പുത്തുമലയില്‍ ഇനി തിരച്ചില്‍ തുടരേണ്ടതില്ല; കാണാതായ ചിലരുടെ ബന്ധുക്കള്‍

അതേസമയം, ഒരിടത്തു കൂടി തിരച്ചില്‍ നടത്തണമെന്ന് ദൂരന്തത്തില്‍ പെട്ട ഹംസയുടെ മകന്‍ പറഞ്ഞു. ഇതനുസരിച്ച് തിങ്കളാഴ്ച പുത്തുമല പച്ചക്കാട് ഭാഗത്ത് തിരച്ചില്‍ തുടരും.

Update: 2019-08-23 14:26 GMT

കല്‍പ്പറ്റ: പുത്തുമലയില്‍ മണ്ണിടിച്ചിലിൽ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഇനിയും തുടരേണ്ടതില്ലെന്ന് കാണാതായവരില്‍ നാലുപേരുടെ ബന്ധുക്കള്‍. ‌‌സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാനായി മേപ്പാടി പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് ചിലരുടെ ബന്ധുക്കള്‍ അഭിപ്രായം പങ്കുവെച്ചത്. അതേസമയം, ഒരിടത്തു കൂടി തിരച്ചില്‍ നടത്തണമെന്ന് ദൂരന്തത്തില്‍ പെട്ട ഹംസയുടെ മകന്‍ പറഞ്ഞു. ഇതനുസരിച്ച് തിങ്കളാഴ്ച പുത്തുമല പച്ചക്കാട് ഭാഗത്ത് തിരച്ചില്‍ തുടരും. പുത്തുമല ദുരന്തത്തില്‍ കാണാതായവര്‍ക്ക് വേണ്ടി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടത്തിവന്ന തിരച്ചില്‍ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും തൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.

അഞ്ചു പേരെയാണ് പുത്തുമലയിൽ ഇനിയും കണ്ടെത്താനുള്ളത്. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ തിരച്ചില്‍ ശ്രമങ്ങള്‍ ഫലം ചെയ്തിരുന്നില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് മേപ്പാടി പഞ്ചായത്ത് ഹാളിൽ യോഗം ചേർന്ന് സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ തീരുമാനിച്ചത്.

സാധ്യമായ എല്ലാ സംവിധാനങ്ങളും പുത്തുമലയില്‍ ഉപയോഗപ്പെടുത്തിയതായി യോഗം വിലയിരുത്തി. അതേസമയം, എൻഡിആർഎഫ് തിരച്ചിൽ നടപടികൾ പൂർണമായും നിർത്തിവച്ചു. ഇനി നാട്ടുകാരുടെയും ഫയര്‍ഫോഴ്സിന്റെയും സന്നദ്ധസംഘടനകളുടെയും നേതൃത്വത്തിൽ മാത്രമായിരിക്കും തിരച്ചിൽ തുടരുക. അതേസമയം, കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ച രണ്ട് മൃതദേഹങ്ങള്‍ ആരുടേതെന്ന് തിരിച്ചറിയാനുള്ള ഡിഎന്‍എ ഫലം ലഭ്യമായിട്ടില്ല. സി കെ ശശീന്ദ്രന്‍ എംഎല്‍എ, സബ് കലക്ടര്‍ എന്‍എസ്കെ. ഉമേഷ്, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ കെ സഹദ് തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

Similar News