ചാലക്കുടി: കൊരട്ടിയിലെ എടിഎം കവര്‍ച്ചാസംഘം രക്ഷപ്പെട്ടത് ചാലക്കുടി റെയില്‍വേ സ്‌റ്റേഷന്‍ വഴിയെന്ന് സൂചന. കവര്‍ച്ചാസംഘം മോഷണത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന പിക്കപ്പ് വാന്‍ ചാലക്കുടി ഗവ. ബോയ്‌സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ കഴിഞ്ഞ ദിവസം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. ശനിയാഴ്ച രാവിലെ ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ധര്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. വാഹനത്തില്‍ രക്തവും കണ്ടെത്തിയിട്ടുണ്ട്. ഇവിടെ നിന്നും മണം പിടച്ച പോലിസ് നായ ഹൈസ്‌കൂളിന്റെ അകത്ത് പ്രവേശിച്ചു. തുടര്‍ന്ന് സ്‌കൂളിന്റെ മുന്‍ ഭാഗത്തെ പൊളിഞ്ഞ് കിടക്കുന്ന മതിലിലൂടെ റെയില്‍വേ സ്‌റ്റേഷന്‍ റോഡില്‍ ചെന്ന് നിന്നു. സമീപത്തെ വ്യാപാര സ്ഥാപനത്തിലെ നിരീക്ഷണ കാമറയുടെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് കവര്‍ച്ചാസംഘം ട്രെയിന്‍ മാര്‍ഗ്ഗം രക്ഷപ്പെട്ടതായുള്ള നിഗമനത്തില്‍ പോലിസെത്തിയത്. ഏഴംഗ സംഘമാണ് കവര്‍ച്ചക്ക് പിന്നിലെന്നാണ് പോലിസിന്റെ നിഗമനം.
വെള്ളിയാഴ്ച പുലര്‍ച്ചെ കൊരട്ടി ജംഗ്ഷന് സമീപം ദേശീയപാതയില്‍ പ്രവര്‍ത്തിക്കുന്ന സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎം കൗണ്ടറിലാണ് കവര്‍ച്ച നടന്നത്. എടിഎം അറുത്തുമാറ്റി പത്ത് ലക്ഷത്തോളം രൂപയാണ് കവര്‍ന്നത്. ബാങ്കിനോട് ചേര്‍ന്നാണ് എംടിഎം കൗണ്ടറും. ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് കൗണ്ടര്‍ പൊളിച്ചിരിക്കുന്നത്. തുടര്‍ന്ന് ട്രേയില്‍ സൂക്ഷിച്ചിരുന്ന പത്ത് ലക്ഷത്തോളം രൂപയും കവര്‍ന്ന് സംഘം രക്ഷപ്പെടുകയായിരുന്നു. ബാങ്കിന് മുന്നിലെ നിരീക്ഷണ കാമറ കവര്‍ച്ചാ സംഘം സ്‌പ്രേ പെയിന്റടിച്ചിട്ടുണ്ട്. പിക്കപ്പ് വാനില്‍ സ്ഥലം വിടുന്നതും കാമറയില്‍ തെളിഞ്ഞിട്ടുണ്ട്. ഈ പിക്കപ്പ് വാനാണ് ചാലക്കുടിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടത്. പുലര്‍ച്ചെ 1.20ന് എടിഎംല്‍ നിന്നും പണം പിന്‍വലിച്ചതായും കാണുന്നുണ്ട്. ഇതിന് ശേഷമാണ് കവര്‍ച്ച നടന്നിരിക്കുന്നത്. സ്ഥലവും സാഹചര്യവും മുന്‍കൂട്ടി മനസ്സിലാക്കിയ പ്രഫണല്‍ കവര്‍ച്ചാ സംഘമാണ് ഇതിന് പിന്നിലെന്നാണ് പോലീസ് നിഗമനം.