അസിസ്റ്റന്റ് ഡയറക്ടര്‍ക്കെതിരേ ലൈംഗിക പരാതി ഉന്നയിച്ച ആകാശവാണിയിലെ ആറ് വനിതാ ജീവനക്കാരുടെ ജോലി തെറിച്ചു
ന്യഡല്‍ഹി: അസിസ്റ്റന്റ് ഡയറ്കടര്‍ക്കെതിരേ ലൈംഗിക പീഡന പരാതി ഉന്നയിച്ച ആള്‍ ഇന്ത്യ റേഡിയോയിലെ(എഐആര്‍) ഒമ്പത് വനിതാ ജീവനക്കാരെ പുറത്താക്കിയതായി റിപോര്‍ട്ട്. മീടു കാംപയ്‌ന്റെ ഭാഗമായി പരാതി ഉന്നയിച്ച മധ്യപ്രദേശ് ഷാദോള്‍ സ്‌റ്റേഷനിലെ ജീവനക്കാര്‍ക്കാണ് ജോലി നഷ്ടപ്പെട്ടത്.
അതേ സമയം, പരാതി ഉന്നയിക്കപ്പെട്ട പ്രോഗ്രാമിങ് അസിസ്റ്റന്റ് ഡയറക്ടര്‍ രത്‌നാകര്‍ ഭാരതി ന്യൂഡല്‍ഹിയിലെ ആള്‍ ഇന്ത്യാ റേഡിയോ ആസ്ഥാനത്ത് ജോലിയില്‍ തുടരുന്നുമുണ്ട്. രത്‌നാകര്‍ ഭാരതി കുറ്റക്കാരനാണെന്ന് എഐആര്‍ ആഭ്യന്തര പരാതി പരിഹാര സമിതി(ഐസിസി) വിധിച്ചിരിക്കേയാണിത്.
ആരൊക്കെയാണ് പരാതിക്കാര്‍ എന്നോ എപ്പോള്‍ നടന്ന സംഭവത്തെക്കുറിച്ചാണ് പരാതി ഉന്നയിച്ചതെന്നോ ഉള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. സെന്‍ട്രല്‍ സിവില്‍ സര്‍വീസസ് പെന്‍ഷന്‍ റൂള്‍സിലെ എഫ്ആര്‍ 56(ജെ) വകുപ്പ് പ്രകാരമുള്ള നടപടികള്‍ ഭാരതിക്കെതിരേ പുരോഗമിക്കുന്നതായാണ് റിപോര്‍ട്ട്.
റിപോര്‍ട്ട് ചെയ്യപ്പെടുന്ന എല്ലാ പരാതികളും പരാതി പരിഹാര സമിതി അന്വേഷിക്കാറുണ്ടെന്ന് എഐആര്‍ ഡയറക്ടര്‍ ജനറല്‍ ഫയ്യാസ് ഷെഹരിയാര്‍ പറഞ്ഞു. ഷാദോളില്‍ നടന്ന സംഭവത്തെക്കുറിച്ചുള്ള പരാതിയില്‍ ഐസിസി വിധി വന്നയുടനെ രത്‌നാകര്‍ ഭാരതിയെ സ്ഥലം മാറ്റുകയും ആള്‍ ഇന്ത്യാ റേഡിയോ ആസ്ഥാനത്ത് കര്‍ശന നിരീക്ഷണത്തിലാക്കുകയും ചെയ്തിരുന്നു. ഭാരതിക്കെതിരായ പരാതിയും വനിതാ ജീവനക്കാരെ പിരിച്ചുവിട്ടതും തമ്മില്‍ ബന്ധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഷാദോളിനു പുറമേ ധര്‍മശാല, ഒബ്‌റ, സാഗര്‍, രാംപൂര്‍, കുരുക്ഷേത്ര, ഡല്‍ഹി എന്നീ ആറ് സ്റ്റേഷനുകളിലും സമാന പരാതികള്‍ ലഭിച്ചിരുന്നു. എല്ലാ സംഭവങ്ങളിലും പരാതിക്കാരോട് ജോലി രാജിവച്ച് പോവാന്‍ ആവശ്യപ്പെടുകയും പ്രതികളെ നിലനിര്‍ത്തുകയും ചെയ്യുകയാണുണ്ടായതെന്ന് എഐആര്‍ തൊഴിലാളി യൂനിയന്‍ ആരോപി്ക്കുന്നു.
പരാതി നല്‍കിയവരെ ജോലിയില്‍ പുനസ്ഥാപിക്കണമെന്നും ആരോപണ വിധേയര്‍ക്കെതിരേ കടുത്ത നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് തൊഴിലാളി യൂനിയര്‍ പ്രസാര്‍ ഭാരതി ചീഫ് എക്‌സിക്യൂട്ടീവ് ശശി ശേഖറിന് പരാതി നല്‍കിയിട്ടുണ്ട്.