കാബൂള്‍: ഒരോവറില്‍ ആറു സിക്‌സറടക്കം 37 റണ്‍സ് നേടി അഫ്ഗാന്‍ താരം ഹസ്രത്തുള്ള സസായ്. അഫ്ഗാനിസ്താന്‍ പ്രീമിയര്‍ ലീഗിലാണ് താരം ഈ അല്‍ഭുത നേട്ടം കണ്ടെത്തിയത്. ബല്‍ക് ലെജന്‍ഡ്‌സിനെതിരേ കാബുള്‍ സ്വാനന് വേണ്ടിയാണ് സസായി ഈ നേട്ടം കൈവരിച്ചത്. ലെജന്‍ഡ്‌സ് ഉയര്‍ത്തിയ 245 റണ്‍സ് വിജയലക്ഷ്യം തേടി മറുപടിക്കിറങ്ങിയ കാബൂളിന്റെ ബാറ്റിങിനിടെയാണ് ഇത് സംഭവിച്ചത്.
നാലാം ഓവറെറിയാന്‍ വന്ന അബ്ദുള്ള മാസരിക്കാണ് ഒരിക്കലും മറക്കാനാവാത്ത പ്രഹരമേറ്റത്. 6, 6, വൈഡ്, 6, 6, 6, 6 എന്നിങ്ങനെ റണ്ണൊഴുകിയ ഈ ഓവറില്‍ മൊത്തം പിറന്നത് 37 റണ്‍സ്. ക്രിക്കറ്റ് ചരിത്രത്തില്‍ ഇത് അഞ്ചാം തവണയാണ് ഒരോവറില്‍ ആറു സിക്‌സറുകള്‍ പിറക്കുന്നത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ അഫ്ഗാന്‍ താരമാണ് സാസി.
ഈ മല്‍സരത്തില്‍ ആദ്യം ബാറ്റുചെയ്ത ലെജന്‍ഡ്‌സ ട്വന്റി20 ക്രിക്കറ്റില്‍ ഒരിന്നിങ്‌സില്‍ ഏറ്റവുമധികം സിക്‌സറുകള്‍ പറത്തിയ ടീമെന്ന റെക്കോഡിട്ടിരുന്നു. 23 സിക്‌സറുകളാണ് 20 ഓവറില്‍ ടീം അടിച്ചുകൂട്ടിയത്. സൂപ്പര്‍ താരം ക്രിസ് ഗെയ്‌ലാണ് വെട്ടിക്കെട്ടിന് തുടക്കമിട്ടത്. ഓപണറായി ഇറങ്ങിയ ഗെയ്ല്‍ 48 പന്തില്‍ 80 റണ്‍സെടുത്തു. അതില്‍ പത്തു സിക്‌സറുകള്‍.