ചാലക്കുടി: സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ കൊരട്ടി ശാഖയിലെ എടിഎം കൗണ്ടറില്‍ കവര്‍ച്ച നടത്തിയത് രാജസ്ഥാന്‍ സ്വദേശികളായ നാലംഗ സംഘമാണെന്ന് സൂചന. അന്വേഷണ സംഘത്തിന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ കവര്‍ച്ച നടത്തിയതിന് പിന്നില്‍ ഇവരാണെന്ന നിഗമനത്തിലാണ് പോലിസ്. സംഘത്തിലെ നാല് പേരുടെ ചിത്രങ്ങളും വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇതനുസരിച്ച് അന്വേഷണ സംഘത്തിലെ ഒരു ടീം രാജസ്ഥാനിലേക്ക് പുറപ്പെട്ടു. രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് തിരക്കായതിനാല്‍ കവര്‍ച്ചാ സംഘത്തെ പിടികൂടുന്നതില്‍ പരിമിധികളുള്ളതാണ് അന്വേഷണ സംഘം നേരിടുന്ന ഒരു പ്രതിസന്ധി. അതേ സമയം കവര്‍ച്ചാ സംഘം രാജസ്ഥാന്‍ വിട്ട് പോയിട്ടുണ്ടാകുമെന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. ഏതായാലും മോഷ്ടാക്കള്‍ ഉടന്‍ വലയിലാകുമെന്ന് തന്നെയാണ് അന്വേഷണ സംഘത്തിന്റെ കണക്കുകൂട്ടല്‍.
കോട്ടയത്തെ ചിന്നവനത്തിന് സമീപം ടോറസ് ലോറി ഡ്രൈവര്‍മാരായാണ് കുറച്ച് നാളുകള്‍ക്ക് മുമ്പ് നാലംഗ സംഘം എത്തിയത്. ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന മറ്റൊരു രാജസ്ഥാന്‍ സ്വദേശി പോലിസ് കസ്റ്റഡിയിലാണ്. എന്നാല്‍ ഇയാള്‍ക്ക് കവര്‍ച്ചയില്‍ പങ്കില്ലെന്നും ബോധ്യമായിട്ടുണ്ട്. ഇയാളില്‍ നിന്നാണ് അന്വേഷണ സംഘത്തിന് കവര്‍ച്ച സംഘത്തെപറ്റിയുള്ള വിവരങ്ങളും ചിത്രങ്ങളും ലഭ്യമായത്. ലോറി ഡ്രൈവറായി ജോലി നോക്കുന്നതിനിടെ എടിഎം കൗണ്ടറുകളും ഇവര്‍ നിരീക്ഷിച്ചിരുന്നു. കവര്‍ച്ചക്കായാണ് നാലംഗ സംഘം കേരളത്തിലെത്തിയതെന്ന് ഉറപ്പായി. കവര്‍ച്ച ആസൂത്രണം ചെയ്തതിന് ശേഷം ഇവിടെ നിന്നും പിക്ക്അപ്പ് വാന്‍ മോഷ്ടിച്ചാണ് സംഘം കടന്നത്.
ഇക്കഴിഞ്ഞ 12ന് പുലര്‍ച്ചെ കൊരട്ടി ജംഗ്ഷന് സമീപം ദേശീയപാതയില്‍ പ്രവര്‍ത്തിക്കുന്ന സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎം കൗണ്ടറിലാണ് കവര്‍ച്ച നടന്നത്. എടിഎം കുത്തിതുറന്ന് പത്ത് ലക്ഷത്തോളം രൂപയാണ് കവര്‍ച്ച ചെയ്തത്.