കണ്ണൂരില്‍ അമിത് ഷാ വിമാനമിറങ്ങിയ സംഭവം: കിയാലിനെതിരേ മുന്‍ മന്ത്രി കെ ബാബു

Update: 2018-10-30 07:02 GMT


തിരുവനന്തപുരം: കണ്ണൂര്‍ വിമാനത്താവളത്തില്‍ ഉദ്ഘാടനത്തിനു മുമ്പേ ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ വിമാനമിറങ്ങിയ സംഭവത്തില്‍ കിയാലിനെതിരേ മുന്‍ മന്ത്രി കെ ബാബു രംഗത്ത്. ബിജെപിയെയും സംഘപരിവാറിനെയും വളര്‍ത്തി യഥാര്‍ത്ഥത്തിലുള്ള മതനിരപേക്ഷ ശക്തികളെ തകര്‍ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് ചുവന്ന പരവതാനി വിരിച്ച് അമിത് ഷായെ സ്വീകരിക്കാന്‍ മുഖ്യമന്ത്രി ചെയര്‍മാനായ കിയാല്‍ ശ്രമിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. വിശ്വാസികളെ പ്രകോപിപ്പിച്ച് സ്വന്തം അണികളെ പോലും സംഘപരിവാറിന് എത്തിച്ചുകൊടുക്കാന്‍ വേണ്ടി കരാറെടുത്ത പോലെയാണ് മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും നടപടികള്‍. ജാതിവിവേചനം സൃഷ്ടിച്ച് സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നത് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കും. ഉദ്ഘാടനം കഴിയുന്നതിന് മുമ്പ് അമിത് ഷായുടെ വിമാനത്തിന് ലാന്റിങ് അനുമതി നല്‍തിയത് കമ്പനി ചെയര്‍മാനായ മുഖ്യമന്ത്രിയും സര്‍ക്കാരും അറിയാതെയാണെന്ന കിയാലിന്റെ പത്രക്കുറിപ്പ് ഒട്ടും വിശ്വസനീയമല്ല. മുഖ്യമന്ത്രിയും സര്‍ക്കാരും അറിഞ്ഞിട്ടില്ലെങ്കില്‍ അത് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും കെ ബാബു ആവശ്യപ്പെട്ടു. അമിത് ഷായ്ക്ക് കണ്ണൂരില്‍ ഇറങ്ങാന്‍ അനുമതി നല്‍കിയത് സര്‍ക്കാരല്ലെന്നും കിയാലാണെന്നും കഴിഞ്ഞ ദിവസം വാര്‍ത്താകുറിപ്പില്‍ അറിയിച്ചതിനു മറുപടിയുമായാണ് കെ ബാബു രംഗത്തെത്തിയത്.

Similar News