ബ്രസല്‍സ്: മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ സൂപ്പര്‍ താരം റൊമേലു ലുക്കാക്കു ഇരട്ട ഗോളുമായി തിളങ്ങിയ യുവേഫ നാഷന്‍സ് കപ്പ് മല്‍സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെതിരേ 2-1ന്റെ ആവേശ ജയം സ്വന്തമാക്കി ബെല്‍ജിയം. മരിയോ ഗൗറനോവിച്ചാണ് സ്വിറ്റ്‌സര്‍ലന്‍ഡിനായി പൊരുതാവുന്ന ഗോള്‍ സ്വന്തമാക്കിയത്. മല്‍സരത്തിലെ രണ്ടാം പകുതിയിലാണ് ഗോളുകളെല്ലാം പിറന്നത്. മികച്ച മുന്നേറ്റ നിരയ്ക്ക് പേരു കേട്ട ബെല്‍ജിയത്തെ സ്വിസ് പട മല്‍സരത്തിലുടനീളം പ്രതിരോധക്കോട്ട കൊണ്ട് തടുത്തു നിര്‍ത്തുന്നതാണ് കണ്ടത്.
ലുക്കാക്കു, ഹസാര്‍ഡ്, മെര്‍ട്ടന്‍സ് ത്രയത്തെ മുന്നില്‍ നിര്‍ത്തി ബെല്‍ജിയത്തെ റോബര്‍ട്ടോ മാര്‍ട്ടിനെസ് 3-4-3 എന്ന ശൈലിയില്‍ കളത്തിലിറക്കിയപ്പോള്‍ ലിവര്‍പൂള്‍ സൂപ്പര്‍ താരം ഷെര്‍ദന്‍ ഷാക്കിരിയെ അറ്റാക്കിങ് മിഡ്ഫീല്‍ഡറാക്കി 4-4-1-1 എന്ന ശൈലിയില്‍ സ്വിറ്റ്‌സര്‍ലന്‍ഡും കളി മെനഞ്ഞു. മറ്റൊരു മികച്ച താരം ആഴ്‌സനല്‍ താരം ഗ്രാനിറ്റ്് സാക്കയും സ്വിസ് പടയുടെ ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ചു.
ലോകകപ്പിന് ശേഷം ആദ്യമായാണ് ബ്രസല്‍സില്‍ ബെല്‍ജിയം ഇറങ്ങിയത്. തുടക്കത്തില്‍ തന്നെ ആക്രമണം പുറത്തെടുത്ത ബെല്‍ജിയത്തെ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ പ്രതിരോധം പിടിച്ചുനിര്‍ത്തുകയായിരുന്നു. 58ാം മിനിറ്റില്‍ ലുകാകു ആദ്യ ഗോള്‍ നേടി. ഏറെ വൈകാതെ ഗൗറനോവിച്ചിലൂടെ സ്വിസ് സമനില നേടി. എന്നാല്‍ 84ാം മിനിറ്റിലെ ലുകാകുവിന്റെ ഗോള്‍ ബെല്‍ജിയത്തിന് വിലയേറിയ മൂന്നു പോയന്റുകള്‍ നേടിക്കൊടുത്തു.
ഇതോടെ ലീഗ് എയിലെ മൂന്നാം രണ്ടാം ഗ്രൂപ്പില്‍ കളിച്ച രണ്ട് മല്‍സരങ്ങളിലും ജയം അക്കൗണ്ടിലാക്കിയ ബെല്‍ജിയം ആറ് പോയിന്റോടെ ഒന്നാം സ്ഥാനം തുടര്‍ന്നു. മൂന്ന് പോയിന്റുമായി സ്വിറ്റ്‌സര്‍ലന്‍ഡാണ് രണ്ടാമത്.