കണ്ണൂര്‍: മകളുടെ ചേതനയറ്റ മൃതദേഹം കണ്ടു വിലപിച്ച, മരണാന്തരമെങ്കിലും അവള്‍ക്കു നീതി ലഭിക്കണമെന്ന ഉറച്ച ശബ്ദവുമായി അധികാരികളുടെ വാതിലുകള്‍ മുട്ടാന്‍ ഇനി അബൂട്ടിയില്ല.
ചികില്‍സാ പിഴവിനെ തുടര്‍ന്ന് മരണപ്പെട്ട കളമശ്ശേരി മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥിനി ഷംന തസ്‌നീമിന്റെ പിതാവ് കണ്ണൂര്‍ മട്ടന്നൂര്‍ ശിവപുരം സ്വദേശി കെ എ അബൂട്ടി കഴിഞ്ഞ ദിവസം മസ്‌കത്തില്‍ ഹൃദയം തകര്‍ന്ന് മരണപ്പെട്ടതേടെ നിലയ്ക്കുന്നത് ഒരു പിതാവിന്റെ രോദനം മാത്രമല്ല, നീതി തേടിയുള്ള കുടുംബത്തിന്റെയും നാടിന്റെയും ശബ്്ദം കൂടിയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി എട്ടോടെയാണ്
മസ്‌കത്തിലെ ഹോട്ടല്‍ മുറിയില്‍ വച്ച് അബൂട്ടിക്ക് ഹൃദയാഘാതം അനുഭവപ്പെട്ടത്. സുഹൃത്തുക്കള്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കായില്ല. രണ്ടാഴ്ച മുമ്പാണ് വിസ പുതുക്കുന്നതിനായി അബൂട്ടി മസ്‌കത്തിലെത്തിയത്. അടുത്ത ദിവസം നാട്ടിലേക്ക് തിരിക്കാനിരിക്കെയാണ്, നാടിനെയും ഷംനയുടെ നീതിക്കു വേണ്ടി കാത്തിരിക്കുന്നവരുടെയും മനസ്സിനെ കണ്ണീരണിയിച്ച് അബൂട്ടി വിടപറഞ്ഞത്. 2016 ജൂെൈല 18നാണ് കളമശ്ശേരി മെഡിക്കല്‍ കോളജിലെ രണ്ടാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിനിയായിരുന്ന ഷംന ചികില്‍സാ പിഴവ് മൂലം മരണപ്പെട്ടത്. പനി കാരണം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഷംനയ്ക്കു
മരുന്ന് മാറി നല്‍കിയതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. മകളുടെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ രണ്ട് വര്‍ഷത്തിലേറെയായി
പിതാവ് അബൂട്ടി നിയമ പോരാട്ടത്തിലായിരുന്നു. നാട്ടുകാരി കൂടിയായ ആരോഗ്യമന്ത്രി കെ കെ ശൈലജയെ നേരിട്ടുകണ്ട് നല്‍കിയ അഭ്യര്‍ഥനയെ തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ഡോക്ടര്‍മാരുടെ ഭാഗത്തു നിന്നുണ്ടായ പിഴവാണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു. ഉത്തരവാദികളെന്ന് കണ്ടെത്തിയ മൂന്ന് ഡോക്ടര്‍മാരെ 6 മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും തുടര്‍ നടപടികള്‍ വൈകി. ഇതിനെതിരെ കോടതികളിലും മനുഷ്യാവകാശ കമ്മീഷനിലും പരാതി നല്‍കി നിരവധി തവണ സിറ്റിങുകള്‍ക്കെത്തിയിരുന്നെങ്കിലും നീതിമാത്രം ലഭിച്ചില്ല. പലപ്പോഴും ആശുപത്രി അധികൃതര്‍ക്കൊപ്പമാണ് അധികാരികളെന്ന് അബൂട്ടി തുറന്നുപറഞ്ഞിരുന്നു. ഒടുവില്‍ മകള്‍ക്കു നീതി ലഭിക്കാത്ത നാട്ടില്‍നിന്നു അക്കരെയെത്തിയപ്പോഴേക്കും മരണം മാടിവിളിക്കുകയായിരുന്നു.