അമൃത്‌സര്‍ ട്രെയിന്‍ അപകടം: 39 പേരെ തിരിച്ചറിഞ്ഞു; മജിസ്റ്റീരിയല്‍ അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടു

Update: 2018-10-20 13:43 GMT


അമൃത്‌സര്‍: പഞ്ചാബിലെ ദസറ ആഘോഷത്തിനിടെ ആള്‍ക്കൂട്ടത്തിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി മരിച്ചവരില്‍ 39 പേരെ തിരിച്ചറിഞ്ഞു. വെള്ളിയാഴ്ച വൈകീട്ട് 7 മണിയോടെ അമൃത്‌സറിനടുത്ത് ജോധ ഫടക് മേഖലയില്‍ ചൗരബസാറിനോട് ചേര്‍ന്നായിരുന്നു അപകടം. അപകടത്തില്‍ 61 പേരാണ് മരിച്ചത്.
പരിക്കേറ്റവര്‍ പ്രദേശത്തെ ഏഴ് ആശുപത്രികളിലായി ചികിത്സയിലാണ്. ദസറയോടനുബന്ധിച്ച് രാവണന്റെ രൂപം കത്തിക്കുന്ന 'രാവണ്‍ ദഹന്‍' ചടങ്ങു കാണാന്‍ ഒട്ടേറെ പേര്‍ പാളത്തില്‍ കയറിനിന്നപ്പോള്‍ ട്രെയിന്‍ വരികയായിരുന്നു. മരിച്ച 29 പേരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ കഴിഞ്ഞതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. 72ഓളം പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്.
മരിച്ചവരുടെ ബന്ധുക്കള്‍ക്ക് പഞ്ചാബ് സര്‍ക്കാര്‍ അഞ്ചു ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ഇന്നലെ സംസ്ഥാനത്തുടനീളം ദുഃഖാചരണം നടന്നു. സര്‍ക്കാര്‍-വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരുന്നു.
സംഭവത്തില്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ശനിയാഴ്ച മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ ബന്ധുക്കളെ വീടുകളിലും പരിക്കേറ്റവരെ ആശുപത്രിയിലും സന്ദര്‍ശിച്ച ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. അന്വേഷണത്തിനു നാലാഴ്ചത്തെ സമയമാണ് അനുവദിച്ചത്. ജലന്ധര്‍ ഡിവിഷനല്‍ കമ്മീഷണര്‍ക്കാണ് അന്വേഷണ ചുമതല.

Similar News