കുകയല്ല വേണ്ടത്. അങ്ങനെയല്ല യുക്രെയ്നിലേയും ഡോൺബാസിലേയും ജനങ്ങളുമായി ഐക്യപ്പെടേണ്ടത്. നേരെമറിച്ച്, ഇരുവശത്തുമുള്ള സാമ്രാജ്യത്വശക്തികളുടെ താല്പര്യങ്ങളും നീക്കങ്ങളും തുറന്നുകാട്ടുകയും ഈ സാമ്രാജ്യത്വപ്രേരിത യുദ്ധം അവസാനിപ്പിക്കാൻ ശബ്ദമുയർത്തുകയുമാണ് വേണ്ടത്. യുക്രെയ്നിലേയും ഡോൺബാസ് റിപ്പബ്ലിക്കുകളിലേയും യഥാർത്ഥ ജനകീയ ശക്തികളെ സംബന്ധിച്ചിടത്തോളം, കടന്നാക്രമണകാരിയായ റഷ്യൻ ശക്തികളിൽ നിന്നും അമേരിക്കൻ പാവയായ സെലെൻസ്കി പ്രതിനിധീകരിക്കുന്ന ഭരണവർഗങ്ങളിൽ നിന്നും വേർപെട്ട് സ്വതന്ത്രമായി പ്രവർത്തിക്കാൻ, യുക്രെയ്നിലെ എല്ലാ ഭാഷാന്യൂനപക്ഷങ്ങളുടെയും ജനാധിപത്യ അവകാശങ്ങൾ സംരക്ഷിയ്ക്കുന്ന ഒരു പുതിയ സോഷ്യലിസ്റ്റ് രാജ്യത്തിനു വേണ്ടി ഐക്യപ്പെട്ട് പോരാടുന്ന നിലപാട് മുമ്പോട്ടുവയ്ക്കുകയാണ് ഇന്നത്തെ അടിയന്തിര ആവശ്യം. ഇതിലൂടെ മാത്രമാണ് അവിടെ ഒരു പുതിയ ദിശ സ്ഥാപിച്ചെടുക്കാൻ അവർക്ക് കഴിയു.

(തുടരും)

Similar News