വിരമിക്കല്‍ സൂചനയുമായി രവീന്ദ്ര ജഡേജ; ചാംപ്യന്‍സ് ട്രോഫി ടീമിലില്ലെന്നും റിപ്പോര്‍ട്ട്
മുംബൈ: ചാംപ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിക്കാനിരിക്കെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി വൈറല്‍ ആവുന്നു. ഓസ്ട്രേലിയയ്ക്കെതിരെ അടുത്തിടെ കഴിഞ്ഞ സിഡ്നി ടെസ്റ്റിന്റെ അവസാന ദിനം അണിഞ്ഞ ജഴ്സിയുടെ ചിത്രമാണ് ജഡേജ തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ താരം വിരമിക്കാന്‍ ഒരുങ്ങുകയാണെന്ന അഭ്യൂഹങ്ങളും ഉയര്‍ന്നുതുടങ്ങി.
ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ രവീന്ദ്ര ജഡേജയെ ഉള്‍പ്പെടുത്തുന്നില്ലെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം മുതല്‍ പ്രചരിച്ചിക്കുന്നുണ്ട്. അതുകൊണ്ടാണ് താന്‍ അവസാനമായി ധരിച്ച ജഴ്സിയുടെ ചിത്രം ജഡേജ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ചതെന്നാണ് ആരാധകര്‍ അവകാശപ്പെടുന്നത്. പ്രത്യേകിച്ച് ഒന്നും പരാമര്‍ശിച്ചിട്ടില്ലെങ്കിലും താരത്തിന്റെ നിഗൂഢമായ പോസ്റ്റ് ആരാധകരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
ജഡേജയുടെ സമീപകാലത്തെ പ്രകടനങ്ങള്‍ ഗൗതം ഗംഭീര്‍ സൂക്ഷ്മമായി വിലയിരുത്തുകയാണെന്നും അധികം വൈകാതെ ടീമില്‍ നിന്ന് ഒഴിവാക്കിയേക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ബാറ്റിംഗിലും ബൗളിംഗിലും രവീന്ദ്ര ജഡേജ നിരാശപ്പെടുത്തുന്ന പ്രകടനമാണ് പുറത്തെടുത്തിരുന്നത്. ചാംപ്യന്‍സ് ട്രോഫിയിക്കുള്ള ടീമില്‍ നിന്ന് പുറത്താക്കിയാല്‍ ജഡേജയുടെ വൈറ്റ് ബോള്‍ കരിയറിന് തന്നെ അവസാനമാകുമെന്നാണ് കരുതപ്പെടുന്നത്.