റേഷന്‍ കാര്‍ഡ് പുതുക്കി നല്‍കാന്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍
കോഴിക്കോട്: പതിനാറ് അംഗങ്ങളുള്ള കുടുംബത്തിന് പുതിയ റേഷന്‍ കാര്‍ഡ് നല്‍കാന്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.
റേഷന്‍ സാധനങ്ങള്‍ മാത്രം ഉപയോഗിക്കുന്ന പാവങ്ങള്‍ക്ക് റേഷന്‍ കാര്‍ഡ് പുതുക്കി നല്‍കേണ്ട ഉത്തരവാദിത്വം ഉദ്യോഗസ്ഥര്‍ക്കുണ്ടെന്നും അതില്‍ വീഴ്ച വരുത്തുന്നവര്‍ കുറ്റക്കാരാണെന്നും കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി.മോഹനദാസ് ഉത്തരവില്‍ പറഞ്ഞു.
കോഴിക്കോട് വെസ്റ്റ്ഹില്‍ പുതിയങ്ങാടി സ്വദേശിനി നല്‍കിയ പരാതിയിലാണ് നടപടി. കമ്മീഷന്‍ കോഴിക്കോട് ജില്ലാ സപ്ലൈ ഓഫീസറില്‍ നിന്നും റിപ്പോര്‍ട്ട് വാങ്ങി. ഇതില്‍ ഈ മാസം തന്നെ പുതിയ റേഷന്‍ കാര്‍ഡ് അനുവദിക്കുമെന്ന് പറയുന്നു. എന്നാല്‍ റേഷന്‍ കാര്‍ഡ് പുതുക്കുന്നതിന് വേണ്ടി താന്‍ സപ്ലൈ ഓഫീസില്‍ കയറിയിറങ്ങിയിട്ടും ഉദ്യോഗസ്ഥര്‍ തന്റെ പരാതി കേള്‍ക്കാന്‍ പോലും തയ്യാറായില്ലെന്ന് പരാതിക്കാരി പറഞ്ഞു. 9 മാസക്കാലം പരാതിക്കാരിക്ക് റേഷന്‍ സാധനങ്ങള്‍ നഷ്ടമായി. റിപ്പോര്‍ട്ടില്‍ കാര്‍ഡ് പുതുക്കാനുണ്ടായ കാലതാമസത്തെ കുറിച്ച് പറയുന്നില്ല. പരാതിക്കാരിക്ക് അടിയന്തിരമായി റേഷന്‍ കാര്‍ഡ് പുതുക്കി നല്‍കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.